ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ പഞ്ചാബ് കിംഗ്സും ഡല്‍ഹി കാപിറ്റല്‍സുമായി നടന്ന ഐ.പി.എല്‍ ക്രിക്കറ്റ് മത്സരം നിര്‍ത്തിവച്ചതിന് ശേഷം കഴിഞ്ഞ രാത്രിയില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രളയം തന്നെ സൃഷ്ടിക്കപ്പെട്ടു. യുദ്ധഭീതിയില്‍ രാജ്യം കഴിയുമ്പോഴാണ് അതിനെ ഇരട്ടിപ്പിച്ചുകൊണ്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കപ്പെടുന്നത്. ഇന്ത്യയിലെ മുഴുവന്‍ വിമാനത്താവളങ്ങളും അടച്ചുവെന്ന വാര്‍ത്ത യാത്രക്കാരെ പരിഭ്രാന്തരാക്കി. എന്നാല്‍ അതിര്‍ത്തി മേഖലയിലുള്ള വിമാനത്താവളങ്ങള്‍ അടക്കാനായി നേരത്തേ തന്നെ തീരുമാനിച്ചിരുന്നതാണ്.
ക്രിക്കറ്റ് മത്സരം നിര്‍ത്തിവച്ചത് രാജസ്ഥാന്‍, ജമ്മുകശ്മീര്‍, പഞ്ചാബ്, ഗുജറാത്ത്, ഹിമാചല്‍ തുടങ്ങിയ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് പ്രദേശങ്ങളിലെ ജാഗ്രതയുടെ ഭാഗമായിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലെ റാവല്‍ പിണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്ന് അവര്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റി വച്ചിരുന്നു. അടുത്ത മത്സരങ്ങള്‍ ധര്‍മ്മശാലയില്‍ നിന്ന് മാറ്റാന്‍ ഇന്നലെ വൈകീട്ട് തന്നെ തീരുമാനിച്ചതാണ്.
ഇതിന് ശേഷമാണ് വ്യാജവാര്‍ത്തകള്‍ ഒഴുകിയത്. കറാച്ചി നഗരം നാവിക സേന ആക്രമിച്ചുവെന്ന് മലയാള മാധ്യമങ്ങളടക്കം ഇടതടവില്ലാതെ ആക്രോശിച്ചു. കൊച്ചി നാവികാസ്ഥാനത്ത് നിന്നുള്ള ഐ.എന്‍.എസ് വിക്രാന്താണ് ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്നപേരില്‍ ഈ ആക്രമണവുമായി കേരളത്തെ ബന്ധപ്പെടുത്തി വരെ മലയാള ചാനലുകള്‍ ചര്‍ച്ച ചെയ്തു. ഇതിനോടനുബന്ധിച്ച് മലയാള മാധ്യമങ്ങളില്‍ വന്ന വീഡിയോ അമേരിക്കയിലെ ഫിലാഡെല്‍ഫിയായില്‍ കുറച്ച് കാലങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു വിമാന അപകടത്തിന്റേതാണ് എന്ന് ആള്‍ട്ട് ന്യൂസിന്റെ സുബൈര്‍ കണ്ടെത്തിയിരുന്നു. ട്വിറ്ററിലുടനീളം വിവിധ ഹാന്‍ഡിലുകള്‍ ഈ വ്യാജ വാര്‍ത്ത പരത്തി. 1971 ലെ ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്താണ് ഇന്ത്യ അവസാനമായി കറാച്ചി ആക്രമിച്ചത്. 1999-ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പോലും കറാച്ചി ആക്രമിക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ല.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഈ വ്യാജവാര്‍ത്ത പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നില്ല എന്നതാണ് ഏറ്റവും ഖേദകരം. പാകിസ്താനി പൈലറ്റ് ഇന്ത്യയുടെ കസ്റ്റഡിയില്‍ എന്ന വാര്‍ത്ത ട്വീറ്റ് ചെയ്തത് പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്താണ്. പത്താന്‍ കോട്ട്, ജമ്മു, ശ്രീനഗര്‍, ആര്‍.എസ് പുര, ജയ്സാല്‍മീര്‍, ജാംപൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് നേരെ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഇന്ത്യ തടഞ്ഞതിന് പിന്നാലെയാണ് പാകിസ്താനി പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയില്‍ എടുത്തത് എന്നതായിരുന്നു ബര്‍ഖ ദത്ത് എഴുതിയത്. കൂടാതെ തന്റെ യൂട്യൂബ് ചാനലില്‍ ഇത് സംബന്ധിച്ച വാര്‍ത്തയും ബര്‍ഖ ദത്ത് നല്‍കി. ജയ്സാല്‍മീറില്‍ നിന്നാണ് ഈ പൈലറ്റിനെ കസ്റ്റഡിയില്‍ എടുത്തത് എന്നും ബര്‍ഖദത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ് എന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രായലത്തിന്റെ ഫാക്ട് ചെക്കര്‍ വ്യക്തമാക്കി.
ഇന്ത്യയിലും പാകിസ്താനിലും മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതിന് പുറമേയാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നുണകള്‍ പ്രചരിക്കപ്പെടുന്നത്. പാകിസ്താന്റെ പല വ്യാജവാദങ്ങളും ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ മുതല്‍ വാര്‍ത്ത വിനിമയ മന്ത്രാലയം വരെ പൊളിച്ചിരുന്നു. Media fueling panic with false reports on the India-Pakistan conflict
Content Summary; Media fueling panic with false reports on the India-Pakistan conflict
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.