സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീജിത്തിനെ പിടിച്ചുകൊണ്ട് പോയതെന്ന് വി ഡി സതീശന്‍

 
സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീജിത്തിനെ പിടിച്ചുകൊണ്ട് പോയതെന്ന് വി ഡി സതീശന്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ 174 CrPC പ്രകാരം വരാപ്പുഴ PS Cr.321/18 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് DySP അന്വേഷണം നടത്തി വരുന്നതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് ശ്രീജിത്തിന്റെ കുടുബാംഗങ്ങളുടെയും മറ്റും പരാതി പരിഗണിച്ച് ഈ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളുടെയും അന്വേഷണം ക്രൈംബ്രാഞ്ച് IG ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ ടീം ഏപ്രില്‍ 11ന് ഏറ്റെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി. ഡി സതീശന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ്. Cr.321/18 നമ്പര്‍ കേസിന്റെ അന്വേഷണത്തില്‍ വെളിവായതിന്റെ അടിസ്ഥാനത്തില്‍ 174 CrPC കുറവ് ചെയ്ത് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 323,342,302& 34 വകുപ്പുകള്‍ പ്രകാരം അന്വേഷണം തുടരുകയാണ്.

നാളിതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിലുള്‍പ്പെട്ടുവെന്ന് അന്വേഷണസംഘം കണ്ടെത്തിയ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എന്ന നിലയില്‍ യഥാവിധി ഇടപെടാതെ വീഴ്ചവരുത്തിയെന്ന് എ വി ജോര്‍ജിനെതിരെ പ്രത്യേക റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ എറണാകുളം റൂറല്‍ എസ്.പിയുടെ പദവിയില്‍ നിന്ന് സ്ഥലം മാറ്റുകയും തുടര്‍ന്ന് സസ്പെന്റ് ചെയ്യുന്ന നടപടി ഉണ്ടായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ മുന്‍ ജില്ലാ പോലീസ് മേധാവിയായ എ വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. നിലവിലുള്ള അന്വേഷണത്തില്‍ വെളിവായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എ വി ജോര്‍ജിന്റെ വീഴ്ചകള്‍ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിയിരുന്നു. അന്വേഷണസംഘം നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാരാപ്പുഴയിലെ കസ്റ്റഡിമരണ കേസില്‍ ആലുവാ റൂറല്‍ എസ്.പി എ വി ജോര്‍ജ്ജിനെ പ്രതി ചേര്‍ക്കേണ്ടതില്ലായെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം വാങ്ങിയതിലൂടെ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നതെന്നാണ് സതീശന്‍ ആരോപിച്ചത്. ഇതോടെ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. കേസന്വേഷണം പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടുവെന്നും സതീശന്‍ ആരോപിച്ചു. എസ്പിയുടെ സംഘം സിപിഎം നേതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ശ്രീജിത്തിനെ പിടിച്ചുകൊണ്ട് പോയതെന്നും സതീശന്‍ ആരോപിക്കുന്നു.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടന്നുവരികയാണ്. ആരുടെയെങ്കിലും പങ്ക് സംബന്ധിച്ച് അന്വേഷണസംഘത്തിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അന്വേഷണസംഘത്തിന് പൂര്‍ണ്ണ അധികാരമുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെടുന്ന പ്രശ്നമില്ല.

ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച് നിയമോപദേശം തേടാന്‍ സംസ്ഥാനത്ത് ആധികാരികമായി അവകാശമുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയപോദേശം തേടിയിട്ടുള്ളത്. അന്വേഷണത്തിലോ നിയമോപദേശത്തിലോ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. മാത്രമല്ല, ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ ബഹുമാനപ്പട്ട ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. നാളെ ഇതു സംബന്ധിച്ച കേസ് പരിഗണനയ്ക്ക് വരികയാണ്. കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസിനെ സംബന്ധിച്ച് കൂടുതല്‍ അഭിപ്രായം പറയുന്നതും ചര്‍ച്ച ചെയ്യുന്നതും അഭികാമ്യമല്ല. നിലവില്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും വകുപ്പുതല അന്വേഷണം തുടരുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.