UPDATES

വി കെ അജിത് കുമാര്‍

കാഴ്ചപ്പാട്

വി കെ അജിത് കുമാര്‍

ഗാന്ധിയാവാന്‍ നോക്കി, പിന്നെ ഒഴിവാക്കാനും ഒടുവില്‍ ആരോ ഒരാളാക്കുന്ന മോദി

അവര്‍ യാതൊരു തെളിവുമില്ലാത്ത മിത്തുകളില്‍ അഭിരമിക്കും വസ്തുതകള്‍ക്ക് വിരുദ്ധമായി സംസാരിക്കും

                       

സ്പാനിഷ് സൈദ്ധാന്തികനായ ജോര്‍ജ്ജ് സന്തായനയുടെ ഒരു നിഗമനമുണ്ട്, ‘ഭൂതകാലത്തെ ഓര്‍മ്മിക്കാന്‍ കഴിയാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന്. (The Life of Reason 1905). സന്തായന, ചില വിലയിരുത്തലുകളില്‍, വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലത്തെ ഓര്‍മ്മിക്കാത്തവര്‍ അപഭ്രംശത്തിനു കീഴടങ്ങി എല്ലാം എന്നിലാണെന്ന ചാത്തന്‍ മനസുമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ തന്നെയെന്നു വേണം കരുതാന്‍. അവര്‍ യാതൊരു തെളിവുമില്ലാത്ത മിത്തുകളില്‍ അഭിരമിക്കും വസ്തുതകള്‍ക്ക് വിരുദ്ധമായി സംസാരിക്കും വെറുപ്പിന്റെ കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് ഉരുവിട്ടു കൊണ്ടുമിരിക്കും. അവര്‍ക്കു മുന്നിലൂടെ കടന്നു വരുന്ന മനുഷ്യരെ വിലയിരുത്തുന്നതും വശീകരിക്കുന്നതും ചരിത്രാതീത കാലത്തെ മാമൂലുകളിലൂടെയായിരിക്കും. കഴിഞ്ഞ കുറേ നാളുകളായി അപഭ്രംശത്തിനു വിധേയനായി സംസാരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി സ്വന്തം എ ബി പി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ അനന്യമായ ഒരു നറേറ്റീവ് പങ്കു വച്ചത്. ഇന്ത്യന്‍ രാഷ്ട്രപിതാവായ സാക്ഷാല്‍ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി (മോഹന്‍ലാല്‍ അല്ല- ഒരു തവണ അങ്ങനെയും പറഞ്ഞു കേട്ടു.) യെ ജനം അറിഞ്ഞു തുടങ്ങിയത് 1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ എന്ന സായിപ്പ് ഗാന്ധി സിനിമയെടുത്തതില്‍ പിന്നീടാണെന്ന്. (ഈ സായിപ്പ് ഗാന്ധിയെ എങ്ങനെ അറിഞ്ഞു എന്നുള്ളത് അവിടെ നില്‍ക്കട്ടെ)

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ മൊത്തം പഠിക്കാനില്ലെങ്കില്‍ പോലും ഒരു പാഠ ഭാഗമെങ്കിലും ഇന്ത്യാ മഹാരാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എലിമെന്ററി വിദ്യാഭ്യാസം ലഭ്യമായവര്‍ക്ക് അറിവുള്ളതാണ്. അതായത് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവര്‍ പഠിച്ച ഏറ്റവും സത്യസന്ധമായ ആത്മാംശത്തിലൂടെ കടന്നു പോകുന ഗാന്ധി എന്ന മനുഷ്യന്റെ ആത്മകഥ. അത് വിദ്യാസമ്പന്നനായ ഒരു ഇന്ത്യന്‍ പൗരന്‍ ആദ്യമായി കേള്‍ക്കുന്നത് പതിനാല് വയസിനു മുമ്പേയാണ്. പിന്നീട് ഡീറ്റെയില്‍ഡായും നോണ്‍ ഡീറ്റയില്‍ഡായും യൂണിവേഴ്‌സിറ്റി തലത്തില്‍ പലപ്പോഴും ഗാന്ധിയും നെഹ്രുവുമൊക്കെ പാഠ പുസ്തകങ്ങളിലെ നിത്യ സാന്നിധ്യങ്ങളാണ്. ഒരു പക്ഷേ, എന്റയര്‍ സയന്‍സ് ബിരുദാനന്തര ബിരുദം കൈക്കലാക്കിയ ഒരാള്‍ ഗാന്ധിയെ അറിയുന്നത് 1982ല്‍ റിലീസ് ചെയ്ത റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ സിനിമയിലൂടെയാകാം. കാര്യങ്ങളെ പോസിറ്റീവായി എടുക്കുക അതുവരെ ശാഖാപഠനത്തിലെ ദണ്ഡവിദ്യകളും ഗോഡ്‌സയും സവാര്‍ക്കറും ഗോള്‍വര്‍ക്കറുമൊക്കെ പൂണ്ടുവിളയാടിയ കാലത്ത് പാവം ഗാന്ധിയെ എങ്ങനെ അറിയാന്‍, ഐറണിയുണ്ട്. ഈ മഹാരഥന്‍മാര്‍ക്ക് പക്ഷേ ഗാന്ധിയെ അറിയാമായിരുന്നു. യഥാര്‍ത്ഥ ദേശസ്‌നേഹിയെന്നത് മതാതീതമായി മനുഷ്യനെ കാണുന്നവനാണെന്നും യഥാര്‍ത്ഥ നേതാവെന്നത് ചേരിയിലെ പാര്‍ശ്വവത്കൃതര്‍ക്കൊപ്പം നിത്യേന കഴിയുന്നവനാണെന്നും യഥാര്‍ത്ഥ ഹിന്ദുവെന്നത് അവര്‍ പറയുന്ന സവര്‍ണ്ണ ഹൈന്ദവതയല്ലെന്നും മനസിലാക്കിയ ഗാന്ധിയെ അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെയാണ് നഗ്‌നമായ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കുവാന്‍ അവര്‍ മടിക്കാതിരുന്നത്. അതുകൊണ്ടാകാം ഒരു പക്ഷേ സംഘിസ്‌കൂളില്‍ ഈ ഹിന്ദുവിരുദ്ധ – സവര്‍ണ്ണ പാഠങ്ങള്‍ പിന്തുടര്‍ന്നു വന്ന പ്രധാനമന്ത്രി ഗാന്ധിയെ മനസിലാക്കിയത് സായിപ്പ് സെല്ലിലോയ്ഡില്‍ പകര്‍ത്തിയ ഗാന്ധി ബിംബത്തില്‍ നിന്നായത്. പക്ഷേ,ഞങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് ഗാന്ധിയെന്നത് പാഠ പുസ്തകത്തില്‍ നിന്നോ സിനിമയില്‍ നിന്നോ ലഭിച്ച ബിംബമല്ല. ഇന്ത്യയുടെ ആത്മാവായിരുന്നു ആ മനുഷ്യന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും ഈ പത്ത് കൊല്ലങ്ങളിലായി ഏറെ ആക്രമിച്ചത് നെഹ്രുവിനെയും ഗാന്ധിയെയും ആയിരുന്നു. അധികാരം ഉപയോഗിച്ചു ഭരണപരമായ തിരുത്തലുകള്‍ പോലും നടത്താന്‍ അവര്‍ മടിച്ചില്ല. രേഖകള്‍, ചരിത്രങ്ങള്‍ ചിത്രങ്ങള്‍ പ്രതിമകള്‍ ഇവയെല്ലാം അവര്‍ക്ക് ഭയമുളവാക്കിയെങ്കില്‍ ഈ നേതാക്കള്‍ പ്രതിനിധീകരിച്ച രാഷ്ട്രീയത്തെ ബി.ജെ.പിയും സംഘപരിവാറും അത്ര മാത്രം അലട്ടിയിരുന്നതായി മനസിലാക്കാം. അധികാരത്തിന്റെ ആദ്യപര്‍വത്തില്‍ പലപ്പോഴും ഗാന്ധിയാകാന്‍ ഫാന്‍സി ഡ്രസ്‌കളിക്കാന്‍ മോദി തുനിഞ്ഞതോര്‍ക്കുക. സ്വച്ഛ് ഭാരതപരിപാടിയുടെ ഉദ്ഘാടനം വാല്‍മികി കോളനിയില്‍ നടത്താനും ചര്‍ക്കയ്ക്ക് മുന്നിലിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊക്ക മോദി ശ്രമിച്ചത് ഗാന്ധിയുടെ ജനപിന്തുണ കണ്ടു കൊണ്ട് തന്നെയാണ്. ഇത് ക്രമേണ മാറ്റിയെടുക്കാന്‍ ഗുജറാത്ത് കാരനായ മറ്റൊരു ദേശീയ നേതാവായിരുന്ന പട്ടേലിലൂടെ ബദല്‍ സൃഷ്ടിക്കാനും മോദിയും കൂട്ടരും ശ്രമിച്ചു.

രണ്ട് രാഷ്ട്രിയ ചിന്തകളിലൂടെയാണ് ഇന്ന് ഇന്ത്യയെ വീക്ഷിക്കാന്‍ കഴിയുക. ഒന്ന് ഗാന്ധിയുടെ സ്വപ്നത്തിലെ ഇന്ത്യ. മറ്റൊന്ന് ഗോഡ്‌സെയുടെ ഇന്ത്യ. വിചാരണ വേളയിലുള്ള ഗോഡ്‌സയുടെ പ്രസ്താവന ഓര്‍മ്മിക്കേണ്ടതാണ്. ഗാന്ധിയുടെ കൊലപാതകത്തിന്റെ യഥാര്‍ത്ഥമൂല്യം പിന്നീടേ ഇന്ത്യയ്ക്ക് മനസിലാകൂ എന്നാണ് അയാള്‍ ഉരുവിട്ടത്. ആ മനസിലാക്കലാണ് കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മോദിയന്‍ ഭരണത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ. രാജ്യമെന്നത് അവര്‍ നിര്‍ണ്ണയിക്കുന്ന ഹിന്ദുത്വ മേല്‍ക്കോയ്മയാണെന്ന ചിന്ത വഹിക്കുന്ന ഇന്ത്യ. മറ്റൊന്ന് ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം ജവഹര്‍ലാല്‍ നെഹ്രു അനുസ്മരിച്ചതിലൂടെ മനസിലാക്കാം ,ഈ വെളിച്ചം ഇനിയും കാലങ്ങളോളം രാജ്യത്തെ പ്രകാശിപ്പിക്കും. അതാണ് ഭൂരിപക്ഷ ഇന്ത്യക്കാരുടെ സ്വപ്നം. ആ വെളിച്ചം കയ്യിലേന്തുന്ന ഗാന്ധി ഒരു സംഘിമനസിന് അന്യമാണ്.
യുദ്ധങ്ങള്‍ എവിടെ അവസാനിക്കുന്നുവെന്നതിന് വില്യം ജയിംസ് നല്‍കിയ ഉത്തരം മരിച്ചവര്‍ മാത്രമേ യുദ്ധത്തിന്റെ അന്ത്യം കണ്ടിട്ടുള്ളു എന്നാണ്. സവര്‍ണ്ണമനസ് ജീവിച്ചിരിക്കുന്നിടത്തോളം ഇന്ത്യന്‍ സമൂഹത്തില്‍ ഗാന്ധി പ്രതിസ്ഥാനത്തായിരിക്കും. എങ്ങുമെത്താതെ ജാതിയുടെയും മതത്തിന്റെയും പേരില്‍ മരിച്ചു വീഴുന്നവര്‍ പോരാട്ടമവിടെ അവസാനിച്ചുവെന്ന് സമാശ്വസിക്കുന്നു.

ചരിത്രം സ്വയം ആവര്‍ത്തിക്കില്ല പക്ഷേ അതിന്റെ പ്രതിധ്വനികള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നാണ് മാര്‍ക്ക് ട്വെയ്ന്‍ സൂചിപ്പിക്കുന്നത് .. ഗാന്ധിയും മണ്ടേലയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും പുനര്‍ജനിക്കും മനുഷ്യനെ മൂല്യങ്ങളില്ലാതെ തരംതിരിക്കുന്ന ഒരു സമൂഹത്തില്‍ അവര്‍ തിരിച്ചു വരേണ്ടത് ആവശ്യമാണ്. അതിനായി കാത്തിരിക്കാം.

 

English Summary: ‘Mahatma became popular only after Gandhi movie’, attacks PM Modi over his comment

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍