‘വിജയന്‍ സാറി’നെ ഫൂളാക്കിയ ‘പാര’ മന്ത്രിയാര്?

 
‘വിജയന്‍ സാറി’നെ ഫൂളാക്കിയ ‘പാര’ മന്ത്രിയാര്?

“പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ വലിയ പ്രശ്‌നമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ഇക്കാര്യത്തില്‍ ധീരമായ തീരുമാനങ്ങളാണ് എടുക്കുന്നത്.” കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പിണറായിയെ അഭിനന്ദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത് 2016 നവംബറിലാണ്.

കീഴാറ്റൂര്‍ സമരം കത്തിപ്പടര്‍ന്നു കേരളം കീഴാറ്റൂരിലേക്ക് ഒഴുകിയതിന് ശേഷം പിണറായി ഗഡ്കരിയെ കണ്ടു. 2018 ഏപ്രില്‍ ഒന്നിന്. അന്ന് ഗഡ്കരി ഇങ്ങനെ പറഞ്ഞു, “നന്ദി വിജയന്‍ സാര്‍, നന്ദി. താങ്കളെക്കൊണ്ടു മാത്രമാണ് കേരളത്തില്‍ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ സാധ്യമാവുന്നത്"

എന്നാല്‍ ഈ പറഞ്ഞത് വെറുമൊരു ഏപ്രില്‍ ഫൂള്‍ തമാശ മാത്രമാണെന്ന് ഗഡ്കരി ഇന്നലെ തെളിയിച്ചു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ കേന്ദ്രമന്ത്രി ആല്‍ഫോണ്‍സ് കണ്ണന്താനവും ബിജെപി നേതാക്കളും വയല്‍ക്കിളികളും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഇരിക്കെ തന്നെ. മാധ്യമ വാര്‍ത്തകളിലൂടെയാണ് സംസ്ഥാന മുഖ്യമന്ത്രി ഈ കാര്യം അറിഞ്ഞത് എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ പരം നാണക്കേട് മറ്റെന്തുവേണം ഒരു മുഖ്യമന്ത്രിക്ക്.

ഡല്‍ഹിയില്‍ ആം ആദ്മി ഗവണ്‍മെന്റിനെ നേരിട്ട അതേ അടവ് തന്ത്രം പ്രയോഗിക്കുകയാണ് ബിജെപി ഗവണ്‍മെന്‍റ് കേരളത്തോടും. കേജ്രിവാളിനെ ശക്തമായി പിന്തുണച്ചവരില്‍ ഒരാള്‍ കൂടിയാണല്ലോ പിണറായി.

‘കീഴാറ്റൂരില്‍ കേരളത്തെ ബൈപ്പാസ് ചെയ്തു കേന്ദ്രം’ എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. വാര്‍ത്ത ഇങ്ങനെ, “കീഴാറ്റൂരിലെ നിര്‍ദ്ദിഷ്ട ബൈപ്പാസിന്റെ പേരില്‍ കേന്ദ്രവും കേരളവും തുറന്ന പോരിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ ക്ഷണിക്കാതെ വയല്‍ക്കിളി സമര സമിതി നേതാക്കളുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വെള്ളിയാഴ്ച ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നിന്നുള്ള ബിജെപി എം പിമാരുടെയും കണ്ണൂരില്‍ നിന്നുള്ള ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.”

ഡല്‍ഹിയിലെ നീക്കത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ പിണറായിക്ക് ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. കേന്ദ്ര നടപ്ടി ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് എന്നാരോപിച്ച മുഖ്യമന്ത്രി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കടന്നാക്രമിക്കാനും തയ്യാറായി. “സംസ്ഥാനത്തെ ദേശീയ പാതാ വികസനത്തെ കണ്ണന്താനം പാരവെക്കുകയാണ്” എന്നാണ് പിണറായി പറഞ്ഞത്. ആര്‍ എസ് എസിന്റെ സമ്മര്‍ദത്തിന് വിധേയമായിട്ടാണ് കീഴ്വഴക്കങ്ങളും ഫെഡറല്‍ തത്വങ്ങളും ലംഘിച്ചിരിക്കുന്നത് എന്നും പിണറായി ആരോപിച്ചു.

എന്നാല്‍ യോഗത്തെ കുറിച്ചുള്ള കണ്ണന്താനത്തിന്റെ വിശദീകരണം ഇതാണ്, “നിലവിലുള്ളിടത്തു പാത വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അത് നെല്‍കൃഷിക്ക് കോട്ടമുണ്ടാക്കുമെന്നാണ് ജനങ്ങള്‍ പറയുന്നതു. അത് പരിശോധിക്കണമെന്ന് ഗഡ്കരിയോട് ആവശ്യപ്പെട്ടു.”

അതേസമയം കീഴാറ്റൂരിലെ പ്രശനങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ അയക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയും പറഞ്ഞു. വിദഗ്ധ സമിതിയെ അയക്കാനുള്ള തീരുമാനത്തില്‍ സമരസമിതിക്ക് തൃപ്തിയുണ്ടെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

എന്തായാലും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞതുപോലെ കിളികളെ വലയിട്ടു പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം തന്നെയാണ് ബിജെപി നടത്തുന്നത് എന്നു വ്യക്തം. അഡ്വ. ബി ഗോപാല കൃഷ്ണന്‍ നമ്പ്രാടത്തു ജാനകിയെ താങ്ങിപ്പിടിച്ചു സമരം നയിച്ച ദൃശ്യവും നന്ദിഗ്രാം 'സമരനായകന്‍' രാഹുൽ സിൻഹയുടെ ആഗമനവും ഒക്കെ കണ്ടപ്പോള്‍ തന്നെ അക്കാര്യം ഉറപ്പിച്ച് കഴിഞ്ഞിരുന്നു. അത് ഏകദേശം ഫലപ്രാപ്തിയിലേക്ക് വരുന്നതിന്റെ സൂചനകളാണ് ഇന്നലെ ഡല്‍ഹിയില്‍ കണ്ടത്.

അതേസമയം പുതിയ രൂപരേഖ വന്നാലും പ്രശനമാകുമെന്നാണ് മന്ത്രി ജി സുധാകരന്‍ ഇന്നലെ പറഞ്ഞത്. ബദല്‍ മാര്‍ഗ്ഗത്തിന് ശ്രമിച്ചാല്‍ 600 കുടുംബങ്ങളെ എങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നു മന്ത്രി പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പിന്നാലെ കേരളത്തിന് എയിംസില്ല എന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ ലോകസഭയില്‍ പ്രഖ്യാപിച്ചതോടെ കേന്ദ്ര സംസ്ഥാന ബന്ധം ഇതുവരെ ഇല്ലാത്ത രീതിയില്‍ താളം തെറ്റുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് നഡ്ഡ ഇന്നലെ പറഞ്ഞത്.

ഈ കഴിഞ്ഞ മാസം തന്നെ വന്നു കണ്ട സര്‍വ്വകക്ഷി സംഘത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവിട്ടു എന്ന പ്രചരണം കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒരേ പോലെ ഉന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാവുകയാണ് കീഴാറ്റൂരിലെ ബൈപ്പാസിംഗും.

എന്‍ ബി: മോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഗുജറാത്തിലെയും മഹാരാഷ്ട്രയിലും 192 ഗ്രാമങ്ങളിലെ 2500 ഓളം കര്‍ഷക കുടുംബങ്ങള്‍ സമരത്തിലാണ്. കീഴാറ്റൂരിലെ ജനങ്ങളോട് കാണിക്കുന്ന ദയ ബിജെപി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെയും മനുഷ്യരോട് കാണിക്കുമോ എന്തോ?

https://www.azhimukham.com/newswrap-pmo-office-denied-appointment-to-pinarayivijayan/

https://www.azhimukham.com/trending-how-can-launch-a-farmer-protest-jointly-with-a-man-who-supports-tata-in-bengal-for-singoor-factory-writes-kaantony/