പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി വി ആനന്ദബോസിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്ഭവന്‍ കരാര്‍ ജീവനക്കാരിക്കെതിരേ ലൈംഗികാതിക്രമം കാണിച്ചെന്ന് ആരോപിക്കപ്പെടുന്ന ഗവര്‍ണറുടെ മറ്റൊരു വീഡിയോയും പെന്‍ ഡ്രൈവും തന്റെ കൈവശമുണ്ടെന്നാണ് മമതയുടെ പുതിയ അവകാശവാദം. mamata banerjee-cv ananda bose
മേയ് രണ്ടിനാണ്, ഗവര്‍ണര്‍ തന്നോട് രാജ്ഭവനില്‍ വച്ച് മോശമായി പെരുമാറിയതായി കരാര്‍ ജീവനക്കാരി പരാതി പറഞ്ഞത്. കഴിഞ്ഞ ദിവസം രാജ്ഭവന്‍ മേയ് രണ്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ജീവനക്കാരിയുടെ ആരോപണത്തില്‍ പറയുന്ന ദിവസത്തില്‍, സ്ഥലത്ത് ഏകദേശം നൂറോളം പേരുണ്ടെന്നായിരുന്നു സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടതിലൂടെ രാജ്ഭവന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇതിനു പകരമായാണ് വേറെ തെളിവുകളുണ്ടെന്ന വാദമുയര്‍ത്തി മുഖ്യമന്ത്രി രംഗത്തു വന്നത്.
ഹൂബ്ലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടയിലായിരുന്നു മമത ഗവര്‍ണര്‍ക്കെതിരേ വീണ്ടും ആഞ്ഞടിച്ചത്. ‘ ബഹുമാനപ്പെട്ട ഗവര്‍ണര്‍ പറഞ്ഞത്, ഇവിടെ ദീദിഗിരി നടക്കില്ലെന്നാണ്. അതു ശരിയാണ്, ഇവിടെ ദീദിഗിരിയും ദാദാഗിരിയും നടക്കില്ല, പക്ഷേ ഗവര്‍ണര്‍ ആദ്യം രാജിവയ്ക്കണം. സ്ത്രീകളെ ഉപദ്രവിക്കാന്‍ ഇയാള്‍ ആരാണ്? അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ വിളിച്ച് എഡിറ്റ് ചെയ്ത വീഡിയോ കാണിച്ചിരുന്നു. എന്തുകൊണ്ടാണ് മുഴുവന്‍ വീഡിയോയും കാണിക്കാതിരുന്നത്? ആ വീഡിയോ ശരിക്കും കാണണം എന്നാണ് മാധ്യമപ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളത്.’ മമത പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍.
ഗവര്‍ണര്‍ക്കെതിരേ കേസ് എടുക്കാന്‍ വകുപ്പുണ്ടോ?
മമത തുടരുന്നു; ‘ എനിക്ക് മറ്റൊരു വീഡിയോ കിട്ടി, ഒരു പെന്‍ഡ്രൈവും, നാണംകെട്ട പ്രവര്‍ത്തികളാണ്, ഒന്നിനു പുറകെ ഒന്നായി നാണംകെട്ട പ്രവര്‍ത്തികള്‍. അദ്ദേഹം എന്നെ രാജ്ഭവനിലേക്ക് വിളിച്ചാല്‍ ഞാന്‍ പോകില്ല. വല്ല തെരുവിലും വച്ച് കൂടിക്കാണണം എന്നു പറഞ്ഞാല്‍ ഞാന്‍ പോകാം, ഓരോ കാര്യങ്ങളും കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്തിരിക്കുന്നതുപോലും പാപമാണെന്ന് തിരിച്ചറിയുകയാണ്’
തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഗവര്‍ണര്‍ ആദ്യം മുതല്‍ വാദിക്കുന്നത്. ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും അഴിമതികള്‍ക്കും എതിരെയുള്ള തന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ഗൂഡാലോചനയാണ് നടക്കുന്നതെന്നും ആനന്ദബോസ് ആരോപിച്ചിരുന്നു.’ എനിക്ക് മമത ബാനര്‍ജിയുടെ രാഷ്ട്രീയത്തോട് യോജിക്കാന്‍ കഴിയില്ല, അവരിപ്പോള്‍ എന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ എനിക്ക് നിര്‍ബന്ധപൂര്‍വം പറയേണ്ടേി വരുന്നൊരു കാര്യം, മമത കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നാണ്. അവരെ രക്ഷിക്കണമെന്നു ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്, പക്ഷേ, അവരെ രക്ഷിക്കുക ദൈവത്തിനു പോലും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുകയാണ്. ഗവര്‍ണറുടെ ഓഫിസിന് നേര്‍ക്കുള്ള അവരുടെ ദീദീഗിരി ഒരിക്കലും അംഗീകരിച്ചുകൊടുക്കാനാകില്ല’- ആനന്ദബോസ് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ്.
എന്താണ് സന്ദേശ്ഖാലിയില്‍ നടക്കുന്നത്?
‘രാത്രിയില്‍ മാത്രം വിളിക്കുന്ന യോഗങ്ങള്‍, സാരി പിടിച്ചു വലിക്കലും, ദേഹത്ത് തൊടലും’
സന്ദേശ്ഖാലിയില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലൈംഗികാതിക്രമങ്ങള്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു. ബിജെപി നുണ പ്രചരിപ്പിക്കുകയാണ്. ബിജെപിയുടെ സന്ദേശ്ഖാലി ഗൂഡാലോചന ജനങ്ങള്‍ കണ്ടതാണ്. മോദിയാണ് പ്രകോപനം ഉണ്ടാക്കിയത്. ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ മാനം പണത്തെക്കാള്‍ വലുതാണ്. ഏറ്റവും നികൃഷ്ടമായ കുറ്റങ്ങളാണ് അവര്‍ ചെയ്തത്’ മമത ആരോപിക്കുന്നു. വ്യാജ പീഡന പരാതികളിലാണ് സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് ഇടീപ്പിച്ചത്. എന്തൊക്കെയാണ് പരാതിയെന്നു പറഞ്ഞ് എഴുതിയിരിക്കുന്നതെന്നു പോലും പരാതിക്കാരായ സ്ത്രീകള്‍ക്ക് അറിയില്ല. പണം കൊടുത്താണ് അവര്‍ പലരെയും ചതിച്ചത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണിതൊക്കെ. വഞ്ചിക്കപ്പെട്ട സ്ത്രീകള്‍ ഇപ്പോള്‍ സത്യം തുറന്നു പറയാന്‍ തയ്യാറായി മുന്നോട്ടു വരുന്നുണ്ട്’ മതത ആരോപിക്കുന്നു.
Content Summary; Mamata banerjee allegation against bengal governor cv ananda bose over raj bhavan molestation charges