May 20, 2025 |

ഇഡി ഓഫിസിലെ തീപിടിത്തം കത്തിപ്പോയോ കള്ളപ്പണ കേസുകളും?

കത്തി നശിച്ചതില്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി
തുടങ്ങിയ വമ്പന്മാരുടെ കേസ് രേഖകളും?

മുംബൈയിൽ ഇഡി ഓഫീസിലുണ്ടായ തീപിടുത്തത്തിൽ അ​ഗ്നിക്കിരയായ പ്രധാന രേഖകളിൽ നീരവ് മോദി, മെഹൽ ചോക്സി, ഛ​ഗൻ ഭുജ്ബാൽ എന്നിവരുൾപ്പെട്ട കേസുകളിലെ പ്രധാന രേഖകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയം. മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലാണ് ഞായറാഴ്ച രാവിലെയോടെ തീപിടുത്തമുണ്ടാവുന്നത്. പത്ത് മണിക്കൂറുകൾക്ക് ശേഷമാണ് തീ പൂർണ്ണമായി അണയ്ക്കാൻ സാധിച്ചത്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. നിരവധി ഉന്നതരുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഇഡിയുടെ മുംബൈ ഓഫീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് സംഭവം.

മെഹുൽ ചോക്‌സി, നിരവ് മോദി, ഛഗൻ ഭുജ്ബാൽ, അനിൽ ദേശ്മുഖ് എന്നിവരുടെ കേസുകൾ ഉൾപ്പെടെ നിരവധി ഉന്നത കേസുകളുടെ അന്വേഷണ രേഖകൾ നശിച്ചിട്ടുണ്ടാവാം എന്നാണ് വിലയിരുത്തൽ. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഫയര്‍ഫോഴ്‌സ് വിഗദ്ധ സംഘം അന്വേഷണം നടത്തിവരികയാണെന്ന് മുംബൈ അഗ്‌നിരക്ഷാസേനാ മേധാവി അറിയിച്ചു. മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഇഡിയുടെ മുംബൈ ഓഫീസ് നിലവിൽ അന്വേഷിച്ചു വരികയാണ്. കേസുകളുടെ അന്വേഷണത്തെയും ഇത് കാര്യമായി ബാധിച്ചേക്കാമെന്ന ആശങ്കളുമുണ്ട്. തീപിടുത്തത്തിന്റെ കത്തി നശിച്ച രേഖകൾ ഏതൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. കേസുകളുടെ പ്രധാനപ്പെട്ട രേഖകളെല്ലാം ഓഫീസിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെങ്കിലും എല്ലാം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നതിനാൽ വീണ്ടെടുക്കാൻ സാധിച്ചേക്കാം. രേഖകൾ വീണ്ടെടുക്കാനുണ്ടാവുന്ന കാലതാമസം കേസുകളുടെ മൊഴിയെടുക്കലുമായി ബന്ധപ്പെട്ട് സാക്ഷികളുടെ ചോദ്യം ചെയ്യലിനെ കാര്യമായി ബാധിച്ചേക്കാം.

പുലർച്ചെ 2.31 ഓടെയാണ് കെട്ടിടത്തിലെ നാലാം നിലയിലെ ഓഫീസിൽ തീപിടുത്തമുണ്ടായതെന്നാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) ദുരന്ത നിവാരണ സെൽ പറയുന്നത് ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.ചെറിയതോതിലുണ്ടായ തീപിടുത്തം പിന്നീട് വ്യാപകമായി പടരുകയായിരുന്നു. കടുത്തപുക ഉയർന്നത് തീയണയ്ക്കാനുള്ള ശ്രമങ്ങളെ ദുസ്സഹമാക്കി. നല്ലൊരുശതമാനം വസ്തുവകകളും നശിച്ചതായി മുംബൈ അഗ്നിരക്ഷാസേനാ ഉദ്യഗസ്ഥർ പറഞ്ഞു. ആറ് നിലകളുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത് . എന്നാൽ തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

പിഎൻബി സാമ്പത്തികത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യമാണ് വ്യവസായിയായ മെഹുൽ ചോക്സിയെ ബെൽജിയത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ശതകോടീശ്വരൻ നീരവ് മോദി, മെഹുൽ ചോക്സി എന്നിങ്ങനെ നിരവധി പേർക്കെതിരെ ബാങ്ക് അധികൃതരാണ് കേസ് നൽകിയത്.

കള്ളപണം വെളുപ്പിക്കൽ കേസിൽ 2021 നവംബറിലാണ് എൻസിപി നേതാവും മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. 2021 ഏപ്രിൽ 5ന് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ഏപ്രിൽ 21ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിങ്ങിന്റെ ആരോപണങ്ങളെ തുടർന്നായിരുന്നു അനിൽ ദേശ്മുഖിനെതിരായ അന്വേഷണം.
content summary: A major fire at the ED office is believed to have damaged records pertaining to Choksi, Nirav Modi, and Bhujbal

Leave a Reply

Your email address will not be published. Required fields are marked *

×