ഇങ്ങനേയുമൊരു പോലീസ് സ്റ്റേഷനോ? നെല്‍കൃഷി മുതല്‍ ലൈബ്രറി വരെ; കുറ്റവാളിക്ക് പകരം കുറ്റങ്ങളെ ശിക്ഷിക്കുന്ന നീതിപാലകരും

 
ഇങ്ങനേയുമൊരു പോലീസ് സ്റ്റേഷനോ? നെല്‍കൃഷി മുതല്‍ ലൈബ്രറി വരെ; കുറ്റവാളിക്ക് പകരം കുറ്റങ്ങളെ ശിക്ഷിക്കുന്ന നീതിപാലകരും

രോഗിയായ ഒരാളിനെ ചികിത്സിച്ച് ഭേദമാക്കുന്നതെങ്ങനെയോ, അതുപോലെ തന്നെയാണ് കുറ്റം ചെയ്ത് ശിക്ഷിക്കപ്പെടുന്നവരേയും ചികിത്സിക്കേണ്ടത്. അസുഖത്തിന് കാരണക്കാരായ ബാക്ടീരിയയോ, ഫംഗസോ, വൈറസോ എന്തുമാകട്ടെ അവ ബാധിച്ച ഇടത്ത് പ്രയോഗിച്ച് സുഖപ്പെടുത്തുന്നത് പോലെ തന്നെ കുറ്റം ചെയ്തവരുടെ മനസിനെ തലനാരിഴ കീറി പഠിച്ച് ആ ചിന്തകളെ ചികിത്സിക്കുക. പരമ്പരാഗത നീതിന്യായ വ്യവസ്ഥയില്‍ നിന്നുകൊണ്ടുള്ള ചികിത്സയ്ക്ക് പുറമെയാണിത്. ഇനി ഈ 'അസുഖം' ഒരിക്കലും വരാതിരിക്കാനുള്ള നന്മയുടേയും സ്നേഹത്തിന്റെയും മരുന്ന് ഒരു പ്രതിരോധമായി അവരില്‍ കുത്തിവെയ്ക്കുക. ഇവിടെയാണ് ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ മാതൃകയാകുന്നത്.

തൂവെള്ള നിറത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന് ചുറ്റും കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പും പൂക്കളും നിറഞ്ഞു നില്‍ക്കുന്നു; ചുമരുകളില്‍ നിറയെ വിവിധ ചിത്രങ്ങള്‍; ഒഴുകി വരുന്ന സംഗീതം. പുറത്ത് തൂക്കിയിട്ട ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് കണ്ടാല്‍ മാത്രമേ ഒറ്റ നോട്ടത്തില്‍ ഇതൊരു പൊലീസ് സ്റ്റേഷനാണെന്ന് തിരിച്ചറിയാന്‍ കഴിയൂ. അകത്തേക്ക് കയറിച്ചെല്ലുമ്പോള്‍ ഭംഗിയായി ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങളും പുഞ്ചിരിയോടെ സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും. പരാതിയുമായി എത്തുന്നവര്‍ക്ക് വളരെ ശാന്തരായി ധൈര്യപൂര്‍വ്വം നീതിപാലകരുമായി ഇടപെടാനുള്ള അന്തരീക്ഷം. ജനമൈത്രി പൊലീസിന്റെ ഭാഗമായി സംസ്ഥാനത്താട്ടാകെ നടക്കുന്ന പരിപാടികളുടെ കൈപിടിച്ച് ചക്കരക്കല്‍ പൊലീസിന്റെ ആശങ്ങള്‍കൂടി ചേര്‍ന്നപ്പോഴുണ്ടായ സുന്ദരമായ കെട്ടിടത്തെ പറ്റിയാണ് മേല്‍പ്പറഞ്ഞത്.

ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ പി. ബിജു പറയുന്നതിങ്ങനെ: "പരാതി നല്‍കാനായി സ്റ്റേഷനിലെത്തുന്ന നാട്ടുകാരായ ജനങ്ങള്‍ മിക്കവരും കൂടെ ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണ് വരാറുള്ളത്. പൊലീസിനോടും, ഈ ഓഫീസിനോടുമുള്ള അകല്‍ച്ചയും ഭയവും മനസ്സിലാക്കാന്‍ ഇത്തരം പ്രവര്‍ത്തികള്‍ തന്നെ മതിയല്ലോ? ഈ അകല്‍ച്ചയും പേടിയും മാറണമെങ്കില്‍ സ്റേറഷന്റെ കെട്ടും മട്ടും മാറുക എന്നത് പ്രധാനപ്പെട്ട ഒരു വിഷയമായി മുന്നില്‍ വന്നു. അപ്പോഴാണ് കണ്ണിന് കുളിരേകുന്ന ഇത്തരം മാറ്റങ്ങള്‍ സ്റ്റേഷനില്‍ കൊണ്ടുവന്നത്. ഇത്തരം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നേരത്തെ കൊണ്ടുവരാറുള്ള ലോക്കല്‍ നേതാക്കളെ പതുക്കെ പതുക്കെ പരാതിക്കാര്‍ക്കൊപ്പം കാണാതെയായി. അവര്‍ ധൈര്യത്തോടെ വന്ന് പരാതി രജിസ്റ്റര്‍ ചെയ്യുന്നു, മടങ്ങിപോകുന്നു, അത്തരത്തിലെത്തി കാര്യങ്ങള്‍."

2017 ജൂലൈയില്‍ മ്യൂസിക്ക് സ്റ്റേഷനായും, ആയിരത്തോളം പുസ്തകങ്ങളും പൊലീസ് സ്റ്റേഷന് അകത്ത് കാണാം. മാനസിക സമ്മര്‍ദ്ദം ഏറെയുള്ള ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് തെല്ലൊരു ആശ്വാസമാണ് സംഗീതം. കുറച്ചുകൂടി ഈര്‍ജ്ജസ്വലരായി ജോലിചെയ്യാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതിനൊപ്പം, മയക്കുമരുന്ന് കേസുകളിലും മറ്റും പിടിക്കപ്പെടുവര്‍ക്ക് ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ പ്രദര്‍ശനങ്ങളും മറ്റും നടത്താന്‍ പ്രൊജക്ടറും സ്റ്റേഷനില്‍ ഉണ്ട്.

ലൈബ്രറി സംവിധാനത്തെക്കുറിച്ചും എസ്.ഐ ബിജുവിന് പറയാനുണ്ട്,

"വായനയില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റും വളര്‍ന്നുവരുന്ന പുതുതലമുറ. പലകേസുകളിലും പെട്ട് സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ക്ക് നിര്‍ബന്ധമായും വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കും. അവരില്‍ മുളപൊട്ടിയ വേണ്ടാത്ത ചിന്തകളെ ഇല്ലാതാക്കാന്‍ പോന്ന ശക്തി അക്ഷരങ്ങള്‍ക്കുണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു അനുഭവം പറയാം.

കഴിഞ്ഞ ദിവസം മാലപൊട്ടിച്ച കേസില്‍ പിടികൂടിയ ഒരു ചെറുപ്പക്കാരനുമായി സംസാരിച്ചപ്പോള്‍, മാലപൊട്ടിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകത്തെക്കുറിച്ചും വീടിനേയും വീട്ടുകാരെയും കുറിച്ച് പറഞ്ഞ് കരഞ്ഞു. നമ്മുടെ വാക്കുകളുടെയും ഇടപെടലിന്റേയും കരുത്താണത്. അതിന് ശേഷം അവന് വായിക്കാന്‍ സെന്‍ കഥകളിലെ സ്വയം ഗീതമാവുക എന്ന പുസ്തകം കൊടുത്തു. പതിനൊന്ന് മണിക്ക് അവന് പുസ്തകം നല്‍കി ഞങ്ങള്‍ പിരിഞ്ഞു. അടുത്ത ദിവസം സ്റ്റേഷനില്‍ ചെന്നപ്പോള്‍ രാത്രി ഡ്യൂട്ടിയിലിരുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു, അവനിന്നലെ 2.30-നാണ് ഉറങ്ങിയത്. പുസ്തകവായനയിലായിരുന്നു. പിന്നീട് ആ പുസ്തകം മുഴുവനും വായിച്ച ശേഷമാണ് അവന്‍ തിരിച്ചുപോയത്. ഇതുപോലെ പുസ്തകങ്ങള്‍ക്ക് പല അത്ഭുതങ്ങളും കാണിക്കാന്‍ സാധിക്കും.

3000 രൂപയുടെ പുസ്തകം പൊലീസുകാര്‍ സ്വയം പിരിച്ചെടുത്ത് വാങ്ങിക്കുകയായിരുന്നു. ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് പലരും ഡി.സിയിലും മാതൃഭൂമിയിലുമെല്ലാം പണം കൊടുക്കുകയും അവിടെ നിന്ന് ഞങ്ങള്‍ പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇപ്പോള്‍ 10000 രൂപയുടെ പുസ്തകങ്ങള്‍ ഇവിടെയുമുണ്ട്."

വാദിയും പ്രതിയും ഒരേ വേദിയില്‍ എത്തിയ പരിപാടി സംഘടിപ്പിച്ച് ചരിത്രം കുറിച്ചതിനെക്കുറിച്ച് എസ്.ഐ: "രത്നാകരനെന്ന കാട്ടുുകള്ളന്‍ വാത്മീകിയായ കഥ നമ്മള്‍ പുരാണങ്ങളില്‍ പഠിക്കുന്നു. ഇതേ വസ്തുത ക്രിമിനലുകളിലും അപ്ലൈ ചെയ്യുകയായിരുന്നു. പൊലീസിന് എപ്പോഴും പല മുഖങ്ങളുണ്ടായിരിക്കണം; ചിരിക്കുകയും, കൂടെ സംസാരിക്കുകയും അടുത്ത് ഇടപഴകുകയും വേണ്ടിവന്നാല്‍ ദേഷ്യപ്പെടുകയും നന്നായി വഴക്ക് പറയുകയും ഒക്കെ വേണ്ടിവരും. നിരവധി കേസുകളില്‍ പല തരത്തിലുള്ള ആളുകളെയും കാണുന്നവരാണ് ഞങ്ങള്‍. ഈ അനുഭവങ്ങളില്‍ പലതിലും ഏതോ ഒരു നിമിഷത്തില്‍ തോന്നിയ വേണ്ടാതീനമാണ് പലരേയും കുറ്റവാളികളാക്കുന്നതെന്ന പൂര്‍ണ്ണമായ ബോധമുണ്ടായി. ആ ബോധം തന്നെയാണ് ഇത്തരമൊരു പരിപാടിക്ക് കരാരണമായത്. ഒരു കുറ്റം ചെയ്ത് അകത്തായാല്‍ പിന്നെ, പൊതുസമൂഹത്തിന്റെ മുന്നില്‍ തല താഴ്ത്തി നില്‍ക്കേണ്ടി വരുന്നവരെ നേര്‍വഴി കാട്ടി മുഖ്യധാരയിലേക്കെത്തിക്കാനുള്ള ശ്രമം കൂടിയായിരുന്നു അത്. 200-ഓളം പേരെ ചേര്‍ത്ത് ആ പരിപാടി നടത്തിയിട്ട് നാല് മാസം പിന്നിടുമ്പോള്‍, ആ പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ പോലും പിന്നീട് തിരിച്ച് ഇവിടെ കേസില്‍ പെട്ട് വന്നിട്ടില്ല. അത് അഭിമാനത്തോടെ പറയാം. ഒരു പക്ഷെ രാജ്യത്ത് തന്നെ ഇത്തരമൊരു പരിപാടി ആദ്യമായിരിക്കും."

ഇങ്ങനേയുമൊരു പോലീസ് സ്റ്റേഷനോ? നെല്‍കൃഷി മുതല്‍ ലൈബ്രറി വരെ; കുറ്റവാളിക്ക് പകരം കുറ്റങ്ങളെ ശിക്ഷിക്കുന്ന നീതിപാലകരും

പൊലീസ് സ്റ്റേഷന്‍ മുന്‍കയ്യെടുത്ത് നെല്‍ കൃഷി ചെയ്തതിനെക്കുറിച്ച്: "ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോഴാണ് പലപ്പോഴും നല്ലതല്ലാത്ത ചിന്തകള്‍ കയറിക്കൂടുന്നത്. വിവരസാങ്കേതിക വിദ്യയുടെ കാടുകയറ്റം വലിയ സാധ്യതയാണെങ്കിലും നമ്മുടെ യുവത്വം അതിന്റെ തെറ്റായ ഇടങ്ങള്‍ തേടിപ്പോവുകയാണ്. ഇതില്‍ നിന്നും അവരുടെ ചിന്തകളെ മാറ്റിയെടുക്കാന്‍ കൃഷിയോളം നല്ല വഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. കൃഷി വലിയൊരു മടങ്ങിപ്പോക്കാണ്. കച്ചവടത്തിന്റെ ചിന്തകള്‍ വേരോടിയ മനസ്സില്‍ വിരിയുന്ന ലാഭനഷ്ടത്തിന്റെ, സ്വാര്‍ത്ഥതയുടെ ഒക്കെയായ ഇടത്തുനിന്നും മണ്ണിലെത്തുമ്പോള്‍, വിയര്‍പ്പൊഴുകുമ്പോള്‍, അദ്ധ്വാനത്തിന്റെയും, ഉത്പാദനത്തിന്റെയും രസം നുണയുമ്പോള്‍ അവര്‍ക്ക് അത് മാറി ചിന്തിക്കാനുള്ള അവസരം നല്‍കുന്നു. ഏറ്റവും നിഷ്‌ക്കളങ്കരായ മുനുഷ്യര്‍ കര്‍ഷകരാണ്."

കണ്ണൂര്‍ ഐ.എസ് റിക്രൂട്ട്മെന്റ് ശരിവെച്ചുകൊണ്ടുവന്ന വാര്‍ത്തകളില്‍ ചക്കരക്കല്‍ മുണ്ടേരി സ്വദേശികളുമുണ്ടായിരുന്നു. ഇതിനെതിരെ നടക്കുന്ന പൊലീസ് ക്യാമ്പയിനുകള്‍:

"തിന്മക്കെതിരെ യുദ്ധം ചെയ്ത് മരിച്ചശേഷം സ്വര്‍ഗ്ഗത്തിലെത്തുമെന്നും, അവിടെയാണ് ജീവിതം ആരംഭിക്കുന്നതെന്നും വിശ്വസിക്കുന്ന ഇവരെ ഒന്നും ചെയ്യാനാകില്ല. സ്റ്റേഷന്‍ പരിധിയിലുള്ള മുണ്ടരി പ്രദേശത്ത് ഇത്തരം സംഘടനകളിലേക്ക് പോകുന്നവരുണ്ടെന്ന തിരിച്ചറിവില്‍ ആ ഏരിയ കവര്‍ ചെയ്തുകൊണ്ട് പൊലീസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചക്കരയ്ക്കല്‍ പൊലീസ് സ്റ്റേഷന്റെ ഭാഗമായി നെല്‍കൃഷി ആരംഭിച്ചത് ഈ മേഖലയില്‍തന്നെയാണ്. നവംബര്‍ 30ന് ഇവിടെ കമ്പവലി മത്സരം നടത്താനിരിക്കുകയാണ്. അടുത്ത മാസം 4 മുതല്‍ 10 വരെ മുണ്ടേരി സ്‌കൂളില്‍ നാടകോസ്തവം നടത്തുകയാണ്. ഇതുവഴി അവരുടെ വിശ്വാസത്തിലൂടെ അല്ലാതെയും ജീവിക്കാമെന്ന കാണിച്ചുകൊടുക്കാന്‍ സാധിക്കും. ഒരു നാട്ടിലെ യുവത്വം വഴിതെറ്റുമ്പോള്‍ അവര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്വം പോലീസിനുണ്ട് എന്നത് ഞങ്ങള്‍ മനസ്സിലാക്കുന്നു".

ബോംബേറും മറ്റ് ആക്രമണ പ്രവര്‍ത്തനങ്ങളുമൊക്കെയായി വര്‍ത്തമാന പേജുകളില്‍ നിറഞ്ഞു നിന്ന ചക്കരയ്ക്കല്‍ പൊലീസ് സ്റ്റേഷന് ഇന്ന് പറയാനുള്ളത് മാറ്റത്തിന്റെ പുത്തന്‍ വാര്‍ത്തകള്‍ മാത്രമാണ്. പോലീസിന്റെ ആപ്ത വാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് കൂടുതല്‍ ജനകീയമാകാനുള്ള പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ തിരയുന്ന പൊലീസ് സ്റ്റേഷനെ തേടി രണ്ട് തവണ ഡി.ജി.പിയുടെ അഭിനന്ദനം എത്തിയിരുന്നു. എസ്.ഐ ബിജുവും സംഘവും തീര്‍ച്ചയായും ഈ പ്രശംസയര്‍ഹിക്കുന്നുണ്ട്. ചക്കരയ്ക്കല്‍ പൊലീസ് മാതൃക വ്യാപിപ്പിക്കാന്‍ പൊലീസ് സംസ്ഥാന മേധാവി സര്‍ക്കുലര്‍ ഇറക്കിയതും ഇവര്‍ക്കുള്ള അംഗീകാരമാണ്.