പൊതു ഇടങ്ങൾ നമ്മുടേത് കൂടിയാണ്; Guess Who സംസാരിക്കുന്നു

 
പൊതു ഇടങ്ങൾ നമ്മുടേത് കൂടിയാണ്; Guess Who സംസാരിക്കുന്നു

Guess Who/കെ ജി ബാലു

കാഴ്ചക്കാരെ തീണ്ടാപ്പാടകലെ നിർത്തിയുള്ള ആസ്വാദന സംസ്കാരത്തിന് ഒരു മറുപടിയായിരുന്നു അവർക്കൊപ്പം തെരുവുകളിലേക്കിറങ്ങിയുള്ള ഗ്രാഫിറ്റികളുമായി കൊച്ചിയിലെത്തിയ Guess Who. ഒരു വശത്ത് കലയുടെ മാമാങ്കമായ ബിനാലെ നടന്നു കൊണ്ടിരുന്നപ്പോൾ മറുവശത്ത് അവരുണ്ടായിരുന്നു, തികഞ്ഞ രാഷ്ട്രീയ മാനങ്ങളുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുമായി. പേരല്ല, കലയാണ് പ്രധാനം എന്നുറച്ചു വിശ്വസിച്ച അയാൾ/ അവൾ/ അവർ തുടക്കം മുതൽ ഒടുക്കം വരെ ആ പേരിനു പുറത്തേക്കു വന്നില്ല. ആഗോളതലത്തിൽ തന്നെ കൊച്ചിയിലെ ഈ ചിത്രവിസ്മയങ്ങൾ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ ജനപ്രിയ ബിംബങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള പരീക്ഷണാത്മകമായ ചിത്രീകരണങ്ങൾ പലപ്പോഴും വിവാദം ക്ഷണിച്ചു വരുത്തുകയുമുണ്ടായി. ആ പ്രതിരോധത്തിന്റെ ചുവരെഴുത്തുകളെ കുറിച്ച് അഴിമുഖം പ്രതിനിധി കെ ജി ബാലു Guess Whoവുമായി നടത്തിയ സംഭാഷണം:

കെ ജി ബാലു: ഗസ് ഹു വ്യക്തി കേന്ദ്രീകൃതമാണോ ? അതോ, കൂട്ടായ്മയുടെ ഉല്പന്നമാണോ ?
ഗസ് ഹു: ആർട്ടിസ്റ്റിനെക്കുറിച്ച് സംസാരിക്കുന്നതിനു പകരം നമുക്ക് ആർട്ടിനെക്കുറിച്ച് സംസാരിക്കാം.

കെ ജി ബാലു: ഗസ് ഹു എന്ന ആശയം ഉരുത്തിരിയാനുണ്ടായ സാഹചര്യം?
ഗസ് ഹു: ആധുനികചിത്രകല പോലുള്ള ദൃശ്യകലകൾ വളരെക്കുറച്ച് പേർക്ക് മാത്രം ആസ്വദിക്കാനാവുന്ന ദുഷ്കരമായ ഒന്നായാണ് പലരും കാണുന്നത്. അതിനാൽ അവ ആസ്വദിക്കാൻ താല്പര്യമെടുക്കുന്നവരും കുറവാണ്. ബിനാലെ പോലുള്ള സംരംഭങ്ങൾ ഈ ഒരു മനോഭാവത്തെ മാറ്റിയെടുക്കാൻ ഒരു പരിധിവരെയൊക്കെ സഹായിക്കുന്നുണ്ടെങ്കിലും, 'കലാസൃഷ്ടികളിൽ തൊടരുത്' തുടങ്ങിയ മുന്നറിയിപ്പുകൾ കലയും ആസ്വാദകനും തമ്മിലുള്ള അകൽച്ച ഇപ്പോഴും നിലനിൽക്കുന്നുന്നതിനു കാരണമാകുന്നു. സംശയാലുവായ ആസ്വാദകൻ സ്വയം താല്പര്യമെടുക്കാതിരിക്കുന്ന സാഹചര്യത്തിൽ സൗജന്യമായി കല അവളിലേക്ക്/അവനിലേക്ക് എത്തിച്ച് കൊടുക്കുകയേ വഴിയുള്ളൂ. അതിനു ഏറ്റവും യോജിച്ച മാർഗം സ്ട്രീറ്റ് ആർട്ട് ആണെന്ന് തോന്നി. അതേസമയം പാശ്ചാത്യലോകത്ത് പ്രചാരത്തിലിരിക്കുന്ന ഒരു കലാരീതി നമ്മുടെ നാട്ടിൽ അതേ പോലെയെടുത്ത് പ്രയോഗിക്കുന്നതിലും കാര്യമില്ല. തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ഇന്നാട്ടിലെ സാധാരണ ജനങ്ങൾക്ക് എളുപ്പം തിരിച്ചറിയാനും കണക്റ്റ് ചെയ്യാനും പറ്റണം. അത്തരത്തിൽ നമ്മുടെ പരിസരങ്ങളും സംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നമുക്ക് പരിചിതമായ ചില കാഴ്ചകൾ ഉപയോഗിച്ചുകൊണ്ട് ഗ്രാഫിറ്റി പോലൊരു മാധ്യമത്തിലൂടെ എങ്ങനെ അവതരിപ്പിക്കാൻ സാധിക്കുമെന്ന പരീക്ഷണശ്രമമായിരുന്നു ഗസ്‌ ഹു. ഒന്നോർത്താൽ കൂത്തും തുള്ളലും മിമിക്രിയും ഒക്കെ ഇഷ്ടപ്പെടുന്നവരുടെ നാടായ കേരളത്തിൽ സർക്കാസത്തിന്റെ കലയായ ഗ്രാഫിറ്റി പോലൊരു മാധ്യമം ആരും എന്തു കൊണ്ട് ഇതു വരെ പരീക്ഷിച്ചു നോക്കിയില്ല എന്നത്ഭുതം തോന്നിയിട്ടുണ്ട്.

പൊതു ഇടങ്ങൾ നമ്മുടേത് കൂടിയാണ്; Guess Who സംസാരിക്കുന്നു

കെ ജി ബാലു: 'ഗസ് ഹു' എന്ന പേരിന്റെ തെരഞ്ഞെടുപ്പ്?
ഗസ് ഹു: അത്ര ആലോചിച്ചുറപ്പിച്ച വാക്കൊന്നുമല്ല അത്. ഒരു പേര് എന്ന രീതിയിലൊന്നും അതിനെ ഗൗരവമായിക്കാണേണ്ടതുമില്ല. ആദ്യം വരച്ചു തുടങ്ങിയ ശൈലിയിൽ ഉപയോഗിച്ചതു പോലെ ചിത്രത്തിലെ വ്യക്തി ആരാണെന്നൂഹിക്കൂ എന്ന് ധ്വനിപ്പിക്കുന്ന വിധം പെട്ടെന്നു തോന്നിയ ഒരു വാക്ക് ഉപയോഗിക്കുകയായിരുന്നു. കൂടാതെ ചിത്രങ്ങൾക്കു താഴെ വെണ്ടക്കാ വലിപ്പത്തിൽ കലാകാരന്റെ മഹത്വം വിളിച്ചുകൂവുന്ന പരമ്പരാഗത ശൈലിക്കു പകരം ചിത്രകാരി/രൻ ആരെന്നു പ്രേക്ഷകൻ തന്നെ തീരുമാനിച്ചുകൊള്ളുക എന്ന അർത്ഥത്തിലും ഗസ് ഹു എന്ന എഴുത്താണ് ചേരുന്നതെന്ന് തോന്നി.

കെ ജി ബാലു: ഗ്രാഫിറ്റിയില്‍ എന്താണ് നിങ്ങളുടെ മാധ്യമം? എന്തുകൊണ്ട് ?
ഗസ് ഹു: ഗസ് ഹുവിന്റെ ശൈലിയെ Wheat Paste, Paste Ups, Poster Art അങ്ങിനെ എന്തും വിളിക്കാം. Morley, Fauxreel, Shepard Fairey, JR തുടങ്ങി പ്രസിദ്ധരും അല്ലാത്തവരുമായി പല ഗ്രാഫിറ്റി ആർട്ടിസ്റ്റുകളും ഉപയോഗിച്ചു വരുന്ന ഒരു രീതിയാണിത്. സ്‌ട്രീറ്റ്‌ ആർട്ടിൽ ഉപയോഗിക്കപ്പെടുന്ന പലതരം ടെക്നിക്കുകളിൽ ഒന്ന്. ഗ്രാഫിറ്റിയുടെ പോപ്പുലർ രീതിയായ സ്റ്റെൻസിലോ സ്പ്രേ പെയിന്റോ ഉപയോഗിക്കാത്തത്‌ ചിലരൊക്കെ എന്തോ വിലകുറഞ്ഞ ഏർപ്പാടായാണു കാണുന്നതെന്നു തോന്നിയിട്ടുണ്ട്. എന്തു വ്യത്യാസമാണ് അതുണ്ടാക്കുക എന്നറിയില്ല. സ്‌ട്രീറ്റ്‌ ആർട്/ ഗ്രാഫിറ്റിയെന്നത് സ്റ്റെൻസിലോ പെയിന്റോ മാത്രമുപയോഗിച്ചു ചെയ്യുന്ന ഒരു കലാരീതിയാവണമെന്നു ശഠിക്കേണ്ട കാര്യമൊന്നുമില്ല. ആർട്ടിസ്റ്റ് ഏതുതരം മാധ്യമമാണ് ഉപയോഗിക്കുന്നത് എന്നത് അതിന്റെ ആശയത്തെയോ ഉള്ളടക്കത്തെയോ ഏതെങ്കിലും തരത്തിൽ ബാധിക്കേണ്ട കാര്യമെന്താണ്? ഇനി എന്തുകൊണ്ട് ഈ രീതി സ്വീകരിച്ചു എന്നാണെങ്കിൽ പ്രായോഗികമായ സൗകര്യങ്ങൾ, ചിലവ് അങ്ങനെ കാരണങ്ങൾ പലതുമുണ്ട്. പോസ്റ്ററുകളുടെ അല്പായുസ്സും ഈ രീതി തിരഞ്ഞെടുത്തതിൽ ഒരു ഘടകം ആണ്. എന്തെന്നാൽ പൊതു ഇടങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഒരു കലാസൃഷ്ടിക്ക് സ്വാഭാവികമായും അല്ലാതെയും വന്നു ചേരുന്ന രൂപമാറ്റങ്ങളും വ്യതിയാനങ്ങളും സൃഷ്ടിയോളം തന്നെ പ്രാധാന്യമുണ്ട് വിശ്വസിക്കുന്നു.

കെ ജി ബാലു: എന്തുകൊണ്ട് രഹസ്യസ്വഭാവം സൂക്ഷിക്കാനാഗ്രഹിക്കുന്നു?
ഗസ് ഹു: ചർച്ചകൾ കലാകാരനിലേക്കു ചുരുങ്ങാതിരിക്കാൻ അതു സഹായിക്കുമെന്ന് തോന്നി.

പൊതു ഇടങ്ങൾ നമ്മുടേത് കൂടിയാണ്; Guess Who സംസാരിക്കുന്നുകെ ജി ബാലു: 'ഗസ് ഹൂ'വിന്റെ രാഷ്ട്രീയം ?
ഗസ് ഹു: പൊതുസ്ഥലങ്ങളിലെ ഇടപെടലുകൾ എന്ന വിശാലമായ നിർവചനം കൊണ്ടു തന്നെ ഗ്രാഫിറ്റി അഥവാ സ്ട്രീറ്റ് ആർട്ടിനു വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്. മതിലുടമകളുടേയും അധികാരികളുടേയും അനുവാദങ്ങൾക്ക്‌ കാത്തുനിൽക്കാതെ ചുമരുകൾ കയ്യേറുകയും പിടിച്ചടക്കുകയും ചെയ്യുന്ന ഗ്രാഫിറ്റി ആർട്ടിസ്റ്റുകൾ പൊതു ഇടങ്ങൾ തങ്ങൾക്ക്‌ കൂടെ അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയാണു ചെയ്യുന്നതെന്ന് പറയുന്നതിൽ തെറ്റില്ല.

ഉള്ളടക്കത്തിന്റെയും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെയും കാര്യത്തിലേക്ക്‌ വന്നാൽ പ്രത്യക്ഷത്തിൽ ഗസ്‌ ഹു ചിത്രങ്ങളെല്ലാം തന്നെ പ്രകടമായ രാഷ്ട്രീയസ്വഭാവമുള്ളവയാവണമെന്നില്ല. എങ്കിലും സൂക്ഷ്‌മതലത്തിൽ അവയ്ക്ക് പലതിനും ഒരു ഡാർക്ക് ഹ്യൂമർ സ്വഭാവം ഉണ്ടെന്നു കാണാം. സോഷ്യൽ സറ്റയർ എന്ന രീതിയിലാണു മിക്ക വിഷയങ്ങളെയും കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടുള്ളത്. അതേ സമയം സമൂഹത്തിന് എന്തെങ്കിലും സന്ദേശം നൽകുക എന്ന ഭാരിച്ച ചുമതലയൊന്നും ആ ചിത്രങ്ങൾക്കില്ല. എന്തുകൊണ്ടെന്നാൽ സമൂഹ പരിഷ്കരണമോ പ്രശ്നപരിഹാരമോ ഒന്നും തന്നെ കലയുടെ പ്രാഥമികോദ്ദേശ്യമോ ബാധ്യതയോ ആവേണ്ടതില്ല എന്ന അഭിപ്രായമാണെനിക്ക്. കലയ്ക്ക് രാഷ്ട്രീയം ഇല്ല/വേണ്ട എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. മറിച്ച്‌ വേറിട്ട വീക്ഷണകോണുകളിലൂടെയുള്ള നോട്ടങ്ങൾ പലതരം വായനകൾക്കുള്ള സാധ്യതകൾ തുറന്നു തന്നേക്കും. പ്രേക്ഷകൻ ഉൾക്കൊള്ളുന്ന രീതികൾക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെങ്കിലും പ്രകടമായോ അല്ലാതെയോ ഏതൊരു സൃഷ്ടിക്കു പിന്നിലും അതിന്റേതായ രാഷ്ട്രീയ മാനങ്ങളുണ്ടാവാതെ തരമില്ല.

കെ ജി ബാലു: ബിനാലെയില്‍ രണ്ടാം വര്‍ഷവും ഗസ് ഹു ഉണ്ട്. കൂടെയുള്ളപ്പോഴും ബിനാലെയ്ക്ക് പുറത്താണ്. ഏന്താണ് ബിനാലെയോടുള്ള നിലപാട് ?
ഗസ് ഹു: പലരും വിചാരിക്കുന്നതു പോലെ ബിനാലെയോട് ഗസ് ഹുവിന് പ്രത്യേകിച്ച് ഒരു എതിർപ്പോ താല്പര്യമോ ഉണ്ടാവേണ്ട കാര്യമില്ല. ബിനാലെ പോലുള്ള സംരംഭങ്ങൾ നമ്മൾ കണ്ടുശീലിച്ച ഒരു കലാസംസ്കാരത്തെ വിപ്ലവകരമായ തരത്തിൽ മാറ്റിമറിക്കാൻ കെല്പുള്ള ഒരു ശ്രമമാണ് എന്നതിൽ തർക്കമൊന്നുമില്ല. പക്ഷെ അതേ സമയം ഇത്തരം കലാമേളകൾ പലതും ഒരു ഓർഗനൈസ്ഡ് ചട്ടക്കൂടിനകത്താണ് നടത്തപ്പെടുന്നത്. പങ്കെടുക്കുന്ന കലാകാരന്മാർ, മേളയുടെ തീം, പ്രദർശന സ്ഥലങ്ങൾ ഇവയൊക്കെ തിരഞ്ഞെടുക്കുന്നതിലും അതിന്റെ നടത്തിപ്പിലും ഒക്കെ നിർവചിക്കപ്പെട്ട ചില രീതികളുണ്ട്. അത് അങ്ങനെയാകാതെ തരവുമില്ല. അതേ സമയം സബ്വേർസീവ് സ്വഭാവമുള്ള ഗ്രാഫിറ്റി പോലുള്ള സങ്കേതങ്ങളെ അത്തരം ചട്ടക്കൂടുകൾക്കകത്ത് അവതരിപ്പിക്കുക പ്രയാസമാണ്. ഇത്തരം വ്യവസ്ഥാപിത രീതികളോട് പൊരുത്തപ്പെടാനാവാത്തതും പലപ്പോഴും അത്തരം രീതികളോട് കലഹിക്കുകയും അവയെ പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുക ഗ്രാഫിറ്റിയുടെ തന്നെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. സ്റ്റേറ്റിന്റെയും കോർപ്പറേറ്റുകളുടെയും ഫണ്ടിങ്ങു കൊണ്ട് നടത്തപ്പെടുന്ന കലാമേളകളിൽ നിയമവിരുദ്ധം എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന ഗ്രാഫിറ്റി ഉൾപ്പെടുത്തുമെന്ന് കരുതാൻ നിർവാഹമില്ലല്ലോ.

കെ ജി ബാലു: ചലച്ചിത്ര മേളകൾ, പുസ്തകമേളകൾ, വിപണിമേളകൾ (ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍), കാര്‍ണിവെലുകൾ.. മേളകളനവധി.എന്നിട്ടുമെന്തേ ബിനാലെയില്‍ മാത്രം ?
ഗസ് ഹു: ചിത്രകലയിൽ താല്പര്യമുള്ള പലരും സന്ദർശിക്കുന്ന ഒരു മേളയെന്ന നിലക്ക് ബിനാലെ തിരഞ്ഞെടുത്തത് സ്വാഭാവികം മാത്രം. എന്നാൽ ബിനാലെ മാത്രമായിരുന്നില്ല തിരുവനന്തപുരം ചലച്ചിത്രമേളയുടെ വേദികളും ഉപയോഗിക്കുകയുണ്ടായി.

പൊതു ഇടങ്ങൾ നമ്മുടേത് കൂടിയാണ്; Guess Who സംസാരിക്കുന്നു

കെ ജി ബാലു: ' ഇന്ത്യന്‍ ബാന്‍സ്‌കി ' എന്ന താരതമ്യത്തെ ഏങ്ങനെ കാണുന്നു?
ഗസ് ഹു: ബാൻസ്കിയുമായി താരതമ്യം ചെയ്യപ്പെടുന്ന ആദ്യത്തെ ആർട്ടിസ്റ്റൊന്നുമല്ല ഗസ് ഹു. മുൻപ് ഇതേ മാധ്യമങ്ങൾ തന്നെ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാക്കു 156 എന്ന ആർട്ടിസ്റ്റിനെയും ഇൻഡ്യൻ ബാങ്ക്സിയായി വിശേഷിപ്പിച്ചിരുന്നു. ഏതൊരു പുതിയ ആർട്ടിസ്റ്റ് രംഗത്തു വന്നാലും മാധ്യമങ്ങൾ പതിവായി ഉപയോഗിക്കുന്ന ഒരു വിശേഷണമാണത്. ബ്രിട്ടനിലെ Bamby എന്ന വനിതാ ആർട്ടിസ്റ്റിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് female ബാൻസ്കി എന്നാണ്. ഈജിപ്ഷ്യൻ ബാങ്ക്സി (Ganzeer), ഇറാനിയൻ ബാങ്ക്സി (The Black Hand), റഷ്യൻ ബാങ്ക്സി (P183), ഫ്രഞ്ച് ബാങ്ക്സി (C215), ജാപ്പനീസ് ബാങ്ക്സി (Aito) അങ്ങനെ വേറെയും എത്രയോ ഉദാഹരണങ്ങൾ. എന്തിന് എം.എഫ് ഹുസൈൻ വരെ നമ്മുടെ മാധ്യമങ്ങൾക്ക് എന്നും ഇൻഡ്യൻ പിക്കാസോ ആയിരുന്നു.

കെ ജി ബാലു: പ്രതിരോധ ചുമരെഴുത്ത് എന്നനിലയില്‍ 'ഗസ് ഹു' എങ്ങനെയാണ് സ്വയം നിര്‍ണയിക്കുന്നത് ?
ഗസ് ഹു: സെൻസർഷിപ്പുകളും നിരോധനങ്ങളും മൂലം സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുക ഏറെക്കുറേ അസാധ്യമെന്ന അവസ്ഥയാണിന്ന്. ആ അർത്ഥത്തിൽ പ്രതിരോധ ചുമരെഴുത്തുകൾക്ക് ഇന്നത്തെ സാഹചര്യങ്ങളിൽ ഏറെ പ്രസക്തിയുണ്ട്. സ്വതന്ത്രമായ ആശയപ്രകാശനത്തിനുതകുന്ന ഒരു മാധ്യമം എന്ന നിലയ്ക്ക് ഗ്രാഫിറ്റി ഉപയോഗപ്പെടുത്തേണ്ട സമയമാണിത്.

കെ ജി ബാലു: 'പരസ്യം പതിക്കരുത്' എന്ന പരസ്യവാചകത്തെ എങ്ങനെ കാണുന്നു?
ഗസ് ഹു: സ്ട്രീറ്റ് ആർട്ടും പരസ്യവും തമ്മിൽ വലിയ വ്യത്യാസമില്ലേ? സ്ട്രീറ്റ് ആർട്ടിനെ പരസ്യം പതിക്കലായി കാണാനാവുമോ?

കെ ജി ബാലു: പൊതു/സ്വകാര്യ സ്ഥലത്തെ കൈയേറ്റത്തെ ഗസ് ഹു എങ്ങനെയാണ് നീതീകരിക്കുന്നത്?
ഗസ് ഹു: പൊതു/സ്വകാര്യ സ്ഥലത്തെ കൈയ്യേറ്റത്തെ നീതികരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ, ഇത്തരം ചില കയ്യേറ്റങ്ങളെക്കുറിച്ച് മാത്രം നാം ഉത്കണ്ഠപ്പെടുന്നതിൽ ചില പ്രശ്നങ്ങളുണ്ടെന്നു തോന്നുന്നു. എന്തുമാത്രം മലീമസമാണ് നമ്മുടെ പൊതു ഇടങ്ങൾ? ഫ്ലക്സുകളും പരസ്യങ്ങളും സിനിമാപോസ്റ്ററുകളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും മറ്റുപലവിധ നോട്ടീസുകളും പതിക്കാത്ത ചുമരുകളും നിരത്തുകളും വിരളമാണ്. അതേ സമയം പബ്ലിക് ആർട്ടെന്ന് വിളിക്കാനാവുന്ന ഏറെയൊന്നും ഇതിനിടയിൽ കാണുകയുമില്ല. ഒന്നു ചോദിച്ചോട്ടെ, ഇപ്പറയുന്ന പൊതു ഇടങ്ങളുടെ യഥാർത്ഥ അവകാശികൾ ആരാണ്? വ്യക്തിസ്വാതന്ത്ര്യങ്ങളിലേക്ക് അതിക്രമിച്ച് കടന്നു കയറുന്ന ഇത്തരം ദൃശ്യമലിനീകരണങ്ങൾ നമ്മൾ അംഗീകരിച്ചു കൊടുത്ത മട്ടാണ്. അതേ സമയം പൊതു ചുമരുകളിൽ ഒരു ചിത്രം കോറിയിടാനുള്ള ചിത്രകാരന്റെ അവകാശത്തെക്കുറിച്ച് നമ്മൾ അസ്വസ്ഥരാവുകയും ചെയ്യും.

പൊതു ഇടങ്ങൾ നമ്മുടേത് കൂടിയാണ്; Guess Who സംസാരിക്കുന്നുകെ ജി ബാലു: എങ്ങനെയൊക്കെ, എന്തൊക്കെയാണ് ജനങ്ങളില്‍ നിന്നും അധികാരികളിൽ നിന്നുമുള്ള പ്രതികരണങ്ങൾ? പലസ്ഥലങ്ങളിലും ചിത്രങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടല്ലോ.
ഗസ് ഹു: അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രതികരണങ്ങളും ഉണ്ടാവുന്നുണ്ട്. ചിത്രങ്ങൾക്കു പിന്നിലെ സർക്കാസം ചുരുക്കം ചിലർക്കെങ്കിലും മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് തോന്നുന്നു. അതു കൊണ്ടാവുമല്ലോ അതവരെ പ്രകോപിക്കുന്നത്. പ്രശസ്ത സംഗീതജ്ഞനായ ടി.എൻ. കൃഷ്ണ ഗസ് ഹുവിന്റെ സംഗീതത്രയങ്ങളുടെ ചിത്രം തന്റെ ഫേസ്ബുക്കിൽ കവർ പേജായി ഇട്ടതിനു കിട്ടിയ പ്രതികരണങ്ങൾ ഏറ്റവും നല്ല ഉദാഹരണം. അയ്യങ്കാളിയുടെ ചിത്രം വരച്ചതിനും തെറിവിളിയും ഭീഷണിയുമൊക്കെ ഉണ്ടായി. ഗ്രാഫിറ്റിയിൽ ഇതൊക്കെ വളരെ സ്വാഭാവികമാണ്.

ശരിയാണ് പല സ്ഥലങ്ങളിലും ചിത്രങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് ഇഷ്ടപ്പെടാത്തതു കൊണ്ടാവും ഒരു പക്ഷെ അവ നശിപ്പിച്ചത് അല്ലെങ്കിൽ മറ്റു കാരണങ്ങൾ കൊണ്ടാവാം. എന്തൊക്കെയായാലും ഇതൊക്കെ അനശ്വരമായി നില നിൽകും എന്നു വ്യാമോഹിക്കുന്നതിൽ കാര്യമൊന്നുമില്ല.

കെ ജി ബാലു: ഇന്ത്യന്‍ എന്നതിനേക്കാൾ കേരളീയമായ ചിഹ്നങ്ങളാണ് ഗസ് ഹു കൂടുതലായും ഉപയോഗിക്കുന്നത് എന്തുകൊണ്ട് (പ്രധാനമായും വസ്ത്രം)?
ഗസ് ഹു: കേരളത്തിലെ ചുവരുകളിൽ വരക്കുന്ന കഥാപാത്രങ്ങൾക്ക് കേരളീയ സ്വഭാവം വന്നതിൽ അസ്വാഭാവികമായി എന്താണുള്ളത്?

കെ ജി ബാലു: ബിനാലെയിലെ മറ്റ് ഗ്രാഫിറ്റി കൂട്ടായ്മകളോടുള്ള ഗസ് ഹുവിന്റെ നിലപാടെന്ത് ?
ഗസ് ഹു: പൊതുസ്ഥലങ്ങളിലെ ഏതുതരം interventions നും (ഇടപെടലുകൾ) അതിന്റേതായ പ്രധാന്യവും പ്രസക്തിയുമുണ്ട്. അവയോരോന്നും ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും വേണം. എത്രപേർ ഈ മാധ്യമസാധ്യത ഉപയോഗപ്പെടുത്തുന്നോ അത്രയും സന്തോഷം.

കെ ജി ബാലു: ആദ്യ ബിനാലെയിലെ 'തലമാറട്ടെ' ശ്രേണിയില്‍ നിന്നും രണ്ടാം ഘട്ടത്തിലേക്കെത്തുമ്പോൾ കൂറേക്കൂടി വിശാലമായ/കൂടുതല്‍ ഇമേജുകൾ കടന്നുവരുന്നു. ഏങ്ങനെയാണ് ഗ്രാഫിറ്റിക്കുള്ള ആശയങ്ങൾ സ്വാംശീകരിക്കുന്നത്?
ഗസ് ഹു: ആശയങ്ങളും വിഷയങ്ങളും ആവശ്യത്തിലേറെ നമുക്കു ചുറ്റും തന്നെയുണ്ട്. നമുക്ക് പ്രസക്തമെന്ന് തോന്നുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കുകയും അതു ഫലപ്രദമായി എങ്ങനെ അവതരിപ്പിക്കാം എന്നാലോചിക്കുക മാത്രമേ ചെയ്യാനുള്ളൂ. ചിലത് പെട്ടെന്ന് കണക്റ്റ് ചെയ്യപ്പെടാം. എന്നാൽ ചിലത് അങ്ങനെയാവണമെന്നില്ല.

പൊതു ഇടങ്ങൾ നമ്മുടേത് കൂടിയാണ്; Guess Who സംസാരിക്കുന്നു

കെ ജി ബാലു: കേരളം അടുത്തകാലത്ത് കണ്ട ഒരു സാംസ്‌കാരിക പ്രതിരോധ പ്രദര്‍ശനസമരമായിരുന്നു 'കിസ് ഓഫ് ലൗ'. ഗസ് ഹുവും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ (ലോകത്തുമൊത്തം) അടുത്ത കാലത്തായി ഇത്തരത്തില്‍ നിരവധി പ്രതിരോധ സമരങ്ങൾ അരങ്ങേറുന്നു. ഉദാഹരണത്തിന് നില്‍പ്പ് സമരം, ഇരിപ്പു സമരം, പരിസ്ഥിതി സമര കൂട്ടായ്മകൾ... ഇങ്ങനെ സാംസ്‌കാരികവും, രാഷ്ട്രീയവുമായി ഉയര്‍ന്നുവരുന്ന ഇത്തരം പ്രതിരോധസമര കൂട്ടായ്മകളോട് ഗസ് ഹുവിന്റെ നിലപാടെന്താണ്?
ഗസ് ഹു: അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് തോന്നുന്നതു കൊണ്ടാണല്ലോ പ്രതിരോധങ്ങൾ ഉയർന്നു വരുന്നത്. ഓരോ പ്രതിരോധ സമരങ്ങളും രൂപപ്പെടുന്നതും വ്യത്യസ്ഥമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലാണ്. ഇതിൽ ചിലതിനോട് ചിലർക്ക് യോജിപ്പുണ്ടായേക്കാം മറ്റു ചിലതിനോട് എതിർപ്പുണ്ടായിരിക്കാം. ലോകത്തെല്ലാവർക്കും എല്ലാ വിഷയങ്ങളിലും ഒരേ അഭിപ്രായം ഉണ്ടാവാൻ വഴിയില്ലല്ലോ. ഭരണകൂടം,വിവിധ രാഷ്ട്രീയ പാർട്ടികൾ, മത സംഘടനകൾ തുടങ്ങിയവരെടുക്കുന്ന സമൂഹത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന തീരുമാനങ്ങളെക്കുറിച്ച്‌ ഒരു പൗരനെന്ന നിലക്ക്‌ ഓരോ വ്യക്തിക്കും, അതു കവിയാകട്ടെ, കലാകാരനാകട്ടെ, കർഷകനാവട്ടെ ആരുമാവട്ടെ, സ്വന്തമായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കും. ആ അഭിപ്രായങ്ങൾ നിർഭയം പ്രകടിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആവശ്യങ്ങൾ എന്തു തന്നെയായാലും അവർക്ക് ഓരോരുത്തർക്കും പ്രതിരോധിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്യം ഒരു ജനാധിപത്യ സംവിധാനത്തിൽ ഉണ്ടായിരിക്കുകയും വേണം.

കെ ജി ബാലു: ഭരണകൂട നിരോധനങ്ങളെ എങ്ങനെ സമീപിക്കുന്നു?
ഗസ് ഹു: ജനാധിപത്യബോധമുള്ള ഏതൊരു വ്യക്തിയും, പൗരാവകാശങ്ങളും വ്യക്തിസ്വാതന്ത്യവും നിയന്ത്രിക്കുന്ന ഏതുതരം ഭരണകൂട നിരോധനങ്ങളെയും അനുകൂലിച്ച് സംസാരിക്കാൻ സാധ്യതയില്ല എന്നു വിശ്വസിക്കുന്നു. ഗ്രാഫിറ്റിയുടെ അടിസ്ഥാന സ്വഭാവം തന്നെ നിയന്ത്രണങ്ങൾ ഭേദിച്ച്, സ്വതന്ത്രമായി ആശയാവിഷ്കാരം നടത്തുക എന്നതാണല്ലോ.

കെ ജി ബാലു: ഭാവി പരിപാടികൾ? കേരളത്തിനു പുറത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുവാന്‍ പദ്ധതികൾ?
ഗസ് ഹു: അങ്ങനെ വ്യക്തമായ പദ്ധതികൾ ഒന്നും ഇല്ല. സമയവും സന്ദർഭവും യോജിക്കുന്ന വിധം പ്രവർത്തിക്കാൻ ശ്രമിക്കും എന്നേ പറയാനാവൂ.