പൗരന്റെ വിയോജിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണ് ഈ സെന്‍സര്‍ഷിപ്പിലൂടെ ചെയ്തിരിക്കുന്നതെന്ന് യെച്ചൂരി
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ ചില പദങ്ങള്‍ സെന്‍സര്‍ ചെയ്ത് ദൂരദര്‍ശനും ഓള്‍ ഇന്ത്യാ റേഡിയോയും. മുസ്ലിം, വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം, ക്രൂരനിയമങ്ങള്‍, ഇലക്ട്രല്‍ ബോണ്ട് എന്നീ പദങ്ങളാണ് ദൂരദര്‍ശനും ഓള്‍ ഇന്ത്യാ റേഡിയോയും പ്രസംഗത്തില്‍നിന്ന് നീക്കം ചെയ്തത്. ഡല്‍ഹിയിലെ ദൂരദര്‍ശന്‍ സ്റ്റുഡിയോയില്‍ നിന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ഈ അനുഭവം ഉണ്ടായത്. പ്രസംഗത്തിന്റെ ഉള്ളടക്കത്തില്‍ ഉണ്ടായിരുന്ന ഭരണ പാപ്പരത്തം എന്നത് പരാജയം എന്നാക്കി തിരുത്തപ്പെട്ടു. കൊല്‍ക്കത്തയിലെ ഓള്‍ ഇന്ത്യാ റേഡിയോ ആണ് ജി ദേവരാജനോട് മുസ്ലിം എന്ന പദം പ്രസംഗത്തില്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടത്.
ഇരുസ്ഥാപനങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് വാക്കുകള്‍ സെന്‍സര്‍ ചെയ്തതെന്നാണ് പ്രസാര്‍ ഭാരതിയിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. പ്രസംഗത്തിനായി എത്തിയ ഭൂരിപക്ഷം നേതാക്കള്‍ക്കും ഇത്തരം അനുഭവങ്ങളുണ്ട്. മുഖ്യമന്ത്രിമാരുടേത് അടക്കം തിരുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദേശരാജ്യങ്ങള്‍ക്കെതിരായ വിമര്‍ശനം, മത-സാമുദായങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍, ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ കോടതിയലക്ഷ്യത്തിന് കാരണമാകുന്നതോ ആയ വീക്ഷണം, രാഷ്ട്രപതിയെയും ജുഡീഷ്യറിയെയും ചോദ്യം ചെയ്യുന്നത്, വ്യക്തിയാധിഷ്ഠിത വിമര്‍ശനം അത്തരത്തില്‍ രാജ്യത്തിന്റെ ഐക്യത്തെ മോശമായി ബാധിക്കുന്നവ പ്രസംഗത്തില്‍ വരാന്‍ പാടില്ലെന്നാണ് മാനദണ്ഡം. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും കോട്ടം വരുത്തുന്ന എന്തും അതില്‍ വരാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദേശീയ പാര്‍ട്ടികളുടെയും സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദൂരദര്‍ശനിലും എഐആറിലും സംസാരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രിലില്‍ തന്നെ സമയം അനുവദിച്ചിരുന്നു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പ്രകാരം രാജ്യത്തെ ആറ് ദേശീയ പാര്‍ട്ടികളും 59 സംസ്ഥാന പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും വ്യവസ്ഥകള്‍ക്കനുസരിച്ച് പൊതുജനത്തെ അഭിസംബോധന ചെയ്യാവുന്നതാണ്. 1968ലെ തെരഞ്ഞെടുപ്പ് ചട്ടത്തിലെ വ്യവസ്ഥകളാണ് ഇതിനായി പാര്‍ട്ടികള്‍ പാലിക്കേണ്ടതും.
വിചിത്രമായ അനുഭവം എന്നാണ് സീതാറാം യെച്ചൂരി വിഷയത്തോട് പ്രതികരിച്ചത്. ഒരേ പ്രസംഗം തന്നെയാണ് ഇംഗ്ലീഷിലും ഹിന്ദിയിലും തയ്യാറാക്കിയത്. എന്നാല്‍ ഹിന്ദി പ്രസംഗത്തില്‍ അവര്‍ തെറ്റ് കണ്ടില്ല. അത് ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോഴാണ് സെന്‍സര്‍ ചെയ്യണമെന്ന ആവശ്യം ഉയരുന്നത്. തുടര്‍ന്ന് അവരുടെ നിര്‍ദേശ പ്രകാരം ഇംഗ്ലീഷ് പതിപ്പ് പരിഷ്‌ക്കരിക്കുകയായിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനും യെച്ചൂരിയോട് ആവശ്യപ്പെട്ടിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിലെ (സിഎഎ) വിവേചനം ചൂണ്ടികാണിക്കുന്ന ഒരു വരിയാണ് തന്റെ പ്രസംഗത്തിലുണ്ടായിരുന്നതെന്ന് ദേവരാജന്‍ പറഞ്ഞു. പൗരത്വത്തിന് അര്‍ഹതയുള്ളവരില്‍ മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ മുസ്ലീങ്ങളില്ല. ഇക്കാര്യം വ്യക്തമായി ജനങ്ങളിലെത്താന്‍ മുസ്ലീം എന്നത് ഉപയോഗിച്ചേ തീരു എന്ന് വാദിച്ചെങ്കിലും അവര്‍ അനുവദിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. ”പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവ മുസ്ലീങ്ങളോടുള്ള വിവേചനമാണ്. അത് മതേതര രാഷ്ട്രമെന്ന പ്രതിഛായക്ക് കോട്ടം തട്ടിക്കുന്നു-എന്നതായിരുന്നു ആ വരി. അതിലെ മുസ്ലിം എന്നത് പ്രത്യേക സമൂഹം എന്ന പ്രയോഗമാക്കി അവര്‍ മാറ്റുകയായിരുന്നുവെന്നും എഐഎഫ്ബി നേതാവ് പറഞ്ഞു. ഏപ്രില്‍ 16ന് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത പ്രസംഗമാണ് ഇത്തരത്തില്‍ തിരുത്തപ്പെട്ടത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ വിയോജിക്കാനുളള പൗരന്റെ അവകാശത്തെ നിഷേധിക്കലാണ് ഈ സെന്‍സര്‍ഷിപ്പിലൂടെ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടികാട്ടി യെച്ചൂരി ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറലിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഒരു പാര്‍ലമെന്ററി ജനാധിപത്യ രാജ്യത്ത് ഭരണകൂടത്തിന്റെ സ്വഭാവത്തെ കുറിച്ച് പറയാനും വിമര്‍ശിക്കാനും അവകാശമുണ്ട്. ഭരണ പാപ്പരത്തം എന്നത് പരാജയം എന്നാക്കി മാറ്റിയതിനെ സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവം അംഗീകരിക്കലായി മാത്രമേ കാണാന്‍ സാധിക്കു. ഇലക്ട്രല്‍ ബോണ്ടുകളെ കുറിച്ചുള്ള പരാമര്‍ശം നീക്കിയത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനായി മാത്രം ചെയ്തതാണെന്നും അദ്ദേഹം കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ദൂരദര്‍ശനും ഓള്‍ ഇന്ത്യാ റേഡിയോയും സര്‍ക്കാര്‍ അനുകൂല സ്ഥാപനങ്ങളായി മാറുന്നതിന്റെ പ്രതിഫലനം കൂടിയാണ് ഈ സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.
2003ല്‍ ഭേദഗതി ചെയ്ത ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 39 (എ) പ്രകാരമാണ് പാര്‍ട്ടി പ്രതിനിധികള്‍ക്ക് ദൂരദര്‍ശനും ഓള്‍ ഇന്ത്യാ റേഡിയോയും വഴി പൊതുസമൂഹത്തെ അഭിസംബോധന ചെയ്യാന്‍ സമയം അനുവദിച്ചത്. ഇത് പ്രകാരം പ്രസംഗം 3-4 ദിവസം മുന്‍പ് തന്നെ സ്ഥാപനങ്ങളിലെത്തണം. സ്ഥാപനങ്ങള്‍ അംഗീകരിച്ച പ്രസംഗം മാത്രമേ പറയാനും സാധിക്കു. ഇത് പ്രകാരമാണ് നേതാക്കളുടെ പ്രസംഗങ്ങളില്‍ തിരുത്ത് വന്നത്.
English Summary; No ‘Muslims’, ‘communal authoritarian regime’: Opp leaders Sitaram Yechury, G Devarajan censored by Doordarshan, AIR