നെറ്റ് ന്യൂട്രാലിറ്റി: പുതിയ കുത്തക നീക്കത്തിനുള്ള കനത്ത തിരിച്ചടി

 
നെറ്റ് ന്യൂട്രാലിറ്റി: പുതിയ കുത്തക നീക്കത്തിനുള്ള കനത്ത തിരിച്ചടി

ടീം അഴിമുഖം

ദരിദ്രമായൊരു ഗ്രാമം. പ്രത്യേകതരം ബിസ്‌കറ്റ് നിര്‍മിക്കുന്ന ഒരു ധനികന്‍ ഈ ഗ്രാമത്തെ സഹായിക്കാന്‍ തീരുമാനിക്കുന്നു. അയാള്‍ സ്വന്തം ബിസ്‌കറ്റ് ഗ്രാമത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ഗ്രാമവാസികള്‍ തലമുറകളോളം ഈ ബിസ്‌കറ്റ് കഴിക്കുന്നു. ലോകത്ത് മറ്റ് പല ബിസ്‌കറ്റുമുണ്ടെന്ന് അവര്‍ അറിയുന്നില്ല. അവരുടെ വിശപ്പ് മാറുന്നുണ്ടെങ്കിലും എല്ലാ പോഷകങ്ങളും ഈ ബിസ്‌കറ്റില്‍നിന്നു ലഭിക്കുന്നില്ല. തന്മൂലം വളര്‍ച്ച മുരടിക്കുന്നു.

ഇതിനുംപുറമെ ലോകത്തെ ഏകഭക്ഷണം ധനികന്റെ ബിസ്‌കറ്റാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. അതിന്റെ അടിമകളായി മാറുന്നു. കാലം കടന്നുപോകുമ്പോള്‍ ഗ്രാമവാസികളുടെ വരുമാനം വര്‍ദ്ധിക്കുന്നു. ധനികന്‍ ബിസ്‌കറ്റിന് വിലയിടുന്നു. സ്വര്‍ണത്തെക്കാള്‍ വിലയാണിപ്പോള്‍ ഈ ബിസ്‌കറ്റിന്. എന്നാല്‍ ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം അതാണ് സാധാരണവില.

ഇങ്ങനെയൊരു ധനികനാകാനുള്ള ഫേസ്ബുക്കിന്റെ ശ്രമമാണ് തിങ്കളാഴ്ച ട്രായ് തടഞ്ഞത്. വിവരങ്ങള്‍ക്ക് വ്യത്യസ്ത വിലയിടാനുള്ള നീക്കം നിരോധിച്ച ട്രായ് ഒരു ഉള്ളടക്കവും കുറഞ്ഞ നിരക്കില്‍ നല്‍കാനാവില്ലെന്നും പ്രഖ്യാപിച്ചു. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കൊണ്ടുവന്ന ഫ്രീ ഇന്റര്‍നെറ്റ് പദ്ധതി ഇന്ത്യയില്‍ നടപ്പാകില്ലെന്നര്‍ത്ഥം.

വിലക്കു ലംഘിക്കുന്നവര്‍ പ്രതിദിനം 50,000 രൂപ പിഴയൊടുക്കേണ്ടിവരും. എല്ലാ ഉള്ളടക്കത്തിനും ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുക എന്നതാണ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്വമെന്ന് ട്രായ് ഊന്നിപ്പറഞ്ഞു. എന്നാല്‍ വെള്ളപ്പൊക്കം തുടങ്ങിയ പൊതു അടിയന്തരാവസ്ഥകളില്‍ നിരക്ക് കുറയ്ക്കുന്നതിനു വിലക്കില്ല.

ഇപ്പോള്‍ നിലവിലുള്ള പദ്ധതികളെ വിലക്ക് ബാധിക്കില്ല. പ്രവര്‍ത്തന കാലാവധി കഴിയുന്നതുവരെ ഇത് തുടരാം. ഉപയോക്താക്കളുടെ സൗകര്യമാണ് പരമപ്രധാനമെന്ന് ട്രായ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് തന്ത്രം
ഓഗസ്റ്റ് 20-നാണ് ഫേസ്ബുക്ക് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയുമായി എത്തിയത്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് 'സൗജന്യ നെറ്റ് ' എന്നതായിരുന്നു പരസ്യവാഗ്ദാനം. ഇന്ത്യ പോലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കുറവായ രാജ്യത്ത് കോടിക്കണക്കിന് ആളുകള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുമെന്നാണ് ഇതിനെ പിന്താങ്ങുന്നവരുടെ നിലപാട്. ഇന്റര്‍നെറ്റ് ശൃംഖല മെച്ചപ്പെടുമ്പോള്‍ ജനാധിപത്യവും ഭരണവും നന്നാകുമെന്നായിരുന്നു ഇവരുടെ വാദം. കേള്‍ക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി സാമൂഹികസേവനമാണെന്നു തോന്നാം. ആയിരുന്നില്ല എന്നതാണ് വസ്തുത.


നെറ്റ് ന്യൂട്രാലിറ്റി: പുതിയ കുത്തക നീക്കത്തിനുള്ള കനത്ത തിരിച്ചടി

ഒന്നാമത്, പരസ്യപ്പെടുത്തിയതുപോലെ സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുകയല്ല അതു ചെയ്യുന്നത്. ഏതാനും വെബ്‌സൈറ്റുകള്‍ നല്‍കുകയാണ്. ഫേസ്ബുക്ക് തീരുമാനിക്കുന്ന ഈ വെബ്‌സൈറ്റുകള്‍ക്ക് ഇപ്പോഴല്ലെങ്കില്‍ പിന്നീട് പണം നല്‍കേണ്ടതായും വരും. നെറ്റ് ന്യൂട്രാലിറ്റിയെന്ന അടിസ്ഥാനതത്വത്തിനു നേരെയുള്ള കടന്നാക്രമണമാണിത്.

ശക്തമായ പ്രതിഷേധം ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയെ ഇല്ലാതാക്കിയപ്പോഴാണ് ഫേസ്ബുക്ക് ഇതിനെ ഫ്രീബേസിക്‌സ് എന്ന പേരില്‍ പുനഃസൃഷ്ടിച്ചത്. സിലിക്കണ്‍ വാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുക്കര്‍ബര്‍ഗുമായുള്ള ടൗണ്‍ഹാളിന് ഏതാനും ദിവസം മുന്‍പായിരുന്നു ഈ പേരുമാറ്റം.

പേരുമാറ്റത്തെപ്പറ്റി കൂടുതല്‍ വിശദീകരിക്കാന്‍ ഫേസ്ബുക്ക് തയാറായില്ല. എന്നാല്‍ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിക്കെതിരെ ഇന്‍റര്‍നെറ്റിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലുണ്ടായ പ്രതിഷേധമാണ് ഇതിനു പിന്നിലെന്ന് വിമര്‍ശകര്‍ പറയുന്നു. എന്‍ഡിടിവി, ക്ലിയര്‍ട്രിപ്പ് തുടങ്ങി വമ്പന്‍മാര്‍ ഇതില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.


ഫ്രീ ബേസിക്‌സിനെതിരെ പ്രതിഷേധം വളര്‍ന്നപ്പോള്‍ മാധ്യമങ്ങളിലൂടെയുള്ള വന്‍ പ്രചാരണത്തിന് ഫേസ്ബുക്ക് തുടക്കമിട്ടു. ദേശീയദിനപത്രങ്ങളില്‍ മുഴുപേജ് വര്‍ണപരസ്യങ്ങള്‍ നിറഞ്ഞു. ഇങ്ങനെ കോടിക്കണക്കിനു രൂപ ചെലവിട്ടതോടെ സേവനതല്‍പരത മാത്രമാകില്ല ഫേസ്ബുക്കിന്റെ ഉദ്ദേശ്യമെന്ന് മിക്കവര്‍ക്കും സംശയം ഉദിച്ചു. ഒപ്പം ഉപയോക്താക്കളെ തെറ്റിധരിപ്പിച്ചു കൊണ്ട് തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി ട്രായിക്ക് മെയില്‍ അയപ്പിക്കുന്ന പരിപാടിയും ഫേസ്ബുക്ക് നടത്തി നോക്കി; ഒന്നും ലക്ഷ്യം കണ്ടില്ല.

ട്രായ് തീരുമാനത്തില്‍ നിരാശയുണ്ടെങ്കിലും ഇന്റര്‍നെറ്റിലേക്ക് എളുപ്പവഴി നല്‍കാനും തടസങ്ങള്‍ ഇല്ലാതാക്കാനുമുള്ള ശ്രമം തുടരുമെന്നായിരുന്നു ഫേസ്ബുക്കിന്റെ പ്രതികരണം.

ഗ്രാമീണ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമമാണ് ഫ്രീ ബേസിക്‌സ് എന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഭാഷ്യം. റിലയന്‍സ് ടെലികോമുമായി സഹകരിച്ചു നടപ്പാക്കാനുദ്ദേശിച്ച പദ്ധതി ചില സംസ്ഥാനങ്ങളില്‍ തുടങ്ങിയിരുന്നു. ഫേസ്ബുക്കും മെസഞ്ചറും കൂടാതെ മറ്റുചില സൈറ്റുകളും സൗജന്യമായി നല്‍കാനായിരുന്നു പരിപാടി.

നെറ്റ് ന്യൂട്രാലിറ്റി: പുതിയ കുത്തക നീക്കത്തിനുള്ള കനത്ത തിരിച്ചടി

പദ്ധതിക്കെതിരെയുള്ള ഇന്ത്യയുടെ പ്രതികരണം മറ്റു വിപണികളില്‍നിന്നു വ്യത്യസ്തമാണെന്നായിരുന്നു ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിക്കുവേണ്ടിയുള്ള ഫേസ്ബുക്കിന്റെ വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സിന്റെ അഭിപ്രായം. 'പല രാജ്യങ്ങളിലും ഞങ്ങള്‍ക്ക് തുറന്ന കൈകളോടെയുള്ള സ്വീകരണമാണു ലഭിച്ചത്.'

300 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഇനിയും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഒരു ബില്യണോളം ആളുകളുണ്ട്. എങ്കിലും ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ യുഎസിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇതിന് ഇനിയും വന്‍ വികസനസാധ്യതകളുണ്ട്.

വിമര്‍ശകര്‍
വിജയം കണ്ട ഇന്റര്‍നെറ്റ് കമ്പനികളുടെ സ്ഥാപകരും ഐഐടികളിലെ അദ്ധ്യാപകര്‍ തുടങ്ങി അക്കാദമിക് രംഗത്തെ പ്രമുഖരും വരെ ഫ്രീ ബേസിക്‌സിനെതിരെ രംഗത്തുവന്നവരില്‍ ഉള്‍പ്പെടും. പദ്ധതിക്ക് അനുമതി നല്‍കിയാല്‍ ഉപയോക്താക്കള്‍ക്ക് എന്തൊക്കെ നല്‍കണമെന്നു തീരുമാനിക്കാനുള്ള അധികാരം ഫേസ്ബുക്കിനു ലഭിക്കുമെന്നായിരുന്നു വിമര്‍ശകരുടെ അടിസ്ഥാനവാദം.

മറ്റു രാജ്യങ്ങളിലും ഫ്രീ ബേസിക്‌സ് പ്രശ്‌നങ്ങളില്‍പ്പെടുകയാണ്. ഈജിപ്ത് പദ്ധതി നിരോധിച്ചപ്പോള്‍ സാംബിയയില്‍ ഗൂഗിള്‍ പദ്ധതിയില്‍നിന്നു പിന്‍വാങ്ങി.

ഇന്ത്യയില്‍ തുടക്കം മുതല്‍ പദ്ധതി വിവാദത്തിലായിരുന്നു. ദരിദ്രരായ ഉപയോക്താക്കള്‍ക്കുവേണ്ടി 'മതില്‍ കെട്ടി അടയ്ക്കപ്പെട്ട ഉദ്യാനം' സൃഷ്ടിക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്ന വിമര്‍ശനമാണ് മുഖ്യം. ഫേസ്ബുക്കിനു നിയന്ത്രണമുള്ള വെബിന്റെ ഒരു ഭാഗം മാത്രമേ പദ്ധതിയില്‍ ഉപയോക്താക്കള്‍ക്കു ലഭിക്കൂ.

നിരവധി പ്രമുഖര്‍ പദ്ധതിക്കെതിരെ രംഗത്തുവന്നു. ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സോഫ്റ്റ് വെയര്‍ നിര്‍മാതാക്കള്‍ക്കും ഇത് ദോഷകരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

' ദരിദ്രര്‍ക്കു വേണ്ടിയുള്ള ദരിദ്രമായ ഇന്റര്‍നെറ്റ്' എന്നായിരുന്നു പേമെന്റ് ആപ്ലിക്കേഷനായ പെയ് ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ പ്രതികരണം.

'ഈ ബേബി ഇന്റര്‍നെറ്റില്‍ നിങ്ങള്‍ വീഴുമോ? സമാനമായൊരു കാരുണ്യപ്രവൃത്തിയുമായാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈസ്റ്റ് ഇന്ത്യ കമ്പനി വന്നത്,' ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

'ഇന്ത്യയെപ്പോലെ തുടക്കക്കാരായ ഒരു രാജ്യത്ത് എല്ലാ ആപ് നിര്‍മാതാക്കള്‍ക്കും തുല്യഅവസരം ലഭിക്കണം,' ശര്‍മ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

പക്ഷേ, ഫേസ്ബുക്ക് അടങ്ങിയിരിക്കുമെന്ന് കരുതേണ്ടതില്ല. ഇന്ത്യ പോലെ ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുള്ള ഒരു രാജ്യത്ത് കുത്തകയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്ത് നിന്ന് ഇനിയുമുണ്ടാകും.