AZHIMUKHAM PLUS NEWS WRAP | അല്‍ഖായിദ അറസ്റ്റ്: കേരളത്തിലും ബംഗാളിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് ബിജെപി

 
AZHIMUKHAM PLUS NEWS WRAP | അല്‍ഖായിദ അറസ്റ്റ്: കേരളത്തിലും ബംഗാളിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് ബിജെപി


എറണാകുളം, പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നായി 9 അല്‍ഖായിദ പ്രവര്‍ത്തകരെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് ഇന്നത്തെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിനെ നിറച്ചിരിക്കുന്നത്. പെരുമ്പാവൂരിലെ മുടിക്കലിലും ഏലൂരിലെ പാതാളത്തും അതിഥിതൊഴിലാളികളായി കഴിഞ്ഞിരുന്ന മുർഷിദ് ഹസൻ, ഇയാകൂബ് ബിശ്വാസ്, മൊസറഫ് ഹൊസ്സെൻ എന്നിവരാണ് പിടിയിലായത്.

ഇന്റലിജൻറ്‌സ്‌ ഏജൻസികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.എ ആണ് റെയ്ഡ് നടത്തിയത്. പതിനൊന്നു ഇടങ്ങളിലായിരുന്നു റെയ്ഡ് എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ സുപ്രധാനകേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനും സാധാരണക്കാരെ കൊന്നൊടുക്കാനും ഇവർ പദ്ധതിയിട്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 11-ന് കേസെടുത്തിരുന്നതായി എൻ.ഐ.എ. വക്താവ് പറഞ്ഞു എന്നും മാതൃഭൂമി റിപ്പോര്‍ട്ടിലുണ്ട്.

ഇന്നലെ അര്‍ദ്ധരാത്രി നടന്ന റെയ്ഡില്‍ പിടിയിലായവരില്‍ നിന്നും ആയുധങ്ങളും രേഖകളും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായുള്ള സൂചനകള്‍ ഉണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു.

അല്‍ഖായിദ ആക്രമണ ഭീഷണി എന്ന തലക്കെട്ടോടെ തന്നെയാണ് മലയാള മനോരമയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിടിയിലായവര്‍ പാക്കിസ്താന്‍ ഘടകത്തിന്റെ ഭാഗമാണ് എന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇവരെ നിയന്ത്രിക്കുന്നതെന്നും മലയാള മനോരമ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

ഇതിനിടയില്‍ 2016ലെ കനകമല ഐ എസ് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രധാന പ്രതി മുഹമ്മദ് പോളക്കാനിയെ ഇന്നലെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ജോര്‍ജ്ജിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
അറസ്റ്റിന് പിന്നാലെ ഉടന്‍ പ്രതികരണവുമായി എത്തിയത് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആണ്. പിണറായി സര്‍ക്കാറിന്റെ ഭരണം ഭീകരര്‍ക്ക് സ്വര്‍ഗ തുല്യമാണെന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വി മുരളീധരന്‍ കുറ്റപ്പെടുത്തിയത്. "സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള ഭരണം കേരളം ഭീകരര്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും സുരക്ഷിതവും സ്വര്‍ഗ തുല്യവുമാണ്. ധിക്കാരിയും നിരുത്തരവാദത്തോടെ പ്രവർത്തിക്കുന്നതുമായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വായടച്ച് ഇരിക്കുകയാണ്." സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച പോലെ സ്വന്തം നാട്ടിലുള്ള ഭീകരരെയും സംരക്ഷിക്കാനുള്ള തിരക്കിലാണ് അദ്ദേഹമെന്നും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ട്വിറ്ററില്‍ ആരോപിക്കുന്നു.

സമാനമായ പ്രതികരണവുമായി ബിജെപി കേരള ഘടകവും എത്തി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

എറണാകുളത്ത് ദേശീയ അന്വേഷണ ഏജൻസി മൂന്ന് അൽഖ്വയിദ ഭീകരരെ പിടികൂടിയതോടെ കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന ബി.ജെ.പിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ മൃദുസമീപനമാണ് സംസ്ഥാനത്ത് ഭീകരവാദം ശക്തമാക്കിയതെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വോഡ് നിർജ്ജീവമാണ്. സംസ്ഥാനം ഐ.എസ്.ഐ.എസിന്റെ ശക്തമായ കേന്ദ്രമാണെന്ന ഐക്യരാഷ്ട്രസഭയുടെ ഒരു മാസം മുമ്പത്തെ റിപ്പോർട്ടും കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാർലമെന്റിൽ വെച്ച റിപ്പോർട്ടും സംസ്ഥാന സർക്കാർ അവ​ഗണിക്കുകയാണ്. പൊലീസ് സേനയിൽ തീവ്രവാദികളെ സഹായിക്കാനായി പച്ചവെളിച്ചം എന്ന പേരിൽ വാട്സാപ്പ് ​ഗ്രൂപ്പ് ഉണ്ടെന്ന റിപ്പോർ‌ട്ട് പുറത്തുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. പൊലീസ് ആസ്ഥാനത്ത് നിന്നും തീവ്രവാദസംഘടനകൾക്ക് ഇ-മെയിൽ ചോർത്തിയതിന് സസ്പെൻഷനിലായ അത്തരം സംഘടനകളുമായി ബന്ധമുള്ള എസ്.ഐയെ ഈ സർക്കാർ സർവ്വീസിലേക്ക് തിരിച്ചെടുക്കുകയാണ് ചെയ്തതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മന്ത്രിസഭയിലടക്കം ഭീകരവാദികളുമായി ബന്ധമുള്ളവരുള്ള സർക്കാരിന് ഭീകരവാദത്തെ സഹായിക്കുന്ന നിലപാടാണുള്ളത്. മുൻ സിമി പ്രവർത്തകനായ ജലീലിന് അവരുമായി ഇപ്പോഴും നാഭീനാള ബന്ധമുണ്ടെന്ന് ഉറപ്പിക്കാവുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിൽ തീവ്രവാദ സ്വഭാവമുള്ള നിരവധിപേരെ നിയമിച്ചതും സ്വർണ്ണക്കടത്തിലെ ഇടപെടലും ഇതിന്റെ ഉദ്ദാഹരണങ്ങളാണ്. എലത്തൂരിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതികളായ പോപ്പുലാർഫ്രണ്ടുകാർക്ക് വിവരങ്ങൾ കൈമാറിയ പൊലീസുകാർക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഒരു നടപടിയുമുണ്ടായില്ല. പനായിക്കുളം തീവ്രവാദ കേസും വാ​ഗമൺസിമി ക്യാമ്പും നാറാത്ത് ഭീകരവാദ ട്രെയിനിം​ഗും കനകമല ഐ.എസ് ക്യാമ്പും കണ്ടുപിടിക്കാൻ സംസ്ഥാന പൊലീസിന് കഴിയാതിരുന്നത് രാഷ്ട്രീയ സമ്മർദ്ദം ഉള്ളതിനാലാണ്. എൻ.ഐ.എ തകർത്ത കനകമല ഐ,എസ് ക്യാമ്പ് സി.പി.എം പാർട്ടി ​ഗ്രാമത്തിലായിരുന്നെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിനെതിരായ സമരങ്ങൾക്കെതിരെ സി.പി.എം ഖുറാൻ വിഷയം ഉയർത്തുന്നത് മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയാണ്. മുസ്ലിങ്ങൾ സംസ്ഥാനത്ത് അരക്ഷിതരാണെന്നും രണ്ടാംകിട പൗരൻമാരാണെന്നും പ്രചരിപ്പിക്കുകയാണ് സി.പി.എം. ഇത് മതഭീകരർക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റും. ശബരിമലയിൽ വിശ്വാസികളെ വേട്ടയാടിയ ഇടതുപക്ഷം മുസ്ലിംങ്ങൾക്ക് പോലും താത്പര്യമില്ലാത്ത വിഷയത്തിൽ അവരെ പ്രീണിപ്പിക്കുകയാണ്. ഈ ഇരട്ടത്താപ്പ് മലയാളികൾ തിരിച്ചറിയും. മുഖ്യമന്ത്രി കള്ളന് പായസം വെക്കുകയാണ്. സമരക്കാർക്കെതിരെ ഏകപക്ഷീയമായ ആക്രമണമാണ് പൊലീസ് നടത്തുന്നത്. ജനങ്ങളെ അണിനിരത്തി സമരക്കാരെ നേരിടുമെന്ന കൊടിയേരിയുടെ പ്രസ്താവന വെല്ലുവിളിയാണ്. പാർട്ടി ​ഗുണ്ടകളെ ഉപയോ​ഗിച്ച് സമരത്തെ അടിച്ചമർത്തുമെന്ന ഭീഷണിയാണത്. അത് വകവെച്ചു കൊടുക്കാൻ ബി.ജെ.പി തയ്യാറല്ല. സ്വർണ്ണക്കള്ളക്കടത്തിന് സഹായിച്ച ജലീലും അതിന് ഒത്താശ ചെയ്ത പിണറായി സർക്കാരും രാജിവെക്കും വരെ പാർട്ടി സമരം തുടരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം 6 പേര്‍ അറസ്റ്റിലായ ബംഗാളില്‍ ആദ്യ പ്രതികരണവുമായി എത്തിയത് ഗവര്‍ണ്ണര്‍ ജഗദീപ് ദങ്കര്‍ ആണ്. സംസ്ഥാനം നിയമ വിരുദ്ധ ബോംബ് നിര്‍മ്മാണ കേന്ദ്രമായി എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞതായി ഇന്‍ഡ്യന്‍ എക്സ്പ്രെസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. "ഇതിന് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കെല്‍പ്പുണ്ട് എന്നും മമതാ ബാനര്‍ജിയുടെ ഓഫീസ് പ്രതിപക്ഷത്തിനെതിരെ പ്രതികാര നടപടി സ്വീകരിക്കാനുള്ള തിരക്കിലാണെന്നും" ഗവര്‍ണ്ണര്‍ ട്വീറ്റ് ചെയ്തു.

കേരളത്തിലെ പോലെ തന്നെ മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ഘടകവും രംഗത്തെത്തി. സംസ്ഥാനം ജിഹാദികളുടെ പിടിയിലായി എന്നും അതിനു കാരണം സംസ്ഥാന ഗവണ്‍മെന്‍റ് ആണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

പ്രതിരോധ രഹസ്യങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകന്‍ രാകേഷ് ശര്‍മ്മയെ ഔദ്യോഗിക സുരക്ക്ഷ നിയമ പ്രകാരം അറസ്റ്റ് ചെയ്തതിന് പിന്നാലേ രണ്ടു പേരെ കൂടി ദഹി പോലീസ് അറസ്റ്റ് ചെയ്തു. ചൈനീസ് യുവതി ക്വിങ് ഷി (31) നേപ്പാളി സ്വദേശി ഷേര്‍ സിങ് (30) എന്നിവരാണ് പിടിയിലായത്.

റൂത്ത് ബെയ്ഡര്‍ ഗിന്‍സ്ബര്‍ഗിന്റെ ഒഴിവില്‍ ഒരു വനിതയെ തന്നെ സുപ്രീം കോടതിയില്‍ നിയമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. "അതൊരു സ്ത്രീയായിരിക്കണം എന്നു ഞാന്‍ കരുതുന്നു. കാരണം പുരുഷന്‍മാരേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് സ്ത്രീകളെയാണ്." നോര്‍ത്ത് കരോലിനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു ട്രംപ് പറഞ്ഞു. നിയമ, സാമൂഹിക നീതി മേഖലയിലെ എണ്ണപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളും ഫെമിനിസ്റ്റ് ഐക്കണുമായ ആര്‍ബിജി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

അനുരാഗ് കാശ്യപിന് നേരെ നടി പായല്‍ ഘോഷ് ഉയര്‍ത്തിയ ലൈംഗികാരോപണമാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. എബിഎന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ആരോപണം ആദ്യം ഉയര്‍ത്തിയത്. പിന്നീട് ട്വിറ്ററിലൂടെയും ഇത് ആവര്‍ത്തിച്ചു.

അനുരാഗിനെ ആദ്യം പരിചയപ്പെട്ടതിന്റെ പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായല്‍ ഘോഷ് ആരോപിക്കുന്നത്. കൂടിക്കാഴ്ചയുടെ സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നു. സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണ്. മോദിജി, ദയവായി നടപടി സ്വീകരിക്കുക. ഈ കലാകാരന്റെ പിന്നിലുള്ള ചെകുത്താനെ രാജ്യത്തിന് കാട്ടിക്കൊടുക്കുക. എനിക്ക് അത് അപായം ഉണ്ടാക്കിയേക്കാമെന്ന് അറിയാം. എന്റെ സുരക്ഷ അപകടത്തിലാണ്. ദയവായി സഹായിക്കുക', എന്നാണ് പായലിന്റെ ട്വീറ്റ്.

എന്നാൽ, പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് കശ്യപ് ഇതിനോട് പ്രതികരിച്ചത്. 'കൊള്ളാം, എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ നിങ്ങള്‍ ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങള്‍ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു', അനുരാഗ് ട്വിറ്ററിലൂടെ മറുപടി പറഞ്ഞു.

ട്വീറ്റിനോട് പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തിയിട്ടുണ്ട്. പരാതി സമര്‍പ്പിക്കാന്‍ നടിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ.