എസ് ഡി പി ഐ അന്നും പ്രണയ വിവാഹത്തെയല്ല അനുകൂലിച്ചത്, ഇന്നുമല്ല. അനുകൂലിച്ചത് മതം മാറ്റത്തെ മാത്രമാണ്

 
എസ് ഡി പി ഐ അന്നും പ്രണയ വിവാഹത്തെയല്ല അനുകൂലിച്ചത്, ഇന്നുമല്ല. അനുകൂലിച്ചത് മതം മാറ്റത്തെ മാത്രമാണ്

ഹാദിയ കേസിൽ നിന്ന് ആറ്റിങ്ങലിലെ ഷെഹനായിലും ഹാരിസണിലും എത്തുമ്പോൾ എസ് ഡി പി ഐ എന്ന സംഘടനയുടെ നിലപാടിൽ വന്ന മാറ്റം വലിയ ചർച്ചയാകുന്നുണ്ട്. ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തുന്ന മുൻപ് കേട്ട് പരിചയമില്ലാത്ത രീതികൾ വരെ അവലംബിച്ചാണ് എസ് ഡി പി ഐ ഹാദിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്. ഇനി ഷെഹനാ എന്ന മുസ്ലിം പെൺകുട്ടി മതം മാറാതെ തന്നെ ഹാരിസൺ എന്ന യുവാവിനൊപ്പം ജീവിതം ആരംഭിക്കാൻ ഇറങ്ങി പുറപ്പെടുമ്പോൾ പക്ഷെ എസ് ഡി പി ഐ യുടെ നിലപാട് മാറുന്നു എന്നത് വസ്തുത തന്നെ ആണെന്നിരിക്കെ മറ്റൊരു സുപ്രധാന നിരീക്ഷണം ചൂണ്ടിക്കാണിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബ്.

കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഹാദിയ കേസിൽ തലയിട്ട സുഡാപ്പികൾ ഷെഹാനയുടെ കാര്യം വന്നപ്പോൾ കുടത്തിൽ കുടുങ്ങിയ തലയുമായി പാഞ്ഞു നടക്കുന്നത് കാണാൻ ഒരു രസമൊക്കെയുണ്ട്. എങ്കിലും, പൊതുവെ കാണുന്ന ഒരു സമീകരണത്തോടുള്ള വിയോജിപ്പ് അറിയിക്കുന്നു. സ്വന്തം ജീവിത പങ്കാളിയെ നിശ്ചയിക്കാനുള്ള ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാനാണ് അന്ന് സുഡാപ്പികൾ നിലകൊണ്ടത് എന്നും ഇപ്പോഴെന്തേ ആ നിലപാട് കാണുന്നില്ല എന്നുമാണ് പലരും ചോദിക്കുന്നത്.

അത് തെറ്റാണ്.

സ്വന്തം ഇഷ്ടപ്രകാരം മതം മാറിയ പെൺകുട്ടിയുടെ കസ്റ്റഡി ചോദിച്ചെത്തിയ മാതാപിതാക്കന്മാരുടെ അവകാശവാദം മറികടക്കാൻ സുഡാപ്പികൾ കണ്ട കുറുക്കുവഴിയായിരുന്നു ഹാദിയയുടെ വിവാഹം. അതൊരു പ്രണയവിവാഹമാണ് എന്ന് അവർ പോലും അവകാശവാദം ഉന്നയിക്കില്ല.

അതൊരു അറേഞ്ച്ഡ് വിവാഹമാണ്. സാധാരണ അച്ഛനുമമ്മയും കുടുംബവും ചെയ്യുന്ന കാര്യം ഇവിടെ മതബോധം പുഴുകുത്തിയ തലയുമായി നടക്കുന്ന കുറേപ്പേർ ചേർന്ന് നടത്തി; പ്രായപൂർത്തിയായ ആൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം കോടതി സംരക്ഷിച്ചു. നാട്ടിൽ നടക്കുന്ന അറേഞ്ച്ഡ് മാരിയെജുകളിലും ആളുടെ സമ്മതം ഉണ്ട് എന്നാണ് വിശ്വാസം. അത് അയാളുടെ തന്നെ തെരഞ്ഞെടുപ്പായാണ് കണക്കാക്കുന്നതും.

അതായത് പ്രണയ വിവാഹമെന്നോ സാധാരണ നാട്ടിൽ നടക്കുന്ന അറേഞ്ച്ഡ് വിവാഹമെന്നോ കണക്കാക്കാൻ പാടില്ലാത്ത ഒരു കാര്യം. എന്നാൽ ഭരണാഘടനാപരമാണ് താനും. സുഡാപ്പികൾ അന്നും പ്രണയ വിവാഹത്തെയല്ല അനുകൂലിച്ചത്. ഇന്നുമല്ല. അവർ അനുകൂലിച്ചത് മതം മാറ്റത്തെ മാത്രമാണ്. അതുകൊണ്ടുതന്നെ അത് ഇൻകമിങ് മാത്രമേ കണക്കിലെടുക്കൂ.

അതുകൊണ്ട് ഹാദിയ വിഷയം വച്ച് നാട്ടിൽ നടക്കുന്ന പ്രണയ വിവാഹങ്ങളോടുള്ള അവരുടെ നിലപാട് അളക്കരുത്. അതിൽ മാറ്റമൊന്നുമില്ല.അവരുടെ വിഷയം മതം മാത്രമാണ്, പ്രണയമോ തെരഞ്ഞെടുപ്പോ ഭരണഘടനയോ ഒന്നുമല്ല. മതം മാറ്റത്തിന് സൗകര്യമൊരുക്കുമെങ്കിൽ അതൊക്കെ കൊള്ളാം എന്നുമാത്രം.

അക്കാര്യത്തിൽ ഇരട്ടത്താപ്പില്ല.

https://www.azhimukham.com/offbeat-double-standards-of-sdpi-on-inter-religion-marriages/

https://www.azhimukham.com/news-update/