'നന്നായി പഠിക്കുക, സ്വപ്നം കാണുക, എന്റെ നാട്ടില്‍വച്ച് നമ്മളൊരുനാള്‍ കണ്ടുമുട്ടും'; കുമാര്‍ സഹായ രാജു അത് കേട്ടു

 
'നന്നായി പഠിക്കുക, സ്വപ്നം കാണുക, എന്റെ നാട്ടില്‍വച്ച് നമ്മളൊരുനാള്‍ കണ്ടുമുട്ടും'; കുമാര്‍ സഹായ രാജു അത് കേട്ടു

"നിങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ വന്ന് ഞങ്ങളുടെ കഥകള്‍ കേള്‍ക്കുന്നത് പോലെ എന്നാണ് ഞങ്ങള്‍ക്ക് നിങ്ങളുടെ നാട്ടില്‍ വന്ന് നിങ്ങളുടെ കഥകള്‍ കേള്‍ക്കാനാകുക", 2010-ല്‍ താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കാണാന്‍ എത്തിയ ഓസ്ട്രിയക്കാരിയോട് ഒരു കൊച്ചുപയ്യന്‍ ചോദിച്ച ചോദ്യമായിരുന്നു അത്. "നന്നായി പഠിക്കുക, സ്വപ്നം കാണുക, തീര്‍ച്ചയായും എന്റെ നാട്ടില്‍വച്ച് നമ്മളൊരുനാള്‍ കണ്ടുമുട്ടും... അന്ന് എന്റെ നാടിന്റെ കഥകള്‍ ഞാന്‍ നിനക്ക് പറഞ്ഞുതരും", അവര്‍ അവന് മറുപടി നല്‍കി. തിരുവനന്തപുരത്തെ കരുംകുളം കടലോരഗ്രാമത്തില്‍ നിന്നുള്ള കുമാര്‍ സഹായരാജു ആ വാക്കുകള്‍ നെഞ്ചിലേറ്റുകയായിരുന്നു.

"2010ല്‍ ഉണ്ടായിരുന്ന ആദ്യ ബാച്ചിനെ കാണാന്‍ ഓസ്ട്രിയയില്‍ നിന്ന് എത്തിയതായിരുന്നു അവര്‍. അപ്പോഴാണ് ഞാന്‍ അങ്ങനെ ചോദിക്കുന്നതും മറുപടി കിട്ടുന്നതും. അന്നു മുതല്‍ ഓസ്ട്രിയയില്‍ വന്ന് അവരെ കാണണമെന്നുള്ളത് എന്റെ സ്വപ്‌നമായി മാറി. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളായിരുന്നു പിന്നീട് മുഴുവനും. ഇന്ന് തിരോളിലെ അവരുടെ ടീമിന്റെ വാര്‍ഷികഘോഷമാണ്. ഞാനാണ് ചീഫ് ഗസ്റ്റ്," അത്രയേറെ സന്തോഷത്തോടെ കുമാര്‍ പറഞ്ഞു.

സ്വപ്‌നങ്ങള്‍ക്കായി നിലയ്ക്കാത്ത പരിശ്രമങ്ങളുടെ പങ്കായമെറിയുന്നവനാണ് കുമാര്‍. കുമാറിന്റെ പ്രയത്‌നങ്ങളും സ്വപ്‌നങ്ങളും അതാണ് തെളിയിക്കുന്നതും. ഇപ്പോള്‍ ബ്രിട്ടീഷ് ഫിനാന്‍സ് ആന്‍ഡ് കോമണ്‍വെല്‍ത്ത് നല്‍കുന്ന ചീവനിങ് സ്‌കോളര്‍ഷിപ്പ് നേടി യു.കെ സ്റ്റിര്‍ലിംഗ് യൂണിവേഴ്‌സിറ്റിയില്‍ മറൈന്‍ ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദപഠനം തുടരുന്ന കുമാര്‍ കരുംകുളത്തെ സെന്റ് ആന്‍ഡ്രൂസ് എല്‍പി സ്‌കൂളില്‍ നിന്നാണ് തന്റെ യാത്ര തുടങ്ങുന്നത്.

"നാലാം ക്ലാസ് കഴിഞ്ഞതോടെ പഠനം നിര്‍ത്തേണ്ട അവസ്ഥയിലായിരുന്നു. പക്ഷേ കൊത്തലങ്കോ കോണ്‍വെന്റിലുള്ള സിസ്റ്റര്‍മാര്‍ യുപി സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിത്തന്നു. ഹൈസ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പള്ളി ഇടവക വികാരി ഫാദര്‍ യേശുദാസന്‍ കടപ്പുറത്തുള്ള ഓലമേഞ്ഞ വീടിന് മുന്നിലിരുന്ന് ഞാന്‍ പഠിക്കുന്നത് കണ്ടത്. അങ്ങനെ പുല്ലുവിളയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു സന്നദ്ധസംഘടനയുടെ കീഴില്‍ എനിക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി. ഓസ്ട്രിയയിലെ തിരോള്‍ എന്ന് പറയുന്ന സ്ഥലത്തുള്ള ജോലിയില്‍ നിന്ന് വിരമിച്ച ഒരു കൂട്ടം സ്ത്രീകള്‍ അവരുടെ വിശ്രമജീവിതത്തില്‍ ലഭിക്കുന്ന തുച്ഛമായ കാശ് അയച്ച് കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് പഠിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതില്‍ ഒരാളായാണ് എന്റെ ഹയര്‍ സെക്കണ്ടറി വരെയുള്ള പഠനം തുടര്‍ന്നതും", കുമാര്‍ വിശദീകരിച്ചു.

"പ്ലസ് ടു കഴിഞ്ഞതിന് ശേഷം നാഗര്‍കോവില്‍ ഉദയാ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ ബയോടെക്‌നോളജിക്ക് ചേര്‍ന്നു. കുറഞ്ഞ ഫീസുള്ള കോഴ്‌സ് നോക്കിയാണ് അന്ന് ബയോടെക്‌നോളജി തെരഞ്ഞെടുത്തത്. അതുകഴിഞ്ഞുള്ള രണ്ട് വര്‍ഷം എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ ചേര്‍ന്നു. അവിടെ മല്‍സ്യബന്ധനത്തൊഴിലാളികളുടെയിടയില്‍ അവര്‍ക്ക് വേണ്ട കമ്മ്യൂണിക്കേറ്റീവ് ടൂള്‍സിനെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു ജോലി. അതിന് ശേഷമാണ് കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറത്തിലേക്ക് എത്തുന്നതും അവരുടെ ഫൗണ്ടിങ് മെമ്പറാകുന്നതും. അവിടെ വെച്ചാണ് മറൈന്‍ റിലേറ്റഡ് ആയിട്ടുള്ള സാധ്യതകളപ്പറ്റി അറിയുന്നത്. അങ്ങനെ ചീവനിങ് സ്‌കോളര്‍ഷിപ്പിനെപ്പറ്റി അറിഞ്ഞ് 10 മാസത്തോളം അതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലായിരുന്നു."

മല്‍സ്യത്തൊഴിലാളികളുടെ മകനെന്ന നിലയില്‍ പരമ്പരാഗതമായ അറിവുകളും നീന്തലുമൊക്കെയാണ് കുമാറിന്റെ കൈമുതല്‍. മുക്കുവ മത്സ്യത്തൊഴിലാളികള്‍ എക്കോ ഫ്രണ്ട്‌ലിയായി ചെയ്തു വരുന്ന മത്സ്യബന്ധനവും മത്സ്യവിഭവങ്ങളുടെ സംരക്ഷണവുമാണ് കുമാര്‍ ചീവനിങ് കമ്മീഷനില്‍ അവതരിപ്പിച്ചത്.

"മറൈന്‍ ബയോടെക്‌നോളജി എന്ന് പറയുന്നത് വിശാലമായ ഒരു വിഷയമാണ്. പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികളുടെ സമൂഹത്തില്‍ വളര്‍ന്നത് കൊണ്ട് കടലിലെ ആവാസ വ്യവസ്ഥയെക്കുറിച്ചും കടലിനെക്കുറിച്ചും അടിസ്ഥാനപരമായ വിവരങ്ങള്‍ അറിയാം. കൂടെ പഠിക്കുന്ന നാല് പേരും ബുക്കുകളും മറ്റും റഫര്‍ ചെയ്യുമ്പോള്‍ എനിക്കുള്ള പ്രാക്ടിക്കല്‍ അറിവുകള്‍ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. മറൈന്‍ രീതികളെ സംരക്ഷിച്ചു കൊണ്ടാണ് നമ്മുടെ മത്സ്യബന്ധന രീതികള്‍. അവയെ ശാസ്ത്രീയമായി സാധൂകരിച്ച് അവതരിപ്പിക്കാനൊക്കെയുള്ള സാധ്യതകള്‍ ഇവിടെയുണ്ട്. മത്സ്യമേഖലകളില്‍ ഒരുപാട് അവസരങ്ങളുണ്ട്. ശരിക്കും പറഞ്ഞാല്‍ ബയോടെക്‌നോളജി എടുത്ത് പഠിച്ചത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണെങ്കിലും മറൈന്‍ ബയോടെക്‌നോളജി പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്." കുമാര്‍ സ്‌കോളര്‍ഷിപ്പിനെ കുറിച്ച് പറയുന്നു.

മത്സ്യത്തൊഴിലാളികളെയും കടലിനെയും കുറിച്ച് പഠിക്കുന്നവരുടെ റിസര്‍ച്ച് ഹൗസും മറൈന്‍ ബയോടെക്‌നോളജിയുടെയും പരമ്പരാഗത മറൈന്‍ അറിവുകളുടെയും പിഎച്ച്ഡി എന്നിവയാണ് കുമാര്‍ ഇപ്പോള്‍ സ്വപ്‌നം കാണുന്നത്. മത്സ്യബന്ധനത്തൊഴിലാളികളായ കുമാറിന്റെ അച്ഛനും അമ്മയും രണ്ട് സഹോദരികളുമാണ് ഇപ്പോള്‍ നാട്ടില്‍ ഉള്ളത്. ഇളയസഹോദരിയുടെ ഭര്‍ത്താവ് ഷിബു സേവ്യര്‍ ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെട്ടു.

https://www.azhimukham.com/positive-story-bindhu-a-tribal-woman-from-kerala-studied-msc-physics-in-madras-iit-preparing-for-higher-studies-report-by-arathi/