AZHIMUKHAM PLUS | ആശ്രമവും സ്ഥലവും സര്‍ക്കാര്‍ സ്‌കൂളിനായി നല്‍കിയ ഗുരു; പ്രതിമകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന നമ്മളും

 
AZHIMUKHAM PLUS | ആശ്രമവും സ്ഥലവും സര്‍ക്കാര്‍ സ്‌കൂളിനായി നല്‍കിയ ഗുരു; പ്രതിമകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന നമ്മളും


ഒരിയ്ക്കല്‍ ബര്‍മ്മാസഞ്ചാരം കഴിഞ്ഞെത്തിയ ശിഷ്യനോട് നാരായണ ഗുരു ചോദിച്ചു ബുദ്ധക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളുണ്ടോയെന്ന്. ഹിന്ദുക്ഷേത്രങ്ങളിലുള്ളതിനേക്കാള്‍ ഏറെയെന്നായിരുന്നു ശിഷ്യന്റെ മറുപടി. അതുകേട്ട നാരായണ ഗുരു പറഞ്ഞു. ''അത് മുടിവെട്ടുന്നതുപോലെയാണ്. വെട്ടുന്തോറും വേഗവും അധികവും ഉണ്ടാകാന്‍ തുടങ്ങും. വിഗ്രഹം പാടില്ലെന്ന് നിര്‍ബന്ധിച്ചതുകൊണ്ടായിരിക്കാം ഇത്ര വര്‍ദ്ധിച്ചത്''

വിഗ്രഹങ്ങള്‍ക്കെതിരായ ബുദ്ധമനം പില്‍ക്കാലത്ത് ബൗദ്ധര്‍ തന്നെ ഉല്ലംഘിയ്ക്കുന്നത് നാരായണ ഗുരു ചൂണ്ടിക്കാട്ടുകയായിരുന്നു. എല്ലാ പാഠങ്ങള്‍ക്കും കാലം വരുത്തിവെയ്ക്കുന്ന ഭേദത്തെ കുറിച്ച് അദ്ദേഹം ശിഷ്യനെ ഓര്‍മ്മിപ്പിയ്ക്കുക മാത്രമല്ല അതിലൂടെ ചെയ്തത് എന്നതാണ് വാസ്തവം. ഭിന്നമല്ലാത്ത അനുഭവം എല്ലാ മഹാമനീഷികളേയും കാത്തിരിക്കുന്നുവെന്നുകൂടി അതില്‍ കണ്ടാല്‍ തെറ്റുപറയാനാവില്ല.

നാരായണ ഗുരുവിന്റെ എട്ടടി ഉയരമുള്ള പൂര്‍ണകായ വെങ്കലപ്രതിമ ഗുരുവിന്റെ സമാധിദിനത്തില്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നുവെന്ന വാര്‍ത്തയാണ് ഈ പഴയ സംഭവത്തിലേക്ക് എന്നെ എത്തിച്ചത്. കേരളത്തില്‍ അങ്ങളോമിങ്ങോളം ഉയര്‍ന്നിട്ടുള്ള നാരായണ ഗുരുവിന്റെ പരശതം പ്രതിമകളില്‍ ഏറ്റവും പുതിയതാണ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. നാരായണ ഗുരുവിന്റെ പ്രതിമ ഇത്തരത്തില്‍ തുറസില്‍ സ്ഥാപിക്കപ്പടാന്‍ പടില്ലാത്തതാണെന്ന തരത്തില്‍ മറ്റൊരു വിവാദം ഇതിനകം തന്നെ രൂപപ്പെട്ടതായും കാണുന്നു. ആ കാര്യങ്ങളിലേക്കു കടക്കുകയല്ല ഈ കുറിപ്പ് ലക്ഷ്യമിടുന്നത്. വിഗ്രഹം, പ്രതിമ തുടങ്ങിയവയുടെ ഭേദങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. അവയെ സമാനമായി വിഗ്രഹവത്ക്കരിക്കുന്നതിനുള്ള ശ്രമമായിട്ട് കാണുകയാണിവിടെ.

നാരായണ ഗുരുവിന്റെ ഭക്തന്മാരേയോ അനുയായികളേയോ അവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരേയോ അലോസരപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ അല്ല ലക്ഷ്യം. ചിലത് ഓര്‍മ്മിച്ചെടുക്കുന്നുവെന്ന് മാത്രം. ചെറിയ അന്തരംഗമുള്ളവരായി തീരാന്‍ വല്ലാതെ മത്സരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുടെ കാലത്താണ് നാം ജീവിക്കുന്നത്. ആ ചെറുപ്പം നമ്മുടെ പ്രവര്‍ത്തികളില്‍ ഒരു നിവര്‍ത്തിയുമില്ലാതെ സഞ്ചയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുകൂടിയാവണമല്ലോ, നാരായണ ഗുരു എന്താണ് സ്വജീവിതം കൊണ്ടു ലോകത്തിനു പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചതെന്നു മനസ്സിലാക്കാതെ, അവയുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ യത്‌നിക്കാതെ, നിരന്തരം അദ്ദേഹത്തെ വിഗ്രഹവത്ക്കരിച്ചുകൊണ്ടിരിക്കുന്നത്. സ്വയം വിഗ്രഹമായിത്തീരാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു മനുഷ്യോത്തമന് ആദരം എന്ന പേരില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ശിക്ഷകളിലൊന്നാവണമത്.

സംസ്ഥാന സാംസ്‌കാരിക വകുപ്പാണ് തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് സ്‌റ്റേഷന് എതിര്‍വശത്തുള്ള ജല അഥോറിറ്റിയുടെ 20 സെന്റ് സ്ഥലത്ത് 1.19 കോടി രൂപ ചെലവിട്ട് നാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നത്. 'നമുക്ക് ജാതിയില്ലാ വിളംബര'ത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രതിമാസ്ഥാപനം. ഏകത്വവും മനുഷ്യവിമോചനവും ലക്ഷ്യമിട്ട് ഏറ്റവും ജീവത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെട്ടിയ നാരായണ ഗുരുവിന്റെ പ്രതിമാസ്ഥാപനത്തിനായി അദ്ദേഹത്തിന്റെ അനുയായികളും വിവിധ സംഘടനകളും ഏജന്‍സികളും വ്യയം ചെയ്ത ധനത്തെ കുറിച്ച് ഓര്‍ത്താല്‍ നാരായണ ഗുരു എത്രമേല്‍ ഖിന്നനാകുമെന്നത് ചിന്തിക്കുക പോലും പ്രയാസം തന്നെ. പ്രതിമാസ്ഥാപനങ്ങള്‍ നാരായണ ഗുരുവിന്റെ ജീവിതകാലത്ത് തന്നെ തുടക്കമിട്ടതാണല്ലോ.

മനുഷ്യരെല്ലാവരും ഏകജാതി എന്നു വിശ്വസിക്കുകയും ഭിന്ന മതങ്ങളെ അവയുടെ സാരത്തില്‍ ഉള്‍ക്കൊള്ളാന്‍ നിരന്തരം പ്രചോദിപ്പിക്കുകയും ചെയ്ത നാരായണ ഗുരുവിനെ ഏതെങ്കിലും ജാതിയുടേയോ മതത്തിന്റേയോ കള്ളികളില്‍ മാത്രം ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങളോടുള്ള റാഡിക്കലായ ഭിന്നത വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ജാതിയില്ലാ വിളംബരം. ചരിത്രപരമായ ആ പ്രഘോഷണം ഏതെങ്കിലും ഒരു ജാതിയില്‍ മാത്രം ചേര്‍ത്ത് നിര്‍ത്തുന്നതിലുള്ള നാരായണ ഗുരുവിന്റെ വിയോജനം അറിയിക്കുന്നതായിരുന്നു.

'' നാം ജാതി മതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഏതാനും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടവരായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളുവെന്നും മേലും ചേര്‍ക്കുകയുള്ളുവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.''

ഒരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാത്തതാണ് പ്രസ്താവം. 'മതത്തെ വ്യക്തിയുടെ വിശ്വാസത്തിന്റെ ആത്മനിഷ്ഠതയിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ജാതിഭേദത്തെ മനുഷ്യജാതി ശരീരം എന്ന യാഥാര്‍ത്ഥ്യം കൊണ്ടുതള്ളിക്കളയുകയും' ചെയ്യുകയായിരുന്നു നാരായണ ഗുരു. ഇത്തരത്തില്‍ മനുഷ്യരുടെ സംഘടിതാസ്തിത്വത്തിന്റെ പഴയ ബാഹ്യരൂപങ്ങളെ തിരസ്‌ക്കരിക്കുന്നതിലെ ഏടുകളിലൊന്നാകുന്നു ജാതിയില്ലാ വിളംബരം. നൂറാണ്ടുശേഷം അത്തരമൊരു ചരിത്രസംഭവം അനുസ്മരിക്കുന്നുവെന്നത് നല്ലകാര്യം തന്നെ. വിശേഷിച്ചും മതത്തിലും ജാതിയിലും സ്വത്വത്തിലും ഊന്നിക്കൊണ്ടു അത്യന്തം ഭിന്നങ്ങളായ കംപാര്‍ട്ടുമെന്റുകളിലേക്ക് മനുഷ്യര്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്. കോടികള്‍ മുടക്കിക്കൊണ്ടുള്ള പ്രതിമാസ്ഥാപനം അതിനുള്ള ഉപാധിയാണോയെന്ന ചോദ്യമാണ് സംഗതമാകുന്നത്. വിശേഷിച്ചും കടുത്ത പ്രകൃതി ദുരന്തങ്ങളുടെ അടിക്കടിയുള്ള കടന്നുവരവുകളും കൊറോണപോലുള്ള മഹാവ്യാഥിയും കടുത്ത ആഘാതം സൃഷ്ടിച്ചിരിക്കുന്ന ഈ കാലത്ത് നാരായണ ഗുരുവിനോടുള്ള ആദരം കാണിക്കലാകുമോ പ്രതിമാനിര്‍മാണത്തിനായി വ്യയം ചെയ്യല്‍?

''മനുഷ്യരൊക്കെ ഒരു ജാതിയാണ്. അവരുടെ ഇടയില്‍ സ്ഥിതിഭേദമല്ലാതെ ജാതിഭേദം ഇല്ല. ഉണ്ടാകാന്‍ ഒരു നിവൃത്തിയുമില്ല. ചിലര്‍ക്ക് പണവും പഠിപ്പും ശുചിയും മറ്റും കൂടുതലായിരിക്കും. മറ്റ് ചിലര്‍ക്ക് അതൊക്കെ കുറവായിരിക്കാം. ചിലരുടെ നിറമായിരിക്കുകയില്ല മറ്റു ചിലരുടെ നിറം. ഈ മാതിരിയുള്ള വ്യത്യാസമല്ലാതെ മനുഷ്യര്‍ക്ക് ജാതി വ്യത്യാസമില്ല.'' നാരായണ ഗുരുവിന്റെ മനുഷ്യാംശത്തിലൂന്നിയുള്ള ഏകത്വപാഠത്തെ നാം എത്രമേല്‍ ഉള്‍ക്കൊണ്ടു? നമ്മുടെ സമൂഹം എവിടെയാണ് എത്തിനില്‍ക്കുന്നത്? പ്രതിമാസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ പാഠങ്ങളോട് എത്രമേല്‍ നീതി പുലര്‍ത്തുന്നതാണ്? ഈ ചോദ്യങ്ങളൊക്കെ പഴയതാണെന്നു വേണമെങ്കില്‍ പറയാം. പക്ഷെ, ചോദ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം.

ബര്‍മയില്‍ യാത്രകഴിഞ്ഞെത്തിയ ശിഷ്യനുമായുള്ള സംസാരം തുടക്കത്തിലേ ഉദ്ധരിച്ചത് വിഗ്രഹവത്ക്കരണത്തെ കുറിച്ചുള്ള ഗുരുവിന്റെ മനസ്സ് സൂചിപ്പിക്കുന്നതിനായിരുന്നു. അദ്ദേഹം ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തിയതോ എന്ന ചോദ്യം കാണാതെയല്ല. ഗുരു നടത്തിയ ക്ഷേത്രപ്രതിഷ്ഠകളെല്ലാം തന്നെ സാമൂഹികമായ ദൗത്യം നിര്‍വഹിക്കുന്നതിനുവേണ്ടിയായിരുന്നു. ഒരു ഘട്ടത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കുന്നത് അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു. കണ്ണാടിയിലേക്ക് എത്തിയതും അതിനുശേഷം വിഗ്രഹങ്ങള്‍ പ്രതിഷ്ഠാക്കാതിരുന്നതും പല തലങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുള്ളവയുമാണ്. വിദ്യാലയമാണ് ഇനി വേണ്ടതെന്ന അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ബുദ്ധന്‍ വിഗ്രഹം പാടില്ലെന്ന് നിര്‍ബന്ധിച്ചതുകൊണ്ടായിരിക്കാം ഇത്രമേല്‍ അദ്ദേഹത്തിന്റെ വിഗ്രഹങ്ങള്‍ വര്‍ദ്ധിച്ചതെന്ന് ഗുരു സൂചിപ്പിക്കുമ്പോള്‍ അത് വിരുദ്ധഹാസ്യത്തിനുമപ്പുറം ചരിത്രത്തില്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥകളെ ഓര്‍മ്മപ്പെടുത്തുന്നതുകൂടിയാണ്.

സത്യത്തില്‍ നാരായണ ഗുരു എവിടെയാണ് ഊന്നിയിരുന്നത്. വിദ്യയും വ്യവസായവും സംഘടനയും ഏകജാതിയും ശാസ്ത്രപഠനവും ഒക്കെ നടത്തി സമൂഹത്തിന്റെ സമ്യക്കായ ഉയര്‍ച്ച ഉണ്ടാകണമെന്നായിരുന്നു അദ്ദേഹം തന്റെ ജീവിതത്തില്‍ ഉടനീളം പറഞ്ഞുകൊണ്ടിരുന്നത്. കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന ആരംഭിക്കുന്നതില്‍പ്പോലും നാരായണ ഗുരുവിന്റെ സ്വാധീനത കാണാം. അത്രമേല്‍ ബൃഹത്തും ഭിന്നങ്ങളായിരുന്നു സമ്യക്കായ ലോകസൃഷ്ടിക്കായി പ്രവര്‍ത്തിച്ച നാരായണ ഗുരുവിന്റെ പരിഗണനാക്രമങ്ങള്‍.

ആശ്രമമല്ല, വിദ്യാലയം

ആത്മീയത എന്ന കേവലാവസ്ഥയില്‍ മാത്രം അഭിരമിച്ച മനസ്സായിരുന്നില്ല നാരായണ ഗുരുവിന്റേത്. സന്യാസി ആശ്രമമോ വിദ്യാലയമോ എന്ന രണ്ടിലേതെന്നതില്‍ വിദ്യാലയത്തില്‍ അദ്ദേഹം ഊന്നി. സന്യാസാശ്രമത്തിനായി നല്‍കിയ സ്ഥലം സര്‍ക്കാരിന് സ്‌കൂള്‍ നിര്‍മാണത്തിനായി വിട്ടു നല്‍കിയ നാരായണ ഗുരുവിനെ ഏറപ്പെര്‍ക്കും അറിവുണ്ടാകണമെന്നില്ല. അത് നടന്ന ചേര്‍ത്തലയിലെ ആളുകള്‍ പോലും കാര്യമായി ഓര്‍ത്തുവെയ്ക്കാന്‍ ഇടയില്ലാത്ത ഒരു സംഭവം കൂടി വിശദമാക്കികൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

സാമൂഹികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശമായിരുന്നു ചേര്‍ത്തല. നാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചേര്‍ത്തലയില്‍ ഒരു ആശ്രമം തുടങ്ങണമെന്ന ആവശ്യം 1900 കളുടെ തുടക്കകാലങ്ങളില്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്നു. നാരായണ ഗുരുവിന്റെ ചികിത്സകന്‍ എന്ന നിലയില്‍ കൂടി പ്രസിദ്ധനായ പാണാവള്ളി കൃഷ്ണന്‍ വൈദ്യരെപ്പോലുള്ള ഏറെ ഉല്‍പ്പതിഷ്ണുക്കള്‍ അക്കാലത്ത് കരപ്പുറം എന്ന പേരില്‍ പ്രസിദ്ധമായ ചേര്‍ത്തലയിലും പ്രാന്തങ്ങളിലുമായി ഉണ്ടായിരുന്നു. ആശ്രമം സ്ഥാപിക്കുന്നതിനായി നാരായണ ഗുരുവിന്റെ ഗൃഹസ്ഥശിഷ്യന്മാരില്‍ ഒരാളായിരുന്ന കൊച്ചയ്യപ്പന്‍ എന്നയാള്‍ ചേര്‍ത്തല പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തന്റെ സ്ഥലവും കെട്ടിടവും ആശ്രമം സ്ഥാപിക്കുന്നതിനായി നാരായണ ഗുരുവിന് ദാനാധാരം നല്‍കി. അതിലെ ചില ഭാഗങ്ങള്‍ കാണുക:

"ആലുവ അദ്വൈതാശ്രമത്തില്‍ വിശ്രമിച്ചുവരും അറുപത്തിമൂന്നു വയസ്സായ ബ്രഹ്മശ്രീ നാരായണഗുരുസ്വാമി തൃപ്പാദങ്ങളിലേക്ക് തണ്ണീര്‍മുക്കം വടക്കുംപകുതി തണ്ണീര്‍മുക്കം വടക്കുംമുറിയില്‍ പുന്നെക്കാട്ടുചിറയില്‍ ഈഴം മരുമക്കള്‍വഴി കണ്ടന്റെ അനന്തിരവന്‍ കച്ചവടം അറുപത് വയസ്സുള്ള കൊച്ചയ്യപ്പന്‍ എഴുതിക്കൊടുത്ത ദാനാധാരം. ഞാന്‍ മുന്നൂറുരൂപ അര്‍ത്ഥം കൊടുത്ത് കുറ്റിച്ചിറയില്‍ ആതിനാരായണന്‍ മുതല്‍ പേരോടു ചേര്‍ത്തല സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്തു വാങ്ങി കൈവശം വച്ചുകരവും തീര്‍ത്ത് അനുഭവിച്ചുവരുന്ന താഴെ പറയുന്ന പുരയിടവും പുരയും കൂടി എനിക്കുള്ള സകലാവകാശങ്ങളും ബാദ്ധ്യതയും വിട്ടു ഇനാമാകെ തന്നിരിക്കുന്നു. ഈ വസ്തുവില്‍ നിന്നും കിട്ടുന്ന എല്ലാവക ആദായവും സ്വാമിതൃപ്പാദങ്ങളുടെ ചതയം തിരുനാളില്‍ എന്റെ വകയായി നടത്തേണ്ട പുണ്യകര്‍മ്മങ്ങള്‍ക്ക് എന്നാളും ഉപയോഗിക്കത്തക്കവണ്ണം ദാനമായി തന്നിരിക്കുന്നു...കോട്ടയം ഡിസ്ട്രിക്ടില്‍ , ചേര്‍ത്തല സബ് ഡിസ്ട്രിക്ടില്‍ ടി താലൂക്കില്‍ ചേര്‍ത്തല വടക്കും പകുതി വടക്കുംമുറിയില്‍ കണ്ടത്തില്‍ പറമ്പന്‍ വക വെളിക്കും നിലത്തിനും മേക്ക് പായിക്കുളങ്ങര പുരയിടത്തിനും വടക്ക് വേല നിലത്തിനും കിഴക്ക് കൈപ്പള്ളി വക പുരയിടത്തിനും തെക്ക് പണ്ടാരവക പാട്ടം സര്‍വെ 258/10 പുതുവല്‍ പുരയിടം ഒന്നും ടി പുരയിടത്തിലുള്ള പുരയും ആകുന്നു... ടി പുരയിടത്തില്‍ കല്ലും മരവും കൊണ്ടു തെക്കുവടക്ക്കിഴക്ക് ദര്‍ശനത്തില്‍ തെക്കുവശം തളവും പടിഞ്ഞാറും വടക്കും വശങ്ങളില്‍ അടവുമുറികളും നടുവില്‍ അറക്കൂട്ടുമായി ആഞ്ഞിലിയും പാഴ്മരവും കൂട്ടിപ്പണിയിച്ചിട്ടുള്ള പുരയും...''

ചേര്‍ത്തലയെ ദേശീയ പാതയുമായി ബന്ധിക്കുന്ന പാതയോരത്ത്, പട്ടണ ഹൃദയത്തില്‍ ഇപ്പോള്‍ ഗവണ്മെന്റ് ബോയിസ് ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നത് ഈ പുരയിടത്തിലാണ്.

കൊച്ചയ്യപ്പന്‍ ആശ്രമം ചെയ്യുന്നതിനുള്ള സന്നദ്ധത അറിയിച്ചശേഷം നാരായണ ഗുരു അവിടെയെത്തി സ്ഥലവും കെട്ടിടവും ബോധ്യപ്പെടുകയും ചെയ്തിരുന്നു. അതിനുശേഷമായിരുന്നു അത് സ്വീകരിച്ചത്. പിന്നീട് നാരായണഗുരു ചേര്‍ത്തലയില്‍ എത്തുമ്പോഴൊക്കെ അവിടെ സ്ഥാപിതമായ ആശ്രമത്തില്‍ വിശ്രമിക്കുകയും ചെയ്തിരുന്നു.

ചേര്‍ത്തല ഗവണ്മെന്റ് മിഡില്‍ സ്‌കൂള്‍ 1920 കളിലാണ് ചേര്‍ത്തല ബോയ്‌സ് ഹൈസ്‌കൂളായി ഉയര്‍ത്താന്‍ അനുമതിയായത്. എന്നാല്‍ അത് പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ തടസം നേരിട്ടു. സ്ഥല സൗകര്യക്കുറവായിരുന്നു പ്രധാന തടസ്സം. നാട്ടുകാര്‍ സ്ഥലവും കെട്ടിടവും നല്‍കിയാലേ സര്‍ക്കാര്‍ സ്‌കൂള്‍ അനുവദിക്കുമായിരുന്നുള്ളു അക്കാലത്ത്. ചേര്‍ത്തലയില്‍ ഹൈസ്‌കൂള്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടികള്‍ തുടര്‍ പഠനത്തിനായി ഏറെ വിഷമിച്ചിരുന്നു. മിഡില്‍ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താനായി സര്‍ക്കാരിലേക്ക് നിവേദനം അയച്ചു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും എന്‍ക്വയറിക്കെത്തി. പക്ഷെ സ്‌കൂള്‍ ഉയര്‍ത്തേണ്ടതില്ലെന്ന ശുപാര്‍ശയാണ് അധികൃതര്‍ക്ക് മിഡില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നല്‍കിയത്. ഹൈസ്‌കൂള്‍ വന്നാല്‍ തന്നെ അസിസ്റ്റന്റായി തരം താഴ്ത്തിയേക്കുമെന്ന അദ്ദേഹത്തിന്റെ ഭീതിയായിരുന്നു പ്രധാന കാരണം. എന്നിട്ടും നാട്ടുകാരുടെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി ഹൈസ്‌കൂള്‍ അനുവദിക്കപ്പെട്ടു.

ഹൈസ്‌കൂള്‍ നിര്‍മാണത്തിനായി നാട്ടുകാര്‍ പൊതുയോഗം ചേരുകയും കമ്മറ്റി ഉണ്ടാക്കുകയും ചെയ്തു. വല്ലാത്ത സാമ്പത്തിക വിഷമതകള്‍ ഉള്ള കാലമായിരുന്നു അത്. നാളികേരോത്പ്പന്നങ്ങളൊക്കെ വലിയ വിലയിടിവ് നേരിട്ട കാലം. ആളുകള്‍ക്ക് കരമൊടുക്കാന്‍ പോലുമാകാതെ വസ്തുക്കള്‍ ലേലത്തില്‍ പോയിരുന്നു. സ്‌കൂളിനായി നടത്തിയ പണപ്പിരിവ് ലക്ഷ്യം കണ്ടില്ല. സ്ഥലം വാങ്ങികെട്ടിടം പണിയാന്‍ കഴിയാത്ത അവസ്ഥ. പിരിഞ്ഞുകിട്ടിയ തുക സ്ഥലം വാങ്ങാനും കെട്ടിടം പണിയാനും മതിയാകുന്നത്രയില്ല. സ്ഥലത്തിന്റെ ദൗര്‍ലഭ്യം കീറാമുട്ടിയായി. കൊച്ചയ്യപ്പന്‍ ആശ്രമത്തിനായി നല്‍കിയ സ്ഥലം ലഭിച്ചാല്‍ സ്‌കൂള്‍ സാധ്യമാകുമെന്ന സംസാരം നാട്ടുകാര്‍ക്കിടയില്‍ ഉടലെടുത്തു.

ഇതെങ്ങനെ നാരായണ ഗുരുവിന്റെ മുന്നില്‍ അവതരിപ്പിക്കണമെന്നതായി അപ്പോഴത്തെ ചിന്ത. ഗുരു അക്കാലത്ത് ആലുവ അദ്വൈതാശ്രമത്തിലായിരുന്നു വിശ്രമിച്ചിരുന്നത്. ചേര്‍ത്തലയിലെ പൗരപ്രമുഖരായ കട്ടിയാട്ട് ശിവരാമപ്പണിക്കരും മുറിവേലില്‍ പാച്ചുപിള്ള വക്കീലും ആലുവയില്‍ എത്തി ഗുരുവിനെ കാണാറുണ്ടായിരുന്നു. അത്തരം ഒരു സന്ദര്‍ശനത്തിനിടെ നാട്ടുവിശേഷങ്ങളും മറ്റും പറഞ്ഞ കൂട്ടത്തില്‍ സംഭാഷണ മധ്യെ, സ്‌കൂളിനായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും മറ്റും സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആശ്രമസ്ഥലം സ്‌കൂളിനായി വിട്ടുനല്‍കണമെന്ന ആവശ്യത്തിലേക്കാണ് വന്നതെന്നവര്‍ പറഞ്ഞില്ല.

പക്ഷെ, നാരായണ ഗുരുവിന് കാര്യം ഗ്രഹിക്കാന്‍ സാധിച്ചിരുന്നു. ദീര്‍ഘ സംഭാഷണം കഴിഞ്ഞ് ഇരുവരും അദ്വൈതാശ്രമത്തില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പേ നാരായണ ഗുരു ആശ്രമത്തിനായി ദാനാധാര പ്രകാരം തനിക്കു ലഭിച്ച സ്ഥലത്തിന്റെ അവകാശം സ്‌കൂളിനായി നല്‍കി. അതിന്റെ രേഖ പാച്ചുപിള്ള വക്കീലിനെ ഏല്‍പ്പിക്കുകയും ചെയ്തു. സ്‌കൂള്‍ സ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ മംഗളങ്ങളും നേരുകയും ചെയ്തു.

സന്യാസി ആശ്രമത്തേക്കാള്‍ നാടിനു വേണ്ടത് വിദ്യാലയമാണെന്ന തിരിച്ചറിവുണ്ടായിരുന്നു നാരായണ ഗുരുവിനെന്ന് പറയാനാണ് ഈ സംഭവം ദീര്‍ഘമായി വിവരിച്ചത്. പക്ഷെ, നമ്മള്‍ ചെയ്യുന്നതോ? കോടികള്‍ മുടക്കി പ്രതിമകള്‍ സ്ഥാപിക്കുന്നവര്‍ നാരായണ ഗുരു എന്താണ് സ്വന്തം ജീവിതത്തില്‍ ചെയ്തതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ഉത്തമമാകും. സഹോദരന്‍ അയ്യപ്പന് പഠിക്കാനായി പണം നല്‍കിയ സമയത്ത് നാരായണ ഗുരു പറഞ്ഞ കാര്യം അദ്ദേഹം ഒരു അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്: ''ധനം വിദ്യയാകും, വിദ്യ പൊതുസേവനവുമാകും.'' ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് ഇനി വേണ്ടതെന്ന് ക്ഷേത്ര പ്രതിഷ്ഠകളില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ട് നാരായണ ഗുരു തന്നെ ഒരു ഘട്ടത്തില്‍ ആവശ്യപ്പെടുന്നതു കാണാം. അതുപറഞ്ഞ നാരായണ ഗുരുവിന്റെ പേരില്‍ പിന്നീട് ക്ഷേത്രങ്ങളുണ്ടാക്കുകയാണ് നമ്മള്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. ആദ്യം ഗുരു മന്ദിരങ്ങളുണ്ടാക്കി. പിന്നീടവ ഗുരു ക്ഷേത്രങ്ങളുമായി. ഈ പ്രതിമാസ്ഥാപനങ്ങളും അതിനു സമാനമായ പ്രവൃത്തി തന്നെ.

പ്രതിമകള്‍ നിര്‍മിക്കാനായി കോടികള്‍ ചെലവഴിക്കുന്നവര്‍ ഒന്നോര്‍ത്താല്‍ നന്ന്, ഈ പണം ജനജീവിതത്തിനു ഗുണകരമായ തരത്തില്‍, പുനരുപയോഗിക്കാവുന്ന തരത്തില്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍. നാരായണ ഗുരു ചേര്‍ത്തലയിലെ സ്ഥലത്ത് ആശ്രമമല്ല വിദ്യാലയമാണ് വേണ്ടതെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാകുമെന്ന് ചിന്തിക്കുക. നാരായണഗുരുവിന് ശ്രദ്ധാഞ്ജലിയാകുന്നതും അത്തരം പ്രവര്‍ത്തികളാകും. മനുഷ്യര്‍ക്കിടയിലെ പലതരത്തിലുള്ള അസമത്വം വര്‍ദ്ധമാനമായ തരത്തില്‍ ഇക്കാലത്തും തുടരുന്നുണ്ട്. അവ അവസാനിപ്പിക്കാന്‍ ഉതകും തരത്തില്‍ ഈ ധനമൊക്കെ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍.

അവലംബം
1. ശ്രീനാരായണഗുരു ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍-ജി. പ്രിയദര്‍ശനന്‍, പൂര്‍ണ്ണ പ്രിന്റിംഗ് ആന്‍ഡ് പബ്ലീഷിംഗ് ഹൗസ്, വര്‍ക്കല
2. നാരായണഗുരു-പി.കെ. ബാലകൃഷ്ണന്‍, ഡിസി ബുക്‌സ്, കോട്ടയം
3. നാരായണഗുരു ജീവിതം, കൃതികള്‍ ദര്‍ശനം-എഡി. കെ.എന്‍. ഷാജി, കറന്റ് ബുക്‌സ് , തൃശൂര്‍