ആ കുരുന്നിന്റെ മുഖം കണ്ടു നില്‍ക്കാന്‍ കഴിയില്ലായിരുന്നു; മരട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു വീട്ടമ്മയുടെ അനുഭവം

 
ആ കുരുന്നിന്റെ മുഖം കണ്ടു നില്‍ക്കാന്‍ കഴിയില്ലായിരുന്നു; മരട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു വീട്ടമ്മയുടെ അനുഭവം

'മഴ ദിവസമായിരുന്നതിനാല്‍ പലരും വീടിനുള്ളില്‍ തന്നെയായിരുന്നു. വൈകുന്നേരം മൂന്നേ മുക്കാല്‍ കഴിഞ്ഞു കാണുമായിരിക്കും. അയല്‍വാസിയായ മുകേഷിന്റെ നിലവിളി കേട്ടാണ് ഓടി ചെന്നത്. അപ്പോഴാണ്...' കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ സംഭവത്തെക്കുറിച്ച് പ്രദേശവാസിയായ ശകുന്തളയുടെ വാക്കുകളാണിത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുടെ കൂട്ടത്തില്‍ തെക്കേടത്ത് രവിയുടെ ഭാര്യയായ ശകുന്തളയും ഉണ്ടായിരുന്നു. സംഭവ സ്ഥലത്തേക്ക് ആദ്യം ഓടിയെത്തവരായിരുന്നു രവിയും ശകുന്തളയും.

സംഭവത്തെ കുറിച്ച് ശകുന്തള പറയുന്നത് ഇങ്ങനെയാണ്; രാവിലെ മുതല്‍ മഴയായിരുന്നതിനാല്‍ പുറത്തെവിടെയും പോയിരുന്നില്ല. അപകടം നടന്ന സമയത്ത് മഴയ്ക്ക് അല്പം ശമനം ഉണ്ടായിരുന്നു. വീടിനകത്തു വര്‍ത്തമാനം പറഞ്ഞിരിക്കെയാണ് അയല്‍വാസിയായ മുകേഷിന്റെ നിലവിളി കേള്‍ക്കുന്നത്. അയ്യോ വണ്ടി കുളത്തില്‍ പോയേ എന്നു പറഞ്ഞാണ് കരയുന്നത്. ഉടന്‍ തന്നെ ഭര്‍ത്താവും ഞാനും പുറത്തേക്കോടി. ചെല്ലുമ്പോള്‍ കാണുന്നത് സ്‌കൂള്‍ വാന്‍ കുളത്തില്‍ മുങ്ങുന്നതാണ്. ഞങ്ങളെത്തുമ്പോഴേക്കും വാന്‍ മുക്കാല്‍ ഭാഗത്തോളം മുങ്ങിയിരുന്നു. വാഹനത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്ന െ്രെഡവര്‍ ബാബുവിനെ കണ്ടപ്പോള്‍ എന്റെ ഭര്‍ത്താവ് രവി അദ്ദേഹത്തെ സഹായിച്ചു. ബാബുവാണ് കുട്ടികളുടെ കാര്യം പറയുന്നത്. നല്ല ആഴവും ചെളിയുമുള്ള കുളമാണ്. സാധാരണ ആളുകള്‍ ഇറങ്ങാന്‍ പേടിക്കും. പക്ഷേ, കുഞ്ഞുങ്ങള്‍ ഉണ്ടെന്നറിഞ്ഞതോടെ മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല. ഓടിവന്നവരെല്ലാം തന്നെ കുളത്തിലേക്ക് ചാടി. ഞാന്‍ കരയില്‍ തന്നെ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ആ കാഴ്ച കാണുന്നത്. ചെളിയില്‍ കുളിച്ചെന്ന പോലെ ഒരു കുഞ്ഞ് ശ്വാസം കിട്ടാതെ വെപ്രാളപ്പെട്ടുകൊണ്ട് വാഹനത്തിന്റെ ജനാല ചില്ലിന്റെ അപ്പുറത്ത്... അത് കണ്ട് നില്‍ക്കാന്‍ എനിക്കാവുമായിരുന്നില്ല. ഞാനുമൊരു അമ്മയല്ലേ...ഞാന്‍ ഉടനെ കുളത്തിലേക്ക് ചാടി.

വാഹനത്തിന്റെ ഡോര്‍ അകത്തു നിന്നു അടച്ചിരുന്നതിനാല്‍ കുട്ടികളെ പുറത്തെടുക്കുന്നതിന് ഏറെ ബുദ്ധിമുട്ടി. അവിടെ കൂടി നിന്ന ആളുകള്‍ കയര്‍ കൊണ്ടുവന്നു വാഹനം കുളത്തില്‍ നിന്നും പൊക്കിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ കുളത്തില്‍ കുട്ടികളുണ്ടോ എന്ന തിരച്ചിലില്‍ ആയിരുന്നു. വാനിന്റെ െ്രെഡവറും സ്വന്തം പരുക്കുകള്‍ അവഗണിച്ചു രക്ഷ പ്രവര്‍ത്തനം നടത്തി. െ്രെഡവര്‍ ഉണ്ടായിരുന്നതു കൊണ്ടാണ് വാഹനത്തില്‍ എത്ര പേരുണ്ടായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ വെള്ളത്തിനടിയിലേക്കു വാഹനം പൂണ്ടത് രക്ഷപ്രവര്‍ത്തനത്തിനു തടസമായി. മഴ പെയ്തു കുളം നിറഞ്ഞ സമയമായിരുന്നു. പോരാത്തതിന് ചെളി നിറഞ്ഞു കിടക്കുന്നു. കുറച്ചു പേരെ മുങ്ങി ഡോറിന്റെ ഇടയിലൂടെ എടുത്തു രക്ഷപെടുത്തിയെങ്കിലും വാഹനം ഉയര്‍ത്താതെ മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ സാധിക്കില്ലായിരുന്നു. ഡോര്‍ തുറക്കാന്‍ സാധിക്കാതെ വന്നതാണ് മരണസംഖ്യ കൂടാന്‍ കാരണം. പിഞ്ചു കുഞ്ഞുങ്ങളല്ലേ...അതുങ്ങള്‍ക്ക് തനിയെ രക്ഷപ്പെടാനൊക്കെ കഴിയുമോ? പോരാത്തതിന് പല കുട്ടികളും ബോധമില്ലാതാവുകയും ചെയ്തിരുന്നു. അതുകൊണ്ട്. കുട്ടികളെയാണ് ആദ്യം രക്ഷിക്കാന്‍ ശ്രമിച്ചത്. അപ്പോഴേക്കും ആയ ലത ഉണ്ണി...; വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ ശകുന്തള അഴിമുഖത്തോടു പറഞ്ഞു.

http://www.azhimukham.com/newsupdates-marad-accident-witnesses-allege-poor-tread-wear-of-suv/

ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസത്തിന് സാക്ഷികളാകേണ്ടി വന്നെങ്കിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ദുരന്തം മരട് കാട്ടിത്തറ റോഡിന് ഇരുവശവും താമസിക്കുന്ന ജനങ്ങളെ ഭയപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളായിരുന്നു. അവര്‍ പേടിച്ചതു തന്നെയാണ് തിങ്കളാഴ്ച വൈകിട്ട് നടന്നതും. തങ്ങള്‍ ഭയപ്പെട്ട കാര്യത്തില്‍ അധികാരികള്‍ ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ ആ രണ്ട് പിഞ്ചു കുട്ടികള്‍ക്കും സ്ത്രീക്കും ജീവന്‍ നഷ്ടമാകില്ലെന്നാണ്, സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രദേശവാസികള്‍ പറയുന്നത്.

ഇന്നലെ അപകടം നടന്ന പ്രദേശത്ത് പല ഇടങ്ങളിലായി അപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാനുള്ള മുന്നറിപ്പുകള്‍ എഴുതിയതും കുളത്തിനും(വാഹനം മറിഞ്ഞ കുളം) അയിനി തോടിനും സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടുള്ളതുമായ ബോര്‍ഡുകള്‍ ഇപ്പോഴും കാണാം. ഇന്നലെ കുട്ടികളുടെ ജീവനെടുത്ത അതേ കുളത്തിലേക്ക് വാഹനം മറിഞ്ഞ് ഒരു വര്‍ഷം മുമ്പ് മറ്റൊരു അപകടം നടന്നിട്ടുണ്ട്. അന്നു തൊട്ടേ ഇവിടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടും മരട് നഗരസഭയുടെ കണ്ണ് തുറന്നില്ലെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. ഒടുവില്‍ രണ്ടു കുരുന്നുകളുടെ ജീവന്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയെങ്കിലും നഗരസഭ കണ്ണു തുറക്കുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.