മത്സരപ്പരീക്ഷകളില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്കു 10 വര്‍ഷംവരെ ജയില്‍ശിക്ഷയും ഒരു കോടി രൂപവരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷ (ക്രമക്കേട് തടയുന്നതിനുള്ള) നിയമ വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ പുതിയ നിയമത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ഒരു നിയമം കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്ന മറുചോദ്യവും ഉയരുന്നുണ്ട്. പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന കേന്ദ്രത്തിന്റെ ലക്ഷ്യമാണ് ഇതിലൂടെ നേടാനാവുകയെന്നതാണ് പ്രാഥമിക നിഗമനം. എന്നാല്‍ കാലങ്ങളായി രാജ്യത്തെ പൊതുപരീക്ഷ സംവിധാനത്തില്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമടങ്ങുന്ന വലിയ സമൂഹം നല്‍കിയിട്ടുള്ള വിശ്വാസ്യത പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള പരീക്ഷ തട്ടിപ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. അതിന്റെ ആഘാതം ഒരു പക്ഷെ രാജ്യത്തിന് പുറത്തേക്കും എത്താം. കാരണം കാലങ്ങളായി ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉയര്‍ന്ന റേറ്റിങാണ് ഉണ്ടായിരുന്നത്. അതിനും പുതിയ വിവാദത്തോടെ ഇടിവ് തട്ടിയിട്ടുണ്ട്.
എന്താണ് പുതിയ നിയമം
പൊതുപരീക്ഷ (ക്രമക്കേട് തടയുന്നതിനുള്ള) നിയമം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്സി), സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്സി), റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ബാങ്കിങ് പഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്), നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പരീക്ഷകള്‍ക്ക് ബാധകമാവും.
പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്നു കണ്ടെത്തിയാല്‍ 5 മുതല്‍ 10 വരെ വര്‍ഷം തടവു ലഭിക്കും. ഒരു കോടി രൂപയില്‍ കുറയാത്ത പിഴയുമുണ്ടാകും. ഏതെങ്കിലും സ്ഥാപനമാണു ക്രമക്കേടു നടത്തുന്നതെങ്കില്‍ അവരുടെ സ്വത്തുവകകള്‍ കണ്ടു കെട്ടും. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്നു മുതല്‍ 5 വരെ വര്‍ഷമാണു തടവ്. 10 ലക്ഷം രൂപവരെ പിഴ ലഭിച്ചേക്കാം. കംപ്യൂട്ടറൈസ്ഡ് പരീക്ഷകള്‍ കുറ്റമറ്റതാക്കാന്‍ ഉന്നതതല ദേശീയ സാങ്കേതിക സമിതി ഉണ്ടാക്കാനും നിര്‍ദേശമുണ്ട്.ചോദ്യക്കടലാസ് ചോര്‍ത്തല്‍ അടക്കം 20 കുറ്റങ്ങളാണു നിയമത്തിലുള്ളത്. ആള്‍മാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരിക്കും. മത്സരപ്പരീക്ഷകളിലെ സുരക്ഷാചട്ടങ്ങളുടെ ലംഘനം, സീറ്റിങ് അറേഞ്ച്‌മെന്റിലെ ക്രമക്കേട്, കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ചട്ടങ്ങളുടെ ലംഘനം എന്നിവയും കുറ്റങ്ങളായി നിര്‍വചിക്കുന്നു.
ഡിവൈഎസ്പി/അസി. കമ്മിഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്. ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്.അര്‍ഹരായ വിദ്യാര്‍ഥികളുടെയും ഉദ്യോഗാര്‍ഥികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സുതാര്യത ഉറപ്പാക്കാനുമാണു നിയമം നടപ്പാക്കുന്നതെന്നാണ് നിയമത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
2024ലെ പൊതുപരീക്ഷാ പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് ബില്ലില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോഴാണ് ഉത്തര്‍പ്രദേശിലെ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിലെ ചോദ്യപേപ്പര്‍ ചോര്‍ന്ന വാര്‍ത്ത പുറത്തുവരുന്നത്. പരീക്ഷാക്രമക്കേട് നടത്തുന്നവര്‍ക്ക് കഠിനശിക്ഷകള്‍ ഉറപ്പാക്കുന്നതാണ് പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് നിയമത്തിലെ വ്യവസ്ഥകള്‍. ഗുജറാത്ത്, രാജസ്ഥാന്‍, യു.പി, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പരീക്ഷാ ക്രമക്കേട് തടയുന്നതിന് നിയമമുണ്ട്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ നടക്കുന്നു. ഈ നിയമങ്ങള്‍ പ്രകാരം ഇതുവരെ ശിക്ഷാവിധികളൊന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം പരീക്ഷയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ചവര്‍ക്ക് നിരാശയുമുണ്ടാക്കുന്നതാണ്. നിയമം കൊണ്ട് പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന സൂചനയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കമുള്ളവര്‍ തെരുവിലേക്ക് ഇറങ്ങുന്നതില്‍ നിന്ന് മനസിലാവുന്നത്.
English summary: New Law Against Exam Leak Amid NEET Mess: Jail Term, Fine Upto A Crore