തീവ്ര സ്വഭാവ ഗ്രൂപ്പുകളും ലൈംഗിക അധിക്ഷേപ ചാറ്റുകളും; ക്ലബ് ഹൗസ് നിരീക്ഷണ വിധേയമാകുമ്പോള്‍

 
D


സാമൂഹമാധ്യമം എന്ന പേര് ഏറ്റവും കൂടുതല്‍ യോജിക്കുന്നത് ക്ലബ് ഹൗസിനാണെന്ന് പറയുന്നവരാണ് ഏറെയും. കാരണം ഇവിടെ എല്ലാം പരസ്യമാണെന്നത് തന്നെ, ഒന്നും രഹസ്യമല്ല,  നിങ്ങള്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, കേള്‍ക്കുന്ന ചര്‍ച്ചകള്‍, പറയുന്ന വിവരങ്ങള്‍ തുടങ്ങി എല്ലാം പരസ്യമാണ്. ഒരു പരിധിവരെ മറ്റു സമൂഹമാധ്യമങ്ങളിലേതു പോലുള്ള ഒരു പ്രൈവറ്റ് സ്‌പേസ്(പ്രൈവറ്റ് റൂമുകള്‍ ഒഴിച്ചാല്‍) ക്ലബ് ഹൗസിലില്ലെന്ന് പറയാം. അതു തന്നെയാണ് ഈ ആപ്പിനെ വില്ലനാക്കുന്നതും.  

ക്ലബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം ഉള്‍പ്പെടെ വ്യാപകമായി സമൂഹത്തിന് ദോഷകരമായ രീതിയിലെ ചര്‍ച്ചകള്‍ നടക്കുന്നതായാണ്‌
പൊലീസ് കണ്ടെത്തല്‍. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന റൂമുകളും ഇതില്‍ സജീവമാണെന്നാണ് നിരീക്ഷണം. ഇത്തരം ഗ്രൂപ്പുകളുടെ  അഡ്മിന്‍മാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍ നിരീക്ഷണം ആരംഭിച്ചിരിക്കെയാണ്. 
പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ, സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായിരുന്നു നിരീക്ഷണം. ഇതിന്റെ ഭാഗമായാണ് ക്ലബ് ഹൗസ് ചാറ്റ് റൂമുകളിലും പൊലീസ് നിരീക്ഷണം നടത്തിയത്. 

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിലൂടെ വളരെ വേഗം ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ഹൗസ്.
ആദ്യഘട്ടത്തില്‍ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പുറത്തുവരുന്നത് ക്ലബ് ഹൗസ്
ദുരുപയോഗം ചെയ്യുന്നുവെന്ന റിപോര്‍ട്ടുകളായിരുന്നു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരെ കണ്ടെത്താന്‍ ഓപ്പറേഷന്‍ പി-ഹണ്ടെന്ന പേരില്‍ പൊലീസ് നിരീക്ഷണമുണ്ട്. ഇതേ മാതൃകയിലാണ് ക്ലബ് ഹൗസുകളെയും നിരീക്ഷിക്കുന്നതെന്നാണ് വിവരം.  

ക്ലബ് ഹൗസിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍നും രംഗത്തു വന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്ലബ് ഹൗസില്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ക്ലബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ 18 വയസ്സുകഴിഞ്ഞവര്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആള്‍മാറാട്ടവും, ഓഡിയോ റൂമുകളിലെ ഇടപെടലും

ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‌ക്രീന്‍ റെക്കോഡ് ഓപ്ഷനിലൂടെ മറ്റൊരാള്‍ക്ക് റെക്കോര്‍ഡ് ചെയ്ത് മറ്റ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാനും കഴിയുംമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  സ്‌ക്രീന്‍ റെക്കോഡ് ഓപ്ഷനിലൂടെ റൂമുകളില്‍ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവന്‍ പ്രൊഫൈല്‍ ചിത്രങ്ങളും റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോയില്‍ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. അസഭ്യമല്ലാത്ത സംഭാഷണങ്ങള്‍ക്കൊപ്പം റൂമിലെ പങ്കാളുകളുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയില്‍ കാണുന്നു, റെക്കോര്‍ഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ സ്വകാര്യ റൂമുകളില്‍ 'സെന്‍സറിംഗ്' ഇല്ലാതെ പറയുന്ന വിവരങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ വൈറല്‍ ആകുന്നു.

ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഒരാള്‍ ഒരു റൂമില്‍ കയറിയാല്‍ ആ വിവരം അവരെ പിന്തുടരുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവര്‍ക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്‌ക്രീന്‍ഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്. മുമ്പും പൊലീസ് ഇക്കാര്യത്തില്‍ മുന്നറിയിപ്പുമായി എത്തിയിരുന്നു. 

ക്ലബ്ഹൗസല്‍ വ്യാപകമായി ഐഡികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയാണെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു.  ഫേസ്ബുക്കിലെ അടക്കം പ്രശസ്തരുടെ  പേരില്‍ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്.  ക്ലബ് ഹൗസില്‍ അംഗത്വമെടുത്തവര്‍  പക്ഷെ  ഇത് ഒരു സുരക്ഷിത പ്ലാറ്റ് ഫോമാണ്  എന്ന് കരുതാം. പ്രത്യേകിച്ചും ആരാണ് നിങ്ങളെ ഇന്‍ വൈറ്റ് ചെയ്തത് എന്ന വിവരം ലഭ്യമായിട്ടുള്ളപ്പോള്‍. പക്ഷെ വെര്‍ച്ച്വല്‍ നമ്പറുകള്‍, നിയമവാഴ്ചയില്ലാത്ത രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഉള്ള നമ്പറുകള്‍ ഉപയോഗിച്ചാല്‍ പലപ്പോഴും ഉറവിടം കണ്ടെത്താന്‍ പറ്റാത്ത അക്കൗണ്ടുകള്‍ സൃഷ്ടിക്കാം. സ്ത്രീകളുടെ ശബ്ദം പുരുഷന്‍ ന്റെതാക്കുന്നതിനും തിരിച്ചും ഉള്ള ആപ്പുകള്‍ ലഭ്യമാണ്. അതുകൊണ്ട് ഇത്തരം തട്ടിപ്പുകളുടെ കഥകളും പുറത്തുവരുന്നുണ്ട്.