"ദത്താ സാമന്തും ശിവസേനയും ചേര്‍ന്ന് അടിച്ചോടിക്കുകയായിരുന്നു", അടിയന്തരാവസ്ഥയിൽ ബോംബെ ജയിലില്‍ കിടന്ന ഒരു മലയാളി ഇടതു തൊഴിലാളി പ്രവര്‍ത്തകന്റെ അനുഭവങ്ങള്‍

 
"ദത്താ സാമന്തും ശിവസേനയും ചേര്‍ന്ന് അടിച്ചോടിക്കുകയായിരുന്നു", അടിയന്തരാവസ്ഥയിൽ ബോംബെ ജയിലില്‍ കിടന്ന ഒരു മലയാളി ഇടതു തൊഴിലാളി പ്രവര്‍ത്തകന്റെ അനുഭവങ്ങള്‍

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 45 വര്‍ഷം തികയുകയാണ് ഇന്ന്. ജനാധിപത്യത്തേയും മനുഷ്യാവകാശങ്ങളേയും നിയമ വ്യവസ്ഥയേയും അപ്രസക്തമാക്കി, മരവിപ്പിച്ച് നിര്‍ത്തിയ ഇരുണ്ട കാലത്തിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ചരിത്രത്തില്‍ ഇടമില്ലാത്ത, അറിയപ്പെടാത്ത മനുഷ്യര്‍ അനുഭവിച്ച പീഡനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. അമിതാധികാര വാഴ്ചയുടെ ബുള്‍ഡോസറുകള്‍ മനുഷ്യരെ ഞെരിച്ചമര്‍ത്തിയ അക്കാലത്ത് കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവര്‍ നേരിട്ട അടിച്ചമര്‍ത്തലുകള്‍ കുറെയൊക്കെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന കുടിയേറ്റ തൊഴിലാളികളായ മലയാളികള്‍ നേരിട്ട അതിക്രമങ്ങളും അവരുടെ പൊതുപ്രവർത്തനവും കാര്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

ബോംബെയിലെ വിവിധ മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ ഇടതുപക്ഷ യൂണിയനുകള്‍ നിര്‍ണായക ശക്തിയായിരുന്നു 80കള്‍ വരെ. ടെക്‌സ്റ്റൈല്‍ മേഖലയിലും മറ്റ് വ്യവസായ തൊഴിലാളികള്‍ക്കിടയിലും ഹോട്ടല്‍ തൊളിലാളികള്‍ക്കിടയിലും ഇന്ത്യന്‍ നേവല്‍ ഡോക്ക് യാര്‍ഡിലെ ഡിഫന്‍സ് എംപ്ലോയീസ് യൂണിയനിലും (ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ) പോര്‍ട്ട് ട്രസ്റ്റ് തൊഴിലാളികള്‍ക്കിടയിലും ശക്തമായ സാന്നിധ്യമാണ് ഇടത് തൊഴിലാളി യൂണിയനുകള്‍ക്കുണ്ടായിരുന്നത്. അടിയന്തരാവസ്ഥയില്‍ ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും ജയിലില്‍ കഴിഞ്ഞ ഒരു സാധാരണ തൊഴിലാളിയാണ് തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ കെ പ്രഭാകരന്‍. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ശേഷം ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്റ്റേഷന് സമീപം അടിയന്തരാവസ്ഥക്കെതിരായ ലഘുലേഖകള്‍ വിതരണം ചെയ്യവേയാണ് സിപിഎം പ്രവര്‍ത്തകനായ പ്രഭാകരന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ലഘുലേഖകള്‍ പെറുക്കിയെടുത്ത് സൂക്ഷിക്കുന്നതിനിടെ പ്രഭാകരനെ പൊലീസ് പിടികൂടി. ബോംബെ ആര്‍തര്‍ റോഡ് ജയിലിലും സതാറയിലെ ബോര്‍ ജയിലിലും പൂനെ യാര്‍വാദ സെന്‍ട്രല്‍ ജയിലിലുമായി ആറ് മാസം തടവിൽ കഴിയേണ്ടി വന്നു. അടിയന്തരാവസ്ഥക്കാലത്തെ യൂണിയന്‍ പ്രവര്‍ത്തനങ്ങളും അറസ്റ്റും ജയില്‍ജീവിതവും സംബന്ധിച്ച അനുഭവങ്ങള്‍ പ്രഭാകരന്‍ അഴിമുഖവുമായി പങ്കുവച്ചു.

1963ലാണ് ഞാന്‍ ബോംബെയിലെത്തിയത്. രണ്ട്-മൂന്ന് വര്‍ഷം ഹോസ്പിറ്റല്‍ കാന്റീനില്‍ ജോലി ചെയ്തു. അതുകഴിഞ്ഞ് ചര്‍ച്ച്‌ഗേറ്റിലെ ഹോട്ടലില്‍ ജോലി ചെയ്തു. 1966ല്‍ ഇവിടെ ജോലിക്കെത്തിയത് മുതലാണ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത്. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ തുടങ്ങി. 1970 ഒക്കെ ആയപ്പോളേക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി. ഡി എ ഒക്കെ ആവശ്യപ്പെട്ട് രണ്ട് മാസത്തോളം സമരം ചെയ്തു. മുന്നൂറോളം തൊഴിലാളികളുണ്ടായിരുന്നു. അടിച്ചമര്‍ത്തല്‍ ശ്രമങ്ങളുണ്ടായി. തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്നതുകൊണ്ട് അത് നടന്നില്ല. എന്നാല്‍ സമരം വിജയിച്ചില്ല. ഞാനടക്കം കുറേ തൊഴിലാളികളെ പിരിച്ചുവിട്ടു. പിന്നെ ഹോട്ടലുകളൊന്നും എനിക്ക് ജോലി തന്നില്ല. പല സ്ഥലത്തും ജോലിക്ക് ശ്രമിച്ചെങ്കിലും അവര്‍ എന്നെ എടുത്തില്ല.

പിന്നെ ഒരു എഞ്ചിനിയറിംഗ് കമ്പനിയില്‍ അപ്രന്റിസായി കയറി. അവടെയും ശമ്പളപ്രശ്‌നം വന്നു. മൂന്ന് രൂപ മുതല്‍ 5 രൂപ വരെയൊക്കെയാണ് ശമ്പളം കൊടുത്തിരുന്നത്. അന്ന് അവിടെ യു കെ നായര്‍ എന്നൊരു യൂണിയന്‍ നേതാവുണ്ട്. പുള്ളിയാണ് എന്നെ അവിടെ ജോലിക്ക് പറഞ്ഞയച്ചത്. മിനിമം വേതനം 10 രൂപയാണ്. ഞങ്ങള്‍ ലേബര്‍ കമ്മീഷനെ സമീപിച്ചു. ശമ്പളം കൊടുക്കുന്ന സമയം ഞങ്ങള്‍ പറഞ്ഞുകൊടുത്തു. ആ സമയത്ത് ഉദ്യോഗസ്ഥന്‍ വന്ന് പരിശോധിക്കുകയും ഇതേ തുടര്‍ന്ന് ആ ആഴ്ച മുതല്‍ 10 രൂപ നല്‍കിത്തുടങ്ങുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഈ സംഭവം. പിന്നെ പാര്‍ട്ടി, യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു. യൂണിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരാള്‍ എന്നെ ഒറ്റിക്കൊടുത്തു. സിഐടിയു നേതാവും യൂണിയന്‍ സെക്രട്ടറിയുമായിരുന്ന വാസുദേവന്‍ എന്നൊരാളുണ്ടായിരുന്നു. അയാളൊരു കരിങ്കാലിയായിരുന്നു. അയാളാണ് എന്നെ ഒറ്റിക്കൊടുത്തത്. അടുത്ത ദിവസം തന്നെ എന്നെ പിരിച്ചുവിട്ടു.

ഞങ്ങള്‍ ഹോട്ടല്‍ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് രാത്രി 12 മണിക്കൊക്കെയാണ് പ്രകടനങ്ങളും മറ്റും നടത്തുക. ഹോട്ടലുകളുടെ മുന്നിലൊക്കെ പോയി മുദ്രാവാക്യം വിളിക്കും. ചര്‍ച്ച് ഗേറ്റിലും കൊളാബയിലുമൊക്കെയുള്ള പണക്കാര്‍ ഞങ്ങളുടെ ഈ രാത്രി പ്രകടനത്തില്‍ അസ്വസ്ഥരായി. ഒരു സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളിതറിയാതെ അവിടെ പോയി പ്രകടനം നടത്തി. വാസുദേവന്‍ ഞങ്ങളെ പ്രകടനത്തിന് ഇറക്കുകയായിരുന്നു. വി ടി സ്റ്റേഷന് (ഇപ്പോള്‍ സി എസ് ടി) മുന്നില്‍ വച്ച് പൊലീസ് ഞങ്ങളെ വളഞ്ഞു. ഞങ്ങളെ തല്ലിച്ചതച്ചു. കുറേപേരെ അറസ്റ്റ് ചെയ്തു. എന്നെ പൊലീസ് ജീപ്പിലിട്ട് ചവിട്ടിക്കൂട്ടി. പലരേയും ജാമ്യത്തിലിറക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട് മൊത്തം പുട്ടടിച്ച വാസുദേവനെ പിന്നീട് പുറത്താക്കി. ബി ടി രണദിവെ, സിഐടിയു നേതാവ് പി കെ കുര്‍ണെ ഒക്കെ പങ്കെടുക്കുന്ന യോഗങ്ങളുണ്ടാകും. ബിടിആറൊക്കെ വലിയ പൊതുയോഗങ്ങള്‍ക്കാണ് കൂടുതലും വരുക. ഞങ്ങള്‍ ഈ യോഗങ്ങള്‍ക്ക് പോകും. രാത്രി 12 മണിക്ക് ശേഷമാണ് യോഗങ്ങള്‍ നടക്കുക. തൊഴിലാളികളുടെ ജോലി സമയം കഴിഞ്ഞ്.

പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളും ലഘുലേഖകളും വിതരണം ചെയ്യാനും പ്രചരിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ശക്തമായി. ഹിന്ദിയിലും മറാത്തിയിലും ഇംഗ്ലീഷിലും പ്രിന്റ് ചെയ്യും. രാത്രിയാണ് പ്രിന്റിംഗ്. രാവിലെ നേരത്തെ നേവല്‍ ഡോക്ക് യാര്‍ഡ് ജീവനക്കാര്‍ക്കും തുറമുഖ തൊഴിലാളികള്‍ക്കും കൊടുക്കും. പിന്നെ 9, 10 മണിയൊക്കെ ആകുമ്പോള്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും മറ്റും കൊടുക്കും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം അങ്ങനെ ഒരു ദിവസം ചര്‍ച്ച്‌ഗേറ്റ് റെയില്‍വേസ്റ്റേഷന്റെ എതിര്‍വശം പാലത്തിന് മുകളില്‍ വച്ച്, ലഘുലേഖകള്‍ വിതരണം ചെയ്യുമ്പോളാണ് എന്നെ പൊലീസ് പിടിച്ചത്. പൊലീസ് പിടിച്ചപ്പോള്‍ എനിക്ക് ഒരാള്‍ പൈസ തന്നിട്ട് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ കൊടുത്തു എന്നാണ് ഞാന്‍ പൊലീസിനോട് പറഞ്ഞത്. പോക്കറ്റില്‍ നിന്ന് 10 രൂപ എടുത്ത് കാണിച്ചു. ജോലിയില്ലെന്നും ഇതിന് വേണ്ടിയാണ് ചെയ്തത് എന്ന് പറഞ്ഞു. ഭാഷ അറിയില്ലെന്നും ഭാവിച്ചു. പാര്‍ട്ടിയുടേയോ നേതാക്കന്മാരുടേയോ പേര് പറഞ്ഞില്ല. 14 ദിവസത്തോളം ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷനിലായിരുന്നു. ആദ്യമൊക്കെ തല്ലുകയൊക്കെ ചെയ്തു. കോടതിയില്‍ ഹാജരാക്കി, ആറ് മാസത്തെ തടവുശിക്ഷ വിധിച്ചു. രാഷ്ട്രീയബന്ധം പറഞ്ഞിരുന്നെങ്കില്‍ അടിയന്തരാവസ്ഥ മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വന്നേനെ. നേതാക്കന്മാരെ പിടിക്കുകയും ചെയ്യുമായിരുന്നു - പ്രഭാകരൻ പറഞ്ഞു.

ഏതായാലും മൂന്ന് ജയിലുകളില്‍ കഴിഞ്ഞു. ബോംബെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു ആദ്യം ഒരു മാസം. പിന്നീട് സതാറയിലെ ബോര്‍ ജയിലില്‍. പിന്നെ പൂനെ യാര്‍വാദ സെന്‍ട്രല്‍ ജയിലില്‍. യാര്‍വാദയിലായിരുന്നു കൂടുതലും. അക്കാലത്ത് പ്രധാന രാഷ്ട്രീയ നേതാക്കളില്‍ പലരും അവിടെയുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ തടവുകാരനല്ലാത്ത എനിക്ക് അവരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അതേസമയം അധോലോക നേതാവ് ഹാജി മസ്താന്‍, വധശിക്ഷ കാത്തുകഴിയുകയായിരുന്ന റിപ്പര്‍ രമണ്‍ രാഘവ് തുടങ്ങിയവര്‍ അക്കാലത്ത് ജയിലിലുണ്ടായിരുന്നു (മാനസികപ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വധശിക്ഷ പിന്നീട് ജീവപര്യന്തമായി കോടതി ഇളവ് ചെയ്തു) എന്ന് പ്രഭാകരൻ ഓർക്കുന്നു. കഠിന തടവല്ലാത്തതുകൊണ്ട് എനിക്ക് ജയിലില്‍ ജോലിയൊന്നും ചെയ്യേണ്ടിയിരുന്നില്ല. ഒരു വാര്‍ഡനെ പരിചയപ്പെട്ട് എന്തെങ്കിലും ജോലി ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ രമണ്‍ രാഘവിന് ഭക്ഷണം നല്‍കാനും മറ്റും എന്നെ പറഞ്ഞുവിട്ടു. ഹാജി മസ്താനൊക്കെ ജയിലില്‍ വലിയ പരിഗണന ലഭിച്ചിരുന്നു. പൈസയുള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന നിലയായിരുന്നു. രമണ്‍ രാഘവ് ആരോടും ഒന്നും സംസാരിക്കില്ല. ഞങ്ങള്‍ അവിടെ ഭക്ഷണം വച്ചിട്ട് പോരും മുഖമുയര്‍ത്തി ഞങ്ങളെ നോക്കുക പോലുമില്ല അയാള്‍. കുളിപ്പിക്കാന്‍ പുറത്തിറക്കുമ്പോള്‍ മറ്റ് തടവുകാരെയെല്ലാം അകത്തുകയറ്റും. അഹമ്മദ് നഗറുകാരായ മൂന്ന്, നാല് പേരെ തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടുണ്ടായിരുന്നു. കുട്ടിയെ ബലി നല്‍കിയ കേസില്‍ പ്രതികളായിരുന്നു ഇവര്‍.

എന്ത് വകുപ്പാണ് എനിക്കെതിരെ ചുമത്തിയത് എന്നൊന്നും എനിക്ക് അന്നുമറിയില്ല, ഇപ്പോളുമറിയില്ല. അന്ന് ആരുമായും ബന്ധമുണ്ടായിരുന്നില്ല. യൂണിയന്‍ നേതാക്കളില്‍ ഒരാള്‍ മാത്രമാണ് ജയിലില്‍ എന്നെ കാണാന്‍ വന്നത്. തിരുവനന്തപുരത്തുകാരനായ ഗോപകുമാര്‍ പിള്ള എന്നൊരു സഖാവുണ്ടായിരുന്നു. അദ്ദേഹം എന്നെ ജയിലില്‍ വന്ന് കണ്ടു. ബോംബെയില്‍ ധാരാളം നാടകങ്ങളുടേയും മറ്റ് സംസ്‌കാരിക പരിപാടികളുടേയും സംഘാടകനായിരുന്നു അദ്ദേഹം. പുള്ളി രഹസ്യമായി എനിക്ക് 20 രൂപ തന്നു. ജയിലില്‍ അങ്ങനെ പൈസ തരാന്‍ പാടില്ല. ജയിലില്‍ ഒരു തവണ പരിശോധന നടന്നു. എന്റെ കയ്യില്‍ നിന്ന് പൈസ പിടിച്ചു. സാധാരണ ഇത്തരത്തില്‍ പിടിച്ചാല്‍ വലിയ പ്രശ്‌നമാകും. എന്നാല്‍ എന്നെ അവിടെ നിന്ന് ബോര്‍ ജയിലേയ്ക്ക് മാറ്റി. പിന്നീട് യാര്‍വാദയിലേയ്ക്കും. സി ക്ലാസ് തടവുകാരനായിരുന്നു. ക്രിമിനലുകള്‍ക്കും പോക്കറ്റടിക്കാര്‍ക്കും കള്ളന്മാര്‍ക്കുമൊപ്പം. വളരെ മോശം ഭക്ഷണമാണ് അന്ന് തടവുകാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ചപ്പാത്തിയും പയറും പരിപ്പും വെണ്ടക്കയും മറ്റും ചേര്‍ത്ത് ഒരു രുചിയുമില്ലാത്ത കറികളുമാണ് കിട്ടുക.

സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ യൂണിയനുമാണ് അക്കാലത്ത് ബോംബെയിലെ ഏറ്റവും ശക്തമായ തൊളിലാളി യൂണിയനുകള്‍. ഐഎന്‍ടിയുസിക്കും ബിഎംഎസിനും മറ്റും സ്വാധീനമുണ്ട്. 70കളുടെ രണ്ടാം പകുതിയില്‍ സിഐടിയു കുറച്ച് സ്വാധീനമൊക്കെ നേടി. ഹോട്ടല്‍ തൊഴിലാളികളുടെ ഇടയില്‍ സിഐടിയു പ്രബല ശക്തിയായി മാറിയിരുന്നു. ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ യൂണിയനുകളില്‍ മിക്കവാറും സിഐടിയു പിടിച്ചിരുന്നു. ചര്‍ച്ച്‌ഗേറ്റ്, കൊളാബ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടല്‍ തൊഴിലാളികള്‍ക്കിടയിലും അന്ധേരിയിലെ വ്യവസായ തൊഴിലാളികള്‍ക്കിടയിലും സിഐടിയു സ്വാധീനം നേടിയിരുന്നു. അന്ധേരിയിലെ എഞ്ചിനിയറിംഗ് കമ്പനിയിലൊക്കെ സിഐടിയു ശക്തമായി. എന്നാല്‍ ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളികള്‍ക്കിടയില്‍ സിഐടിയുവിന് സ്വാധീനമുണ്ടായിരുന്നില്ല. എഐടിയുസിക്കും ദത്താ സാമന്തിനും ഐഎന്‍ടിയുസിക്കുമാണ് ഈ മേഖലയില്‍ സ്വാധീനമുണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പോന്ന് വേറെ യൂണിയനുണ്ടാക്കിയ ദത്താ സാമന്ത് ബോംബെയിലെ വലിയൊരു വിഭാഗം യൂണിയനുകള്‍ പിടിച്ചടക്കിയിരുന്നു. 80കളായപ്പോളേക്ക് ശിവസേനയും ദത്താ സാമന്തും എല്ലാം കൂടി ഇടത് യൂണിയനുകളെ തകര്‍ത്തു. അടിച്ചോടിക്കുകയായിരുന്നു.

ശിവസേനയെ വളര്‍ത്തിയത് അന്ന് ഭരിച്ചിരുന്ന കോണ്‍ഗ്രസ് ആണ്. ശിവസേനക്കാര്‍ എന്ത് അക്രമം കാണിച്ച് നമ്മള്‍ പരാതി നല്‍കിയാലും പൊലീസ് അവരെ ഒന്നും ചെയ്യില്ല. നമ്മളെ അടിക്കും. സിപിഐ എംഎല്‍എ കൃഷ്ണ ദേശായിയെ ശിവസേനക്കാര്‍ കൊന്നപ്പോള്‍ അതിനെ എതിര്‍ത്ത് ശിവസേനക്കാരെ ശക്തമായി നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്കൊന്നും കഴിഞ്ഞില്ല. അന്ന് ദാദറിലെ ശിവസേന ഓഫീസ് ലക്ഷ്യം വച്ച് തൊഴിലാളികളുടെ വലിയ പ്രകടനം നീങ്ങിയിരുന്നു. അന്ന് ശിവസേനയ്ക്ക് ശക്തമായ മറുപടി നല്‍കിയിരുന്നെങ്കില്‍ അവരെ ഒതുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയാണ് നേതൃത്വം ചെയ്തത്. അന്ന് അത് ചെയ്തിരുന്നെങ്കില്‍ ഇടതുപാര്‍ട്ടികള്‍ക്ക് അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നു എന്ന് പ്രഭാകരന്‍ അഭിപ്രായപ്പെട്ടു. അന്ന് ശക്തമായ നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ള ആരുമുണ്ടായില്ല. അടിത്തട്ടിലുള്ള രാഷ്ട്രീയ പ്രതിരോധത്തിൻ്റെ അഭാവമാണ് ട്രേഡ് യൂണിയൻ തലത്തിലും രാഷ്ട്രീയ ശക്തി എന്ന നിലയിലും ഇടതുപാർട്ടികളെ ബോംബെയിൽ തളർത്തിയത് എന്നാണ് പ്രഭാകരൻ പറയുന്നത്. എന്നാൽ അക്കാലത്ത് ബോംബെയിലുണ്ടായിരുന്ന മലയാളി ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകരിൽ പലരും ഇതിൽ നിന്ന് ഭിന്നമായ അഭിപ്രായമാണ് പങ്കുവച്ചത്.

സിഐടിയു നേതാവായിരുന്ന യശ്വന്ത് കോലി അടക്കമുള്ളവര്‍ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങളായിരുന്നു. കുറച്ച് നിയമസഭാ സീറ്റുകളും അക്കാലത്തുണ്ടായിരുന്നു. പി ആര്‍ കൃഷ്ണന്‍, യു കെ നായര്‍ എന്നിവരൊക്കെ അക്കാലത്തെ പ്രധാന യൂണിയന്‍ നേതാക്കളാണ്. കുറേ പേര്‍ അക്കാലത്ത് ഒളിവിലായിരുന്നു. ഫെര്‍ണാണ്ടസിന്റെ യൂണിയന്‍ രണ്ട് മാസത്തെ സമരം നടന്നപ്പോള്‍ പണം തന്നും മറ്റെല്ലാതരത്തിലും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. 1974ല്‍ റെയില്‍വേ തൊഴിലാളികളുടെ സമരം നടന്നപ്പോള്‍ ഞങ്ങള്‍ അതുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് വേണ്ടി പണം പിരിക്കാനും മറ്റും സജീവമായി നടന്നു. ഹോട്ടല്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരായിരുന്നു. യുപിയില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ളവരുമുണ്ടായിരുന്നു.

തൊഴിലാളികൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്ക് ശക്തമായൊരു പത്രമോ പ്രസിദ്ധീകരണമോ അക്കാലത്തുണ്ടായിരുന്നില്ല. മറാത്ത എന്നൊരു പത്രം പാര്‍ട്ടി അനുകൂല നിലപാടുകളുമായി അന്ന് പ്രവര്‍ത്തിച്ചിരുന്നു. വി കെ കൃഷ്ണമേനോന്റെ സുഹൃത്തായ ആര്‍ കെ കറഞ്ചിയയുടെ ബ്ലിറ്റ്സ് ഒക്കെ ഇടതുപക്ഷത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടും അനുഭാവം പുലര്‍ത്തിയിരുന്നു. ബ്ലിറ്റ്‌സിന്റെ ഓഫീസ് പോര്‍ട്ട് ട്രസ്റ്റിന്റെ അടുത്തായിരുന്നു. കറഞ്ചിയയ്‌ക്കൊപ്പം കൃഷ്ണ മേനോന്‍ ഇവിടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുമായിരുന്നു. പുരോഗമന നിലപാടുണ്ടായിരുന്ന മറ്റൊരു പത്രം ഫ്രീ പ്രസ് ജേണല്‍ ആണ്. മലയാളിയായ ഹരിഹരന്‍ പൂഞ്ഞാറൊക്കെ ഫ്രീ പ്രസ് ജേണലിലുണ്ടായിരുന്നു അക്കാലത്ത്.

ഇപ്പോള്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അശോക് ധാവളെയൊക്കെ (മഹാരാഷ്ട്ര മുന്‍ സംസ്ഥാന സെക്രട്ടറി) എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പരിചയുണ്ടായിരുന്നു. ഞങ്ങള്‍ കോളേജുകളിലൊക്കെ പോകും. സോമയ്യ കോളേജിലൊക്കെ ആര്‍എസ്എസുകാരുടെ മേധാവിത്തമായിരുന്നു. വടിയും വാളുമൊക്കെയായിട്ടാണ് അവര്‍ നടക്കുക. അവിടെയൊക്കെ ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് കാലെടുത്ത് കുത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ധാരാവിയിലും കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ തിരഞ്ഞെടുപ്പില്‍ സത്യേന്ദ്ര മോറെ ജയിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് നേവല്‍ ഡോക്ക് യാര്‍ഡ് കാന്റീനില്‍ ജോലിയ്ക്ക് കയറിയത്. ഡോക്ക് യാര്‍ഡിലെ സഖാക്കളാണ് ആ ജോലി വാങ്ങിച്ചുതന്നത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അവിടെ ചില പരിശോധനകളൊക്കെ നടന്നു. അങ്ങന ആ ജോലിയും പോയി. പിന്നീട് ചെമ്പൂരില്‍ പാര്‍ട്ടി നടത്തുന്ന ആദര്‍ശ് വിദ്യാലയ എന്ന സ്‌കൂളില്‍ പ്യൂണ്‍ ആയി ജോലിക്ക് കയറി. 2008ല്‍ വിരമിക്കുന്നത് വരെ അവിടെ തന്നെയായിരുന്നു.

"ദത്താ സാമന്തും ശിവസേനയും ചേര്‍ന്ന് അടിച്ചോടിക്കുകയായിരുന്നു", അടിയന്തരാവസ്ഥയിൽ ബോംബെ ജയിലില്‍ കിടന്ന ഒരു മലയാളി ഇടതു തൊഴിലാളി പ്രവര്‍ത്തകന്റെ അനുഭവങ്ങള്‍

"ദത്താ സാമന്തും ശിവസേനയും ചേര്‍ന്ന് അടിച്ചോടിക്കുകയായിരുന്നു", അടിയന്തരാവസ്ഥയിൽ ബോംബെ ജയിലില്‍ കിടന്ന ഒരു മലയാളി ഇടതു തൊഴിലാളി പ്രവര്‍ത്തകന്റെ അനുഭവങ്ങള്‍

https://cpim.org/content/caste-and-class-indian-politics-today