എന്താണ് ഓണസദ്യ, എങ്ങനെ വിളമ്പണം

 
എന്താണ് ഓണസദ്യ, എങ്ങനെ വിളമ്പണം

മലയാളികള്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണമാഘോഷിക്കും. ഓണമെന്നു പറഞ്ഞാല്‍ പൂക്കളവും ഓണസദ്യയുമാണ്. അത്തത്തിന് തുടങ്ങുന്ന ഓണാഘോഷം തിരുവോണത്തിന് അവസാനിക്കുന്നു. തിരുവോണത്തിനായിരിക്കും എല്ലാ വിഭവങ്ങളോടെയും ഓണസദ്യ ഒരുക്കുക. 12 ലധികം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. എന്നാല്‍ പരമ്പരാഗത സദ്യയില്‍ 26 ലധികം വിഭവങ്ങളുണ്ടായിരിക്കും.

ഉപ്പേരി, ശര്‍ക്കര വരട്ടി, അച്ചാര്‍, എലിശ്ശേരി, പുളിശ്ശേരി, കാളന്‍, ഓലന്‍, പച്ചടി, ചോറ്, സാമ്പാര്‍, അവിയല്‍, പായസം എന്നിങ്ങനെ നീളുന്നു ഓണത്തിന്റെ വിഭവങ്ങള്‍. അതില്‍ പായസം പലതരത്തില്‍ ഉണ്ടാകും. സാധാരണയായി വാഴയിലയിലായിരിക്കും സദ്യ വിളമ്പുന്നത്. വെറുതെ വിളമ്പുകയല്ല, അതിന് ചില രീതികള്‍ പണ്ടു കാലം മുതല്‍ തന്നെ നിലനില്‍ക്കുന്നുണ്ട്.

സദ്യ കഴിക്കുന്ന ആളുടെ ഇടത് വശം തുമ്പ് വരത്തക്ക രീതിയിലായിരിക്കും വാഴയില വയ്ക്കുക. ഇടത് വശത്ത് ഇലയുടെ മുകളിലായി കുടിക്കാനുള്ള വെള്ളം വയ്ക്കുക. ഇലയുടെ ഇടത് വശത്താണ് ചിപ്‌സ്, ശര്‍ക്കര വരട്ടി, പഴം, പപ്പടം എന്നിവ വയ്ക്കുക. തുടര്‍ന്ന് മറ്റ് വിഭവങ്ങള്‍ വിളമ്പി തുടങ്ങാം. അവയെല്ലാം ഇലയുടെ മുകള്‍ വശത്തായിരിക്കും വിളമ്പുക. ഇലയുടെ നടുവിലായി ആവശ്യത്തിന് ചോറ് വിളമ്പാം. ചോറിന് മുകളില്‍ സാമ്പാറോ മറ്റ് കറികളൊ ഒഴിക്കാം.