രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ പോയത് അര്‍ണബിന് വേണ്ടി നടത്തിയ 'ഓപ്പറേഷനോ'?

 
രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ പോയത് അര്‍ണബിന് വേണ്ടി നടത്തിയ 'ഓപ്പറേഷനോ'?

ഹാദിയയുടെ വീട്ടില്‍ 'ഇടിച്ചു കയറിയ' രാഹുല്‍ ഈശ്വര്‍ നിയമക്കുരുക്കില്‍. വീട്ടില്‍ കയറി വന്ന് വീഡിയോ എടുക്കുകയും സെല്‍ഫി എടുക്കുകയും ചെയ്ത രാഹുല്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് അഖില എന്ന ഹാദിയയുടെ അച്ഛന്‍ കെ.എം അശോകന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടി അശോകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ അനുവാദമില്ലാതെ അഖില ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ വിഷ്വല്‍ മീഡിയയ്ക്ക് രാഹുല്‍ ഈശ്വര്‍ നല്‍കി എന്നും അശോകന്റെ പരാതിയില്‍ പറയുന്നുണ്ട്.

ആഗസ്ത് 17-നാണ് രാഹുല്‍ ഈശ്വര്‍, ഹാദിയയുടെ വീട്ടില്‍ എത്തിയത്. ഏകദേശം 45 മിനുട്ടോളം ഹാദിയയുടെ മുറിയില്‍ ചെലവഴിച്ച രാഹുല്‍ തുടര്‍ന്ന് വീഡിയോയും ഫോട്ടോയും എടുക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ഇത് പ്രസിദ്ധീകരണത്തിന് നല്‍കില്ല എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞതായി അശോകന്റെ പരാതിയില്‍ പറയുന്നു.

ഷഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം അന്വേഷിക്കാന്‍ സുപ്രീം കോടതി എന്‍ഐഎക്ക് നിര്‍ദേശം നല്‍കിയത് ആഗസ്ത് 16-നാണ് എന്ന കാര്യവും ശ്രദ്ധിയ്ക്കുക. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഹാദിയയയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ തെരഞ്ഞെടുത്തതാണ് സംശയം ഉണര്‍ത്തുന്നത്.

ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസമായി ഹാദിയ സ്വന്തം വീട്ടില്‍ കനത്ത പോലീസ് സുരക്ഷയില്‍ കഴിയുകയാണ്. ഹാദിയയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി വിധിയുണ്ട്. ഈ സാഹചര്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അടക്കം ഹാദിയയെ കാണാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വര്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്; ഇതാണ് സംശയം ജനിപ്പിക്കുന്നതും.

രാഹുല്‍ ഈശ്വര്‍ എന്തിന് ഹാദിയയുടെ വീട് സന്ദര്‍ശിച്ചു? ആരുടെ നിര്‍ദ്ദേശ പ്രകാരം? രാഹുല്‍ ഹാദിയയയുമായി സംസാരിച്ചത് എന്ത്?

രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ പോയത് അര്‍ണബിന് വേണ്ടി നടത്തിയ 'ഓപ്പറേഷനോ'?

ഒരു സ്വയംപ്രഖ്യാപിത ഹിന്ദു നവീകരണവാദിയായി ചാനല്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന രാഹുല്‍ ഈശ്വര്‍ താനൊരു തീവ്ര ഹിന്ദുത്വവാദിയല്ല എന്ന വ്യാജ പ്രതിച്ഛായ സൃഷ്ടിക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. ഇന്ത്യയെ മുസ്ലീം വിമുക്തമാക്കണം എന്നാവശ്യപ്പെട്ട സ്വാധ്വി പ്രാച്ചിയ്ക്കെതിരെ 2016 ജൂണില്‍ കേസ് കൊടുത്തുകൊണ്ട് തന്റെ വഴി അതല്ല എന്ന് രാഹുല്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

Also Read: പൊതിഞ്ഞുപറയുന്ന സംഘി രാഷ്ട്രീയം പുറത്തുവരുമ്പോള്‍

കേസ് കൊടുത്തതിനെ ന്യായീകരിച്ചുകൊണ്ട് അന്ന് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു, "ഞാന്‍ ഒരു ഹിന്ദുവാദി ആണ്. ഇന്നലെയും ആണ്, ഇന്നും ആണ്, നാളെയും ആണ്.. പക്ഷെ അതിനര്‍ത്ഥം ഹിന്ദു ഐക്യം നടത്തേണ്ടത് മുസ്ലിംങ്ങളുടെയും ക്രിസ്ത്യാനികളുടെയും നെഞ്ചത്തോട്ടു കയറിയിട്ടല്ല. ഭൂരിപക്ഷ സമൂഹം ഒരുപാടു പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. Higher rate of suicide, alcoholism & drugs, depression, family breakdown, old age issues ഇവയാണ്. ഇതിനു കാരണം ഹിന്ദുക്കള്‍ തന്നെ ആണ്. ക്രിസ്ത്യാനികളോ, കമ്മ്യൂണിസ്റ്റ്കാരോ, മുസ്ലിംങ്ങളോ അല്ല. അത് കൊണ്ട് ശത്രു ഉള്ളില്‍ ആണ്. സാധ്വി പ്രാചി 'മുസ്ലിം അപരത്വം' നിര്‍മിക്കാന്‍ നോക്കുകയാണ്."

Also Read: ഹാദിയയുടെ ‘ബ്ലൂ വെയില്‍ കളി’; ഹാന്‍സ് രാജ് ആഹിര്‍, സുപ്രീം കോടതി പിന്നെ സെന്‍കുമാറും

മറ്റുള്ളവരെ കുറ്റം പറയുന്നതിന് മുന്‍പ് ഹിന്ദുക്കള്‍ സ്വയം നന്നാവണം എന്നാണ് രാഹുലിന്റെ വാദം. അതിനു ഹിന്ദുക്കള്‍ ഒറ്റക്കെട്ടാകണം. ആത്മീയ വിദ്യാഭ്യാസം നടത്തണം. പള്ളികള്‍ ആത്മീയ പഠന കേന്ദ്രങ്ങള്‍ ആകുന്നത് പോലെ ക്ഷേത്രങ്ങളും ആത്മീയ പഠന കേന്ദ്രങ്ങള്‍ ആകണം.

അപ്പോള്‍ അതാണ് കാര്യം? ആത്മീയ വിദ്യാഭ്യാസം നടത്താനാണ് രാഹുല്‍ ഹാദിയയുടെ വീട്ടില്‍ പോയത്. 'നിര്‍ബന്ധിത' മതപരിവര്‍ത്തനത്തിന് വിധേയയായ ഹാദിയയെ സ്വന്തം വീട്ടിലേക്ക് തിരിച്ചു വിളിക്കാന്‍; ഘര്‍ വാപ്പസി. ഒരു ഹിന്ദുമത പ്രചാരകന്‍ എന്ന നിലയില്‍ രാഹുല്‍ അങ്ങനെ ചെയ്തതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാരണം അഖിലയെ ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിച്ചു എന്നു പറയുന്ന മഞ്ചേരിയിലെ സത്യസരണിയുടെ ലക്ഷ്യവും അമുസ്ലീങ്ങള്‍ക്കിടയില്‍ ഇസ്ലാം പ്രചരിപ്പിക്കുകയാണ് എന്നതാണ്.

Also Read: മൊബൈലില്ല, ടിവിയില്ല, പത്രമില്ല, അമ്മയോട് സംസാരിക്കാറുമില്ല; ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യവകാശ ലംഘനം

എന്നാല്‍ രാഹുല്‍ ഈശ്വരിന്റെ ലക്ഷ്യം അത്ര നിഷ്കളങ്കമായിരുന്നില്ല എന്നു തിരിച്ചറിഞ്ഞത് ഹാദിയയുടെ വീട്ടില്‍ നിന്നുള്ള സെല്‍ഫിയും വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ്. Explosive #LoveJihadTapes എന്ന ഹാഷ് ടാഗില്‍ അഖില ഹാദിയ തന്റെ അമ്മയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകില്ലെന്നും ഹിന്ദു ദൈവങ്ങള്‍ മോശക്കാരും നിര്‍ഗുണരും ആണെന്ന് ഹാദിയ പറഞ്ഞതായും രാഹുലിന്റെ വീഡിയോ പോസ്റ്റില്‍ ഉണ്ട്.

ആ വീഡിയോയില്‍ രാഹുല്‍ ചോദിച്ച ചോദ്യമിതാണ്- "മതം മാറ്റമാണോ വിവാഹമാണോ അമ്മയെ കൂടുതല്‍ വേദനിപ്പിച്ചത്?" ഇതോടൊപ്പം നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ നിയമം വേണമെന്നും കപട മതേതരത്വത്തിന്റെ പേരില്‍ കേരള സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും രാഹുല്‍ പ്രസ്താവിച്ചതായി റിപ്പബ്ലിക് ടിവിയുടെ ട്വീറ്റുമുണ്ട്. റിപ്പബിക്ക് ടിവിയുടെ അര്‍ണബ് ഡിബേറ്റില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ പറഞ്ഞതാണ് ഇത്.

ആ ചര്‍ച്ചയില്‍ അര്‍ണോബ് ഗോസാമി രാഹുലിനോട് ഇങ്ങനെ ചോദിക്കുന്നു. ഹാദിയയയുടെ വീട്ടില്‍ പോയ രാഹുല്‍ ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് എന്നു പറയാന്‍ കാരണമെന്താണ്? അതിനുള്ള തെളിവെന്താണ്? എന്തിന് പോയി? എങ്ങനെയാണ് ഇത് ലവ് ജിഹാദാകുന്നത്? അതിനു രാഹുല്‍ ഈശ്വര്‍ പറയുന്ന പ്രാധാന മറുപടി ഇതാണ്,

"ആ അമ്മയുടെ കണ്ണീര്‍ തന്നെയാണ് എന്റെ വാദം".

രാഹുല്‍ സാമൂഹ്യ മാധ്യമങ്ങളിലേക്ക് വിക്ഷേപിച്ച വീഡിയോയും അത് തന്നെ ആയിരുന്നു.

ആഗസ്ത് 16നു വന്ന സുപ്രീം കോടതി വിധിക്ക് പിറ്റേ ദിവസം റിപ്പബ്ലിക് ടിവിയുടെ ലവ് ജിഹാദ് അര്‍ണബ് ഡിബേറ്റിന് വേണ്ടി രാഹുല്‍ ഈശ്വര്‍ നടത്തിയ അന്വേഷണാത്മക വേഷ പ്രച്ഛന്ന ജേര്‍ണലിസമാണോ ഈ ഭവന സന്ദര്‍ശനം?

Also Read: ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!