Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

 
Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി കമ്മീഷനെ നിയോഗിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ 2017 മേയ് 17-ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പരാതി നല്‍കിയതിനു പിന്നാലെയായിരുന്നു ജസ്റ്റിസ് ഹേമ കമ്മീഷന്റെ നിയമനം. നടി ശാരദ, റിട്ട ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരും കമ്മീഷനിലെ അംഗങ്ങളാണ്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഇത്തരത്തിലൊരു കമ്മീഷനെ നിയോഗിക്കല്‍. എന്നാല്‍ നിയമനം കഴിഞ്ഞ് ആറു മാസമായിട്ടും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്തു വിടാത്ത സാഹചര്യത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കി. ഇതിനു പിന്നാലെ കമ്മീഷന്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ മലയാള സിനിമ അഭിനേതാക്കളുടെ കൂട്ടായ്മയായ 'അമ്മ' നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപിനെ കഴിഞ്ഞ ദിവസം സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇതിനൊപ്പം ജസ്റ്റിസ് ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ഉയര്‍ന്നിരിക്കുന്ന പരാതികള്‍ സംബന്ധിച്ചും ജസ്റ്റിസ് ഹേമ അഴിമുഖവുമായി സംസാരിക്കുന്നു.

സിനിമയിലെ സ്ത്രീകള്‍ ധീരമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോവുന്ന സമയമാണ്. ഇനി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. എവിടെവരെയായി കമ്മീഷന്‍ പഠനങ്ങള്‍?

കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയാണ്. തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ അത് ആക്ടീവ് ആയി പോവുന്നു. പക്ഷെ കമ്മിറ്റി പഠിക്കുന്നത് അത്രയും സെന്‍സിറ്റീവും സെന്‍സേഷണലുമായ വിഷയമായതിനാല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതിന് ഇനിയും സമയമെടുക്കും. വിഷയത്തെ വളരെ സൂക്ഷ്മതലത്തില്‍ കൈകാര്യം ചെയ്യേണ്ടതാണ്. എന്നാല്‍ അടുത്ത സമയത്ത് സിനിമാ മേഖലയില്‍ ഉണ്ടായ മാറ്റങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ അറിവില്ല. ഞാന്‍ ചാനല്‍ നോക്കുകയോ പത്രം വായിക്കുകയോ ചെയ്യുന്നയാളല്ല.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആറ് മാസത്തെ സമയം ചോദിച്ചിരിക്കുകയാണല്ലോ?

സമയം നീട്ടി ചോദിച്ചു. സര്‍ക്കാര്‍ അത് സംബന്ധിച്ച ഓര്‍ഡര്‍ ഒന്നും തന്നിട്ടില്ല. എന്നാല്‍ ചലച്ചിത്ര അക്കാദമിയും സര്‍ക്കാരുമായും ഇപ്പോഴും വളരെ നല്ല രീതിയില്‍ കമ്മ്യൂണിക്കേഷന്‍ നടക്കുന്നുണ്ട്. അതിനാല്‍ പഠനം മുന്നോട്ട്‌ കൊണ്ടുപോവാന്‍ സര്‍ക്കാര്‍ അനുവദിച്ചു എന്ന് തന്നെയാണ് കണക്കാക്കുന്നത്.

ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ചുമതലപ്പെടുത്തിയ സമിതി ഒരുവര്‍ഷമടുക്കുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പഠനം പൂര്‍ത്തിയാക്കിയിട്ടുമില്ല. സമിതിയുടെ പ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നു. റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിക്കാനാവും എന്നാണ് കരുതുന്നത്?

അങ്ങനെ ചോദിച്ചാല്‍ എത്രയും പെട്ടെന്ന് എന്നേ ഞാന്‍ പറയൂ. അതാണെനിക്ക് ആഗ്രഹവും. പക്ഷെ പറ്റില്ല. വളരെയധികം ജോലികളുണ്ട്. എന്താണ് സിനിമ മേഖലയില്‍ നടക്കുന്നതെന്ന് അറിയണം, പഠിക്കണം. ഒരു ഭാഗത്തെ ആരോപണങ്ങള്‍ മാത്രം കേട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പറ്റില്ല. ഇരുഭാഗങ്ങളും കേള്‍ക്കണം. അതിന് സമയമെടുക്കും. രേഖകള്‍ പരിശോധിക്കണം, തെളിവുകള്‍ ശേഖരിക്കണം. അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ കേള്‍ക്കണം. നടിമാരുടെ മാത്രമല്ല, സിനിമയിലെ ഏതെല്ലാം മേഖലകളില്‍ സ്ത്രീകളുണ്ടോ അവരുടെയെല്ലാം വിഷയങ്ങള്‍ പഠിക്കേണ്ടതുണ്ട്. വിവരശേഖരണം ആവശ്യമാണ്. സിനിമയിലെ കണ്ടന്റില്‍ എത്രത്തോളം ലിംഗനീതി പുലര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കണം. അത് ഉറപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണം. അങ്ങനെ പലവിധ കാര്യങ്ങള്‍ പഠനത്തില്‍ വരും. ഒന്നും രണ്ടുമല്ല, അതിവിശാലമായ, സങ്കീര്‍ണമായ വിഷയങ്ങളാണ് പഠിക്കേണ്ടത്. വളരെ വേഗം ജോലി ചെയ്യുന്ന ആളായിട്ട് കൂടി എനിക്കത് ചെയ്യാന്‍ കഴിയുന്നില്ല. അത്രത്തോളമുണ്ട് വിഷയത്തിന്റെ വ്യാപ്തി.

സിനിമാമേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന/നേരിടുന്ന വിഷയങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ മനസ്സിലാവുന്നത് എന്താണ്?

അത് അത്ര എളുപ്പം പറയാവുന്ന ഒരു കാര്യമല്ല. വര്‍ക്ക് പ്ലേസ് എന്നതിന് പറഞ്ഞിരുന്നതോ പറയുന്നതോ ആയ ഡെഫനിഷന്‍ തന്നെ മാറ്റേണ്ടതായി വരും. ലൊക്കേഷന്‍, സ്റ്റുഡിയോ എന്നീ രണ്ടിടങ്ങളാണ് ഇതിനായി പറയപ്പെട്ടിരുന്നത്. എന്നാല്‍ സിനിമ മേഖലയില്‍ തൊഴിലിടം എന്നത് അതില്‍ അവസാനിക്കുന്നില്ല. ഈവന്‍ എ കാരവാന്‍ കാന്‍ ബീ എ വര്‍ക്ക് പ്ലേസ്. കാരവാന്‍ ആയിരിക്കാം ഒരുപക്ഷേ മേക്കപ്പ് ചെയ്യുന്നയിടം. അവിടേക്ക് ആര്‍ക്കെല്ലാം പ്രവേശനം ഉണ്ട് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കണം. പഴയ തലമുറയും പുതിയ തലമുറയും നേരിട്ടിരുന്ന, നേരിടുന്ന വിഷയങ്ങള്‍ പഠിക്കണം. പഴയ തലമുറയിലെ സ്ത്രീകള്‍ അതെങ്ങനെ നേരിട്ടിരുന്നു, പുതിയ തലമുറക്കാര്‍ എങ്ങനെയാണ് അത് നേരിടുന്നത് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഉണ്ട്. വളരെ മൈന്യൂട്ട് ആയ കാര്യങ്ങള്‍ പോലും സമഗ്രതയോടെ, വിശാലമായ ഒരു തലത്തില്‍ കൈകാര്യം ചെയ്യണം. എന്നാല്‍ മാത്രമേ അവയെയെല്ലാം കൂട്ടിയിണക്കി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവൂ.

ഓണറേറിയം ആവശ്യപ്പെടുന്നു, എറണാകുളത്ത് ഓഫീസ് വേണമെന്ന് ശഠിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങള്‍ കമ്മിറ്റിയെക്കുറിച്ച് ഉയരുന്നു. അത് സംബന്ധിച്ച് എന്താണ് പറയാനുള്ളത്?

എനിക്കിതെല്ലാം കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. ഇത്തരം വിമര്‍ശനമുന്നയിക്കുന്നവരോട് സഹതാപവും. ഞാനുള്‍പ്പെടെ മൂന്ന് അംഗങ്ങളുള്ളതാണ് കമ്മിറ്റി. നടി ശാരദ ചെന്നൈയിലും കെ ബി വത്സലകുമാരി തിരുവന്തപുരത്തും ഞാന്‍ എറണാകുളത്തുമാണ് താമസം. എവിടെ ഓഫീസ് തുടങ്ങിയാലും അത് എന്നെയോ മറ്റ് കമ്മിറ്റി അംഗങ്ങളേയോ ബാധിക്കുന്ന കാര്യമല്ല. ചെന്നൈയില്‍ ഓഫീസ് തുടങ്ങുന്നത് പ്രായോഗികമല്ല. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലിരിക്കാതെ അവിടുത്തെ കാര്യങ്ങള്‍ നടക്കില്ല. സ്റ്റാഫുകളെ മെയിന്റൈന്‍ ചെയ്യണം, ഫയലുകള്‍ സൂക്ഷിക്കണം, അങ്ങനെ പല ജോലികളുണ്ട്. നല്ലപോലെ കഷ്ടപ്പെടേണ്ടിവരും. ഞങ്ങള്‍ പ്രത്യേകിച്ച് ഓഫീസ് ഇല്ലാതെ, ഇരിക്കാന്‍ ഇടമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട സമയം അദ്ദേഹം തന്നെയാണ് എറണാകുളത്ത് ഓഫീസ് തുടങ്ങുന്ന കാര്യം പറയുന്നത്. അങ്ങനെ അത് എറണാകുളത്തായി എന്ന് മാത്രം. തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങുന്നതില്‍ എനിക്ക് എതിര്‍പ്പില്ല എന്ന് മാത്രമല്ല, ഞാന്‍ കുറച്ചുകൂടി ഫ്രീ ആവുകയും ചെയ്യും. ഇപ്പോള്‍ ഞാന്‍ മാത്രമാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. അതില്‍ നിന്ന് മാറാന്‍ എനിക്ക് സന്തോഷമേയുള്ളൂ.

പിന്നെ ഓണറേറിയം, ഞങ്ങളാരും ഇതേവരെ അത് ചോദിച്ചിട്ടുമില്ല, ഇനി ചോദിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. പണത്തിന് വേണ്ടി ജോലി ചെയ്യുന്നവരല്ല മൂന്ന് പേരും എന്നതാണ് ഞങ്ങളുടെ ഏറ്റവും പോസിറ്റീവ് ആയ കാര്യം. ഞങ്ങള്‍ക്ക് പണം അനുവദിക്കുന്ന കാര്യം ചലച്ചിത്ര അക്കാദമി സര്‍ക്കാരിന് എഴുതിയത് കഴിഞ്ഞ ആഴ്ചയാണ്. അത് എന്തുകൊണ്ടെന്ന് പോലും ഞങ്ങള്‍ ചോദിക്കാന്‍ പോയിട്ടില്ല. ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ ജോലി ചെയ്യുന്നു. ഞങ്ങളുടെ സ്റ്റാഫുകള്‍ പോലും പണം ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം. പണം പിഴിഞ്ഞെടുക്കാന്‍ വേണ്ടിയല്ല ഞങ്ങള്‍ ഈ ഉത്തരവാദിത്തം ഏറ്റെടുത്തതും. ഡിയര്‍നെസ് അലവന്‍സ് പോലും ക്ലെയിം ചെയ്യാറില്ല. കൂടുതല്‍ മീറ്റിങ്ങുകള്‍ നടത്തി സര്‍ക്കാരിന് ഒരു ഭാരം ആവാതിരിക്കാന്‍ കമ്മിറ്റി അംഗങ്ങള്‍ വാട്‌സ്ആപ് ഗ്രൂപ്പിലൂടെയും മെയിലുകളിലൂടെയുമാണ് കൂടുതലും സംസാരിക്കാറ്. അതിനാല്‍ അത്തരം ആരോപണങ്ങളെല്ലാം ഞാന്‍ തള്ളിക്കളയുകയാണ്.

കമ്മീഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. റിപ്പോര്‍ട്ട് വൈകുന്നത് സംബന്ധിച്ച് ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.

ഞാന്‍ പഠിക്കുന്നത് സിനിമയിലെ സ്ത്രീകളുടെ വിഷയങ്ങളാണ്. ഡബ്ല്യുസിസിയുടെ വിഷയങ്ങളല്ല. കമ്മീഷനെ നിയമിച്ചിരിക്കുന്നത് സര്‍ക്കാരാണ്. വിമന്‍ ഇന്‍ സിനിമ എന്ന് പറഞ്ഞാല്‍ ഡബ്ല്യുസിസി അല്ലല്ലോ. അവര്‍ പറയുന്നത് പോലെ പഠിക്കാനല്ല കമ്മിറ്റി. ഡബ്ല്യുസിസിക്ക് ഞങ്ങള്‍ക്കിടയില്‍ ആക്‌സസ് ഇല്ല. അതാണ് അവരുടെ പ്രശ്‌നമെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഡബ്ല്യുസിസി ആണ് ഇത്തരമൊരു വിഷയം കൊണ്ടുവന്നത് എന്നതിനെ ഞാനും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇന്‍ഡസ്ട്രിയിലെ എല്ലാ സ്ത്രീകള്‍ക്കും പലതും പറയുന്നതിനും ചെയ്യുന്നതിനുമുള്ള ധൈര്യം ലഭിച്ചത് അവര്‍ അങ്ങനെയൊന്ന് തുടങ്ങിവച്ചതുകൊണ്ടാണ്. പക്ഷെ എന്നുകരുതി ഡബ്ല്യുസിസി മാത്രമല്ല ഞങ്ങളുടെ മുന്നിലുള്ളത്. അതുപോലെ പല സംഘടനകളുണ്ട്, പലയാളുകള്‍ ഉണ്ട്. അവരെ ആരേയും തഴഞ്ഞുകൊണ്ട് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നത് ഞങ്ങള്‍ ഉദ്ദേശിക്കുന്നേയില്ല. അവരുടെ എതിര്‍ഗ്രൂപ്പുകളുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടോ എന്ന സംശയം അവര്‍ക്കുണ്ടെന്നാണ് എന്റെ തോന്നല്‍. ഡബ്ല്യുസിസി ബഹളം വയ്ക്കുന്നു എന്നുകണ്ട് ഞാന്‍ അവരോട് മറുപടി പറയേണ്ട ആവശ്യമില്ല. ഇത് ഒരു ഇന്‍ഡിപെന്‍ഡന്റ് കമ്മറ്റിയാണ്. ഞങ്ങള്‍ക്കാര്‍ക്കും പ്രത്യേക താത്പര്യങ്ങളില്ല. അത് സര്‍ക്കാരിനറിയാം.

സമയം വേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ആവശ്യമുള്ള സമയം ചോദിക്കൂ എന്നാണ് മന്ത്രി പറഞ്ഞത്. സര്‍ക്കാര്‍ ചോദിച്ചാല്‍ മാത്രം ഞാന്‍ മറുപടി പറഞ്ഞാല്‍ മതി. പക്ഷെ ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അത് എവിടെവരെയായെന്നുമെല്ലാം സര്‍ക്കാരിന് അറിയാം. ചലച്ചിത്ര അക്കാദമിയെയും പറയാതിരിക്കാനാവില്ല. വളരെ പെട്ടെന്നാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്തുതരുന്നത്.

Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

പക്ഷെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കമ്മീഷനെ വിളിച്ച് വിശദീകരണം ചോദിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നല്ലോ?

അത്തരം വാര്‍ത്തകളും പ്രചരണങ്ങളും സോഷ്യല്‍മീഡിയ വഴി ഞാന്‍ കണ്ടു. ഡബ്ല്യുസിസിയും അങ്ങനെയെല്ലാം എഴുതിക്കണ്ടു. എന്നെ വിശദീകരണം ചോദിക്കാനല്ല മുഖ്യമന്ത്രി വിളിപ്പിച്ചത്. അവര്‍ ഉദ്ദേശിച്ചതും നമ്മള്‍ ഉദ്ദേശിക്കുന്നതും എന്താണെന്ന് ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരമായിരുന്നു അത്. മുഖ്യമന്ത്രി വളരെ ആത്മാര്‍ഥമായാണ് ഞങ്ങളോട് പെരുമാറിയത്. എന്താണ് ആവശ്യം എന്നാണ് അദ്ദേഹം ചോദിച്ചത്. നേരത്തെ പറഞ്ഞ എറണാകുളം ഓഫീസ് തീരുമാനം ആ മീറ്റിങ്ങിലാണ് ഉണ്ടാവുന്നത്.

ഡബ്ല്യുസിസിയുടെ ഭാഗത്തു നിന്ന് ഇടപെടലുകളുണ്ടായിരുന്നോ?

ഇല്ല എന്ന് പറയാന്‍ പറ്റില്ല. ബീനാ പോള്‍ എന്നെ വിളിക്കുമായിരുന്നു. അത് ഞാന്‍ നിര്‍ത്തി. ആദ്യ സമയത്ത് കമ്മിറ്റി ഫോര്‍ ഡബ്ല്യുസിസി എന്നായിരുന്നു ലെറ്ററില്‍ എഴുതിയത്. അത് കണ്ടപ്പോള്‍ നടക്കില്ല എന്ന് തന്നെ ഞാന്‍ പറഞ്ഞു. ഡബ്ല്യുസിസിയുടെയോ അവര്‍ക്ക് വേണ്ടിയോ ഉണ്ടായ കമ്മിറ്റിയല്ല ഇത്. അവര്‍ നല്‍കിയ നിവേദനം പരിഗണിച്ച് സര്‍ക്കാര്‍ നിയമിച്ച സമിതിയാണ്. ഡബ്ല്യുസിസിയിലും ഇല്ല അവരുടെ എതിര്‍ഗ്രൂപ്പുകളിലും ഞങ്ങളില്ല. ദിലീപ് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചോ, മമ്മൂട്ടി എന്റെ ക്ലാസ്‌മേറ്റ് ആണോ തുടങ്ങിയ പല സംശയങ്ങളും പലര്‍ക്കുമുള്ളതായി ഞാന്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് ഒന്നും നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല. സര്‍ക്കാരിനെ ബോധിപ്പിച്ചാല്‍ മതി. അതിനാല്‍ തന്നെ ഇത്തരം ആരോപണങ്ങളും വിമര്‍ശനങ്ങള്‍ക്കുമൊന്നും മറുപടി പറയാനും താത്പര്യമില്ല.

ഹേമ കമ്മീഷന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് റിപ്പോര്‍ട്ടിലേക്കുള്ള ദൂരം എത്രയാവും?

സര്‍ക്കാര്‍ നമുക്ക് തന്നിരിക്കുന്നത് വിശദമായ ടേംസ് ആന്‍ഡ് റഫറന്‍സസ് ആണ്. ഒരു പാരാവാരം ആണ് മുന്നില്‍. അത് എങ്ങനെ അപ്രോച്ച് ചെയ്യണം എന്നത് സംബന്ധിച്ച രൂപരേഖ ഇന്നാണ് പൂര്‍ത്തിയായത്. ആദ്യം വര്‍ക്ക് പ്ലേസുകള്‍ നോട്ടീസ് നല്‍കാതെ സന്ദര്‍ശിച്ച് വിഷയങ്ങള്‍ മനസ്സിലാക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ മുഖ്യമന്ത്രിക്ക്, ആ ടേംസ് ആന്‍ഡ് റഫറന്‍സസ് നല്‍കിയവരില്‍ നിന്ന് തന്നെ അഭിപ്രായങ്ങള്‍ തേടിയിരിക്കുകയാണ്. അതിനായി ഒരു ഫോര്‍മാറ്റ് ഡബ്ല്യുസിസിക്ക് മെയില്‍ അയച്ചിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുമ്പോള്‍ പഠനത്തിന് ഫോക്കസ് ലഭിക്കും. നമുക്ക് ഒന്നും അറിയാത്ത് ഒരു മേഖലയാണ്. ആ മേഖലയിലെ സ്ത്രീവിഷയങ്ങളെ സംബന്ധിച്ച് ഇന്നേവരെ ഒരു പഠനവും വന്നിട്ടുമില്ല. ഒന്നുമുതല്‍ എല്ലാം പഠിക്കേണ്ടിയിരിക്കുന്നു. സമയമെടുക്കും, കാരണം ഇത് ഒരു പഠനമാണല്ലോ. സമ്മേളനം വിളിച്ചുകൂട്ടി അവര്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ കാര്യമില്ലല്ലോ. ഒരു കാര്യം ചെയ്യുക എന്നത് മാത്രമല്ല, അത് നന്നായി വരിക എന്നത് കൂടി പ്രധാനമാണ്. ഞങ്ങള്‍ അതിനാണ് പരിശ്രമിക്കുന്നത്.

https://www.azhimukham.com/film-hema-commission-report-wcc-petition-cm/

http://www.azhimukham.com/film-year-end-malayalam-cinema-industry-and-wcc-fight-against-misogyny-patriarchy-by-dhanya/