കവാസക്കി സീ 800: റോഡിലെ പുലിക്കുട്ടി

 
കവാസക്കി സീ 800: റോഡിലെ പുലിക്കുട്ടി

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ബൈക്ക് വിപണി വലിയൊരു രൂപാന്തരം നേരിടുകയാണ്. 150 സിസി ബൈക്കുകള്‍ പ്രീമിയം സെഗ്മെന്റായി ആഘോഷിക്കപ്പെട്ടു കൊണ്ടിരുന്ന സ്ഥാനത്തു നിന്നും 500 സിസിക്കു മുകളിലുള്ള ബൈക്കുകളുടെ പ്ലേ ഗ്രൗണ്ടായി നമ്മുടെ വിപണിയും മാറിയിരിക്കുന്നു. നിന്‍ജ സീരീസിലൂടെ നമ്മുടെ മനം കവര്‍ന്ന കവാസകി ഇപ്പോള്‍ ഉയര്‍ന്ന ശേഷിയുള്ള ബൈക്കുകളുടെയും ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കവാസകിയുടെ രണ്ട് സൂപ്പര്‍ബൈക്കുകള്‍ നാം പരിചയപ്പെട്ടിരുന്നു. സീഎക്‌സ് 10 ആര്‍, സീഎക്‌സ് 14ആര്‍ എന്നിവയായിരുന്നു അവ. ഇത്തവണ നാം പരിചയപ്പെടാന്‍ പോകുന്നത് അതില്‍ നിന്നും ഒരുപാട് വ്യത്യസ്തനായ സീ 800 എന്ന പുലിക്കുട്ടിയെയാണ്. അവിശ്വസനീയമായ കരുത്തും എന്തിനും പോന്ന രൂപഭാവങ്ങളും ഒത്തിണങ്ങിയ ഈ സ്ട്രീറ്റ്‌ഫൈറ്ററെയും കൂട്ടി നമുക്കൊന്നു ചുറ്റിയാലോ?

കാഴ്ച
വീഡിയോ ഗെയിമുകളിലും മറ്റും കാണാറുള്ള പോസ്റ്റ് മോഡേണ്‍ ഡിസൈന്‍ സങ്കല്‍പങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള രൂപമാണ് സീ ലൈനപ്പില്‍ ഉടനീളം കാണാവുന്നത്. സീ 800-ഉം നമ്മോടു സംവദിക്കുന്നത് അത്തരമൊരു തലത്തില്‍ നിന്നാണ്... ലളിതമായി പറഞ്ഞാല്‍ ആധുനികതയുടെ അരംകൊണ്ട് രാകിമിനുക്കിയ രൂപമാണ് സീ 800-ന്റേത്. ബൈക്ക് എന്നതിലുപരി ഏതോ ഒരു ജീവിയെന്നു തോന്നിപ്പിക്കും വിധമാണ് മുന്‍ഭാഗം. ഡബ്ല്യൂ എഴുതിയതു പോലെയുള്ള ഹെഡ്‌ലാമ്പും അതിനോടിണങ്ങിയ ബിക്കിനി ഫെയറിങ്ങും. വശങ്ങളിലേക്കു വരുമ്പോള്‍ മസ്‌കുലറായ ഫ്യുവല്‍ ടാങ്കിനിരുവശവും സ്‌കൂപ്പുകള്‍. അവയ്ക്കിടയിലൂടെ വലിയ റേഡിയേറ്ററിന്റെയും എക്‌സ്‌ഹോസ്റ്റ് ഹെഡറുകളുടെയും ദൃശ്യം. ട്യൂബുലര്‍ ഫ്രെയിമും എന്‍ജിന്‍ സബ്‌ഫ്രെയിമുമൊക്കെ ഏതാണ്ട് മുഴുവനായും കാണാവുന്ന തരത്തിലാണ് സൈഡ് പ്രൊഫൈല്‍. തടിച്ചുകുറുകിയ എക്‌സ്‌ഹോസ്റ്റ് പൈപ്പ് കാഴ്ചയിലും ശബ്ദത്തിലും ഗംഭീരന്‍ തന്നെ.

റൈഡ്
കയറിയിരിക്കുമ്പോള്‍ തന്നെ ആത്മവിശ്വാസം തോന്നിക്കുംവിധമുള്ള റൈഡിങ്ങ് പൊസിഷനാണ് സീ 800-ന്റേത്. ആയാസരഹിതമായി പിടിക്കാവുന്ന ഹാന്‍ഡില്‍ബാറും നടുവേദന തോന്നിക്കാത്ത സീറ്റിങ്ങുമാണ് സീ 800-ന്റേതെന്ന് നമുക്ക് പെട്ടെന്നു തന്നെ മനസ്സിലാവും. പേരിനുപോലും ഒരു അനലോഗ് ഡയല്‍ ഇല്ലാത്ത തികച്ചും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് സീ 800-നുള്ളത്. മൂന്നായി ഭാഗിച്ച ആ കണ്‍സോളിന്റെ ഇടതുഭാഗത്ത് ടെമ്പറേച്ചര്‍ ഗേജ്, ഓഡോമീറ്റര്‍, ക്‌ളോക്ക് എന്നിവയും, നടുവില്‍ 14000 ആര്‍പിഎം വരെ അടയാളപ്പെടുത്തിയ ഗ്രാഫിക് ടാക്കോമീറ്ററും, വലത്ത് സ്പീഡോമീറ്റര്‍, ഫ്യുവല്‍ഗേജ് എന്നിവയുമാണുള്ളത്. കണ്‍സോളിനിരുവശവും വാണിങ്ങ് ലാമ്പുകളും ഇടത്തേ ഡയലിന്റെ കോണില്‍ റെവ് ലിമിറ്ററുമുണ്ട്.

കവാസക്കി സീ 800: റോഡിലെ പുലിക്കുട്ടി

സീ 800-ന്റെ സ്റ്റാര്‍ട്ടര്‍ ഉണര്‍ന്നു, നല്ല എക്‌സോസ്റ്റ് നോട്ട്. ഫസ്റ്റ് ഗിയര്‍ വീഴട്ടെ... ഒരു ഞെട്ടലോടെ ഫസ്റ്റ് വീണു. നീങ്ങിത്തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി, ഇവന്‍ നിസ്സാരക്കാരനല്ല... ഫസ്റ്റ് ഗിയറില്‍ തന്നെ നൂറു കടക്കാന്‍ പോന്ന പ്രകടനം. റോഡില്‍ തിരക്കേറി വരികയാണ്. ഞാന്‍ സീ 800-ന്റെ ഉള്ളിലെ പോക്കിരിയെ സ്വതന്ത്രമാക്കി. 806സിസി ഇന്‍ലൈന്‍ 4 സിലിന്‍ഡര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇവന്റെ ഹൃദയം. 10,200 ആര്‍പിഎമ്മില്‍ 111.5 ബിഎച്ച്പിയാണ് സീ 800ന്റെ കരുത്ത്. 8000 ആര്‍പിഎമ്മില്‍ 83 ന്യൂട്ടണ്‍ മീറ്ററാണ് ട്രാക്ക്. സിക്‌സ് സ്പീഡ് ട്രാന്‍സ്മിഷന്‍ ഒരല്‍പം കടുപ്പക്കാരനാ ണെന്നു തോന്നുമെങ്കിലും രണ്ടുകിലോമീറ്റര്‍ ഓടിക്കഴിയുമ്പോള്‍ അതൊരു പ്രശ്‌നമേയല്ലാതാവും. ട്യൂബുലര്‍ ബാക്ക്‌ബോണ്‍ ഫ്രെയിം ആണ് സീ 800-ന്റെ ഹാന്‍ഡ്‌ലിങ്ങ് മികവിനു പിന്നില്‍.

വാഹനങ്ങള്‍ക്കിടയിലൂടെ ഓവര്‍ടേക്ക് ചെയ്തു കയറുമ്പോള്‍ ഹാന്‍ഡില്‍ ബാറിലൊരു കടുപ്പം അനുഭവപ്പെടുന്നുണ്ട്. പക്ഷെ വാഹനത്തിന്റെ ഭാരം ഇരുകാലുകളിലേക്കും മാറ്റിക്കൊടുത്താല്‍ സീ 800-ലെ റൈഡ് മറ്റൊരു അനുഭവമായി മാറും. ഒരു സ്ട്രീറ്റ് ബൈക്കിനു യോജിച്ച ഹാന്‍ഡ്‌ലിങ്ങാണ് സീ 800ന്റേത് എന്നു തീര്‍ത്തും പറയുക വയ്യ, ടൂറര്‍ ബൈക്കുകളുടെ ചില സ്വഭാവങ്ങളും ഇടയ്ക്കു കാണാം. ട്യൂബുലര്‍ ബാക്ക്‌ബോണ്‍ ഫ്രെയിം ആണ് സീ 800ന്റെ ഹാന്‍ഡ്‌ലിങ്ങ് മികവിനു പിന്നില്‍. മുന്നിലെ 310 എം.എം ഇരട്ട ഡിസ്‌കുകളും, പിന്നിലെ 250 എം.എം ഡിസ്‌കുമടങ്ങിയ ബ്രേക്കിന് എബിഎസിന്റെ പിന്‍ബലവുമുള്ളതിനാല്‍ ഭയക്കേണ്ടതില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)