ഉസ്‌കൂളൊന്ന് തുറന്നുകിട്ടിയാ മതിയെന്ന് കൊച്ചു തന്‍ഹ; ഉടന്‍ തുറക്കുമെന്ന് മന്ത്രി അപ്പുപ്പന്റെ ഉറപ്പ്

 
Sivankutty Thanha fathima

'ഇനി എനിക്ക് പറ്റൂല ഉമ്മാ... ഇനി എനിക്ക് ഒരിക്കലും പറ്റൂല.. ഓണ്‍ലൈന്‍ പഠനത്തില്‍ സഹികെട്ട്, വയനാട്ടിലെ മരിയനാട് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനി തന്‍ഹ ഫാത്തിമ ഉമ്മയോട് പറയുന്ന സംഭാഷണമാണിത്. സോഷ്യല്‍ മീഡിയയിലാകെ വീഡിയോ വൈറലായിരുന്നു. ഓണ്‍ലൈന്‍ പഠനം കുട്ടികളിലുണ്ടാക്കുന്ന മടുപ്പും മാനസിക പ്രശ്‌നങ്ങളുമൊക്കെ അതോടെ ചര്‍ച്ചയാവുകയും ചെയ്തു. 

കൊച്ചു തന്‍ഹയുടെ വീഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ശ്രദ്ധയിലുമെത്തി. അദ്ദേഹമത് ഫേസ്ബുക്കില്‍ പങ്കുവെച്ചു. പിന്നാലെ, നമ്പര്‍ അന്വേഷിച്ച് കണ്ടെത്തി തന്‍ഹയെ വിളിച്ചു. 'എങ്ങനെയെങ്കിലും ഉസ്‌കൂളൊന്ന് തുറന്നുകിട്ടിയാ മതി'യെന്നു മാത്രമായിരുന്നു തന്‍ഹയ്ക്ക് ആവശ്യപ്പെടാനുണ്ടായിരുന്നത്. മൊബൈല്‍ പഠിത്തം ശരിയാകുന്നില്ല. സ്‌കൂള്‍ കണ്ടിട്ടുപോലുമില്ല. കളിക്കാന്‍ കുട്ടികളില്ല. ടീച്ചര്‍മാരെ വീഡിയോ കോളിലൂടെ മാത്രമെ കണ്ടിട്ടുള്ളുവെന്നും തന്‍ഹ മന്ത്രിയോട് പറഞ്ഞു. സ്‌കൂളുകള്‍ നവംബര്‍ ഒന്നിനു തന്നെ തുറക്കുമെന്ന കാര്യം മന്ത്രി തന്‍ഹയെ അറിയിക്കുകയും ചെയ്തു. 'കുഞ്ഞാവയ്ക്ക് ഈ അപ്പുപ്പനെ മനസിലായോ' എന്ന് മന്ത്രി ശിവന്‍കുട്ടി ചോദിക്കുമ്പോള്‍, 'മന്ത്രി സാര്‍' എന്നായിരുന്നു തന്‍ഹയുടെ മറുപടി. എന്നാല്‍, മന്ത്രി സാര്‍ അല്ല മന്ത്രി അപ്പുപ്പനെന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞായിരുന്നു ശിവന്‍കുട്ടിയുടെ സംഭാഷണം. വീഡിയോകോള്‍ ഉള്‍പ്പെടെ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. "; വയനാട്ടിലെ യുകെജി വിദ്യാർത്ഥിനിയെ വീഡിയോ കോളിൽ വിളിച്ചു ; സ്കൂൾ വേഗം തുറക്കണം എന്നാണ് കുഞ്ഞാവയുടെ ആവശ്യം

വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളിൽ യുകെജിയിൽ പഠിക്കുന്ന കുഞ്ഞാവ എന്ന തൻഹ ഫാത്തിമയുടെ വീഡിയോ വൈറൽ ആയിരുന്നു. അത് ഫേസ്ബുക്ക് പേജിൽ ഞാൻ പങ്കുവെച്ചിരുന്നു. കുഞ്ഞാവയെ കണ്ടെത്തി വീഡിയോ കോൾ ചെയ്തു.

സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന കാര്യം കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ല എന്നും ടീച്ചർമാരുമായി നേരിൽ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ പങ്കുവച്ചു. തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് കുഞ്ഞാവയെ ആശ്വസിപ്പിച്ചു. വയനാട്ടിൽ വരുമ്പോൾ തന്നെ നേരിൽ കാണുവാൻ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും അംഗീകരിച്ചു.

കുട്ടികളുടെ സഹജമായ ശീലമാണ് കളിചിരിയും കൂട്ടുചേരലും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തിൽ വലിയ മാനസിക സമ്മർദമാണ് കുട്ടികൾ അനുഭവിക്കുന്നത്. മാനസികോല്ലാസത്തോടെ പഠന പാതയിൽ കുട്ടികളെ നിലനിർത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്.