സംരംഭകത്വത്തിന്റെ ഊടും പാവും; നീലാംബരിയുടെ കഥ, നീലിമയുടെയും

 
സംരംഭകത്വത്തിന്റെ ഊടും പാവും; നീലാംബരിയുടെ കഥ, നീലിമയുടെയും

ജീവ ജയദാസ്

എന്റെ അമ്മ ഒരു പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒന്നേ ഉള്ളൂ എങ്കിലും അലക്കി ഉടുക്കണമെന്ന നയക്കാരി. കാക്കി സാരികൾ എല്ലാം അലക്കി കഞ്ഞിപ്പശ മുക്കി ഉണക്കാനിടുമ്പോൾ ഇടയ്ക്ക് വെളുപ്പിൽ ചുവപ്പു പുള്ളികളുള്ള ഒരു കോട്ടൺ കൈത്തറി സാരിയും കാണാറുണ്ടായിരുന്നു. കാക്കി സാരിയിൽ നിന്ന് മോചനം ഇല്ലാതിരുന്നതിനാൽ വർഷത്തിൽ രണ്ടോ മൂന്നോ സാരിയേ അമ്മ വാങ്ങാറുണ്ടായിരുന്നുള്ളൂ. എന്റെ ടീനേജ് കാലത്താണ് അമ്മ കാക്കി സാരി മാറ്റി വർണ്ണ സാരികൾ വാങ്ങാൻ തുടങ്ങിയത്. കോട്ടയം ശീമാട്ടിയായിരുന്നു അമ്മയുടെ ഇഷ്ട വസ്ത്രശാല. ബീനാ കണ്ണൻ തന്റെ വസ്ത്ര വിസ്മയത്തിനു തുടക്കം കുറിച്ചത് കോട്ടയം ശീമാട്ടി മിനി ബസാറിലൂടെയായിരുന്നു. അമ്മയുടെ ഇഷ്ടം പകർന്നു കിട്ടിയിട്ടാവണം, കോട്ടൺ വസ്ത്രങ്ങളോടായിരുന്നു എനിക്കും കമ്പം. പഠനം കഴിഞ്ഞ് മാധ്യമ രംഗത്ത് എന്റെ കരിയർ ആരംഭിച്ചപ്പോൾ വസ്ത്രധാരണവും ജോലിയുടെ ഒരു ഭാഗമായി മാറി. ജീൻസും കുർത്തയും ടോപ്പും ഇഷ്ട വേഷമായി മാറി. കാലാവസ്ഥയ്ക്കിണങ്ങുന്നതും സൗകര്യപ്രദവും ചിലപ്പോഴൊക്കെ മെയ് മറന്ന് ജോലി ചെയ്യുന്നതിനും ഇത്തരം വേഷങ്ങൾ അനുയോജ്യമാണ്. കൈത്തറിയിൽ എന്‍റെ അന്വേഷണത്തിന്‍റെ ഉത്തരമായിരുന്നു നീലാംബരി. മൂന്നു വർഷമായി എന്റെ പ്രിയപ്പെട്ട വസ്ത്രാലയം.

കൊച്ചിക്കു നടുവിലാണെങ്കിലും ഒറ്റ നോട്ടത്തിൽ ദില്ലി ഹാത്തിനെ ഓർമിപ്പിക്കും നീലാംബരി. കാറ്റിൽ ഇളകിയാടുന്ന കൈത്തറിയുടെ വർണ്ണ വിസ്മയങ്ങൾ. ഇക്കത്ത്, ആന്ധ്രാ ഹാൻഡ് ലൂം, കാഞ്ചി കോട്ടൺ, ഖാദി, മൽഖ തുടങ്ങിയ പേരുകളുള്ള ഉടയാടകൾ. വസ്ത്രങ്ങൾക്ക് ചേരുന്ന മാലകളും കമ്മലുകളും.. താഴെ ഒരു പെട്ടിയിൽ നിരത്തി വച്ചിരിയ്ക്കുന്ന ബ്ലൂ ബോട്ടിലുകൾ.., അകമ്പടിയെന്നോണം ഭിത്തിയിൽ കോറിയിട്ടിരിയ്ക്കുന്ന മധുബനി പെയിന്റിംഗുകൾ... സ്റ്റാന്റിൽ തൂക്കിയിട്ടിരിയ്ക്കുന്ന രാജസ്ഥാനി പപ്പെറ്റുകൾ...

2012-ലാണ് കൊച്ചിയിൽ നീലാംബരി പ്രവർത്തനം ആരംഭിക്കുന്നത്. അതിനും മുൻപ്, 2010-ൽ ബ്രാൻഡിനു തുടക്കം കുറിച്ചിരുന്നു. ഒരു സ്റ്റൈലൻ ഫ്ലവറി കുർത്തയുമണിഞ്ഞ് നീലാംബരിയുടെ ഉടമ, നീലിമ തന്റെ ട്രെൻഡി സംരംഭത്തെ കുറിച്ച് വിവരിച്ചു.

സംരംഭകത്വത്തിന്റെ ഊടും പാവും; നീലാംബരിയുടെ കഥ, നീലിമയുടെയും

ബംഗളൂരുവിൽ ചാർട്ടേഡ് അക്കൌണ്ടന്റായിരുന്നു നീലിമ. ഒരു കുട്ടി ജനിച്ച ശേഷം അവനെ നോക്കാനായി സ്വസ്ഥമായി ഇരുന്നു ചെയ്യാൻ കഴിയുന്ന ഒരു ജോലി അവർ അന്വേഷിച്ചു. സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള ആഗ്രഹവും വസ്ത്രങ്ങളോട് ഉണ്ടായിരുന്ന ഹരവും 2010-ൽ കൈത്തറി ഗ്രാമമായ ബാലരാമപുരത്ത് നീലിമയെ എത്തിച്ചു. അവിടെ നിന്നും 10 കൈത്തറി സാരികൾ വാങ്ങി ഇ-ബേയിലൂടെ വിറ്റു കൊണ്ടായിരുന്നു തന്റെ പുതിയ സംരംഭത്തിന് അവർ തുടക്കമിട്ടത്. ഒരു റീട്ടെയിൽ വസ്ത്ര വ്യാപാരം തുടങ്ങുന്നതിനുള്ള ചെലവുകൾ വളരെ അധികമായിരുന്നു. അതുകൊണ്ടു തന്നെ ആദ്യകാലങ്ങളിൽ ഓൺലൈൻ വഴിയുള്ള വില്പനയിലായിരുന്നു കൂടുതൽ ശ്രദ്ധിച്ചത്. ഈ രംഗത്തുള്ള ഒരു സുഹൃത്തിന്റെ പരിചയം നീലിമയ്ക്ക് വളരെയധികം പ്രചോദനമായി.

പല തവണ ബാലരാമപുരത്തെത്തിയ നീലിമ, കൈത്തറി തൊഴിലാളികളുടെ പ്രവർത്തന രീതികളും മറ്റും കണ്ടു മനസ്സിലാക്കി. പല കുടുംബങ്ങളുടെയും കുലത്തൊഴിലായിരുന്ന കൈത്തറി നെയ്ത്ത് ഒരോർമ്മ മാത്രമായി മാറുന്ന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ആ മഹത്തായ പാരമ്പര്യം ഇന്ന് നിലനിർത്തി കൊണ്ടു പോകുന്നത് വിരലിലെണ്ണാവുന്ന ഏതാനും തൊഴിലാളികളാണ്. അവരുടെ അടുത്ത തലമുറ വൈറ്റ് കോളർ ജോലികളുടെ ആകർഷണീയതയിലേയ്ക്ക് ചേക്കേറിക്കഴിഞ്ഞു. കാരണം ഒരു സാരി നെയ്യാൻ എടുക്കുന്ന സമയം നോക്കുമ്പോൾ അവർക്ക് അതിൽ നിന്നും കിട്ടുന്ന ആദായം വളരെ കുറവാണ്. മാത്രവുമല്ല കൈത്തറി സാരികളും സെറ്റുമുണ്ടുകളും ഒക്കെ ഉപയോഗിയ്ക്കുന്നവർ ഇന്നത്തെ തലമുറയിൽ വിരളമായിട്ടേ കാണാനുള്ളൂ. മുതിർന്നവർക്ക് മാത്രം ഉപയോഗിയ്ക്കാവുന്ന ഒരു വസ്ത്രം എന്ന ലേബൽ കൈത്തറി വസ്ത്രങ്ങൾക്ക് വന്നു കഴിഞ്ഞു.

എന്നാൽ കൈത്തറി വസ്ത്രങ്ങൾക്കുള്ള ഗുണങ്ങൾ എങ്ങനെ മറ്റൊരു തലത്തിൽ പ്രാവർത്തികമാക്കാം എന്ന ചിന്തയാണ് പിന്നീടങ്ങോട്ട് പോണ്ടിച്ചേരിയിലെ ഓറോവില്ലിൽ നീലിമയെ എത്തിച്ചത്. അവിടെ നിന്നും കണ്ടംപെററി കൈത്തറി വസ്ത്രങ്ങൾ ചെയ്യുന്ന രീതികൾ മനസ്സിലാക്കി. ആ ആശയങ്ങളും കൂടി സംയോജിപ്പിച്ചാണ് നീലാംബരി എന്ന പുതുപുത്തൻ ബ്രാൻഡിന് തുടക്കം കുറിച്ചത്. ബാംഗ്ലൂരായിരുന്നു തട്ടകം. ഓൺലൈൻ വില്പനയിലൂടെയായിരുന്നു തുടക്കം. പിന്നീട് ഏതൊരു വ്യാപാരിയെയും പോലെ ആളുകളുമായി നേരിട്ടുള്ള ഇടപെടൽ വേണമെന്ന ആഗ്രഹം നീലിമയിൽ ഉടലെടുത്തു.

ഒരു കട വേണം, അവിടേയ്ക്ക് ആളുകൾ എത്തണം, അവരോട് വസ്ത്രങ്ങളെപ്പറ്റി സംസാരിയ്ക്കണം എന്നൊക്കെ വിചാരിച്ചാണ് ബാംഗ്ലൂരിൽ ആദ്യത്തെ സ്റ്റോർ തുറന്നത്. ഫാബ് ഇൻഡ്യ പോലെ വസ്ത്രവ്യാപാര രംഗത്തെ ഒരു ക്ലാസ് വിഭാഗത്തിൽ പെടുന്നവരോടായിരുന്നു നീലിമയ്ക്ക് മൽസരിക്കേണ്ടിയിരുന്നത്. ഗുണമേന്മയിൽ ഫാബ് ഇൻഡ്യൻ വസ്ത്രങ്ങളോട് കിടപിടിക്കുന്ന നീലാംബരിയിലെ വസ്ത്രങ്ങൾക്ക് വിലയും താരതമ്യേന കുറവായിരുന്നു.

സംരംഭകത്വത്തിന്റെ ഊടും പാവും; നീലാംബരിയുടെ കഥ, നീലിമയുടെയും

ആളുകൾക്ക് അവരുടെ അഭിരുചിയ്ക്കും ഇഷ്ടങ്ങൾക്കുമനുസരിച്ച് വസ്ത്രങ്ങൾ തയ്യാറാക്കി നൽകിയിരുന്നു. ബാംഗ്ലൂർ ഇന്ദിര നഗറിൽ തുടങ്ങിയ സ്റ്റോർ ആദ്യഘട്ടത്തിൽ തികച്ചും ഒരു പരീക്ഷണം തന്നെയായിരുന്നു. കുറേ മണ്ടത്തരങ്ങൾ സംഭവിച്ചു. “റീട്ടെയിൽ മാർക്കറ്റിന്റെ തുടക്കത്തിൽ, എനിയ്ക്കിഷ്ടപ്പെടുന്ന ഡിസൈനുകൾക്കും നിറങ്ങൾക്കുമായിരുന്നു മുൻതൂക്കം നൽകിയിരുന്നത്. എന്റെ ടേസ്റ്റ് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല എന്നു മനസ്സിലാക്കാൻ കുറച്ചു നാളുകൾ വേണ്ടി വന്നു. അങ്ങനെ ആദ്യത്തെ ഒരു വർഷം തികച്ചും ഒരു പരീക്ഷണം മാത്രമായിരുന്നു,” നീലിമ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാൽ 2012-ൽ നീലിമ കുടുംബത്തോടൊപ്പം തൃപ്പൂണിത്തുറയിൽ എത്തി. പിന്നെ കൊച്ചിയിൽ ഒരു സ്റ്റോർ തുടങ്ങുവാനുള്ള പരിശ്രമമായി. അങ്ങനെ കടവന്ത്ര ജംഗ്ഷനിൽ ഡി ഡി മൈൽസ്റ്റോൺ ബിൽഡിംഗിൽ നീലാംബരി പ്രവർത്തനമാരംഭിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം കൊച്ചിയിൽ നടത്തിയ ആദ്യത്തെ എക്സിബിഷൻ നീലാംബരിയിലെ ഫാഷൻ ട്രെൻഡുകളെ കൂടുതൽ ആളുകളിൽ എത്തിച്ചു. കൊച്ചിയിലെ ഫാഷൻ പ്രേമികളുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കുവാനും ഈ എക്സിബിഷനിലൂടെ നീലിമയ്ക്ക് കഴിഞ്ഞു. എന്നിരുന്നാലും നീലാംബരിയിലെ 80 ശതമാനം വില്പനയും നടന്നിരുന്നത് ഓൺലൈൻ വിപണനത്തിലൂടെ തന്നെയായിരുന്നു.

നാട്ടിൽ മുളച്ചു പൊങ്ങുന്ന ബൂത്തീക്കുകളെക്കുറച്ച് ഉത്കണ്ഠപ്പെടാതെ സ്വന്തം ഉല്പന്നങ്ങളുടെ ഗുണമേന്മ തെളിയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുകയാണ് നീലിമ. 2010 മുതൽ തന്നെ സോഷ്യൽ മാർക്കറ്റിംഗിൽ തന്റെ ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ നീലിമയ്ക്ക് കഴിഞ്ഞു.

ട്രെൻഡിന്റെ കാര്യത്തിൽ കൊച്ചിയിലെ യുവ തലമുറ ഇപ്പോഴും പരീക്ഷണങ്ങൾ നടത്താൻ മടിയ്ക്കുന്നതായാണ് നീലിമ പറയുന്നത്. പല ബാംഗ്ലൂർ മോഡൽ ഡ്രെസ്സുകളും കൊച്ചിയിൽ പരീക്ഷിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഉദാഹരണമായി സ്ലീവ്ലെസ് കുർത്തകൾ. പല കുർത്തകളും ടോപ്പുകളും സ്ലീവ് (കൈ) ഇല്ലെങ്കിൽ വളരെ മനോഹരമാണ്. ബാംഗ്ലൂരിൽ അതൊരു പ്രശ്നമേയല്ലായിരുന്നു. എന്നാൽ ഇവിടെ, എത്രയൊക്കെയാണെങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ആളുകൾ കുറെക്കൂടി ഇടുങ്ങിയ ചിന്താഗതിക്കാരാണ് എന്നാണ് നീലിമയുടെ പക്ഷം. “പലർക്കും സ്ലീവ്ലെസ് ഡ്രെസ്സുകൾ ധരിയ്ക്കണമെന്ന് താല്പര്യമുണ്ടെങ്കിലും മറ്റുള്ളവർ എന്തു പറയും എന്ന ചിന്ത അവരെ അതിൽ നിന്നും പിന്തിരിപ്പിയ്ക്കുന്നു. സ്വന്തം താല്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് വസ്ത്രധാരണം ചെയ്യാൻ പോലും മടിയ്ക്കുന്ന ഒരു സമൂഹമാണ് നമുക്ക് മുന്നിലുള്ളത്.”

തന്റെ സ്റ്റോറിലുള്ള വിവിധതരം കൈത്തറി വസ്ത്രങ്ങൾ നിർമ്മിയ്ക്കുന്നതിനുള്ള തുണികൾ തേടി ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളും നീലിമ സന്ദർശിയ്ക്കാറുണ്ട്. ആന്ധ്ര, കൊൽക്കത്ത, ഒറീസ തുടങ്ങിയ സ്ഥലങ്ങളിൽ പോയി അവിടത്തെ വീവേഴ്സ് ഓർഗനൈസേഷനുമായി ബന്ധപ്പെട്ടാണ് തുണികൾ തെരഞ്ഞെടുക്കുന്നത്. ഒരിയ്ക്കൽ കാളഹസ്തിയിൽ പോയിരുന്നു, അവിടെ കൈകൾ കൊണ്ട് പെയിന്റു ചെയ്യുന്ന കലംകാരി വസ്ത്രങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അവ തെരഞ്ഞെടുക്കുന്നതിനും സാധിച്ചു. ഇന്ത്യയിലെ വിവിധഭാഗത്തെ സംസ്കാരവും കലയും ഒത്തു ചേരുന്ന ഒരിടമായി നീലാംബരി മാറിയിരിക്കുന്നതിൽ അത്ഭുതമില്ല. “നഗരങ്ങൾ എനിക്ക് ഒരു ആവേശവും തരാറില്ല. ഗ്രാമങ്ങളിലേക്ക് പോകാനും അവിടത്തെ കലയും സംസ്കാരവും അടുത്തറിയാനും ഏറെ താല്പര്യമുണ്ട്,” നീലിമ പറയുന്നു.

സംരംഭകത്വത്തിന്റെ ഊടും പാവും; നീലാംബരിയുടെ കഥ, നീലിമയുടെയും

ഒരു ഡ്രസ്സ് പൂർണ്ണമായും ഒരു വെറൈറ്റി തുണിയിൽ നിന്നും മാത്രം ഉണ്ടാക്കുന്നതായിരിക്കില്ല. അതിൽ പല തുണിത്തരങ്ങൾ കൂടി ചേർന്നിരിയ്ക്കും. അടിസ്ഥാനപരമായി ഒരു ഫാബ്രിക് ഉണ്ടായിരിയ്ക്കും, അതിൽ ബ്ലോക്ക് പ്രിന്റ്, കലംകാരി, ഹാൻഡ് എംബ്രോയിഡറി അങ്ങനെ പലതും ഉണ്ടാകും. ചില സന്ദർഭങ്ങളിൽ നോർത്ത് ഈസ്റ്റിൽ പോയിക്കഴിഞ്ഞാൽ നോർത്ത് ഈസ്റ്റ് സ്റ്റൈലിൽ മാത്രമായി ഒരു സെറ്റ് വസ്ത്രങ്ങൾ പുറത്തിറക്കാറുണ്ട്. എന്നാൽ നോർത്ത് ഈസ്റ്റ് ട്രെൻഡ് മെറ്റീരിയലിനൊപ്പം മറ്റു കൈത്തറികളും മിക്സ് ചെയ്ത് പുത്തൻ ഫാഷനുകൾ പരീക്ഷിയ്ക്കാറുണ്ട്. വിവിധ ഉല്പന്നങ്ങൾക്ക് 500 മുതൽ 1200 വരെയാണു വില. ഓരോ ഡ്രസ്സിനും വേണ്ടിയുള്ള അധ്വാനം കണക്കിലെടുത്താൽ ഇത് ഒട്ടും കൂടുതൽ അല്ലെന്ന് നീലിമ പറയുന്നു.

ഓൺലൈൻ കച്ചവടം വിപണിയിൽ ട്രെൻഡുകൾ തീര്‍ക്കുന്ന ഇക്കാലത്ത് (ഒരു ദിവസം നീലാംബരി വിപണിയിൽ ഇറക്കുന്ന 80 ശതമാനം വസ്ത്രങ്ങളും അന്നു തന്നെ വിറ്റഴിയുന്നു) ഒരു ദിവസം മുൻപേ വസ്ത്രങ്ങൾ ലോഞ്ചു ചെയ്യുന്നതു സംബന്ധിച്ചുള്ള ടീസറുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. പിറ്റേ ദിവസം പുതിയ വസ്ത്രങ്ങൾ ഇറങ്ങിയ ഉടൻ തന്നെ അവ വിറ്റു പോകുന്നു. ഡ്രസ്സുകളുടെ ആകർഷകമായ പടങ്ങൾ മോഡലുകളെ ഉപയോഗിച്ച് തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു. ഇങ്ങനെ കലാപരമായി വസ്ത്രങ്ങൾക്ക് വേണ്ടത്ര പ്രചാരം കൊടുക്കുന്നതിന് സഹായിയ്ക്കാൻ ഡിസൈനറായ ജയരാജ് കൊല്ലക്കോട്ട് നീലിമയ്ക്കൊപ്പമുണ്ട്. ജയരാജാണ് നീലാംബരിയുടെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിയ്ക്കുന്നത്. ഇങ്ങനെ ആകർഷകമായി ഒരു ഡ്രസ്സ് അവതരിപ്പിയ്ക്കുന്നതിനും വിപണനത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. മാത്രവുമല്ല സ്റ്റോറിൽ സ്റ്റോക്ക് ഇരുന്ന് അത് വിറ്റു പോകുന്നതിനു ഒരു പക്ഷെ സമയം കൂടുതൽ എടുത്തേക്കാം. ഇത്തരത്തിൽ ഒരു സ്റ്റോർ നടത്തിക്കൊണ്ടു പോകുന്നത് കുറച്ചു ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഓൺലൈൻ വ്യാപാരവും എക്സിബിഷനുമാണ് ഏറ്റവും കൂടുതൽ സൗകര്യപ്രദം. ഇപ്പോൾ നീലാംബരിയിൽ മൊത്തം അഞ്ചു ജീവനക്കാരാണുള്ളത്. സാധാരണ തുന്നുന്നതിൽ നിന്നും വ്യത്യസ്തമായി വസ്ത്രങ്ങൾ നിർമ്മിച്ചെടുക്കുന്നതിന് കൃത്യമായ പരിശീലനവും നല്ല രീതിയിലുള്ള ബോധവത്കരണവും നൽകേണ്ടി വന്നു. അവർ പിൻതുടർന്നു വന്നിരുന്ന ഒരു പാറ്റേണിൽ നിന്നും തികച്ചും മാറി ചിന്തിയ്ക്കേണ്ടിയിരുന്ന ഒരവസ്ഥയായിരുന്നു.

അടുത്ത സ്വപ്നം? തീർച്ചയായും ഷോറൂം വിപുലീകരണം തന്നെ. തികഞ്ഞ ആത്മവിശ്വാസത്തിലാണ് നീലിമ. സംരംഭകത്വം സ്ത്രീകൾക്ക് തിളങ്ങാവുന്ന മേഖല തന്നെയാണെന്ന് തന്റെ വിജയഗാഥയിലൂടെ അവർ തെളിയിക്കുന്നു.

(ദൃശ്യമാധ്യമ പ്രവര്‍ത്തകയാണ് ജീവ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)