കേരളത്തില്‍ 'കൊറോണ' തോറ്റു; 'മോഡി' ജയിച്ചു

 
കേരളത്തില്‍ 'കൊറോണ' തോറ്റു; 'മോഡി' ജയിച്ചു

സത്യമാണ്, കേരളത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കൊറോണ തോല്‍ക്കുകയും സിപിഎമ്മിന്റെ മോഡി ജയിക്കുകയും ചെയ്തു. വ്യത്യസ്തമായ പേരുകൊണ്ട് ഇക്കുറി വാര്‍ത്താപ്രാധാന്യം നേടിയ രണ്ട് സ്ഥാനാര്‍ഥികളായിരുന്നു കൊറോണ തോമസും ജിജോ മോഡിയും. കൊല്ലം കോര്‍പ്പറേഷനിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കൊറോണ തോറ്റു. അതേസമയം, പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം സീറ്റില്‍ മത്സരിച്ച ജിജോ മോഡി മത്സരിക്കുകയും ചെയ്തു.

കൊല്ലം മതിലില്‍ ഡിവിഷനിലാണ് കൊറോണ മത്സരിച്ച് തോറ്റത്. 121 വോട്ടുകള്‍ നേടി ആര്‍എസ്പിയുടെ ടെല്‍സ തോമസാണ് ഇവിടെ ജയിച്ചത്. എല്‍ഡിഎഫിന്റെ അനീറ്റ വിജയന്‍ രണ്ടാം സ്ഥാനക്കാരി ആയപ്പോള്‍ കൊറോണയ്ക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൊറോണയെന്ന മഹാമാരിയെക്കുറിച്ച് ധാരണപോലും ഇല്ലാതിരുന്ന നാളില്‍ മാതാപിതാക്കള്‍ നല്‍കിയ പേരാണ് കൊറോണ. 'പ്രകാശം പരത്തുന്നവള്‍' എന്ന അര്‍ത്ഥത്തിലാണ് മാതാപിതാക്കള്‍ അത്തരമൊരു പേരിടാന്‍ കാരണം.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലായപ്പുഴ ഡിവിഷനില്‍ നിന്നാണ് ജിജോ മോഡി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മില്‍ മോഡിയോ? എന്ന ആളുകളുടെ കൗതുകം ജിജോയ്ക്ക് നേട്ടമായി. 15199 വോട്ടുകള്‍ക്കായിരുന്നു ജയം. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് സിപിഎമ്മിലെ മോഡി നേടിയെടുത്തത്. കോണ്‍ഗ്രസിന്റെ സാവുവല്‍ കിഴക്കുപുറത്തായിരുന്നു എതിരാളി. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് ജിജോ മോഡി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.