July 15, 2025 |
Share on

രണ്ട് വർഷത്തെ അ​വ​ഗണന, ഒടുവിൽ മണിപ്പൂരിലേക്ക് മോദിയെത്തുമോ ?

ദുരിതാശ്വാസ ക്യാമ്പുകൾ അടച്ചുപൂട്ടാൻ തീരുമാനം

രണ്ടു വർഷത്തിലേറെ നീണ്ടു നിന്ന വംശീയ സംഘർഷത്തിന് ശേഷം മോദി മണിപ്പൂർ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ആഭ്യന്തര കലാപം ശക്തമായതോടെ നൂറുകണക്കിന് ആളുകൾക്കാണ് മണിപ്പൂരിൽ നിന്ന് കുടിയിറങ്ങേണ്ടി വന്നത്. ഡിസംബറോടെ ദുരിതാശ്വാസ ക്യാമ്പുകൾ അടച്ചു പൂട്ടാനാണ് സർക്കാർ തീരുമാനം. 2023 മെയ് മാസത്തിൽ പൊട്ടിപുറപ്പെട്ട വംശീയ കലാപത്തിൽ വീട് നഷ്ടമായ 60,000ത്തോളം ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയുവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സംസ്ഥാനത്തിലുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന അഭയാർത്ഥികളെ ഈ ഡിസംബറോടെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയതായി സംസ്ഥാന ചീഫ് സെക്രട്ടറി പി കെ സിംഗ് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാരും ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉടൻ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നവരെയാവും ആദ്യം തിരികെയയക്കുക. ജൂലൈ മാസത്തിൽ തന്നെ അതിനുള്ള നടപടികൾ ആരംഭിക്കുമെന്നും സംസ്ഥാനം വ്യക്തമാക്കി. ഇതോടെ കുടിയിറക്കപ്പെട്ടവരുടെ എണ്ണം 62,000ത്തിൽ നിന്ന് 57,000 ആയി കുറഞ്ഞു. രണ്ടാം ഘട്ടം ഒക്ടോബറിൽ പൂർത്തിയാക്കുമെന്നും. ഡിസംബറോടെ മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കാനുമാണ് പദ്ധതി. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂർ, കാങ്പോക്പി പ്രദേശങ്ങളിൽ ഇതിന്റെ രണ്ടാം ഘട്ടം നടത്തുന്നതിനുള്ള വിലയിരുത്തൽ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. വീട് തകർന്നവർക്ക് 3.03 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകാനാണ് തീരുമാനം. വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാത്ത 7000ത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുന്നുണ്ട്. അവർക്ക് ധനസഹായം നൽകുമെന്നും പി കെ സിംഗ് പറയുന്നു. കലാപത്തിൽ തകർന്ന മണിപ്പൂരിൽ നിരവധി വീടുകൾ ഇനിയും ശേഷിക്കുന്നുണ്ട്. ഇവ ഇപ്പോൾ നിയന്ത്രിക്കുന്നത് ബിജെപി സ്ഥാപിച്ച സായുധ സേനയുടെ നിയന്ത്രണത്തിലാണ്. പുനരധിവാസത്തിന്റെ അവസാന ഘട്ടം ഡിസംബറിൽ പൂർത്തിയായാലും 8000 മുതൽ 10,000 വരെ ആളുകൾക്ക് വീടുകളിലേക്ക് വീടുകളിലേക്ക് മടങ്ങാൻ സാധിച്ചേക്കില്ല. കുക്കി വിഭാഗക്കാർ ദാനം ചെയ്ത ഭൂമിയിൽ താമസമാക്കിയ മെയ്തെയ്കൾക്ക് ആവും വീട്ടിലേക്ക് കഴിയില്ലെന്നാണ് ഇതിനർത്ഥം. ഇവരെ പ്രീ ഫാബ്രിക്കേറ്റഡ് വീടുകളിൽ താമസിപ്പിക്കാനാണ് ഗവൺമെന്റ് തീരുമാനം.

2023 ഡിസംബറിൽ പാടെ നശിച്ച മണിപ്പൂരിന്റെ വിശദാംശങ്ങൾ സംസ്ഥാനം വെളിപ്പെടുത്തുന്നത് സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ്. വിഭജനത്തിന്റെ രണ്ട് വർഷം തികയുമ്പോൾ ഇരു വിഭാഗവും നിലവിൽ സമാധാനപരമായാണ് നീങ്ങുന്നത്. മോദി ഈ മാസം മണിപ്പൂർ സന്ദർശിച്ചേക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഘട്ടം ഘട്ടമായുള്ള പുനരധിവാസ പ്രഖ്യാപനവും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെയും ഗവർണർ അജയ് ഭല്ലയുടെയും അധ്യക്ഷതയിൽ നടന്ന രണ്ട് യോഗങ്ങളിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മണിപ്പൂർ കലാപത്തിന്റെ തുടക്കം 2023 മെയ് 3ന് ആയിരുന്നു. മെയ്തെയ് സമുദായത്തെ പട്ടികവർ​ഗ വിഭാ​ഗത്തിൽ ഉൾപ്പെടുത്താൻ മണിപ്പൂർ ഹൈക്കോടതി 2023 ഏപ്രിൽ 14ന് ശുപാർശ ചെയ്ത സംഭവമാണ് കലാപത്തിന് കാരണമായി മാറുന്നത്. ഇതിനെതിരെ മണിപ്പൂരിലെ മലയോര ജില്ലകളിൽ ഓൾ ട്രൈബൽ സ്റ്റുഡൻ്റ് യൂണിയൻ മണിപ്പൂർ (ATSUM) സമാധാന ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. റാലിക്ക് നേരെ അക്രമമുണ്ടാവുകയും തുടർന്ന് മെയ്തെയ്-കുക്കി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമായി അത് മാറുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ വിഷയത്തിൽ ഉടനടി ഇടപെടണമെന്ന് കേന്ദ്രത്തോടും മണിപ്പൂർ സർക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇംഫാൽ താഴ്‌വരയിൽ പുനരധിവാസം അസാധ്യമായതിനാൽ കുക്കി ആധിപത്യമുള്ള ജില്ലകൾക്ക് പ്രത്യേക ഭരണസംവിധാനം എത്രയും വേഗം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ 10 കുക്കി എം.എൽ.എമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകി. തുടർന്ന് അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശത്തിനായി മണിപ്പൂരിൽ എത്തുകയും മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗുമായി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ കലാപം അവസാനിപ്പിക്കാൻ ആ ശ്രമങ്ങൾക്കൊന്നും കഴിഞ്ഞില്ല. കലാപം തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ ദ്വിദിന സന്ദർശനത്തിനായി രാഹുൽ ​ഗാന്ധി ഇംഫാലിൽ എത്തിയിരുന്നു. എന്നാൽ ആ സമയത്തൊന്നും മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. കുക്കി ​ഗോത്രവിഭാ​ഗത്തിലെ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം ന​ഗ്നരായി നടത്തുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ ലോകവ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച ശേഷമാണ് മോദി പ്രതികരിക്കാൻ തയ്യാറായത്. അപ്പോഴേക്കും സംഘർഷം 79 ദിവസം പിന്നിട്ടിരുന്നു.

content summary: Modi Likely to Visit Manipur After Two Years of Unrest, Relief Camps Set to Close by December

Leave a Reply

Your email address will not be published. Required fields are marked *

×