പൊതു പ്രവര്‍ത്തകന്‍, ജനപ്രതിനിധി, സംസ്ഥാന മന്ത്രി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഉജ്ജലനായ വ്യക്തിത്വമായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായര്‍ വിട പറഞ്ഞിട്ട് നവംബര്‍ 27ന് 40 വര്‍ഷം തികയുന്നു.
എം. എന്‍ ഗോവിന്ദന്‍ നായരെ നിര്‍വചിക്കാനോ, തൂലിക ചിത്രമെഴുതാനോ എളുപ്പമല്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അത് എഴുതിയത് പവനനാണ്. ”ഒരു പത്ത് നിമിഷം എം എന്‍ ഒരാളോട് സംസാരിച്ചാല്‍ അയാള്‍ കമ്യൂണിസ്റ്റായി മാറുന്നത് കാണാം. അതായിരുന്നു മനുഷ്യന്റെ മനസില്‍ കയറിക്കൂടാനുള്ള അദ്ദേഹത്തിന്റെ കഴിവ്” പവനന്‍ എഴുതി.’
മുളയ്ക്കല്‍ നാരായണന്‍ ഗോവിന്ദന്‍ നായരെന്ന എം.എന്‍ വലിയ തത്വശാസ്ത്രങ്ങള്‍ പറയാറില്ല. ദാസ്‌ക്യാപിറ്റലിനെ കുറിച്ചോ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ കുറിച്ചോ ചര്‍ച്ച ചെയ്യാറില്ല. പക്ഷേ, ഒരാളെ കയ്യില്‍ കിട്ടിയാല്‍ അയാള്‍ രണ്ട് മൂന്ന് നാള്‍ക്കകം കമ്യൂണിസ്റ്റ്കാരനാവും. കേരളമൊട്ടുക്ക് അങ്ങനെ ധാരാളം പാര്‍ട്ടി കേഡര്‍മാരെ എം.എന്‍. സൃഷ്ടിച്ചിട്ടുണ്ട്.
എന്ത് പ്രശ്‌നവും, എന്ത് സംഭവിച്ചാലും എം എന്‍ പറയും, ‘നമുക്കതൊക്കെ ശരിപ്പെടുത്താടോ’.
നവയുഗം വാരിക നടത്താന്‍ ബുദ്ധിമുട്ടാണ് എന്ന പരാതിയുമായി വന്ന പാര്‍ട്ടിക്കാരോട് എംഎന്‍ പറഞ്ഞു, ”ശരിയാണ് വാരിക നടത്താന്‍ ബുദ്ധിമുട്ടാണ്. നമുക്ക് ഒരു പത്രം തുടങ്ങിക്കളയാം”. തുടങ്ങി, ‘ജനയുഗം’.
പത്രമായുള്ള എം. എന്‍-ന്റെ ബന്ധം ആരംഭിക്കുന്നത് പുന്നപ്ര വയലാര്‍ സമര പൊട്ടിപ്പുറപ്പെട്ടപ്പോളാണ്. സമരരംഗത്തെ തല്‍സമയ വാര്‍ത്തകള്‍ വന്നിരുന്നത് തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന കെ.കെ. ചെല്ലപ്പന്‍ പിള്ളയുടെ ‘യുവകേരളം’ പത്രത്തിലായിരുന്നു. അതിന്റെ പ്രത്യേക ലേഖകന്‍ എം.എന്‍ ആയിരുന്നു. സര്‍ സി.പിയുടെ പ്രതിമ അടിച്ചുടച്ച വാര്‍ത്ത ചൂടോടെ പ്രസിദ്ധീകരിച്ച ഈ പത്രം അന്ന് തന്നെ സി.പി. നിരോധിച്ചു. അക്കാലത്താണ് ജനയുഗം തുടങ്ങുന്നത്. എന്‍. ഗോപിനാഥന്‍ നായരുടെ പേരിലായിരുന്നു ലൈസന്‍സ്. കൊല്ലത്ത് എസ്.എന്‍ കോളേജിന് അടുത്തായിരുന്നു ഓഫീസ്. ഒ.എന്‍.വി, തിരുനെല്ലൂര്‍, പുതുശ്ശേരി തുടങ്ങിയ പല പ്രശസ്തരും എഴുതി തുടങ്ങിയത് ജനയുഗത്തിലൂടെയാണ്. 1951 ല്‍ ജനയുഗം വാരിക മുന്നോട്ട് പോകാന്‍ കഴിയാതെ വന്നു. സാമ്പത്തികം തന്നെ കാരണം. വാരിക നിര്‍ത്താന്‍ തീരുമാനിച്ചു. എം.എന്‍ രാമചന്ദ്രന്‍ നായര്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എല്ലാവരും ഉണ്ട്. വിവരം തിരു-കൊച്ചി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണം. എന്‍. ഗോപിനാഥന്‍ നായര്‍ എവിടെ നിന്നോ പത്ത് രൂപ കടം വാങ്ങി. തിരുവനന്തപുരത്ത് പോയി നേതാക്കളെ കണ്ടു. അച്യുതമേനോന്‍ പാര്‍ട്ടി സെകട്ടറി. എമ്മെന്നും സുഗതന്‍ സാറുമൊക്കെയുണ്ട്. തീരുമാനം അറിയിച്ചു. എം.എന്‍ ഉടനെ പറഞ്ഞു. ‘വാരിക നിറുത്തുക എന്നിട്ട് പത്രം തുടങ്ങുക. രണ്ടായിരം രൂപ പാര്‍ട്ടി തരും. ബാക്കി നിങ്ങള്‍ ഉണ്ടാക്കുക.’
പന്തളം പി. ആര്‍ എറണാകുളത്തു നിന്ന് നവലോകം എന്നൊരു പത്രം തുടങ്ങിയത് കുറച്ചു കാലത്തിന് ശേഷം നിന്നു പോയി ആ പ്രസ് കൊല്ലത്തേക്ക് കൊണ്ടുവരാന്‍ ആലോചിച്ചു. 5000 രൂപ ബാദ്ധ്യത തീര്‍ത്താലെ പ്രസ്സ് കിട്ടു. പിന്നെ പത്രം തുടങ്ങാന്‍ 5000 രൂപ വേറെയും. പതിനായിരം രൂപ വേണം. എം.എന്‍ ചിന്തയിലായി.
1953 ഡിസംബര്‍. മധുരയില്‍ മൂന്നാം കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നു. എം.എന്‍ അവിടെ വെച്ച് പ്രശസ്ത പത്രപ്രവര്‍ത്തകനായ എടത്തട്ട നാരായണനെ കാണുന്നു. എടത്തട്ട അന്ന് ശങ്കേഴ്‌സ് വീക്കിലിയിലെ എഡിറ്ററാണ്. അരുണാ അസഫലിയോടൊത്ത് എടത്തട്ട ഡല്‍ഹിയില്‍ തൊഴിലാളികള്‍ക്ക് പാര്‍ട്ടി ക്ലാസുകള്‍ സംഘടിപ്പിക്കുന്ന സമയം. എം.എന്റെ വിഷമം ചോദിച്ചറിഞ്ഞ എടത്തട്ട പണം കടം തന്ന് സഹായിക്കാന്‍ തയ്യാറായി. ഇ.എം.എസ് അനുകൂലിച്ചാല്‍ പണം റെഡിയാക്കാന്‍ അരുണാ അസ്ഥലിക്ക് കഴിയുമെന്ന് എടത്തട്ട എമ്മനോട് പറഞ്ഞു. എമ്മെന്‍ ഇ.എം.എസിനോട് സംസാരിച്ചു തീരുമാനമാക്കി. ഉടനെ കാര്യങ്ങള്‍ ശരിയായി. അരുണാ അസഫലി വഴി പതിനായിരം രൂപ ലഭിച്ചു. അങ്ങനെ കടം വീട്ടുകയും പ്രസ് കൊണ്ടു വന്ന് ജനയുഗം ദിനപത്രം ആരംഭിക്കുകയും ചെയ്തു.
ജനയുഗം പത്രം മടക്കാന്‍ പല പ്രശസ്തരും, മഹാകവികളും ഡോക്ടേറ്റ് ഉള്ളവര്‍ വരെ ജനയുഗത്തിലെത്തുമായിരുന്നു. ഈ ജോലിക്ക് പ്രതിഫലം കട്ടന്‍ കാപ്പിയായിരുന്നു. അന്ന് പലപ്പോഴും പത്രം മടക്കാന്‍ വന്ന ഒരു ചെറുപ്പക്കാരന്‍ പിന്നീട് പ്രശസ്തനായ സംഗീത സംവിധായകനായി. പേര് ജി. ദേവരാജന്‍. പത്രം മടക്കിക്കഴിഞ്ഞാണ് അദ്ദേഹം തന്റെ സംവിധാനം തുടങ്ങിയത്. അന്ന് ദേവരാജന് പരവൂര്‍ക്ക് പോകാനുള്ള വണ്ടിക്കൂലി പോലും ജനയുഗത്തിന് കൊടുക്കാനുണ്ടായിരുന്നില്ല.
ഐക്യകേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരത്തില്‍ വന്ന കാലം. 1957ല്‍ രണ്ട് എംഎല്‍എ മാരെ കാശ് കൊടുത്ത് കാല് മാറ്റി ഇ.എം.എസ്. മന്ത്രിസഭയെ താഴെയിടാന്‍ ഒരു ശ്രമം നടന്നു. 127 സീറ്റില്‍ 65 സീറ്റുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളം ഭരിക്കുന്നു. ഭരണം അട്ടിമറിക്കാന്‍ ചില എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ചിലര്‍ ശ്രമിക്കുണ്ടെന്ന് ദേശാഭിമാനി ലേഖകനായ പവനന്‍ എം.എല്‍.എ മാരുടെ പേര് സഹിതം പാര്‍ട്ടി പത്രത്തില്‍ കൊടുത്തു. പേര് പറയപ്പെട്ട എം.എല്‍.എമാര്‍ തങ്ങള്‍ക്ക് നേരിട്ട അവഹേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പരാതി നല്‍കി. പാര്‍ട്ടി സെക്രട്ടറി എം.എന്‍ പവനനെ വിളിച്ച് വിശദീകരണമാവശ്യപ്പെട്ടു. പവനന്റെ വാദങ്ങള്‍ ശരിയാണന്ന് കണ്ട എം.എന്നും പാര്‍ട്ടി നേതൃത്വവും അത് അംഗീകരിച്ചു. പവനന്‍ ചോദിച്ചു. അവര്‍ നമ്മുടെ എം.എല്‍.എ മാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയില്ലെന്ന് എന്താണുറുപ്പ്?’
രാഷ്ട്രീയമായ വിശകലനത്തിന് ശേഷം എം എന്‍ പവനനോട് പറഞ്ഞു, ”എടോ ഞാന്‍ അഞ്ചെട്ട് കൊല്ലങ്ങള്‍ക്ക് മുന്‍പേ മരിക്കേണ്ടവനാണ്. പക്ഷേ, പല കാരണങ്ങളാലും മരിച്ചില്ല. എന്റെ നീട്ടിക്കെട്ടിയ ജീവിതം ഒരു നല്ല കാര്യത്തിന് വേണ്ടി അവസാനിപ്പിക്കുന്നതിന് എനിക്കൊട്ടും വിഷമമില്ല. ‘തന്തയില്ലാത്തരം ആര് കാണിച്ചാലും ഞാന്‍ പൊറുക്കില്ല. നാടിനും പാര്‍ട്ടിക്കും വേണ്ടി ഞാന്‍ എന്തും ചെയ്യും. നമ്മുടെ എംഎല്‍എമാര്‍ ഗവണ്‍മെന്റിനേയും പാര്‍ട്ടിയെയും ഒറ്റുകൊടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങിനെ ചെയ്താല്‍ അവരോട് രാഷ്ട്രീയ ഭാഷയില്ലല്ല സംസാരിക്കുക എന്താണ് വേണ്ടെന്ന് എനിക്കറിയാം’.
മരണം വളരെ അടുത്തെത്തിയ നിമിഷങ്ങള്‍ എമ്മെന്റെ ജീവിതത്തിലുണ്ടായിരുന്നു. പാര്‍ട്ടി നിരോധിച്ച കാലത്ത് കൊല്ലത്ത് അഡ്വക്കേറ്റ് ജനാര്‍ദനക്കുറുപ്പിന്റെ വീട്ടില്‍ ഒളിവ് ജീവിതം നയിക്കുമ്പോള്‍ രാത്രി ഇരുളില്‍ വീടിന് പുറത്ത് വഴിയില്‍ വെളിക്കു പോകാന്‍ പുറത്ത് ഇറങ്ങിയ എമ്മെനെ നേരിട്ട് സ്വീകരിച്ചത് പത്തിവിരിച്ച് നിന്ന ഒരു സര്‍പ്പമായിരുന്നു. സര്‍പ്പദംശനമേറ്റുള്ള മരണങ്ങള്‍ ധാരാളമായിരുന്ന കാലം. എം.എന്‍. വിഷമിച്ച് നിന്ന ആ നിമിഷത്തില്‍ കൂടെയുണ്ടായിരുന്ന ആള്‍ പരിഭ്രമിക്കാതെ സര്‍പ്പത്തിന്റെ കണ്ണിലേക്ക് തന്നെ ടോര്‍ച്ചടിച്ചു പിടിച്ചു. പാമ്പിന്റെ വിഷപ്പല്ലിനു മുന്‍പിലേക്ക് കൈ നീട്ടികൊണ്ടുള്ള അപകടരമായൊരു നിലയായിരുന്നു അത്. ടോര്‍ച്ചിന്റെ തീഷ്ണ പ്രകാശത്തില്‍ അന്ധാളിച്ച് പത്തി മടക്കി പാമ്പ് ഇഴഞ്ഞുനീങ്ങിയപ്പോള്‍ എം.എന്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. മരണം ഒഴിഞ്ഞു പോയ ഒരു നിമിഷം. സഖാവ് കൃഷ്ണപിള്ളയുടെ മരണം എം.എന്‍ അപ്പോള്‍ ഓര്‍ത്തു കാണും.
പാര്‍ട്ടി സെക്രട്ടറി, രണ്ട് തവണ മന്ത്രി, പാര്‍ലമെന്റ് അംഗം. കേരളം കണ്ട ഏറ്റവും വലിയ പദ്ധതിയായ ‘ലക്ഷം വീട്’ എന്ന ആശയം, വീടും കുടിയുമില്ലാത്ത സാധാരണക്കാരന് തല ചായ്ക്കാന്‍ ഒരിടം എന്നത് യാഥാര്‍ത്ഥ്യമാക്കിയത് എംഎന്‍ ഗോവിന്ദന്‍ നായര്‍ എന്ന ഭരണകര്‍ത്താവ് നടത്തിയ പടയോട്ടം മൂലമാണ്. ഓരോ പഞ്ചായത്തിലും നൂറ് വീടുകള്‍. തികച്ചും അസാധ്യമെന്ന് കരുതിയത് നടന്നത് ആ ഇച്ഛാശക്തി കൊണ്ട് മാത്രം. ജനങ്ങളുടെ പങ്കാളിത്തത്തോടെ, കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇത്ര വലിയ സാമൂഹിക സുരക്ഷിത പരിപാടി കേരളത്തില്‍ ആദ്യമായാണ് നടന്നത്.
ലക്ഷം വീട് പദ്ധതി പാര്‍ട്ടിയുടെ ആശയമായിരുന്നില്ല. എം എന്റെ ബുദ്ധിയില്‍ നിന്ന് രൂപം കൊണ്ടതായിരുന്നു. ഈ ആശയം നടപ്പിലാക്കുന്നതിന് മുന്‍പ് പല വിദഗ്ദ്ധന്മാരായും എം.എന്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ പ്രായോഗികതയെപ്പറ്റി പലരും സംശയാലുവായിരുന്നു. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാങ്കേതിക തടസവാദങ്ങള്‍ ധാരാളം ഉന്നയിച്ചു നോട്ടെഴുതി. ആ ഫയല്‍ കണ്ട എം.എന്‍ കുറിച്ചു. തടസ്സവാദം കണ്ടു. കല്‍പ്പന നടപ്പിലാക്കുക.
വിഖ്യാതനായ കെ. ബാലകൃഷ്ണന്‍ ഒരിക്കല്‍ മന്ത്രി – ഉദ്യോഗസ്ഥ സംവിധാനത്തെക്കുറിച്ചെഴുതി.” ചില മന്ത്രിമാര്‍ വസ്തുതകള്‍ വിവരിക്കാന്‍ സാധാരണയായി ഉദ്യോഗസ്ഥരെ നിയോഗിക്കും. പക്ഷേ, ഗവണ്‍മെന്റിന്റെ പേരില്‍ ഒരു തീരുമാനമെടുക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം സംസാരിക്കുന്നത് മന്ത്രിമാരായിരിക്കും. നേരത്തെ ഉദ്യോഗസ്ഥന്മാരുമായി ആവശ്യമായ കൂടിയാലോചനകള്‍ നടത്തി, പ്രശ്‌നത്തിന്റെ നാനാവശങ്ങളും പഠിച്ച് ഒരു തീരുമാനത്തിലെത്തിയിട്ടുണ്ടാകും മന്ത്രി. മറ്റ് ചില മന്ത്രിമാരുണ്ട് അവര്‍ വന്നു സ്വീകരണ മുറിയുടെ മതിലില്‍ തറച്ച കലമാന്‍ കൊമ്പ് പോലെ ഇരിപ്പുറയ്ക്കും. സംസാരമെല്ലാം ഉദ്യോഗസ്ഥമാരായിരിക്കും. ഇതില്‍ കെ. ബാലകൃഷ്ണന്‍ പറഞ്ഞ ആദ്യത്തെ മാതൃകയുടെ ഉത്തമ ഉദാഹരണമായിരുന്നു എം.എന്‍. 1967ല്‍ ഇ. എം. എസിന്റെ രണ്ടാമത്തെ മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായി എമ്മെന്‍ കാഴ്ചവെച്ച ഭരണം ഏറെ പ്രശംസ നേടി. എമ്മെന്‍ മന്ത്രിയാകുന്നത് വരെ കേരളത്തില്‍ ഒരു കൃഷിവകുപ്പ് ഉണ്ടായിരുന്നു എന്ന തോന്നലെ ജനങ്ങള്‍ക്കുണ്ടായിരുന്നില്ല എന്ന് വരെ അന്ന് ദിനപത്രങ്ങള്‍ എഴുതി. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കുമായി ഒരു ‘പ്രചരണ സംവിധാനം രൂപീകരിക്കുന്നത് എം. എന്റെ ഭരണകാലത്തിലാണ്. ഉദ്യോഗസ്ഥരുമായി ഇത് എം.എന്‍. നിരന്തരം ചര്‍ച്ച ചെയ്തു. അങ്ങനെയാണ് ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ രൂപീകരിക്കപ്പെട്ടത്.
അരനൂറ്റാണ്ട് മുന്‍പ് ലക്ഷം വീട് പദ്ധതി വെല്ലുവിളിയുയര്‍ത്തിയ, സങ്കീര്‍ണമായ ഒരു പദ്ധതിയായിരുന്നു. കോളനികളായാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള വീടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഓട് മേഞ്ഞതായിരുന്നു വീടുകള്‍. വീടുകളോടൊപ്പം തന്നെ കക്കൂസുകളും നിര്‍മ്മിച്ചിരുന്നു. എം എന്‍ ഭവനനിര്‍മ്മാണ മന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായത് ആര്‍. ഗോപാലകൃഷ്ണന്‍ നായരായിരുന്നു. ആദ്യം ഗോപാലകൃഷ്ണന്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയപ്പോള്‍ എം.എന്‍ സ്വതസിദ്ധമായ ആ ചിരിയോടെ പറഞ്ഞു. ‘എടോ ഒരു ആറു മാസത്തേക്ക് മതി. ഈ ലക്ഷം വീടിന്റെ പബ്ലിക്ക് റിലേഷന്‍സ് ഒന്നു ശരിയാക്കണം. അതിന്റെ പ്രചാരണവും. അത് കഴിഞ്ഞ് താന്‍ പൊയ്‌ക്കോ’. പക്ഷേ, ഗോപാലകൃഷ്ണന്‍ നായര്‍ പോയില്ല. പിന്നീട് എം.എന്‍ തിരുവനന്തപുരത്ത് നിന്ന് പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പിയായപ്പോള്‍ ഗോപാലകൃഷ്ണന്‍ നായര്‍ യാത്ര പറയാന്‍ ചെന്നു. എം.എന്‍ സ്വതസിദ്ധമായ ആ ചിരിയോടെ വീണ്ടും പറഞ്ഞു. ‘എടോ തന്നെ ഞാന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പിരിച്ച് വിട്ടിട്ടില്ല. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്ന വരെ തുടരണം.
എം.എന്‍ എന്ന മനുഷ്യസ്‌നേഹിയുടെ വികാരവിചാരങ്ങള്‍ സാധാരണ മനുഷ്യരുടെ കഷ്ടതകളില്‍ എന്നും ഒപ്പം നിന്ന് സഹായിച്ചിരുന്നു. അത്തരമൊരു സംഭവം ഒരിക്കല്‍ ഗോപാലകൃഷ്ണന്‍ നായര്‍ നേരിട്ടറിഞ്ഞു. ഒരു ദിവസം എം.എന്‍ പറഞ്ഞു’ എടോ കുറച്ചു കഴിഞ്ഞ് ഒരാള്‍ തന്നെ ഫോണില്‍ വിളിച്ച് ഒരു മരുന്നിന്റെ കാര്യം പറയും. അത് സാധിച്ച് കൊടുത്തേക്കണം’ പറഞ്ഞ പോലെ ഒരാള്‍ വിളിച്ചു മരുന്നിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു. കാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്ത ശേഷം ഗോപാലകൃഷ്ണന്‍ നായര്‍ തന്നെ വിളിച്ചയാളിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ ഒരു പോലീസുകാരനായിരുന്നു അത്. മന്ത്രിയെ നേരിട്ട് വിളിച്ച് ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ ഒരു പരിചയമോ അടുപ്പമോ അയാള്‍ക്കില്ല. അയാള്‍ പാര്‍ട്ടിക്കാരനുമല്ല.
ഒരു മന്ത്രിയെ ഫോണില്‍ വിളിച്ച് ഇങ്ങനെ ഒരു ആവശ്യം പറയാന്‍ എങ്ങനെ ധൈര്യപ്പെട്ടു എന്ന് അയാളോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. ‘ഇന്ന് രാവിലെ ആശുപത്രിയില്‍ ചെന്നപ്പോള്‍ എന്റെ മകന്‍ രക്ഷപ്പെടണമെങ്കില്‍ ഈ മരുന്ന് വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നെ സഹായിക്കാനാരുണ്ടെന്ന് ഞാനാലോചിച്ചു. എമ്മെന്‍ സാര്‍ സഹായിക്കുമെന്നെനിക്ക് തോന്നി. മന്ത്രിയാണെന്നൊന്നും ഞാനാലോചിച്ചില്ല. ഞാന്‍ വിളിച്ചു.’ പിന്നീട് കല്‍ക്കട്ടയില്‍ നിന്ന് മരുന്ന് വരുത്തി അടുത്ത ദിവസം തന്നെ അയാളെ ഏല്‍പ്പിച്ചു. ഒരു സല്യൂട്ടിക്കാന്‍ മറന്നുപോയാല്‍ നടപടിയെടുക്കുന്ന മന്ത്രിമാരുള്ള ഈ നാട്ടില്‍ പോലീസായാലും പട്ടാളമായാലും സഹായം ചോദിച്ചാല്‍ നല്‍കുന്ന എമ്മെനെന്ന വ്യത്യസ്തനായ ഒരു മന്ത്രിയുണ്ടായിരുന്നെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.
ഒരിക്കല്‍ മന്ത്രിയായിരിക്കെ എം. എന്റെ വീടിന് ചുറ്റും മുള്ളു വേലിയടിക്കണമെന്ന് നിര്‍ദേശം കുറിച്ച ഒരു ഫയല്‍ മുന്നില്‍ വന്നു. ‘എം. എന്‍ കുറിപ്പെഴുതി ‘I was a prisoner once;do you want to make me once again?. ജീവിതത്തിന്റെ നല്ലൊരു ഭാഗം തടവിലും ഒളിവിലും കഴിഞ്ഞ ഒരാളുടെ നര്‍മമായിരുന്നു അത്. ഡര്‍ബാര്‍ ഹാളില്‍ ഒരു കോണ്‍ഫറന്‍സ് നടക്കുമ്പോള്‍ നിരന്തരം വെറ്റില മുറുക്കിയിരുന്ന എം.എന്‍ കൂടെക്കൂടെ തുപ്പാന്‍ വെളിയില്‍ വരും. ഓരോ തവണയും വാതിലില്‍ പാറാവ് നില്‍ക്കുന്ന പോലീസുകാരന്‍ തോക്കടിച്ച് ആദരവ് കാട്ടും. ഇത് മൂന്നാല് തവണ കഴിഞ്ഞപ്പോള്‍ എം.എന്‍ അയാളോട് പറഞ്ഞു. ‘എത്രയോ കാലം നിങ്ങളെന്നെ തോക്ക് കാണിച്ച് ഭയപ്പെടുത്തിയതാണ്. ഇനി കുറെക്കാലം ഉപദ്രവിക്കാതിരുന്നു കൂടെ?’ പോലീസുകാരന്‍ എല്ലാം മറന്ന് പൊട്ടിച്ചിരിച്ചു പോയി.
വേണ്ടപ്പോള്‍ തല്‍ക്ഷണം പ്രതികരിക്കാനും എം.എന്‍ മടിച്ചില്ല. ഇടുക്കി പദ്ധതിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ മേധാവിയെ കാണാനെത്തിയ എമ്മെനെ കണ്ടപ്പോള്‍ മേധാവി ‘Here comes another man’ എന്ന അസുഖകരമായ മുഖവുരയോടെയാണ് സ്വീകരിച്ചത്. എമ്മന്റെ ഭാവം മാറി ‘I an not somebody . I am representing people of Kerala. I have come for an explanation from you.’ മേധാവി വല്ലാതായി.
സര്‍ദാര്‍ കെ.എം. പണിക്കരുടെ മകള്‍ ദേവകി പണിക്കരെ എം.എന്‍ വിവാഹം കഴിച്ച കഥ കേരളത്തിന്റെ ആദ്യത്തെ ഭക്ഷ്യമന്ത്രിയായിരുന്ന മുതിര്‍ന്ന സിപിഐ നേതാവും എം. എന്റെ അടുത്ത സുഹൃത്തുമായ കെ.സി ജോര്‍ജ് എഴുതിയിട്ടുണ്ട്. ‘എം. എന്റെ വിവാഹത്തിന്റെ പുരോഹിതന്‍ ഞാനായിരുന്നു. ‘എം.എന്‍ ഒളിവില്‍ നിന്ന് പുറത്ത് വന്ന സമയം. വിവാഹാലോചനയെപ്പറ്റി എം.എന്‍ എന്നോട് പറഞ്ഞു. ഒന്നിച്ചിരുന്ന് സംസാരിക്കണം. അതനുസരിച്ച് ഞങ്ങള്‍ മൂന്നു പേരും കൊല്ലത്തെ ഒരു സിനിമാ തിയറ്ററില്‍ മാറ്റിനിക്ക് കേറി. സിനിമ നടന്നുകൊണ്ടിരിക്കെ ഞാന്‍ രണ്ട് പേര്‍ക്കും പറയാനുള്ളത് കേട്ടു. ഞാന്‍ അവരോട് സംസാരിച്ചു. ആ വിവാഹം നടക്കണമെന്ന് ദേവകിക്ക് കൂടുതല്‍ നിര്‍ബന്ധമുണ്ടായിരുന്നു. കൊല്ലം കളക്ടറേറ്റ് മൈതാനത്ത് വെച്ച് വിവാഹം നടന്നു.
ദേവകി പണിക്കര്‍ 50കളില്‍ ചൈന സന്ദര്‍ശിച്ച് ആധുനിക ചൈനയുടെ സംസ്‌കാരത്തെയും രാഷ്ട്രീയത്തേയും കുറിച്ച് മനോഹരമായ ഇംഗ്ലീഷില്‍ പലയിടങ്ങളിലും പ്രസംഗിച്ചത് വളരെ പ്രശസ്തമായിരുന്നു. വിവാഹത്തോടെ അവര്‍ പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വാങ്ങി ഒതുങ്ങി ജീവിച്ചു.
എം. എന്റെ രാഷ്ട്രീയ വിശകലന പാടവം അസാദ്ധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍ ബി.ആര്‍. പി ഭാസ്‌കര്‍ 1957 ലെ ആദ്യത്തെ തിരഞ്ഞെടുപ്പു കാലത്ത് ചെന്നെയില്‍ വെച്ച് കണ്ടു സംസാരിച്ചിരുന്നു. മണ്ഡലങ്ങളെ കുറിച്ച് എം.എന്‍ വിശദമായി പറഞ്ഞു. ഇത് കിട്ടും. ഇത് കിട്ടില്ല.. ഇതിന് സാധ്യതയുണ്ട്.’ തിരഞ്ഞെടുപ്പിന് ശേഷം എമ്മെനെവീണ്ടും കണ്ടപ്പോള്‍ ബി.ആര്‍. പി. പറഞ്ഞു ‘എമ്മെന്റെ വിലയിരുത്തല്‍ കൃത്യമായി. അത് അത്ര വലിയ കാര്യമൊന്നുമല്ല എന്ന മട്ടിലായിരുന്നു പ്രതികരണം.’ ഇന്ന് എതെങ്കിലും പാര്‍ട്ടിയുടെ ഒരു നേതാവിന് കൃത്യതയോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗം വിലയിരുത്താനാകുമെന്ന് ഞാന്‍ കരുതുന്നില്ല’ ബി. ആര്‍.പി. എഴുതി.
ആദ്യത്തെ ഇ എം.എസ് മന്ത്രിസഭയുടെ കാലത്ത് ദേവികുളത്ത് ഒരു ഉപതെരഞ്ഞെടുപ്പ് നടന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി റോസമ്മ പുന്നൂസും കോണ്‍ഗ്രസ്സിന്റെത് ബി.കെ നായരുമായിരുന്നു. പാര്‍ട്ടി സെക്രട്ടറി എം എന്‍ ഉറച്ച ഒരു തീരുമാനമെടുത്തു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പീരുമേട് ദേവികുളം നിയോജന മണ്ഡലത്തില്‍ ഒരു മന്ത്രിയും തിരഞ്ഞെടുപ്പ് കഴിയും വരെ പ്രവേശിക്കരുത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലും ഇടപെടല്‍ പാടില്ല എന്നതായിരുന്നു തീരുമാനത്തിന് പിന്നില്‍. സ്വതന്ത്ര ഇന്ത്യയില്‍ ഒരു തെരഞ്ഞെടുപ്പിലും ആരും എടുക്കാന്‍ ധൈര്യപ്പെടാത്ത തീരുമാനമായിരുന്നു എം. എന്റെത്. അഴിക്കോടന്‍ രാഘവനായിരുന്നു അവിടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 7000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റോസമ്മ അന്ന് ജയിച്ചു.
എം.എന്‍ ദൈവ വിശ്വാസിയായിരുന്നോ? അല്ലയോ? എന്നറിയില്ല പക്ഷേ, കര്‍മ്മഫലത്തില്‍ വിശ്വസിച്ചിരുന്നു. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ എം.എന്‍ നീലലോഹിതദാസ നാടാരോട് തോറ്റ കാര്യം ഒരിക്കല്‍ സംഭാഷണ വിഷയമായപ്പോള്‍ പി. ഗോവിന്ദപിള്ളയോട് എം.എന്‍ പറഞ്ഞു,’ഇയാള്‍ എന്താണ് വിചാരിച്ചത്?ഞാന്‍ എന്താണ് തോറ്റത്? പി.ജി. തമാശയായി പറഞ്ഞു ‘ വോട്ട് കുറഞ്ഞതിനാല്‍’. എമ്മെന്‍ പറഞ്ഞു. അതൊന്നുമല്ലടോ കാരണം. വി.കെ. കൃഷ്ണമേനോന്റെ അവസാന നാളുകളില്‍ എം.എന്‍ പോയി കണ്ടിരുന്നു. കൃഷ്ണ മേനോന്റെ കിടക്കക്കരികില്‍ എം എന്‍ ഇരിക്കുന്നു. വി കെ. കൃഷ്ണ മേനോന്‍ എം.എന്റെ കൈ പിടിച്ചു. അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞിരുന്നു. സാധാരണ അദ്ദേഹം ഇങ്ങനെ ദുര്‍ബലനാകാറില്ല. ഞാന്‍ കാരണം ചോദിച്ചു. അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഇലക്ഷന് നിന്ന് ജയിച്ചിട്ടുണ്ട്, തോറ്റിട്ടുണ്ട്, രാഷ്ട്രീയത്തിലും ജയിച്ചിട്ടുണ്ട്, തോറ്റിട്ടുണ്ട്. സിപിഐ തിരുവനന്തപുരത്ത് എന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, തോറ്റില്ല. എന്ത് ന്യായമാണ് അതിനുള്ളത്. ഞാന്‍ നിങ്ങളുടെ ലൈന്‍ സോവ്യറ്റ് യൂണിയന്റെ സുഹൃത്ത്. നിങ്ങളുടെ ആള്‍ക്കാരുമായി നെഹറുവിനെ ബന്ധപ്പെടുത്തി. അതൊക്കെ നിങ്ങള്‍ക്കറിയാവുന്നതാണ്. എന്നിട്ടും എന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചല്ലോ.’ എം.എന്‍. പറഞ്ഞു; ‘ആ ചെയ്തതിന്റെ ഫലമാണ്’.
പിന്നെ പി.ജിയോട് പറഞ്ഞു. ദൈവത്തില്‍ ഒന്നും വിശ്വസിക്കുന്നെങ്കിലും കര്‍മ്മഫലം എന്നൊന്ന് ഉണ്ടടോ. ആ കര്‍മ്മഫലമാണ് ഞാന്‍ അനുഭവിച്ചത്. അല്ലെങ്കില്‍ ആ കൊച്ചന്റെ (നീലലോഹിത ദാസ് നാടാര്‍ )മുന്‍പില്‍ ഞാന്‍ തോല്‍ക്കുമോ?
ഇടുക്കി പദ്ധതി പൂര്‍ത്തികരിച്ച കാലം. എമ്മെന്‍ ഡാമില്‍ എത്തി. കൂടെ മാധ്യമപ്രവര്‍ത്തകരും ഉണ്ട്. ഡാമില്‍ വെള്ളം കുറവാണ്. തമിഴ്‌നാടിലെ ഏതോ കമ്പനിക്ക് കേരളം വൈദ്യുതി വില്‍ക്കാനുള്ള ചര്‍ച്ച നടക്കുന്ന കാലം.
പത്രക്കാര്‍ എമ്മെനോട് ചോദിച്ചു. ‘കേരളത്തിന് തന്നെ ആവശ്യമായ വൈദ്യുതി കിട്ടാന്‍ വേണ്ട വെള്ളം ഡാമിലില്ലല്ലോ.’
മറുപടിയായി എം.എന്‍ ഒരു തമാശ പറഞ്ഞു, ‘ജീവിതത്തില്‍ ഒരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ. അത് മന്ത്രിയാകാന്‍ സമ്മതിച്ചതാണ്. നമുക്ക് പാര്‍ട്ടി പ്രവര്‍ത്തനം മതിയെന്ന് അമ്മ അന്നേ പറഞ്ഞതാണ്.’
രണ്ട് നാള്‍ കഴിഞ്ഞ് തോരാത്ത പേമാരിയായ് മഴ തുടങ്ങി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒരു പ്രമുഖ പത്രം മുന്‍പേജില്‍ വാര്‍ത്തയെഴുതി. തലക്കെട്ട് ഇതായിരുന്നു. ‘എം.എന്‍. മഴ നിറുത്തണം’.
1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയായി ഇ. എം. എസിനെ കണ്ടെത്തിയത് എം.എന്‍ ആയിരുന്നു. താന്‍ ഉള്‍പ്പെട്ട ചേരിയുടെ വിഭാഗതീയ ചിന്തകള്‍ക്കൊക്കെ അതീതമായിരുന്നു പാര്‍ട്ടി സെക്രട്ടറി എം.എന്റെ ചരിത്രപരമായ ആ തീരുമാനം. എം എന്‍ ആത്മകഥ എഴുതിയത് ആദ്യകാലത്തെ ‘പ്രവര്‍ത്തനങ്ങള്‍ മാത്രമായി ഒതുങ്ങി. 1957 ലെ കാലം മുതല്‍ പാര്‍ട്ടി പിളര്‍പ്പ് പോലുള്ള നിര്‍ണായക കാലത്തെ സംഭവങ്ങള്‍ രണ്ടാം ഭാഗത്തില്‍ വരേണ്ടതായിരുന്നു. അത് എഴുതാനാനായില്ല. അത് പുറത്ത് വന്നിരുന്നെങ്കില്‍ കേരളത്തിന്റെ ഏറ്റവും മികച്ച രാഷ്ട്രീയ ചരിത്രമായേനെ.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഒരിടത്തു അഷ്ടവൈദ്യന്മാരുടെ ചികിത്സാ നൈപുണ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഒരാള്‍ അഷ്ടാംഗഹൃദയം വ്യാഖ്യാനത്തില്‍ കേമന്‍. മറ്റൊരാള്‍ രോഗം എതെന്ന് കണ്ടുപിടിക്കുന്നതില്‍ കേമന്‍, ഇനിയൊരാള്‍ ഔഷധം നിശ്ചയിക്കുന്നതില്‍ വിദഗ്ദ്ധന്‍. കഴിവിന്റെ കാര്യത്തില്‍, അതേ പോലെയായിരുന്നു അക്കാലത്തെ സിപിഐയിലെ നേതാക്കള്‍. പാര്‍ട്ടി തന്ത്രങ്ങളാവിഷ്‌ക്കരിക്കാന്‍ എം എന്‍ ഗോവിന്ദന്‍ നായര്‍, നടപ്പിലാക്കാന്‍ ടി വി തോമസ്, വ്യാഖ്യാനിക്കാന്‍ എന്‍ ഇ ബലറാമോ, സി ഉണ്ണി രാജയോ, ജനങ്ങളിലേക്കിറങ്ങി ചെല്ലാന്‍ പി കെ വി, ഇ ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയ സൗമ്യരായവര്‍. ഇവരെയെല്ലാം കൂട്ടിയിണക്കി കൊണ്ടുപോകുന്ന ക്യാപ്റ്റനായി അച്യുതമേനോന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആദ്യം ഹൃദയം കൊണ്ടറിയാനും ബുദ്ധികൊണ്ട് അവയ്ക്ക് പരിഹാരമുണ്ടാക്കാനും അച്യുതമേനോന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞു. കേരളത്തില്‍ വികസനത്തിന് കുതിപ്പുണ്ടായ കാലമായിരുന്നു അത്. ആ പ്രതിഭാസത്തിന്റെ കുതിപ്പും കിതപ്പും നിയന്ത്രിച്ചത് ഒരേ ഒരാളുടെ കഴിവും പ്രവര്‍ത്തന ശൈലിയുമായിരുന്നു. എം.എന്‍ ഗോവിന്ദന്‍ നായര്‍ എന്ന ഒരേയൊരു നേതാവിന്റെ. M.N Govindan Nair, Indian communist party leader, former kerala minister, 4oth death anniversary
Content Summary; M.N Govindan Nair, Indian communist party leader, former kerala minister, 4oth death anniversary