ആണുങ്ങളെ പേടിക്കാത്ത പെണ്‍മുലകളുടെ സുന്ദരകാലത്തിനായി

 
ആണുങ്ങളെ പേടിക്കാത്ത പെണ്‍മുലകളുടെ സുന്ദരകാലത്തിനായി

പെണ്ണുങ്ങളുടെ മുലകളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. പ്രസവശേഷം കുഞ്ഞിന് പാല് കൊടുക്കലാണ് മുലകളുടെ പ്രധാന പരിപാടി. മുലയില്‍നിന്നും മാത്രമേ കുഞ്ഞിനുള്ള പാല് ലഭിക്കൂ. പശുവിന്റെ പാല് പശുക്കുട്ടിക്കുള്ളതായതുകൊണ്ട് നിങ്ങളുടെ കുട്ടിക്ക് നിങ്ങള്‍ തന്നെ പാല് കൊടുക്കൂ എന്ന മുലയൂട്ടല്‍ പരസ്യം പോലെ. പശുക്കുട്ടിക്കുള്ള പാല്, സോഷ്യലിസ്റ്റുകളും മുതലാളിത്തവാദികളും ഒരുപോലെ കറന്നെടുത്ത് അതിന്റെ പാലുകൂടി മുട്ടിക്കുന്നുണ്ടെങ്കിലും, മനുഷ്യപ്പെണ്ണുങ്ങളുടെ പാലിന്റെ കച്ചവടം വ്യാപകമല്ല. സ്രോതസില്‍ നിന്നും നേരിട്ടാണ് അത് എല്ലാ സന്തോഷത്തോടും കൂടി കുഞ്ഞിലേക്കെത്തുന്നത്. അങ്ങനെ മുലകുടിച്ചു വളരുന്ന ആണുങ്ങളാണ് അമ്മയുടെ മുലപ്പാല് കുടിച്ചവരുണ്ടെങ്കില്‍ ഇറങ്ങിവാടാ എന്നൊക്കെ വെല്ലുവിളിക്കുന്നതത്രേ. എന്തായാലും ജനിച്ച് ആറ് മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ കൊടുക്കേണ്ടതുള്ളൂ. പിന്നീട് ഏതാണ്ട് ഷഷ്ടിപൂര്‍ത്തിവരെ സകല ദുഷ്ടാത്മാക്കളെയും നേരിടാനുള്ള പ്രതിരോധം ഈ പാലുകുടി നല്‍കും. അതായത് ശൈശവത്തിലെ മുലമൂട്ടില്‍ അടിമകളാണ് ഭാവിയിലെ ഭാര്‍ഗവരാമന്‍മാര്‍ എന്നു സാരം. മുലപ്പാലിന്റെ മാഹാത്മ്യം നമ്മളായിട്ട് വര്‍ണിക്കേണ്ടതില്ലല്ലോ എന്ന ആശ്ചര്യത്തോടെ അടുത്ത ഭാഗത്തേക്ക് കടക്കാം.

ലണ്ടനിലെ ആഡംബര ഹോട്ടലായ ക്ലാരിഡ്ജ്സ് ആണ് സംഭവസ്ഥലം. ഒരാഴ്ച്ച മുമ്പ് അവിടെ ചായ കുടിക്കാന്‍ വന്ന ലൂയീസ് ബേണ്‍സ് എന്നൊരു സ്ത്രീ 12 ആഴ്ച്ച പ്രായമായ തന്റെ കുഞ്ഞിന് ഹോട്ടലിലെ പൊതുസ്ഥലത്തിരുന്ന് മുല കൊടുക്കാന്‍ തുടങ്ങി. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ക്ക് ഈ 'അശ്ലീലദൃശ്യം' അത്ര സുഖിച്ചില്ല. മറ്റുള്ള അതിഥികള്‍ക്ക് അത് അസ്വസ്ഥതയുണ്ടാക്കും പോലും. ഉടനേ ഹനുമാന്‍സേനക്കാരനായ ഒരു ജോലിക്കാരനെ വിട്ടു. അവന്‍ വലിയൊരു തുണിയെടുത്ത് കുട്ടിയെ മറച്ചു. മുലകളും മറച്ചു. ഒരു സ്ത്രീ ഈ ദൃശ്യം ട്വീറ്റ് ചെയ്തതോടെ വിഷയം വിവാദമായി. ചുംബനസമരത്തെക്കുറിച്ച് കേള്‍ക്കാന്‍ സാധ്യതയില്ലെങ്കിലും സമാനമായാണ് ലണ്ടന്‍കാരികള്‍ പ്രതികരിച്ചത്. നല്ല അസ്സല്‍ തണുപ്പത്ത് ഹോട്ടലിന് മുന്നില്‍ച്ചെന്ന് നിരവധി പെണ്ണുങ്ങള്‍ അന്തസ്സായി കുഞ്ഞുങ്ങള്‍ക്ക് മുല കൊടുത്തു. ആ മുലയൂട്ട് സമരത്തിന്റെ മുലയുറപ്പിനും പെണ്‍പോരിമക്കും അമ്മിഞ്ഞപ്പാല് മണക്കുന്ന നൂറഭിവാദ്യങ്ങള്‍!

ആണുങ്ങളെ പേടിക്കാത്ത പെണ്‍മുലകളുടെ സുന്ദരകാലത്തിനായി

ലൂയീസ് ബേണ്‍സ്

ചുംബിക്കാനല്ലെങ്കില്‍ പിന്നെന്തിനാണീ ചുണ്ടുകള്‍ എന്ന കാവ്യാത്മകമായ ചോദ്യത്തോട് പിന്നേയും എന്തെങ്കിലും പറഞ്ഞുനില്‍ക്കാം. പക്ഷേ, കുട്ടികള്‍ക്ക് കുടിക്കാനല്ലെങ്കില്‍ പിന്നെന്തിനീ മുലകള്‍, എന്തിനീ മുലഞെട്ടുകള്‍ എന്നത് സസ്തനി വര്‍ഗത്തിന്റെ ഭരണഘടനയിലെ ആമുഖത്തിലെ പ്രഖ്യാപനമാണ്. (മുലകൊടുക്കലും അമ്മയാകലും പെണ്ണുങ്ങളുടെ അലംഘനീയമായ ചുമതലയാണ് എന്ന അര്‍ത്ഥം ഇതിലില്ല) അത് കാണുമ്പോള്‍ ആര്‍ക്കാണ് ഓക്കാനം വരുന്നത്? ആര്‍ക്കാണ് ഇരിപ്പുറക്കാത്തത്? അല്ലെങ്കില്‍ ഒരു കുട്ടി മുലകുടിക്കുന്നിടത്ത് മറ്റുള്ളവര്‍ക്കെന്തു കാര്യം?

മുലകുടി ജനിച്ചുവീഴുന്നതുമുതല്‍ കുഞ്ഞിന്റെ ജന്‍മാവകാശമാണ്. അവന്റെ/അവളുടെ അമ്മക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കില്‍ മുലയില്‍ പാലുള്ളിടത്തോളം. ഈ പാലുകുടി പരിപാടിക്കാണ് മുലകള്‍ എന്നുള്ളതുകൊണ്ടാണ് പൂവമ്പഴം പോലുള്ള ഉണ്ണിയെ കണ്ടപ്പോള്‍ ‘പൂതമൊരോമനപെണ്‍കിടാവായതും പൂതത്തിന്‍ മാറത്തു കോരിത്തരിച്ചതും’. അമ്മപ്പാല് കൊടുക്കലും കുടിക്കലും എപ്പോള്‍ നിര്‍ത്തണമെന്നത് (അതിന്റെ കുറഞ്ഞ കാലയളവ് കഴിഞ്ഞാല്‍) അമ്മയും കുട്ടിയും തമ്മിലുള്ള ഉഭയകക്ഷി സംഭാഷണങ്ങളിലൂടെ മാത്രം തീരുമാനിക്കേണ്ടതാണ്. അതില്‍ അച്ഛന്റെ അസൂയക്കോ ഭരണകൂടത്തിന്റെ ചെന്നിനായകത്തിനോ യാതൊരു കാര്യവുമില്ല.

മറ്റെല്ലാ സസ്തനികളിലും മുലകള്‍ മുലയൂട്ടാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ രണ്ടു കാലില്‍ നിവര്‍ന്നു നിന്ന മനുഷ്യനില്‍ മുലകള്‍ക്ക് മറ്റ് സസ്തനികളെപ്പോലെ കുഴല്‍ പോലുള്ള മുലഞെട്ടുകള്‍ മാത്രമായി പറ്റാതെയായി. നിവര്‍ന്നു നില്‍ക്കുന്നതുകൊണ്ട് പരിണാമത്തില്‍ അത് ക്രമേണ മുന്നിലേക്ക് തള്ളിനില്‍ക്കാനും കുട്ടികള്‍ക്ക് കുടിക്കാന്‍ പാകത്തില്‍ ഉരുണ്ടു വരാനും തുടങ്ങി. സൌകര്യമായി മുല കൊടുക്കാന്‍ പാകത്തില്‍ മുലകളുള്ള മനുഷ്യപ്പെണ്ണുങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കാനും പ്രത്യുത്പാദനത്തില്‍ അത്തരക്കാര്‍ കൂടുതലാകാനും ആരംഭിച്ചു. അതോടെ അത്തരം സ്ത്രീകളുമായി ഇണചേരാന്‍ മനുഷ്യരിലെ പുരുഷന്മാരും സ്വാഭാവികമായും താത്പര്യം കാണിച്ചുതുടങ്ങി. ഇതൊക്കെ പരിണാമത്തിന്റെ രീതികളാണ്. എന്നാല്‍ മുലകള്‍ക്ക് ഈയൊരു പരിപാടി മാത്രമേ ഉള്ളോ? മനുഷ്യരുടെ ലൈംഗികതയിലും പെണ്‍മുലകള്‍ ഒരളവുവരെ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനിപ്പോള്‍ അത്രയധികം ഗവേഷണമൊന്നും വേണ്ട. ആണുങ്ങള്‍ സാക്ഷ്യം പറഞ്ഞാലും മതി. പക്ഷേ, മുലകുടി എന്ന കുഞ്ഞുകാര്യത്തെക്കാളേറെ പുരുഷമേധാവിത്ത സമൂഹത്തെ അസ്വസ്ഥമാക്കുന്നത് മുലകളാണ്. സ്ത്രീകള്‍ തങ്ങളുടെ സ്വകാര്യ ചരക്കാണെന്ന് പുരുഷന്മാര്‍ നിശ്ചയിച്ച ഒരു ലോകത്ത് അവളുടെ ശരീരത്തിന്റെ കാഴ്ച്ചകളും അവന്റെ കണ്ണുകളിലൂടെയാണ്. പുരുഷന്റെ നോട്ടത്തിലാണ് മുലകളും മുലകൊടുക്കലും ഇവിടെ കാണുന്നത്. അപ്പോഴാണ് തങ്ങള്‍ മറ്റെന്തൊക്കെയോ ചെയ്യുന്ന ഒരു അവയവം ഇങ്ങനെ തുറന്നു കാണിക്കയോ എന്ന ആക്രന്ദനം ഉയരുന്നത്.

നാലുകാലില്‍ നടക്കുന്ന സസ്തനികളിലും ഇത്തരം ലൈംഗികാകര്‍ഷണം കാണാം. അത് മിക്കവാറും പിന്‍ഭാഗത്താണ്. ചില ജാതി കുരങ്ങന്‍മാര്‍ക്ക് ഭോഗതൃഷ്ണയുടെ നേരത്ത് പൃഷ്ഠം ചുവക്കും. എന്നാല്‍ മനുഷ്യസ്ത്രീകളില്‍ അത്തരം പ്രത്യക്ഷ അടയാളങ്ങളൊന്നുമില്ല. ഇരുകാലികളായതുകൊണ്ട് മനുഷ്യരുടെ ഭോഗം സാധാരണഗതിയില്‍ മുന്നില്‍ നിന്നാണ്. സ്വാഭാവികമായും മുന്‍ഭാഗത്തുള്ള എല്ലാ അവയവങ്ങള്‍ക്കും ലൈംഗികപ്രാധാന്യം കൈവരുന്നു. നാഡികളുടെ അഗ്രസ്ഥാനം എന്ന നിലക്കും ചുണ്ടുകളും ലിംഗാഗ്രവും പോലെ മുലഞെട്ടുകളും സ്പര്‍ശത്തോട് അതീവ പ്രതികരണശേഷിയുള്ളവയാണ്. എന്നാല്‍ പിന്‍ഭാഗത്തുകൂടിയുള്ള ലൈഗികബന്ധം മനുഷ്യന് ഇപ്പൊഴും സാധ്യമാണ്. അതുകൊണ്ടാണ് ‘വീണതന്‍ കുടം പോലാം നിതംബം/വീണുരുമ്മുന്ന വേണീകദംബം’ എന്നു കവിതയില്‍ ചന്തിപ്പെരുമ കുലുങ്ങുന്നത്. പ്രത്യുത്പാദന സമയത്തല്ലാതെയും, അഥവാ ഋതുഭേദങ്ങള്‍ ഇല്ലാതെ ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന ഒരു ജന്തുവാണ് മനുഷ്യന്‍. അതുകൊണ്ട് ലൈംഗികത മനുഷ്യന്റെ ഒരു സന്തോഷകരമായ ഒഴിയാബാധയാണ്. മറ്റെല്ലാ സന്തോഷങ്ങളെയും പോലെ മുതലാളിത്തം ഇതും വില്‍ക്കുന്നു എന്നത് വേറെ കാര്യം.

എന്നാല്‍ സ്ത്രീ ശരീരത്തിന്റെ ഉടമസ്ഥാവകാശം ആണുങ്ങള്‍ക്ക് തന്നെ എന്ന പ്രഖ്യാപനമാണ് മുല മറയ്ക്കൂ, പാല് കൊടുക്കൂ എന്നു പറഞ്ഞപ്പോളും, ഉമ്മ വെക്കാന്‍ നിന്റെ അമ്മയെയും പെങ്ങളെയും കൊണ്ടുവരുമോ എന്നു സംഘി-സുഡാപ്പി സദാചാര മല്ലന്‍മാര്‍ ചോദിച്ചപ്പോഴും പ്രതിധ്വനിച്ചത്.

ആണുങ്ങളുടെ സൌന്ദര്യശാസ്ത്രവും ലാവണ്യബോധവും പെണ്‍മുലകളെ കശക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. ആണുങ്ങളുടെ രതി എപ്പോഴും തീറ്റയുമായി ബന്ധപ്പെടുത്തിയാണ് അവര്‍ കാണുന്നത് (പിന്നെയുള്ളത് വേട്ടയും). ഈ തീറ്റയിലെ ആണ്‍കോയ്മയാണ് സ്ത്രീയുടെ ശാരീരികാവയവങ്ങളെ ഭക്ഷണപദാര്‍ത്ഥങ്ങളോട് ഉപമിച്ചു നിറയുന്നത്. തൊണ്ടിപ്പഴവും, മാതളനാരങ്ങയും, മുന്തിരിവള്ളിയും, ഇങ്ങ് പച്ചക്കറിക്കടയിലെ വൈശാലി മത്തങ്ങയായി വരെ ഈ ആര്‍ത്തി അലങ്കാരമായി രൂപപ്പെടുന്നു. (പുരുഷനാകട്ടെ സ്വയം തെരഞ്ഞെടുത്ത, മറ്റൊരാള്‍ക്കും തിന്നുതീര്‍ക്കാനാകാത്ത അലങ്കാരങ്ങളാണ് തനിക്കായി അണിയുന്നത്. ഉരുക്കുപോലെ ഉറച്ചവന്‍, ചന്ദ്രനും സൂര്യനും പോലുള്ളവന്‍, കടലിരമ്പം പോലുള്ള വീരന്‍, വീരകേസരി, കളരിവിളക്ക് തെളിഞ്ഞപോലെ, മൈസൂര്‍ കടുവ, മാളയുടെ മാണിക്യം അങ്ങനെ പോകുന്നു അവ)

“ഇതിന് മുല കൊടുക്കാന്‍ വേറെ ആളെ നോക്കണം, ഇത് കടിക്കുണു” ജാനു പറഞ്ഞു.” (മുല കടിക്കാനുള്ളതല്ല, എന്നാല്‍ അതില്‍ കടിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണു തങ്ങളുടെ ശൈശവസ്മൃതിയില്‍ ഭോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആണുങ്ങളുടെയും രതി) “എന്‍റെ മൊലേലിമ്മിണി കടിക്കും” എന്നുപറഞ്ഞു പാറുവമ്മ തോളത്തു കിടന്ന ഈരിഴക്കച്ചയെടുത്ത് മാറ്റി. കറുത്ത വെള്ളരിക്ക പോലെ കിടന്ന മുലയെടുത്ത് കുഞ്ഞിരാമന്‍ നായരെ കാണിച്ചുകൊണ്ടു പറഞ്ഞു. “ഇതുമ്മേ കടിച്ചാല്‍ കുഞ്ഞിന്റെ പല്ല് പോകും...” (പരിണാമം, എം പി നാരായണപിള്ള). ഇവിടെ മുല വെള്ളരിയായി, തിന്നാന്‍ പാകത്തില്‍.

ശൈശവത്തില്‍ വീണുപോയ, കിട്ടാതെപോയ, തട്ടിപ്പറിച്ചെടുത്ത ഒരു മുലയുടെ, തന്റെ ജീവരസത്തിന്റെ ഓര്‍മ്മയിലാണ് ആണുങ്ങള്‍ ഇങ്ങനെ മുലയെക്കുറിച്ച് ഇത്ര ആസക്തരാകുന്നത്. അതുകൊണ്ടാണ് കുഞ്ഞിനായി മാത്രം ഉണ്ടായ പഴം മാമ്പഴമായത്. ചക്കയാകാഞ്ഞത്. മാങ്ങയായാലേ വലിച്ചു കുടിക്കാനാകൂ. കുട്ടിയുടെ കടി ഭാവിയിലേക്കുള്ള സൂചനയാണ്.

ആണുങ്ങളെ പേടിക്കാത്ത പെണ്‍മുലകളുടെ സുന്ദരകാലത്തിനായി

“പക്ഷേങ്കിലെന്ത് കടിയാ മോന്റെ. മൊട്ടേന്ന് വിടരണതിന് മുമ്പിതാ കടിയെങ്കില്‍ വളര്‍ന്നു വരുമ്പോളെന്തായിരിക്കുമിവന്റെ കടി.” പാറുവമ്മ ചിരിച്ചു. ജാനുവും ചിരിച്ചു.” (രണ്ടു പേരും ചിരിച്ചു എന്ന് വേണമെങ്കില്‍ പറയാം. നോവലിലെ പാറുവമ്മ wet nurse ആണ്. ജാനുവാണ് അമ്മ)

"ഇപ്പക്കടിക്കണില്ല. മോന് കളിയാ. മൊലേടെ കണ്ണ് പല്ലിന്റെടേല് വെച്ചിട്ടെന്നേ കളിപ്പിക്ക്വ. പിന്നെ,... ” പിന്നെ? “പിന്നെയെല്ലാ കുട്ടികള്‍ക്കുമുള്ളതാന്ന് കൂട്ടിക്കൊ. ഒരു മുല കുടിക്കുമ്പോള്‍ കൈ മറ്റേ മൊലേലായിരിക്കും”. അതെല്ലാ കൊച്ചുങ്ങളും അങ്ങനല്ലേ പാറുവമ്മേ? കണിയാരാണ് ചോദിച്ചത്. “പക്ഷേങ്കിലിത് പിടിക്കണത് കൊച്ചുങ്ങള് പിടിക്കണ പോലല്ല. സമപ്രായക്കാര് പിടിക്കണ പോലാ”.

മുലയില്‍നിന്നും പിടിവിടാത്ത ശിശുക്കളാണ് ആണുങ്ങള്‍. തിരിച്ചുപിടിക്കാന്‍ അധികാര പ്രയോഗവുമായാണ് വരുന്നതെന്ന് മാത്രം.

പുരുഷന്‍ ലൈംഗികകേളികളില്‍ ചുണ്ടുകള്‍ ഉപയോഗിക്കുന്നതും കടിക്കുന്നതുമെല്ലാം (സ്ത്രീകളും) ഇതിന്റെ ഭാഗമാണ്. ആദ്യത്തെ കടി മുലക്കണ്ണിലായതുകൊണ്ട് ആ ശൈശവ ഓര്‍മ്മ മായുന്നില്ല എന്നും പറയാം. പുരുഷന്മാരില്‍ ആ ശിശുവിനാവശ്യമായ മാതൃബിംബം ഇണയായ സ്ത്രീയിലൂടെ ലഭിക്കുകയും ചെയ്യുന്നു. അതോടെ മുലകളുടെ കഷ്ടകാലം നൈരന്തര്യമായി.

ഉണ്ണുനീലികളുടെ കൊങ്കകളില്‍ തട്ടി മലയാളകവിതയ്ക്ക് ഒരുകാലത്ത് നടക്കാന്‍ വയ്യാതായിരുന്നു. ഉത്തരനും സഖികളും കുമ്മിയടിച്ചു കളിക്കുമ്പോള്‍ ഉത്തരന്റെ ഒന്നും കുലുങ്ങുന്നതായിട്ട് ഇരയിമ്മന്‍ തമ്പി ശ്രദ്ധിക്കുന്നില്ല. എന്നാലോ പെണ്ണുങ്ങളുടെ “പാണീവളകള്‍ കിലുങ്ങീടവേ പാരം/ചേണുറ്റ കൊങ്ക കുലുങ്ങിടവേ” എന്നു രസിക്കാനും മറക്കുന്നില്ല.

ഈ രസത്തിനപ്പുറം സ്ത്രീകള്‍ക്ക് യാതൊരു ധര്‍മവും അധികാരവും നല്കാന്‍ തയ്യാറാകാത്ത ഒരു ശ്രേണീവ്യവസ്ഥയാണ് ഞങ്ങള്‍ക്കുവേണ്ടി കുലുങ്ങുമ്പോള്‍ അല്ലാതെ കൊങ്കകള്‍ എന്തിന് കാണിക്കണം എന്നു ലൂയീസ് ബേണ്‍സിനോട് ചോദിക്കുന്നത്. ലൈഗികകേളികളുടെ സുഖങ്ങള്‍ പുരുഷന്‍മാര്‍ക്കും സാമൂഹ്യമായ വൈഷമ്യങ്ങള്‍ സ്ത്രീകള്‍ക്കും എന്നതാണ് എക്കാലത്തെയും അധികാരഘടന. മൂറിന് 20 കുട്ടികളുണ്ടായതിന്റെ ഉത്തരവാദിത്തം മുഴുവന്‍ മിസിസ് മൂറിനാണ്. (DON'T HAVE ANY MORE MRS MOORE, Harry Castling & James Walsh 1926, Lily Morris)

പുരുഷകേന്ദ്രീകൃതമായ ദൃശ്യബോധത്തില്‍ സ്ത്രീ കാഴ്ച്ചവസ്തുവാകുന്നു, മുലകളും. സജീവമായ പുരുഷനും, നിഷ്ക്രിയയായ സ്ത്രീയും എന്നതാണു രീതി. പകര്‍പ്പുകളുടെ വില്‍പ്പന സാധ്യമാക്കിയ ചലചിത്ര വ്യവസായത്തിലാകട്ടെ ഈ ഭീകരത അതിന്റെ പാരമ്യത്തിലെത്തി. സ്ത്രീകളുടെ അവയവങ്ങള്‍ അടുപ്പിച്ചുള്ള ദൃശ്യങ്ങളിലൂടെ പ്രത്യേകമായി കാണിക്കാന്‍ (close up shots ) തുടങ്ങി. അതാസ്വദിക്കുന്ന ഒരു സൌന്ദര്യബോധത്തെയും വിപണി സൃഷ്ടിച്ചു. പുരുഷകാമത്തിന്റെ ഒരു വാഹനമായാണ് സ്ത്രീ അവതരിപ്പിക്കപ്പെടുന്നത്. ഒരു ശരീരം മാത്രമായി ചുരുങ്ങുന്ന അവസ്ഥ. ഒരു ലൈംഗിക ഭൂമിക അല്ലെങ്കില്‍ കാമനയുടെ കേന്ദ്രം.

ഇങ്ങനെ മുലകള്‍ പുരുഷന്റെ മാത്രമല്ല പുരുഷാധികാരത്തിന്റെ കൂടി ആകര്‍ഷണമായതോടെയാണ് അത് തൂങ്ങാതെ നോക്കാന്‍ മുലക്കച്ചകളും, കൊഴുപ്പിച്ചു നിര്‍ത്താന്‍ ശസ്ത്രക്രിയകളും ഒക്കെ വന്നുതുടങ്ങിയത്. മറ്റൊന്ന്, മുലകള്‍ മൂടാതെ നടക്കുന്നത് ഒരു മോശം കാര്യമാകുന്നത് മതപാപചിന്തകളുടെ ഭാഗമായിക്കൂടിയാണ്. അതുകൊണ്ടാണ് പണ്ട് കേരളത്തില്‍ ക്രിസ്ത്യന്‍ മതപ്രചാരകരുടെ ഒരു വലിയ സാമൂഹ്യപ്രവര്‍ത്തനം മുലക്കച്ചക്കുള്ള പ്രബോധനമാകുന്നത്. (തീര്‍ച്ചയായും അതില്‍ ഒട്ടേറെ മറ്റ് സാമൂഹ്യഘടകങ്ങളുണ്ട്).

ലണ്ടനിലെ സംഭവത്തിലാണെങ്കില്‍ സദാചാരത്തിന്റെ വര്‍ഗസ്വഭാവം വേര്‍തിരിഞ്ഞുകാണാം. തൊഴിലാളി സ്ത്രീകള്‍, കൃഷിപ്പണിക്കാര്‍, കൂലിപ്പണിക്കാര്‍ എന്നീ വിഭാഗത്തിലെ സ്ത്രീകള്‍ എന്നിവരൊക്കെ തങ്ങളുടെ ശരീരഭാഗങ്ങളെക്കുറിച്ച്, അവ പുറംലോകം കാണുന്നതിനെക്കുറിച്ച്, ഇത്തരം കപടസദാചാരബോധം ഉള്‍ക്കൊണ്ടവരായിരുന്നില്ല. അതെല്ലായ്പ്പോഴും ബോധപൂര്‍വമായൊരു നിലപാടായിട്ടല്ല. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശരീരത്തെക്കുറിച്ചും, ഉപരിവര്‍ഗസ്ത്രീകളുടെ ശരീരത്തെക്കുറിച്ചും വ്യത്യസ്തമായ സങ്കല്പങ്ങളാണ് ഉണ്ടായിരുന്നത്; അന്നും ഇന്നും. പെറുന്നതിന് തലേന്നുവരെ നെല്‍പ്പുരയില്‍ ഉരലില്‍ നെല്ലുകുത്തിയ പണിക്കാരികളും, പാടത്ത് പെറ്റിട്ടവരുമൊക്കെ നാട്ടിലുണ്ടായിരുന്നത് ഈ ശരീരപരിചരണത്തിന്റെ വ്യത്യസ്തതയില്‍ നിന്നുമായിരുന്നു. സുന്ദരി എന്നാല്‍ മൃദുമേനിയുള്ളവള്‍ എന്നാണ് എക്കാലത്തും വരേണ്യ സൌന്ദര്യ സങ്കല്‍പം. ‘വെണ്ണതോല്‍ക്കുമുടലില്‍ സുഗന്ധിയാം’ എണ്ണ തേച്ചിട്ടാണ് പാര്‍വതി കുളിക്കാന്‍ പോയത്. അദ്ധ്വാനിച്ചു കരുത്തുള്ള സ്ത്രീകളുടെ അംഗോപാംഗ വര്‍ണനകള്‍ ഇല്ലെന്നുതന്നെ പറയാം.

ആണുങ്ങളെ പേടിക്കാത്ത പെണ്‍മുലകളുടെ സുന്ദരകാലത്തിനായി

by Azli Jamil

വ്യാവസായിക ഇംഗ്ലണ്ടില്‍ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ശാരീരിക, സദാചാര സങ്കല്പങ്ങള്‍ ഉപരിവര്‍ഗ സ്ത്രീകളുടേതിന് സമാനമായിരുന്നില്ല. അമേരിക്കയില്‍ അടിമപ്പണിയുടെ കാലത്ത് മുലയൂട്ടല്‍ എന്ന പരിപാടിക്ക് അടിമകളായ സ്ത്രീകള്‍ക്ക് സമയമില്ലായിരുന്നു; അനുവാദമില്ലായിരുന്നു. അവരുടെ കുട്ടികളെ മുലയൂട്ടാനായി മാറ്റരുടെയെങ്കിലും അടുത്തയക്കും. ഇത്തരം കുട്ടികളില്‍ 75%-വും ചെറുപ്രായത്തില്‍ മരിച്ചുപോയിരുന്നു. മുലയൂട്ടല്‍ രാജാരവിവര്‍മയുടെ ചിത്രത്തിലെ പ്രൌഢ വനിതയുടെ കണ്ണടച്ചുള്ള നിര്‍വൃതിയായിരുന്നില്ല തൊഴിലാളി സ്ത്രീകള്‍ക്ക് ഒരുകാലത്തും എന്നും പറയാം. മനുഷ്യത്വരഹിതമായ തൊഴില്‍ സാഹചര്യങ്ങളില്‍ പട്ടിണികിടക്കാതിരിക്കാന്‍ മണിക്കൂറുകള്‍ നീണ്ട പണിയിലേര്‍പ്പെട്ടിരുന്ന ഇംഗ്ലണ്ടിലെ തൊഴിലാളി സ്ത്രീകളുടെ ശരീരം അവിടെയോ ഇവിടെയോ തുറക്കുകയോ അടയുകയോ ചെയ്യുന്നതൊന്നും അവരത്ര കാര്യമാക്കിയിരുന്നില്ല. കരിപിടിച്ച തൊലികളില്‍ സദാചാരപൌരോഹിത്യവും അത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. എന്നാലും പെറ്റ പെണ്ണുങ്ങള്‍ക്ക് മുല ചുരത്തും എന്നറിയാമായിരുന്നതുകൊണ്ട് മുതലാളിമാര്‍ അവരെ പണിക്കെടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. 1911-ല്‍ ഇംഗ്ലണ്ടില്‍ പണിശാലകളില്‍ 69% അവിവാഹിതരായ സ്ത്രീകള്‍ പണിയെടുത്തിരുന്നപ്പോള്‍ 9.6% വിവാഹിതരായ സ്ത്രീകള്‍ മാത്രമാണു ജോലി ചെയ്തിരുന്നത്. പെറാതിരുന്നാല്‍ ശമ്പളം കൂട്ടിത്തരാം എന്നുപറയുന്ന പുത്തന്‍ ഐ. ടി മുതലാളി ഇതില്‍നിന്നും എങ്ങനെയാണ് വ്യത്യസ്തനാവുന്നത്?

അപ്പോള്‍ ആഡംബര ഹോട്ടലിലെ സ്ത്രീ ശരീരത്തിന്റെ സദാചാരം തൊഴിലാളി സ്ത്രീകള്‍ക്കും ബാധകമാകണമെന്നില്ല. അതവര്‍ കൂടുതല്‍ സ്വതന്ത്രരായതുകൊണ്ടല്ല. അവരെ ഒരു ചരക്ക് എന്ന നിലയില്‍ ഉപരിവര്‍ഗം അത്ര മൂല്യമുള്ളതായി കാണുന്നില്ല എന്നതുകൊണ്ടാണ്. പിന്നെ അവര്‍ ‘നമ്മുടെ പെണ്ണുങ്ങള്‍’ അല്ലാത്തതുകൊണ്ടും. യൂറോപ്പിലാണെങ്കില്‍ ഒരുതരം ‘de-industrialisation’-അപവ്യവസായവത്കരണം നടക്കുകയാണ്. അതായത് പണിശാലകള്‍ പലതും കുറഞ്ഞ കൂലിയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പറിച്ചുനടുന്നു. യൂറോപ്പില്‍ വെള്ളക്കോളര്‍ ജോലിക്കാര്‍ അധികമാകുന്നു. അപ്പോള്‍ ഈ ഉപരിവര്‍ഗ സ്ത്രീശരീരബോധം ഒരു പൊതുബോധമാകാനുള്ള പ്രവണതയുണ്ട്.

അങ്ങനെ നഗ്നമായ മുലകള്‍ കയ്യോ കാലോ പോലെ കണ്ടിരിക്കേണ്ടതിന് പകരം മുലകളുടെ ദൃശ്യങ്ങളില്‍ ആണുങ്ങള്‍ ആഹ്ലാദിക്കാനും അസ്വസ്ഥരാകാനും തുടങ്ങി. കെട്ടിയും പൊതിഞ്ഞും വെച്ച ശരീരത്തെ ഇടക്കൊന്നു തുറന്നുകാണിച്ചു മുതലാളിത്തം വില്‍ക്കാനും തുടങ്ങി.

നഗ്നമായ മുലകള്‍ അതോടെ കാഴ്ച്ചയായി, കാണാക്കാഴ്ച്ചയുമായി.

“അങ്ങനെയിരിക്കുമ്പോഴാണ് മുലകള്‍ വരുന്നത്. ഞാന്‍ കുറെ ഏറെ മുലകള്‍ കണ്ടിട്ടുണ്ട്. പേട്ടുമുല, നെല്ലിക്കാമുല, സൂചിമുല, അടയ്ക്കാമുല, മരോട്ടിക്കായ്മുല, വഴുതനങ്ങ മുല, പമ്പരമുല, പപ്പായമുല, ചക്കമുല, എല്ലാം മുഖമ്മൂടി സോറി മുലമൂടി ഇട്ടിട്ടാണ് കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓര്‍മ്മയില്ല. മുലകള്‍ കാണുമ്പോള്‍ അത്ഭുതത്തോടെ തോന്നാറുണ്ട്; ജീവന്റെ ആധാരം!... മണ്‍മറഞ്ഞുപോയവരും ജീവിച്ചിരിക്കുന്നവരും മുലകുടിച്ചുവളര്‍ന്നവരാണ്. ഇനി വരാനുള്ളവരും മുലകുടിക്കും. മുലകള്‍ എവിടെക്കാണ്ടാലും ഞാന്‍ അത്ഭുതത്തോടെ നോക്കും. പശു, എരുമ, കുതിര, കഴുത, ആട്, സിംഹം, ആന, പന്നി, പട്ടി, പൂച്ച, എലി- ഇതൊക്കെ നഗ്നമുലകളാണ്. മനുഷ്യസ്ത്രീകള്‍ക്ക് മാത്രം മുഖമ്മൂടി ഇട്ട മുലകള്‍. നഗ്നമായവ കണ്ട ഓര്‍മ്മയില്ല. അപ്പോള്‍ വരുന്നു, ദാ, നഗ്നമായ മുലകളുടെ സുന്ദരമായ ഘോഷയാത്ര...

കുറെ അങ്ങുചെന്നപ്പോള്‍ ഓര്‍ക്കാപ്പുറത്ത് അടികിട്ടിയ മാതിരി ഒരു കാഴ്ച്ച! ഒരു പത്തിരുപത് നായര്‍സ്ത്രീകള്‍. പതിനേഴ്, പതിനെട്ട്, പത്തൊമ്പത്, ഇരുപത് ഈ വയസ്സിലുള്ളവര്‍. എല്ലാം വെളുത്ത സുന്ദരികള്‍. വെള്ളമുണ്ടുടുത്തിട്ടുണ്ട്; താറും.പിന്നെ മോളിലേക്ക് വസ്ത്രങ്ങളൊന്നുമില്ല. എല്ലാവരുടെയും തലയില്‍ വിറകുകെട്ടുണ്ട്. അത് രണ്ടുകൈകൊണ്ടും പിടിച്ച് നെഞ്ചുകള്‍ മുന്നോട്ട് തള്ളിവരുന്നു...! മുലകള്‍! മുലകള്‍! നഗ്നമുലകള്‍! എത്ര മുലകള്‍! എന്തിനെണ്ണുന്നു? എല്ലാം ജീവന്റെ ആധാരം! (ഒരു ഭഗവദ്ഗീതയും കുറെ മുലകളും, വൈക്കം മുഹമ്മദ് ബഷീര്‍) ഈ കാഴ്ച്ചയുടെ ചരിത്രവും രാഷ്ട്രീവും ബഷീര്‍ അടുത്ത വാചകങ്ങളില്‍ പറയുന്നുണ്ട്. അത് വേറെ വിഷയം.

ആണുങ്ങളെ പേടിക്കാത്ത പെണ്‍മുലകളുടെ സുന്ദരകാലത്തിനായി

by Cornelis van Haarlem

എന്നാല്‍ ജീവന്റെ ആധാരം മുലയാണെങ്കിലും പുരുഷാധികാരത്തിന്റെ ആധാരം അതിന്റെ നിയന്ത്രണമാണ്. സ്ത്രീശരീരം പുരുഷാധീശ സമൂഹത്തിലെ, അയാളുടെ കാഴ്ച്ച നിയമങ്ങള്‍ക്കനുസരിച്ച് കാണുമ്പോളാണ് മുലകളും മുല കൊടുക്കലും അശ്ലീലമാകുന്നത്. മറച്ചുപിടിക്കേണ്ട കാഴ്ച്ചയാകുന്നത്.

മുലകുടി മാറാത്ത ആണുങ്ങളുടെ ലോകത്ത് കുഞ്ഞുങ്ങളും സ്ത്രീകളും കുറഞ്ഞ അവകാശങ്ങളുള്ള ജന്തുക്കളാണ്. അയാളുടെ അധികാരവും ഉന്‍മാദാവും പ്രയോഗിക്കപ്പെടുന്ന ജന്തുക്കള്‍. അതില്‍ മായ്ച്ചുകളയാനാകാത്ത അസൂയ കൂടി വരുമ്പോള്‍ മുലകുടിക്കുന്ന കുഞ്ഞ് അയാളുടെ ശത്രുവാണ്. അയാളുടെ അധികാരത്തിനും ഉടമസ്ഥതയ്ക്കും നേരെയും അയാളിലെത്തന്നെ ശിശുവിനെയും വെല്ലുവിളിക്കുന്ന ശത്രു.

“ഉമ്മറത്തിരുന്നു പാറുവമ്മ കുട്ടിക്ക് മുല കൊടുക്കുന്നു. കുട്ടിയുടെ ഒരു കൈ മറ്റെ മുലയിലുണ്ട്. കുഞ്ഞിരാമന്‍ നായര്‍ പാറുവമ്മയുടെ മുലയിലേക്ക് ഒന്നൊളികണ്ണിട്ടു നോക്കി. അതിന്മേല്‍ നോക്കാനുള്ള പൂതി കുഞ്ഞിരാമന്‍ നായര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. കുഞ്ഞിരാമന്‍ നായര്‍ നോക്കുന്നെന്ന് തോന്നിയാല്‍ കുട്ടിയുടെ കൈ മാറ്റി പാറുവമ്മ കാണിച്ചുകൊടുക്കും. മുല കുടിച്ചുകൊണ്ടിരുന്ന കുട്ടി വായില്‍നിന്നും മുലക്കണ്ണെടുക്കാതെ തിരിഞ്ഞു. അപ്പോഴത്തെ അവന്റെ നോട്ടം നേരിടാനാവാതെ കുഞ്ഞിരാമന്‍ നായര്‍ ധൃതിയില്‍ അകത്തേക്ക് കയറി.

താന്‍ നോക്കുന്നെന്ന് കുട്ടി മനസിലാക്കുന്നുണ്ടോ?”

മുതിര്‍ന്ന പുരുഷന്റെ ശത്രുവാണ് ശിശു. അയാള്‍ അധികാരം കൊണ്ട് നിയന്ത്രിക്കുന്ന ഒരു ശരീരത്തെ, സമ്മതത്താലും സ്നേഹത്താലും അനുഭവിക്കുന്ന മറ്റൊരു മനുഷ്യന്‍. അത് കരയുമ്പോള്‍ മുല കിട്ടുന്നു, മുലപ്പാലും കിട്ടുന്നു. അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീ തന്റെ ശരീരം പങ്കുവെക്കുന്നു. ആണിന്റെ ഭോഗത്തിനും അധികാരത്തിനും മുന്നിലല്ലാതെയും മുലകള്‍ ഉപയോഗിക്കുകയാണ്. (മാതൃത്വം ഒരു പണിയായി മാറുന്നതും അത് നിലവിലെ പുരുഷാധികാര വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒരു സ്ഥാപനമായി മാറുന്നതും മറ്റൊരു വിഷയമാണ്). കുട്ടി മുലകുടിക്കുമ്പോള്‍ മുലയുടെ ഉപയോഗമൂല്യമാണ് അനുഭവിക്കുന്നത്; ആണ്‍മുതലാളിയായ ഭര്‍ത്താവ് മുല പിടിക്കുമ്പോള്‍ അതിന്റെ മിച്ചമൂല്യത്തെയാണ് ചൂഷണം ചെയ്യുന്നതെന്ന് മാര്‍ക്സും ഫ്രോയിഡും കൂടിയാണ് ‘ദാസ് കാപ്പിറ്റല്‍’ എഴുതിയതെങ്കില്‍ വാദിച്ചേനെ.

ലൂയീസ് ബേണ്‍സിനോട് മുല മൂടാന്‍ പറഞ്ഞത് ലണ്ടനിലെ അസൂയക്കാരനായ പടനായരും ഹനുമാന്‍സേനക്കാരുമാണ്. മുതലാളിത്തം സ്ത്രീക്ക് ഏത് പരിധിവരെയുള്ള സ്വാതന്ത്ര്യം നല്കും എന്നതിലേക്കും ഇതൊരു കണ്ണാടിയാണ്. അധികാരത്തിന്റെ ഭോഗഭൂമിയില്‍ ആണുങ്ങളുടെ ശത്രുക്കളാണ് മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍, പൊതിഞ്ഞുകെട്ടാത്ത മുലകള്‍. അധീശത്വം എടുത്തുകളഞ്ഞാല്‍ പിന്നെ മാത്യൂ വെല്ലൂരിന് കൈകാര്യം ചെയ്യാനുള്ള ആണ്‍കോയ്മയെ ഉള്ളൂ. അതുകൊണ്ട് മുലകുടിയും മുലകൊടുക്കലും ഒരു രാഷ്ട്രീയസമരം കൂടിയാണ്. അധികാരത്തിന്റെ ഭാരമില്ലാതെ മുല കൊടുക്കാനും കുടിക്കാനുമുള്ള ഒരു കാലത്തിനായുള്ള സമരമാണ് നടക്കേണ്ടത്. ആണുങ്ങളെ പേടിക്കാത്ത പെണ്‍മുലകളുടെ സുന്ദരകാലം!