മുതിര്‍ന്ന നേതാക്കള്‍ക്കുള്ള പ്രയാസങ്ങള്‍ പരിഹരിക്കുമെന്ന് വി.ഡി സതീശന്‍; അനുകൂലിച്ച് ഉമ്മന്‍ചാണ്ടി

 
VD OC

കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ പുതുപള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരമെന്ന നിര്‍ദേശത്തെ ഉമ്മന്‍ചാണ്ടിയും പിന്തുണച്ചു. 

കോണ്‍ഗ്രസില്‍ ഇതിന് മുന്‍പും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളതെന്ന് വെന്ന് സതീശന്‍ പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയില്‍ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാധ്യതയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയല്ല തന്റെ ജോലി. മുഖ്യമന്ത്രിക്കും ബിജെപിക്കും മറുപടി നല്‍കുകയാണ് തന്റെ ദൗത്യമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

സതീശനും ഉമ്മന്‍ചാണ്ടിയും അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്. അനുവാദം ചോദിക്കാതെ പുതുപ്പള്ളിയിലേക്ക് വരാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് സതീശന്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ ഉണ്ടായതില്‍ വേദനയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ചര്‍ച്ചയിലൂടെ അവ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സതീശന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. നാളെ ചേരാനിരിക്കുന്ന നിര്‍ണായകമായ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കണമെന്നും ഇരുവരോടും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഇരു നോതാക്കളും പ്രതികരണം അറിയിച്ചിരുന്നില്ല. പിന്നാലെയാണ് സതീശന്‍ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.