ശ്രീജീവിന്റെ മരണം: ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍

 
ശ്രീജീവിന്റെ മരണം: ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍

ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പോലീസുകാര്‍ക്കെതിരായ നടപടി തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് ചെയര്‍മാനായ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ശ്രീജീവിന്റെ കുടുംബത്തിന് ഇവരില്‍ നിന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കി നല്‍കണമെന്നുമാണ് പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുന്‍ പാറശാല സിഐ വി ഗോപകുമാര്‍ ആണ് സ്റ്റേ നേടിയത്.

ഈ ഉത്തരവിലെ ശുപാര്‍ശ പ്രകാരമുള്ള വകുപ്പുതല നടപടിയോ നഷ്ടപരിഹാര തുക ഈടാക്കലോ ഒന്നും പോലീസുകാര്‍ നേരിടേണ്ടി വന്നില്ല. അനുജന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 770 ദിവസമായിരിക്കുകയാണ്. പോലീസുകാര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശ്രീജിത്തിന് ഉറപ്പു നല്‍കിയിരുന്നു.