ശ്രീജിത്തിന്റെ മരണം: ക്ഷതങ്ങള്‍ നിശ്ചയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

 
ശ്രീജിത്തിന്റെ മരണം: ക്ഷതങ്ങള്‍ നിശ്ചയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. പ്രത്യേക അന്വേഷണ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി.

ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരിക അവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരിക്കുകളും വിശകലനം ചെയ്യാന്‍ വിദഗ്ധരായ അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. ശ്രീജിത്തിന്റെ അടിവയറ്റില്‍ ശക്തമായ ക്ഷതമേറ്റുവെന്നും ജനനേന്ദ്രിയത്തില്‍ രക്തം കട്ടപിടിക്കുന്ന വിധത്തിലുള്ള പരിക്കേറ്റുവെന്നും ചെറുകുടല്‍ മുറിഞ്ഞുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ഏത് പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കല്‍ ബോര്‍ഡ് അന്വേഷിക്കുന്നത്. ഈ പരിക്ക് എപ്പോള്‍ സംഭവിച്ചുവെന്നും പരിക്കിന് കാരണമായ മര്‍ദ്ദനം ഏതാണെന്നും കണ്ടെത്തേണ്ടതുണ്ട്.

പോലീസിന്റെ മര്‍ദ്ദനമാണ് ശ്രീജിത്തിന്റെ മരണത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പരിക്കുകളുടെ വിശകലനത്തിലൂടെ മാത്രമേ ഏതുവിധത്തില്‍ ആരുടെ മര്‍ദ്ദനമേറ്റതാണ് മരണത്തിന് ഇടയാക്കിയതെന്ന് കണ്ടെത്താനാകൂ. ഇതിനിടെ വീട് ആക്രമണക്കേസില്‍ ശ്രീജിത്ത് യഥാര്‍ത്ഥ പ്രതിയല്ലെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.