ഇവിടെ അനുശോചനസന്ദേശങ്ങള്‍ മാത്രം അനുവദനീയം, അല്ലാത്തവ തെറിവിളിക്ക് വിധേയം !

 
ഇവിടെ അനുശോചനസന്ദേശങ്ങള്‍ മാത്രം അനുവദനീയം, അല്ലാത്തവ തെറിവിളിക്ക് വിധേയം !

അഡ്വ. ടി.കെ. സുജിത്

സോഷ്യല്‍ മീഡിയ പരമ്പരാഗത മീഡിയയെപ്പോലെയാകണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം? അന്തരിച്ച മുന്‍ പ്രസിഡന്റ് ആരാധ്യനായ എ.പി.ജെ. അബ്ദുള്‍ കലാമിനെപ്പറ്റിയുള്ള വിശേഷണങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു കവിയുന്നു. ഏഴുദിവസം ഔപചാരികമായും അനൗപചാരികമായി അവരവര്‍ക്ക് ഇഷ്ടമുള്ള ദിവസംവരെയും അനുശോചനവും പരിപാടികളും തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ മരണവാര്‍ത്തയല്ല, ഏത് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളും വാര്‍ത്തയ്‌ക്കൊപ്പം അന്തരിച്ച വ്യക്തിയെക്കുറിച്ചുള്ള വിയോജനക്കുറിപ്പും എഴുതണം എന്ന് ആര്‍ക്കും ശഠിക്കാന്‍ കഴിയില്ല. അതുപോലെ തന്നെ കലാമിന്റെ മരണത്തില്‍, അല്ലെങ്കില്‍ മരണപ്പെടുന്ന ആളുകളുടെയെല്ലാം വിയോഗത്തില്‍, നാട്ടിലെ മുഴുവന്‍ ആളുകളും ദുഖിക്കുകമാത്രം ചെയ്യണമെന്നും തങ്ങളുടെ വിയോജിപ്പുകള്‍ ഒരിക്കലും പുറത്തുപ്രകടിപ്പിക്കരുതെന്നും ആര്‍ക്കും വാശിപിടിക്കാനും കഴിയില്ല. അങ്ങനെ ശഠിക്കുന്നപക്ഷം 'അതെന്ത് നിലപാടാണ് ചങ്ങാതീ' എന്ന് തിരികെ ചോദിക്കേണ്ടിവരും.


നിത്യവും ചര്‍ച്ച ചെയ്യാത്ത, ദൈനംദിന വ്യവഹാരത്തിലേക്ക് കടന്നുവരാത്ത ഒരാള്‍, മരണം, വിവാഹം തുടങ്ങിയ സവിശേഷാവസരങ്ങളിലാകും നമ്മുടെ ശ്രദ്ധയിലെത്തുക. അപ്പോള്‍ കൂടെയുള്ളവരോട് അദ്ദേഹത്തെക്കുറിച്ച് നാം നമ്മുടെ അഭിപ്രായം പറഞ്ഞെന്നുമിരിക്കും. 'ആള് നല്ലൊരു മനുഷ്യനായിരുന്നു'എന്ന് പറയുന്നതിനൊപ്പം അയാളുടെ ദോഷങ്ങളും ആ പരസ്പര സംഭാഷണത്തിന്റെ ഭാഗമാകും. ഇങ്ങനെയുള്ള പരസ്പര സംഭാഷണങ്ങളും ഏതെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഒരു വ്യക്തി അയാളുടെ അഭിപ്രായങ്ങള്‍ എഴുതുന്നതും ഏതാണ്ട് സമാനം തന്നെയാണ്. അതിനെ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ എഴുതുന്നതായിട്ടോ, ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ഒരാളിന്റെ അഭിപ്രായ പ്രകടനമായിട്ടോ തുലനം ചെയ്യേണ്ടതുണ്ടോ എന്നതാണ് പ്രശ്‌നം. ഫേസ് ബുക്കിലാണെങ്കില്‍ ഉപയോക്താക്കള്‍ എഴുതുന്ന കാര്യങ്ങളെ അവസ്ഥാസന്ദേശം (സ്റ്റാറ്റസ് മെസേജുകള്‍) എന്നാണ് വിളിക്കുക. ഉപയോക്താക്കള്‍ അവരുടെ വികാരങ്ങളെയും വിചാരങ്ങളെയും കാര്യങ്ങളെയും പ്രധാനവിവരങ്ങളെയും പറ്റി അവരുടെ സുഹൃത്തുക്കളുമായി സന്ദേശങ്ങള്‍ പുതുക്കുന്ന പ്രക്രിയയാണ് ഫേസ്ബുക്ക് സ്റ്റാറ്റസ് മെസ്സേജ് അഥവാ അപ്‌ഡേഷന്‍ എന്നു പറയുക. ഈ അവസ്ഥാ സന്ദേശങ്ങള്‍ രേഖപ്പെടുത്താനുള്ള ഇടത്തില്‍ കുറച്ചുനാള്‍ മുന്‍പുവരെ ഫേസ്ബുക്ക് രേഖപ്പെടുത്തി വെച്ചിരുന്ന സൂചനാവാചകം 'വാട്ട് ഈസ് യുവര്‍ ഫീലിംഗ് ' എന്നായിരുന്നു. ട്വിറ്ററില്‍ ഈ ഇടത്തില്‍ നിങ്ങളോട് ചോദിക്കുന്നത് 'വാട്ട് ഈസ് ഹാപ്പനിംഗ്' എന്നാണ്. ചുരുക്കത്തില്‍ നിങ്ങളുടെ മനസ്സില്‍ തോന്നുന്നതും സുഹൃത്തുക്കളോട് പറയാന്‍ കൊള്ളാവുന്നതുമായ എന്തും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറയാന്‍ അവയുടെ മുതലാളിമാര്‍ നിങ്ങള്‍ക്ക് അനുവാദം തന്നിരിക്കുന്നു.

ഇവിടെ അനുശോചനസന്ദേശങ്ങള്‍ മാത്രം അനുവദനീയം, അല്ലാത്തവ തെറിവിളിക്ക് വിധേയം !

വിവര സാങ്കേതികവിദ്യാ നിയമത്തിലെ 66 (എ) വകുപ്പ് സുപ്രീം കോടതി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന്, ശിക്ഷാനിയമത്തിലെ അപകീര്‍ത്തി സംബന്ധമായ വകുപ്പ് മാത്രമാണ് ഇത്തരം സാധാരണ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ നിയന്ത്രിക്കുന്നത്. അതായത് ജീവിച്ചിരിക്കുന്നതോ, മരിച്ചതോ ആയ ഒരാളെക്കുറിച്ച് സത്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് അയാളുടെ മാനത്തിന് ഹാനിയുണ്ടാക്കിയാല്‍ നിങ്ങള്‍ കുഴപ്പത്തില്‍ പെടാം. അവനവന്‍ പ്രസാധനത്തിന്റേതായ ഈ മേഖലയില്‍ ആവശ്യമായതും സാദ്ധ്യമായതുമായ നിയന്ത്രണം, സ്വയം നിയന്ത്രണമാണെന്ന് കാലങ്ങളായി ചര്‍ച്ച ചെയ്തുപോരുന്ന സംഗതിയാണ്. സോഷ്യല്‍ മീഡിയിയില്‍ എങ്ങനെ മാന്യമായി പെരുമാറണമെന്നത് ഒരു സംസ്‌കാരമായി രൂപപ്പെട്ടുവരേണ്ടുന്ന സംഗതിയാണെന്ന് ചുരുക്കം.

മരണത്തോടെ മഹാനായിത്തീരുന്നവരുടെ കാര്യത്തില്‍ (കലാമിനെ സംബന്ധിച്ചല്ല) പൊതു സമൂഹത്തെ സംബന്ധിച്ച് ഇത്തരം സോഷ്യല്‍ മീഡിയ ഓഡിറ്റ് ഒരു ആശ്വാസമാണെന്നതും കാണാതിരുന്നുകൂട. കെ. കരുണാകരന്‍ മരിച്ചപ്പോള്‍ മലയാളം മാധ്യമങ്ങള്‍ രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തുകയുണ്ടായി. ഈച്ചരവാര്യരുടെയും തങ്കമണിയിലെ സ്ത്രീകളുടെയുമൊക്കെ കണ്ണീര് കാണാത്ത വാഴ്ത്തല്‍... അന്നും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അവരുടെ വ്യക്തിപരമായ അഭിപ്രായം വിയോജനക്കുറിപ്പ് പ്രകടിപ്പിച്ചു, ഹിസ്‌റ്റോറിക്കല്‍ ഓഡിറ്റിംഗ് നടത്തി. പക്ഷേ അന്നിത്രയും തെറിവിളി ആ അഭിപ്രായങ്ങള്‍ക്കെതിരെ കണ്ടില്ല ! നമ്മുടെ നാടും പുരോഗമിക്കുന്നതുകൊണ്ടാവാം ഇന്നിങ്ങനെ! പക്ഷേ, ഗുണപരമായ മറ്റൊരു കാര്യം സോഷ്യല്‍ മീഡിയയിലെ ഈ പ്രവണതയ്ക്കനുസരിച്ച് മുഖ്യധാരാ മാദ്ധ്യമങ്ങളും മാറുന്നുണ്ടെന്നതാണ്. കലാമിന്റെ നിര്യാണത്തെ സംബന്ധിച്ച് പീപ്പിള്‍ ചാനലില്‍ കേട്ട ഒരു വാചകം ഇങ്ങനെയായിരുന്നു: 'ഐന്‍സ്റ്റീന്‍, നോബല്‍ തുടങ്ങിയ പല ശാസ്ത്രജ്ഞരും തങ്ങളുടെ ചില പ്രവൃത്തിക്കളെപ്പറ്റി പില്‍ക്കാലത്ത് ഖേദം പ്രകടിപ്പിച്ചുവെങ്കിലും മിസൈല്‍ സാങ്കേതിക വിദ്യയില്‍ തന്റെ പരീക്ഷണങ്ങളെ പ്രതി കലാം എപ്പോഴെങ്കിലും മറിച്ച് പറഞ്ഞിരുന്നോ എന്നറിയില്ല... 'അന്തരിച്ച കലാമിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നതിനിടയില്‍ കടന്നുവന്ന ഈ ഒരു വാചകത്തിന് പിന്നില്‍ സോഷ്യല്‍ മീഡിയ സ്വാധീനം ഉണ്ടാവുമെന്ന് ന്യായമായും കരുതാം!

ഇവിടെ അനുശോചനസന്ദേശങ്ങള്‍ മാത്രം അനുവദനീയം, അല്ലാത്തവ തെറിവിളിക്ക് വിധേയം !

ഏതായാലും കലാമിന്റെ നിര്യാണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ അദ്ദേഹത്തെ വിലയിരുത്തിക്കൊണ്ട് വന്ന പോസ്റ്റുകളും അവയ്‌ക്കെതിരായി കലാം ഫാന്‍സ് അസോസിയേഷന്‍കാര്‍ നടത്തിയ തെറിവിളികളും സോഷ്യല്‍ മീഡിയയുടെ സാദ്ധ്യതകളും പരിമിതികളും സംബന്ധിച്ച് സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചകളുയര്‍ത്തുമെന്നതുറപ്പ്. ആ തെറിവിളികളോടുള്ള പ്രതികരണമെന്നോണം കലാമിനെ വിലയിരുത്തി പോസ്റ്റിട്ടവരും അവരുടെ അനുഭാവികളും അദ്ദേഹത്തിനെ കൂടുതല്‍ നിശിതമായ പരിശോധനയ്ക് വിധേയനാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മലയാളം സാമൂഹ്യ മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നത്. അങ്ങനെ നോക്കുമ്പോള്‍ തെറിവിളികള്‍ക്കും പൊങ്കാലയ്കും നേതൃത്വം കൊടുത്ത ഫാന്‍സ് അസോസിയേഷന്‍കാര്‍ മലര്‍ന്നുകിടന്ന് തുപ്പുകയായിരുന്നുവെന്നും പറയാം.

ഒരര്‍ത്ഥത്തില്‍ സാമൂഹ്യമായ കണക്കെടുപ്പ് / ചരിത്രപരമായ കണക്കെടുപ്പ് ഓരോ സെലിബ്രിറ്റിയുടെയും തലയ്ക്കുമീതെ തൂങ്ങുന്ന വാളായി മാറേണ്ടതുണ്ട്. സുതാര്യമായ സമൂഹമാണ് ശക്തമായ സമൂഹം. 'നീതീകരിക്കാവുന്ന കാര്യത്തെ സത്യം ഒരിക്കലും അപകടപ്പെടുത്തില്ല' എന്ന ഗാന്ധിവചനവും ഇവിടെ പ്രസക്തം. സൂര്യനെ പഴമുറം കൊണ്ടും സത്യത്തെ സ്തുതിവചനങ്ങള്‍കൊണ്ടും മൂടിവെയ്കാനാകില്ലെന്ന് ചുരുക്കം !

(അലപ്പുഴ ലോയേഴ്‌സ് ഫെര്‍ട്ടേനിറ്റിയില്‍ അസോസിയേറ്റ് ലോയര്‍ ആണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ അനുശോചനസന്ദേശങ്ങള്‍ മാത്രം അനുവദനീയം, അല്ലാത്തവ തെറിവിളിക്ക് വിധേയം !