എയര്‍ ഹോസ്റ്റസ്, സ്റ്റുഡിയോ നടത്തിപ്പുകാരി, വിവാഹമോചിത, 'ഓഫ്ബീറ്റ് ഗോവ' സ്ഥാപക; വിജയ പെയ്സ് നടക്കുന്ന അസാധാരണ വഴികള്‍

 
എയര്‍ ഹോസ്റ്റസ്, സ്റ്റുഡിയോ നടത്തിപ്പുകാരി, വിവാഹമോചിത, 'ഓഫ്ബീറ്റ് ഗോവ' സ്ഥാപക; വിജയ പെയ്സ് നടക്കുന്ന അസാധാരണ വഴികള്‍

2014-ല്‍ വിജയ ജോസഫൈന്‍ പയിസ്, ഓഫ്ബീറ്റ് ഗോവ എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങി. താന്‍ ജീവിക്കുന്ന ഗോവയിലെ ഓഫ് സീസണ്‍ സമയത്തെ കാഴ്ചകള്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു വിജയയുടെ ലക്ഷ്യം. വെറുമൊരു സോഷ്യല്‍ മീഡിയ ഗ്രൂപ്പായി തുടങ്ങിയ ഇത് ഇന്ന് വളര്‍ന്ന് 21,000 അംഗങ്ങളുള്ള ഒന്നായി മാറിയിരിക്കുന്നു, ബീച്ച് വൃത്തിയാക്കല്‍ മെഡിറ്റേഷന്‍ വര്‍ക്‌ക്ഷോപ്പുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഹെല്‍പ്പ്‌ലൈന്‍, പെറ്റ് അഡോപ്ഷന്‍ ക്യാംപുകള്‍ തുടങ്ങി സജീവമാണ് ഇന്നത്. വിജയയുടെ കഥയാണ് ഇഷീ.ഇന്‍ പറയുന്നത്.

ഈ വര്‍ഷം 40 വയസു തികയുന്ന വിജയയുടെ ജീവിതം വളരെ രസകരമാണ്. അഞ്ചു മക്കളില്‍ ഇളയ ആളായി ഒരു കാത്തലിക് കുടുംബത്തില്‍ ജനനം, വളര്‍ന്നത് ദുബായില്‍. വിജയ്ക്ക് ആറു വയസുള്ളപ്പോള്‍ കുടുംബം മുംബൈയിലെ ബാന്ദ്രയിലേക്ക് പറിച്ചു നട്ടു. പിതാവ് സ്വയം പാട്ടുപഠിച്ച് പാടുന്ന ആളായിരുന്നതിനാല്‍ കുടുംബത്തിലെല്ലാവര്‍ക്കും ആ താത്പര്യമുണ്ടായി, സ്വാഭാവികമായി വിജയയ്ക്കും. അങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ലായിരുന്നെങ്കിലും ഒരു ട്രാവല്‍ ജേര്‍ണലിസ്റ്റ് ആകുന്നതിനേ കുറിച്ച് അവര്‍ ചെറുപ്പത്തിലേ സ്വപ്നങ്ങള്‍ കണ്ടു, മൃഗങ്ങളോട് അടങ്ങാത്ത ഇഷ്ടം, അങ്ങനെ 12-ാം വയസില്‍ വെജിറ്റേറിയനുമായി.

23-ാം വയസില്‍ എമിരേറ്റസ് എയര്‍ലൈന്‍സില്‍ ചേര്‍ന്ന് വിജയ ദുബായിലേക്ക് തിരികെ പോയി. സഹോദരിയുമൊത്ത് സ്വതന്ത്രമായ ജീവിതം. അഞ്ചു വര്‍ഷത്തിനു ശേഷം ഒമ്പതുവര്‍ഷമായി പ്രണയിച്ചിരുന്നയാളെ വിവാഹം കഴിച്ച് വീണ്ടും മുംബൈയിലേക്ക്. പക്ഷേ, ജീവിതം വിജയയെ കൊണ്ടു പോയത് മറ്റൊരു വഴിക്കാണ്, വിവാഹജീവിതം ഒരു മാസം കൊണ്ട് അവസാനിച്ചു. അതിനിടെ, ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ ജോലിയും പോയി. ആശിക്കാനൊന്നുമില്ലാത്ത അവസ്ഥ.

എമിരേറ്റസ് എയര്‍ലൈന്‍സില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം

അപ്പോള്‍ 29 വയസുണ്ടായിരുന്ന വിജയ തന്റെ മാതാപിതാക്കള്‍ക്കരുകിലേക്ക് മടങ്ങി. "വിവാഹമോചനം എന്നെ തളര്‍ത്തിയില്ല. മറിച്ച് അതെനിക്ക് നല്‍കിയത് കൂടുതല്‍ ശുദ്ധവായുവും അതുപോലെ എന്നെ തന്നെ കണ്ടെത്താനുള്ള കൂടുതല്‍ അവസരങ്ങളുമാണ്", അവര്‍ പറയുന്നു.

അതിനിടെ, പരീക്ഷണ ഫോട്ടോഗ്രാഫിയിലും മറ്റുമൊക്കെയുള്ള തന്റെ താത്പര്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരാളെ വിജയ കണ്ടുമുട്ടി. അവര്‍ ഒരുമിച്ച് ഒരു സ്റ്റുഡിയോ തുടങ്ങാന്‍ തീരുമാനിച്ചു. 2010-ല്‍ ലോവര്‍ പരേലില്‍ തുടങ്ങിയ സ്റ്റുഡിയോ തേര്‍ഡ് ഐ മൂന്നു വര്‍ഷം മുന്നോട്ടു പോയി. അത് അവര്‍ക്ക് സംതൃപ്തി നല്‍കുന്ന ജോലിയായിരുന്നു, ഒപ്പം, പ്രമുഖ മാഗസിനുകള്‍ അടക്കമുള്ളവയുടെ പരസ്യങ്ങളും അവരുടെ സംരംഭത്തെ തേടിയെത്തി.

പക്ഷേ, മുംബൈ പോലൊരു നഗരത്തില്‍ ജീവിക്കുന്നതിന്റെ സമ്മര്‍ദ്ദം അത്ര ചെറുതല്ല. തന്റെ ഉള്ളില്‍ അതനുഭവപ്പെടുന്നത് വിജയയ്ക്ക് മനസിലായി. സ്റ്റുഡിയോ അടച്ചുപൂട്ടി, പ്രായമായ മാതാപിതാക്കള്‍ക്ക് ആശങ്ക കൂട്ടി, അതുവരെ കൂടെയുണ്ടായിരുന്നതുമൊക്കെ പിന്നിലുപേക്ഷിച്ച് വിജയ ഗോവയിലെ കണ്ടോലിമിലേക്ക് പോയി.

പിന്നാലെ എല്ലാ ചുമതലകളും വിജയ ഒറ്റയ്‌ക്കേറ്റെടുത്തു. കുടുംബത്തെയും അവിടേക്ക് മാറ്റി. ഏതാനും മാഗസിനുകളില്‍ എഴുത്തുമൊക്കെയായി ജീവിതം തുടങ്ങിയതോടെ സാംസ്‌കാരികമായി തന്നെത്തന്നെ അടയാളപ്പെടുത്തുന്ന ഗോവ തന്നെയാണ് തന്റെ വീട് എന്ന് വിജയ തിരിച്ചറിഞ്ഞു.

അമ്മയ്ക്കൊപ്പം

"ഗോവ ഒരു അത്ഭുത പ്രദേശമാണ്. അത് നിങ്ങളെ മുഴുവനായി മാറ്റിക്കളയും. ഇവിടേക്ക് മാറുന്നവര്‍ ഒന്നുകില്‍ സിറ്റി ജീവിതത്തില്‍ എരിപൊരി കൊണ്ടിരുന്നവര്‍, വിവാഹമോചനത്തെയൊക്കെ തുടര്‍ന്ന് ഹൃദയം തകര്‍ന്നവര്‍, അല്ലെങ്കില്‍ ഉടോപ്യന്‍ സ്വപ്നം കാണുന്നവര്‍", വിജയ പറയുന്നു. ഗോവയില്‍ സ്വന്തം ജീവിതം വിജയ കണ്ടെത്തുകയായിരുന്നു.

വിജയയുടെ ഫേസ്ബുക്ക് പേജ് പതുക്കെ പച്ചപിടിച്ചു തുടങ്ങിയതോടെ സോഷ്യല്‍ മീഡിയ വഴിയുള്ള ജോലികളും കൂടുതലായി ഏറ്റെടുത്തു തുടങ്ങി. പുതിയ ബിസിനസുകള്‍ തുടങ്ങുന്നവര്‍ക്ക് ഏറെ സഹായകമായിരുന്ന കാര്യങ്ങളായിരുന്നു അവര്‍ തന്റെ പേജിലൂടെ നല്‍കിയിരുന്നത്. ഇതനുസരിച്ച് പണം വന്നുകൊണ്ടിരുന്നെങ്കിലും എവിടെയോ ഒരതൃപ്തി തനിക്കുള്ളതായി വിജയ തിരിച്ചറിഞ്ഞു. തുടര്‍ന്ന് മുംബൈയിലുള്ള ഒരു വിര്‍ച്വല്‍ ലൈഫ് കോച്ചുമായി വിജയ ബന്ധപ്പെട്ടു അപ്പോഴാണ്, "സ്വന്തം കാര്യം മാത്രം നോക്കുമ്പോഴല്ല, മറിച്ച് മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് എനിക്ക് ശരിക്കും സന്തോഷമുണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞത്", വിജയ പറയുന്നു.

കോല്‍ഹാപ്പൂരില്‍ വിപാസന മെഡിറ്റേഷന്‍ ആരംഭിച്ചതോടെയാണ് വലിയൊരു മാറ്റം തോന്നിത്തുടങ്ങിയതെന്ന് വിജയ പറയുന്നു. ഇതിനിടെ 2018-ല്‍ വിജയയുടെ പിതാവ് അന്തരിച്ചു.

ബദലായുള്ള ആശ്വാസമാര്‍ഗങ്ങളാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞതോടെ, അസാഗാവോയിലുള്ള ശാലാ 142 എന്ന യോഗയും സംഗീതവും ചേര്‍ന്ന വര്‍ക്‌ക്ഷോപ്പുകള്‍ നടത്തുന്ന സ്ഥലം വിജയ കണ്ടെത്തി. പിന്നാലെ ആരോഗ്യകരവും സമഗ്രവുമായ വേഗന്‍ സമൂഹത്തിനായി ന്യൂ എര്‍ത്ത് ഗാദറിംഗ് എന്നൊരു മാര്‍ക്കറ്റും വിജയ സ്ഥാപിച്ചു. ജനങ്ങള്‍ക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ചും ഭക്ഷണശീലത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കുക എന്നതു കൂടിയാണ് ഇതിന്റെ ലക്ഷ്യം.

"ജനങ്ങളെ സഹായിക്കുന്നതിനായി ഒരു സമൂഹ കൂട്ടായ്മ ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. സാധനങ്ങള്‍ പുനരുപയോഗം ചെയ്യാനും അതുവഴി പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള കാര്യങ്ങളാണ് അതുവഴി ലക്ഷ്യമിടുന്നത്", വിജയ പറയുന്നു. ഒന്നില്‍ നിന്ന് ഒന്നിലേക്ക്, ക്ലോസറ്റ് വൃത്തിയാക്കല്‍ മുതല്‍ വിവിധ സന്നദ്ധ സംഘടനകളെയും അനാഥാലയങ്ങളെയും സഹായിക്കല്‍, മൃഗസംരക്ഷണം, വൃദ്ധസദനങ്ങള്‍... അങ്ങനെ ആ നിര പതിയെ നീണ്ടു.


പിന്നാലെ വിജയയും സമാനമന:സ്ഥിതിയുള്ള മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ഗോവ ഹ്യൂമാനിറ്റേറിയന്‍ ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചു. രാജ്യം ലോക്ഡൗണിലേക്ക് പോയ അന്നായിരുന്നു ഇത്. വയോജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കിക്കൊണ്ടായിരുന്നു തുടക്കം. ഇതാരംഭിച്ച് അഞ്ചുമണിക്കൂറിനുള്ളില്‍ അവര്‍ക്ക് ലഭിച്ചത് 40,000 ഫോണ്‍ കോളുകളാണ്. അതോടെ കൂടുതല്‍ വോളന്റിയര്‍മാരെ കൂട്ടിച്ചേര്‍ക്കുകയും അതൊരു വലിയ മുന്നേറ്റമാവുകയും ചെയ്തു.

വിജയ തുടക്കം കുറിച്ച ഓഫ്ബീറ്റ് ഗോവ ഈ പ്രവര്‍ത്തനങ്ങളെയെല്ലാം ഏകോപിപ്പിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നു. ഇന്ന് ഗോവയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണിത്. പ്രാദേശികമായ, ചെറിയ ബിസിനസുകള്‍, ഓഫ്ബീറ്റ് അനുഭവങ്ങള്‍, പരിപാടികള്‍ ഒക്കെയാണ് തങ്ങള്‍ നല്‍കുന്നതെന്ന് വിജയ പറയുന്നു. "പ്രദേശത്തെ ആളുകള്‍, ഉത്തരവാദിത്തപ്പെട്ട ടൂറിസം എന്നിവയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്", വിജയ കൂട്ടിച്ചേര്‍ക്കുന്നു.