ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്സിന്‍; പുഷ്പലതയെയും സംഘത്തെയും നേരിട്ടെത്തി അഭിനന്ദിച്ച് ആരോഗ്യമന്ത്രി

 
Pushpalatha

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പുഷ്പലതയെയും സംഘത്തെയും നേരിട്ടെത്തി അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പേരറിയാത്ത, മുഖമറിയാത്ത, ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളത്. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ടു നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവാണിതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നായിരുന്നു പുഷ്പലതയുടെ വാക്കുകള്‍.
 

ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ 

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പുഷ്പലത ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്സിന്‍ നല്‍കിയത് വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞത്. അടുത്ത ദിവസം തന്നെ അവരെ പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പോയി അവരെ കണ്ടു.  അഭിനന്ദനം അറിയിച്ചു. നല്ലൊരു ടീംവര്‍ക്ക് അവിടെ നടക്കുന്നുണ്ട്. ജെ.എച്ച്.ഐ.മാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്സ് രമ്യ, അനിമോള്‍ എന്നിവരാണ് ടീമിലുള്ളത്. അവരേയും അഭിനന്ദിച്ചു.
വളരെ കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത പറഞ്ഞു. ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്സാകാന്‍ പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്മാര്‍ത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി.
ഇതോടൊപ്പം പുഷ്പലത ഒരു ഗാനവും പാടി.
'ദൈവസ്നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ?'
ഇത്രയും പാടുമ്പോള്‍ പുഷ്പലതയുടെ കണ്ണുനിറഞ്ഞു. അപ്പോഴേയ്ക്കും നിറയെ കൈയ്യടിയും അഭിനന്ദനങ്ങളും ഉയര്‍ന്നിരുന്നു.
പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളത്. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവാണിത്.