എന്താണ് കേണി?ഒരു അഴിമുഖം ഡോക്യുമെന്ററി

 
എന്താണ് കേണി?ഒരു അഴിമുഖം ഡോക്യുമെന്ററി

രാംദാസ് എം കെ

(ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയായി മാറുന്ന കാലത്ത് വയനാട്ടിലെ കുറുമാര്‍ക്കിടയില്‍ ഇപ്പൊഴും നിലനില്‍ക്കുന്ന അപൂര്‍വ്വ ജല സംരക്ഷണ രീതിയായ കേണിയെക്കുറിച്ച് അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ രാംദാസ് എം കെ തയ്യാറാക്കിയ ഡോക്യുമെന്ററി) .

കേണി എന്ന മലയാള വാക്കിനര്‍ത്ഥം കിണര്‍, കനി എന്നൊക്കെയാണ്. ശബ്ദതാരാവലിയില്‍ തടാകം, താല്‍ക്കാലിക ജലാശയം, തൊട്ടില്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്‍ച്ചോറ് നീക്കം ചെയ്ത പനക്കുറ്റി ഉപയോഗിച്ച് പണിത കൊച്ച് കിണറിനാണ് പൊതുവില്‍ കേണി എന്ന വിളിപ്പേര്. ജലസുഭിക്ഷമായിരുന്ന വയനാട്ടില്‍ കേണിച്ചിറ എന്ന സ്ഥലനാമം ഉടലെടുത്തത് ഈ പ്രത്യേകതകൊണ്ടാണെന്നും പറയപ്പെടുന്നു. വറ്റാത്ത ഉറവയാണ് കേണിയുടെ സവിശേഷത. ഭൂമിയുടെ ഉപരിതലത്തിലേക്ക് അനര്‍ഘമായി പ്രവഹിക്കുന്ന ജലധാരയാണിത്. പാറക്കൂട്ടങ്ങള്‍ക്ക് മുകളിലും മലമുനമ്പിലും ചതുപ്പിലും ഇത്തരം ജലസ്രോതസ്സുകള്‍ ഉണ്ടാകും. ശുദ്ധജലത്തിന്റെ അക്ഷയഖനിയാണ് ഇത്തരം കേണികള്‍.

പ്രകൃതി ജീവിതത്തിന്റെ ശേഷിക്കുന്ന ചിഹ്നങ്ങളാണ് കേണികള്‍. മണ്ണിനോടൊപ്പം പുണര്‍ന്നും ശയിച്ചും പരിസ്ഥിതി ജീവിതത്തിന്റെ അറ്റുപോകാത്ത അവശേഷിക്കുന്ന കണ്ണികള്‍ കൂടിയാണ് ഇത്തരം ശുദ്ധജല സംഭരണികള്‍. ഗ്രാമജീവിതത്തിന്റെ അഭിഭാജ്യഘടകമായിരുന്നു കേരളത്തില്‍, പ്രത്യേകിച്ചും മലബാറില്‍, കേണികള്‍. ഈ ജലസ്രോതസ്സുകളെ ചുറ്റിപ്പറ്റി വളര്‍ന്നതും വികസിച്ചതുമായ സംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അങ്ങിങ്ങായി കാണാനാകും. ഓരോ ഗ്രാമത്തിലേയും മുഴുവന്‍ മനുഷ്യര്‍ക്കും മാത്രമല്ല, മറ്റ് ജീവജാലങ്ങള്‍ക്കും ആവശ്യമായ ശുദ്ധജലം ലഭിച്ചിരുന്നത് ഇത്തരം കേണികളില്‍നിന്നു കൂടിയാണ്. പ്രാദേശികവും പരമ്പരാഗതവുമായ ഉല്‍പ്പന്നങ്ങള്‍കൊണ്ട് തയ്യാറാക്കിയ കേണികള്‍ പരിശുദ്ധമായാണ് ഗ്രാമവാസികള്‍ കണ്ടിരുന്നത്. വിശ്വാസവുമായി ബന്ധപ്പെടുത്തി ജലസ്രോതസ്സുകളുടെ പാവനത കാത്ത് സൂക്ഷിക്കുകയാണ് ഗോത്ര സമൂഹങ്ങള്‍ ചെയ്തത്. ദൈവ വരമായി കണ്ട് അശുദ്ധമായതെല്ലാം അകത്തിനിര്‍ത്തി ഈ ശുദ്ധജല ശേഖരത്തെ അവര്‍ ആരാധിച്ചു.

ആദിവാസികളുടെ പിതൃഭൂമിയായി പരിഗണിക്കപ്പെടുന്ന വയനാട്ടിലെങ്ങും ഇത്തരം കേണികള്‍ ധാരളമുണ്ടായിരുന്നു. പണിയര്‍, കാട്ടുനായ്ക്കര്‍, അടിയര്‍, ശൂദ്രര്‍, കുറുമര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ അവരുടെ ആരാധനയുടെ ഭാഗമായി കേണികളെ പരിഗണിച്ചു. ഒഴുകുന്ന നദിയേയും ശുദ്ധജലത്തേയും മലിനപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം കുലദൈവത്തിനു മുന്നില്‍ ഏറ്റ് പറയുന്നത് കാട്ടുനായ്ക്കര്‍ ഉള്‍പ്പെടെയുള്ള ആദിവാസി ജനസമൂഹത്തിന്റെ പതിവ് ആചാരരീതികളില്‍ ഒന്നാണ്. ശുദ്ധജലം മലിനമാകുന്നതിന് കാരണമായാല്‍ രോഗവും മരണവും വറുതിയും തീര്‍ച്ചയായും അനുഭവിക്കേണ്ടിവരുമെന്ന് ഈ മനുഷ്യര്‍ കരുതി. ഗോത്ര ആചാരവുമായി ബന്ധമുള്ള മരങ്ങളെയും കേണികളെയും ഒന്നുപോലെ ദിവ്യമെന്ന് ഇവര്‍ വിശ്വസിച്ചു. കുലദൈവമായ മാരി വസൂരിയായി വന്ന് കുലം മുച്ചൂടും മുടിക്കുന്നത് ശിക്ഷ ഇത്തരം മനുഷ്യര്‍ ദുസ്സ്വപ്നം കണ്ടു.


വയനാട്ടില്‍പ്പോലും കേണിയെന്ന ശുദ്ധജല ശേഖരം അന്യം നിന്ന് പോയിരിക്കുന്നു. വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. അത്തരത്തിലൊന്നാണ് തിരുമുഖം കേണി. വയനാട്ടിലെ പ്രബല ഗോത്രസമൂഹമായ കുറുമരുടെ രാജസന്നിധിയാണിവിടം. പുല്‍പ്പള്ളിക്കടുത്ത് കുറുവ ദ്വീപിനോട് ചേര്‍ന്ന പാക്കത്താണ് കുറുമരുടെ വില്ലിപ്പം കുലത്തിന്റെ കേന്ദ്രം. വേങ്കടകുലം, കാതീയകുലം, വടക്കുകുലം എന്നീ കുലങ്ങള്‍ ഉണ്ടെങ്കിലും പ്രാധാന്യം വില്ലിപ്പം കുലത്തിനുതന്നെ. സകല കുറുമരുടെയും രാജാവായി തിരുമുഖത്തെ കുറുമമൂപ്പനെ പരിഗണിക്കാനും കാരണം ഇതാണ്. അമ്മവഴിയാണ് കുലത്തിന്റെ ചങ്ങല. ഏതാണ്ട് കാല്‍ലക്ഷം പേര്‍ കുറുമ വിഭാഗത്തിലുണ്ടെന്നാണ് ഏകദേശ വിവരം. ഗോത്ര ജീവിത ശൈലി പിന്തുടരുന്നതില്‍ കുറുമര്‍ മറ്റ് സമൂഹങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. ഇപ്പോഴും ഒരേ കുലത്തിലുള്ളവര്‍ പരസ്പരം വിവാഹിതരാകാന്‍ ഇവര്‍ സമ്മതിക്കുന്നില്ല. പരിഷ്‌ക്കാരത്തിന്റെയും വികസനത്തിന്റെയും സാധ്യതകള്‍ കുറുമര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

കുറുമര്‍ ഒന്നിച്ച് കഴിയുന്നിടത്തെ കുടി എന്നാണ് വിളിക്കാറുള്ളത്. തിരുമുഖം കുടിയിലെ പിട്ടന്‍ മൂപ്പനാണ് ഇപ്പോള്‍ രാജപദവി. വാര്‍ദ്ധക്യമെത്തിയ രാജാവിന്റെ അധികാര പരിധി സമൂഹാംഗങ്ങളുടെ ജീവിത പരിസരമാണ്. ജനനവും വിവാഹവും മരണവും രോഗവും വിവരങ്ങളായി മൂപ്പന്റെ മുന്നിലെത്തുന്നു. അവസാനവാക്ക് കുറുമ രാജാവിന്റേതാണ്.

ഒരിക്കലും വറ്റാത്ത തിരുമുഖം കേണി ജീവജലമാണെന്ന് വില്ലിപ്പം കുലത്തിലെ കുറുമര്‍ കരുതുന്നു. 'ആശുപത്രിയിലാണ് ഇപ്പോള്‍ പ്രസവം നടക്കുന്നത് അതുകൊണ്ട് കുട്ടിയുമായി കുടിയില്‍ എത്തിയാല്‍ ആദ്യം അമ്മ കേണിയില്‍ നിന്നുള്ള വെള്ളം ഒരു കവിള്‍ കുടിക്കും. പിന്നെ കുട്ടിയ്ക്കും കൊടുക്കും. കുലദൈവവുമായി ബന്ധമുള്ള എല്ലാ ചടങ്ങുകള്‍ക്കും കേണിയിലെ വെള്ളമാണ് എടുക്കുക. കുറുമ രാജാവും തിരുമുഖം കുടിയിലെ മൂപ്പനുമായ പിട്ടന്‍ മൂപ്പന്‍ പറഞ്ഞു. കുടിയിലേക്ക് വിവാഹം കഴിച്ച് കൊണ്ടുവരുന്ന സ്ത്രീ ആദ്യം ചെയ്യേണ്ടത് കേണിയില്‍ നിന്ന് ഒരു കുടം വെള്ളം കൊണ്ടുവരികയാണ്. കുടിയിലെത്തുന്ന ഏത് അതിഥിയും ഇങ്ങനെ ചെയ്യണമെന്നാണ് പ്രമാണം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. എല്ലാവര്‍ക്കും തിരക്കാണ്. ആചാരങ്ങള്‍ പേരിന് തുടരുന്നു എന്നുമാത്രം.' പിട്ടന്‍ മൂപ്പന്‍ പറയുന്നു.

ദീര്‍ഘകാലം നിയമസഭയില്‍ അംഗമായിരുന്ന രാഘവന്‍ മാസ്റ്ററുടെ സഹോദരിയായ ജാനകി മൂപ്പത്തി പറഞ്ഞതും ഇതുതന്നെയാണ്. 'കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പുലര്‍ച്ചെ കുടവുമായി കൂട്ടുകാരൊടൊപ്പം കേണിയിലേക്ക് പോയി. കേണിയില്‍ നിന്ന് കൈകൊണ്ട് കോരിയെടുത്ത വെള്ളം ഒരു കവിള്‍ കുടിച്ചു. അങ്ങനെയാണ് ഈ കുടിയിലെ ജീവിതം പതിറ്റാണ്ടുകള്‍ക്ക് മൂമ്പ് ആരംഭിച്ചത്.' ജാനകി മൂപ്പത്തി കേണിയിലെ ജലത്തിന്റെ പവിത്രതയെക്കുറിച്ച് വാചാലയായി.

കുടിയില്‍ നിന്ന് പത്ത് ഇരുന്നൂറ് മീറ്റര്‍ അകലെയാണ് തിരുമുഖത്തെ കേണി. കുടിയിലെ എല്ലാ വീടുകളിലേക്കും ഒരു പാത്രം വെള്ളമെങ്കിലും ദിവസവും ഇവിടെനിന്ന് എടുക്കുന്നു. അങ്ങനെയാണ് കുടിയിലെ ഓരോ സ്ത്രീയുടെയും ദിവസാരംഭം. കോണ്‍ട്രീറ്റ് നിര്‍മ്മിത പുതു കിണറും പൈപ്പ് വെള്ളവും ഇവരുടെ വീടുകളിലും ഉണ്ട്. എന്നാലും വിശ്വസിച്ച് കുടിക്കാവുന്ന വെള്ളം കേണിയിലേതെന്ന് ഇവര്‍ അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.

തിരുമുഖം കുടിയിലെ ജീവിതം ഈ കേണിയുമായി അഭേദ്യമായി കെട്ടുപിണഞ്ഞിരിക്കുന്നു. ഭക്തിയും വിശ്വാസവും കൂട്ടിക്കലര്‍ത്തി കേണിയിലെ വെള്ളത്തിന് ദിവ്യത്വം കല്‍പ്പിക്കുന്നു. ഏത് കൊടും വേനലും ഈ കേണി അതിജീവിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. കനത്ത മഴയില്‍ കുത്തിയൊഴുകിയെത്തുന്ന മലവെള്ളം കേണിയെ മലിനപ്പെടുത്തില്ലെന്നും ഇവര്‍ക്ക് ഉറപ്പുണ്ട്. അയണിമരക്കുറ്റിയില്‍ പൂര്‍വ്വ പിതാക്കന്മാര്‍ തീര്‍ത്ത കേണി അങ്ങനെതന്നെ നിലനില്‍ക്കണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ജലസാക്ഷരതയുടെ അപൂര്‍വ്വ അനുഭവമാണ് ഈ ഗ്രാമീണര്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്താണ് കേണി?ഒരു അഴിമുഖം ഡോക്യുമെന്ററി