'അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാല്‍ ഉറച്ച ചുവടുകള്‍ക്കു മുന്നില്‍ എന്ത് ചെയ്യും?'

 
jaleel

മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ 'ട്രോളു'മായി കെ.ടി ജലീല്‍. ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇ.ഡിക്ക് മൊഴി നല്‍കിയതിനു പിന്നാലെ, ഫേസ്ബുക്കിലാണ് ജലീലിന്റെ പരിഹാസം. സത്യത്തോട് പൊരുതാന്‍ കാപട്യത്തില്‍ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങള്‍ തികയാതെ വരും. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാല്‍ ഉറച്ച ചുവടുകള്‍ക്കു മുന്നില്‍ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ -എന്നായിരുന്നു ജലീലിന്റെ വാക്കുകള്‍. വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ചന്തുവിന്റെ ചിത്രത്തിനൊപ്പമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. 

കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെആരോപണം ഉന്നയിച്ച ജലീലിനെ മൊഴിയെടുക്കാനും തെളിവുകള്‍ ശേഖരിക്കുന്നതിനുംവേണ്ടി ഇ.ഡി ഇന്നലെ നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും കൈമാറിയതായും ഇരുവരെയും മൊഴിയെടുക്കാന്‍ ഇഡി വിളിപ്പിച്ചെന്നും ജലീല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നുമാണ് കുഞ്ഞാലിക്കുട്ടി രേഖാമൂലം ഇ.ഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്നാണ് ആക്ഷേപം. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ വെളുപ്പിച്ചതെന്നും ആരോപണമുണ്ട്.