'ആരു പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല; കരുണാകരന്‍ പോയപ്പോഴും പാര്‍ട്ടി തളര്‍ന്നില്ല'

 
VD Satheesan

ഈരാറ്റുപേട്ട വിഷയത്തില്‍ എ വിജയരാഘവന്‍ വീണിടത്തുകിടന്ന് ഉരുളുന്നു

ആര് വിട്ടുപോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതൃപ്തിയുള്ളവര്‍ പാര്‍ട്ടി വിട്ടുപോവട്ടെ എന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ഞാന്‍ പോയാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. കൂടുതല്‍ മിടുക്കനായ ഒരാള്‍ വരും. അത്രയേ ഉള്ളൂ. വലിയ നേതാവ് കെ കരുണാകരന്‍ പോയിട്ടും പാര്‍ട്ടി തളര്‍ന്നില്ല, ശക്തമായി നിലനിന്നു. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടുപോയ ആരും. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. ചാരത്തില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കും. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയതെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ 14 ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമ്പോള്‍, ദശാബ്ദങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രര്‍ത്തിക്കുന്ന അവരെ പെട്ടി തൂക്കികളാണെന്ന് ഒരു കെപിസിസി ഭാരവാഹി ആക്ഷേപിക്കുമ്പോള്‍, അയാളെ പൂവിട്ടു പൂജിക്കണോ? അതോ മാലയിട്ടു സ്വീകരിക്കണോ? പാര്‍ട്ടി എന്ന നിലയിലാണ് നടപടിയെടുത്തത്. അതേക്കുറിച്ച് വിശദീകരണം ചോദിച്ചപ്പോള്‍, നേരത്തെയുള്ളതിനേക്കാള്‍ ധിക്കാരപരമായ മറുപടിയാണ് അനില്‍കുമാര്‍ നല്‍കിയത്. അപ്പോള്‍ അച്ചടക്ക നടപടി എടുക്കുക അല്ലാതെ കെപിസിസി അധ്യക്ഷന്‍ എന്തു ചെയ്യാനാകും? ഇങ്ങനെ പറഞ്ഞ ഒരാളെ ഏതു പാര്‍ട്ടിയാണ് വെച്ചുപൊറുപ്പിക്കുക? 

സിപിഎം എത്ര പേര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തു. എറണാകുളത്ത് 12 പേര്‍ക്കെതിരെ നടപടി എടുത്തില്ലേ? നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അത്. അവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടിയെടുക്കുന്നത്? പാര്‍ട്ടി എന്ന നിലയില്‍ അതിന്റേതായ ചട്ടക്കൂടുകള്‍ വേണം. ആ ചട്ടക്കൂടിനപ്പുറത്തുനിന്ന് അവരുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുത്തു. അതിനെ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ? അത് ശരിയായ കാര്യമാണ്. അവരുടെ പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ അവര്‍ ആ രീതിയില്‍ ചെയ്യണം. നമ്മുടെ പാര്‍ട്ടിയും കൊണ്ടുപോകണ്ടേ? അവരുടെ പാര്‍ട്ടി മാത്രം മുന്നോട്ടുപോയാല്‍ മതിയോ?

ആളുകള്‍ പാര്‍ട്ടി മാറുന്നത് പുതിയ കാര്യമല്ല. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുന്നതും ആദ്യമല്ല. എത്രപേര്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നാളെ ആരെങ്കിലും സിപിഎം വിട്ടുവന്നാല്‍ ഞങ്ങളും സ്വീകരിക്കും. വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. സിപിഐയുടെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന കനയ്യ കുമാര്‍ പാര്‍ട്ടി വിടാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നു. ഇതൊക്കെ പല തരത്തില്‍ പല സ്ഥലത്തും നടക്കുന്നുണ്ട്. ഇതൊന്നും വലിയ വാര്‍ത്തകളായി തോന്നുന്നില്ല. 

ഈരാറ്റുപേട്ട വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വീണിടത്തുകിടന്ന് ഉരുളുകയാണ്. ഈരാറ്റുപേട്ടയില്‍ യുഡിഎഫിന് 13 സീറ്റുണ്ട്. എല്‍ഡിഎഫിന് 10, എസ്ഡിപിഐക്ക് അഞ്ച്. എസ്ഡിപിഐയുമായി സഹകരിച്ചാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിലൂടെ ഭരണസമിതിയെ താഴെയിറക്കിയത്. എന്നിട്ട് ഞങ്ങള്‍ അവരുമായി കൂട്ടുകൂടിയിട്ടില്ലെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. നാളെ പുതിയ ചെയര്‍മാന്റെ തെരഞ്ഞെടുപ്പ് വരും. അവര്‍ തമ്മില്‍ കൂട്ടില്ലെങ്കില്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമല്ലോ. പിന്നെന്തിനാണ് നഗരസഭയുടെ ഭരണം സ്തംഭിപ്പിക്കുന്ന തരത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്? എസ്ഡിപിഐയുമായി ചേര്‍ന്ന് വീണ്ടും നഗരസഭയില്‍ ഭരണം പിടിക്കുക എന്ന അവരുടെ അജണ്ട കൃത്യമായിരുന്നു. പാല ബിഷപ്പ്ഹൗസിലേക്ക് പ്രകോപനമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയവരുമായാണ് സിപിഎം സന്ധി ചെയ്തിരിക്കുന്നത്. വര്‍ഗീയതക്കെതിരായ സിപിഎം നിലപാട് കാപട്യമാണ്. ഈരാറ്റുപേട്ടയില്‍നിന്ന് അഭിമന്യുവിന്റെ വട്ടവടയിലേക്ക് വലിയ ദൂരമില്ലെന്ന് ഇവര്‍ ഓര്‍ക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.