ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ; ജീവനോടെ ഉണ്ടാകില്ലെന്ന ഫോണ്‍ സംഭാഷണം പുറത്ത്

 
Suneesha

പയ്യന്നൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തതിനു കാരണം ഗാര്‍ഹിക പീഡനം. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26) യെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടില്‍ സുനീഷയ്ക്ക് നിരന്തരം പീഡനം ഏല്‍ക്കേണ്ടിവന്നിരുന്നു. ഭര്‍ത്താവ് വിജീഷും ഭര്‍തൃ മാതാപിതാക്കളും മര്‍ദ്ദിക്കുമായിരുന്നെന്നും വീട്ടിലേക്ക് കൂട്ടികൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്നും സുനീഷ സഹോദരനോട് പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  
 
ഗാര്‍ഹികപീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുന്‍പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തില്ല. ഇരു കുടുംബക്കാരെയും വിളിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിനു പിന്നാലെയാണ്, സുനീഷ കുളിമുറിയില്‍ കയറി ജീവനൊടുക്കിയത്.

ഒന്നരവര്‍ഷം മുന്‍പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.