ശബരിമല ശാസ്താവിനെ അയ്യപ്പനാക്കിയതിലെ അട്ടിമറികള്‍ക്ക് പിന്നില്‍

 
ശബരിമല ശാസ്താവിനെ അയ്യപ്പനാക്കിയതിലെ അട്ടിമറികള്‍ക്ക് പിന്നില്‍

ദശകങ്ങളായി പലതരത്തിലുള്ള വിവാദങ്ങളാണ് ശബരിമല ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഉണ്ടായിരികൊണ്ടിരിക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദങ്ങള്‍ മാത്രം ഒരു ദശകത്തിലേറെയായി. ആ ഒരു വിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ച് മറ്റ് വിവാദങ്ങളുമുയര്‍ന്നുവന്നിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു, ദേവസ്വം ബോര്‍ഡും ഒരു കൂട്ടം സ്ഥാപിത താല്‍പ്പര്യക്കാരും ചേര്‍ന്ന് സ്ത്രീകളെ വിലക്കുന്നതിനായി ശബരിമല ശാസ്താവിനെ അയ്യപ്പനാക്കി മാറ്റി എന്ന ആരോപണം. ഈ ആരോപണങ്ങള്‍ ശരി വയ്ക്കുന്ന തരത്തിലായിരുന്നു ബോര്‍ഡിന്റെ പല നടപടികളും. നൂറ്റാണ്ടുകളായി ഭക്തര്‍ ശ്രീ ധര്‍മ്മാശാസ്താ ക്ഷേത്രം എന്ന് ഭക്തിപൂര്‍വ്വം കരുതി ആരാധിച്ചു പോന്ന ക്ഷേത്രത്തിന്റെ പേര് മാറ്റുവാന്‍ വരെ ദേവസ്വംബോര്‍ഡ് തയ്യാറായി.

സ്ത്രീകളെ ശബരിമലയിലേക്ക് വിലക്കുന്ന വാദത്തിന് ശക്തി പകരനാണ് ശാസ്താവിനെ അയ്യപ്പനാക്കുന്നതിന്റെ പിന്നിലുള്ളതും എന്നാണ് ശക്തമായ ഒരു വാദം. ശാസ്താവും അയ്യപ്പനും രണ്ടാണെന്നാണ് വിശ്വാസം. ശാസ്താവ് പത്‌നിസമേതനായും (കുടുംബസ്ഥന്‍), അയ്യപ്പന്‍ നിത്യ ബ്രഹ്മചാരിയായും വാഴുന്നുവെന്നുമാണ് സങ്കല്‍പ്പം (ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍, പരമശിവനും മോഹിനിക്കും ജനിക്കുകയായിരുന്നുവെന്ന് ഒരു ഐതിഹ്യമുണ്ട്). ശബരിമലയിലെ ചരിത്രവും രീതികളും വിവരിക്കുന്ന ഏറ്റവും ആധികാരികവും പഴക്കം ചെന്നതുമായ ഒരു ഗ്രന്ഥമാണ് വിദ്വാന്‍ നാരായണന്‍ കുറുമള്ളൂരിന്റെ 'ശ്രീ ഭൂതനാഥ സര്‍വ്വസ്വം'. ഈ ഗ്രന്ഥത്തിലും ശബരിമല ശസ്താവെന്നാണ് പറഞ്ഞിരിക്കുന്നത്. ക്ഷേത്രങ്ങള്‍ക്ക് ഒരു നാമം ഉണ്ടാവുന്നത് ഐതിഹ്യപരമായും ചരിത്രപരവുമായുമുള്ള അവിടുത്തെ പ്രത്യേകതകള്‍ കാരണമാണ്. വിശ്വാസികള്‍ ശബരിമല ശാസ്താവ് എന്നാണ് നൂറ്റാണ്ടുകളായി സങ്കല്‍പ്പിച്ച് ആരാധിച്ച് പോരുന്നത്.

http://www.azhimukham.com/sabarimala-ayyappa-sasthavu-name-controversy-myth-history-krishna-govind-azhimukham/

ഐതിഹ്യപ്രകാരം പന്തളം രാജാവ് ശബരിമല ക്ഷേത്രം നിര്‍മ്മിച്ചത് പെരുനാട്ടില്‍ നിന്നുകൊണ്ടാണ്. അക്കാലത്ത് പെരുനാട്ടിലും രാജാവ് ഒരു ക്ഷേത്രം പണിയിച്ചു. അതിന്റെ പേര് പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രമെന്നാണ്. ശബരിമല ക്ഷേത്രത്തിന്റെ മൂലക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്ന പന്തളത്തെ ക്ഷേത്രത്തിന്റെ പേര് വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രമെന്നാണ്. ഈ രണ്ടു ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍പ്പെട്ടതും നാളിതുവരെ ആ ക്ഷേത്രങ്ങളെ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന് രേഖകളാക്കി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.ശബരിമലയിലെ ശാസ്താവ് തന്നെയാണെന്നുള്ളതിനുള്ള മറ്റൊരു തെളിവുള്ളത്. നൂറ്റാണ്ടുകള്‍ പഴകമുള്ള തിരുവാഭരണങ്ങളാണ്.

ശാസ്താവിന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളത്ത് നിന്ന് കൊണ്ടു പോകുന്നത് മൂന്ന് പേടകത്തിലാണ്. ഒന്നാം പേടകത്തിന് നെട്ടൂര്‍ പെട്ടിയുടെ മാതൃകയാണുള്ളത് (മുകള്‍ വശം കൂര്‍ത്ത പഴയ ആഭരണ പെട്ടി മാതൃക). മകരവിളക്ക് ഉത്സവത്തിന് ഭഗവാന് ചാര്‍ത്താനുള്ള തിരുമുഖം ഉള്‍പ്പടെയുള്ള ആഭരണങ്ങളാണ് ഇതിലുള്ളത്. ഇതില്‍ ശാസ്താവിന്റെ പത്നിമാരായ പൂര്‍ണ, പുഷ്‌കല എന്നീ ദേവിമാരുടെ രൂപങ്ങളുമുണ്ട്. ഇത് വെളിവാക്കുന്നത് പത്‌നി സമേതനായ ശാസ്താവാണ് ശബരിമലയിലെന്നും ശാസ്താവ് സ്ത്രീവിരോധി അല്ലെന്നുമാണ്. ഈ പെട്ടിയിലുള്ള പൂര്‍ണ, പുഷ്‌കല എന്നീ ദേവിമാരുടെ രൂപങ്ങളുള്‍പ്പടെയുള്ള തിരുവാഭരണങ്ങളാണ്, കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലും പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നത്. അമ്പലപ്പുഴ ആലങ്ങോട് കരക്കാരുടെ എഴുന്നെളിപ്പിനും ഇത് ഉപയോഗിക്കാറുണ്ട്.

ശബരിമല ശാസ്താവിനെ അയ്യപ്പനാക്കിയതിലെ അട്ടിമറികള്‍ക്ക് പിന്നില്‍

ഇവിടെയല്ലാം ദേവസ്വംബോര്‍ഡും സ്ഥാപിത തല്‍പരരും ചടങ്ങുകള്‍ ഉള്‍പ്പടെ മാറ്റുകയോ അല്ലെങ്കില്‍ ചടങ്ങിന്റെ ഉദ്ദേശ്യം മറ്റ് രീതിയില്‍ പ്രചരിപ്പിക്കുകയോയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതും വിശദീകരിക്കാം- തിരുവാഭാരണ പെട്ടികളിലെ സമചതുരാകൃതിയിലുള്ള രണ്ടാം പേടകത്തില്‍ കളഭാഭിഷേകത്തിനുള്ള തങ്കക്കുടമാണ്. നീളവും വീതിയും കൂടുതലുള്ള പെട്ടിയില്‍, മകരം ഒന്ന് മുതല്‍ അഞ്ച് വരെ മാളികപ്പുറത്ത് മണിമണ്ഡപത്തില്‍ നിന്ന് 18-ാം പടി വരെ ആനപ്പുറത്ത് ഭഗവാനെ എഴുന്നെള്ളിക്കുന്നതിനുള്ള ജീവിതയും കൊടികളും അലങ്കാരങ്ങളും ആനച്ചമയങ്ങളുമാണ്. ഇപ്പോള്‍ ഈ എഴുന്നെള്ളിപ്പിനെ (സന്നിധാനത്തെ) മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പായിട്ടാണ് ദേവസ്വം അധികൃതര്‍ പ്രചരിപ്പിക്കുന്നത്. ഇതിലെ പല ചടങ്ങുകള്‍ മാറ്റുകയും ചെയ്തു. ഇത് മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പല്ല, ധര്‍മ്മശാസ്താവാണ് എഴുന്നെള്ളുന്നത്. മാളികപ്പുറത്തമ്മ മധുര മീനാക്ഷിയാണെന്നും ഒരു സങ്കല്‍പ്പമുണ്ട്. മാളികപ്പുറത്തമ്മയെ അയ്യപ്പസ്വാമിയുടെ പ്രണയിനിയാണെന്ന തരത്തില്‍ നടത്തുന്ന വാദങ്ങള്‍ക്ക് പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങളുമുണ്ടാവാം.

http://www.azhimukham.com/news-wrap-will-not-allow-to-make-sabarimala-as-thailand-prayar-gopalakrishnan-sajukomban/

അവതാര പുരുഷനായ ശ്രീ അയ്യപ്പന്‍ തന്റെ ദൗത്യം പൂര്‍ത്തിയായതിന് ശേഷം ശ്രീ ധര്‍മ്മാശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. ശ്രീ ധര്‍മ്മാശാസ്താവ് എന്ന ആദി മൂര്‍ത്തിയിലേക്ക് ശ്രീ അയ്യപ്പന്‍ അലിഞ്ഞ് ചേര്‍ന്നുവെന്നാണ് ഐതിഹ്യം. അതിനാല്‍ അവിടെ ശാസ്താവ് മാറി അയ്യപ്പനായിമാറിയെന്നാണ് ദേവസ്വം ബോര്‍ഡ് വാദിക്കുന്നത്. ബോര്‍ഡിന്റെ വിശദീകരണം കാണിക്കുന്നത് ധര്‍മ്മശാസ്താവില്‍ അയ്യപ്പന്‍ ലയിച്ചതിനാല്‍ ധര്‍മ്മശാസ്താവ് ഇല്ലാതായി അയ്യപ്പന്‍ മാത്രമായി എന്നാണ്. ഉദാഹരണത്തിന് ഒരു നദി ഒരു കായലില്‍ ലയിച്ചിട്ട് അത് കടലില്‍ ചേര്‍ന്നാല്‍ ആ കടലിനെ ആരെങ്കിലും നദിയെന്നോ കായലെന്നോ വിളിക്കുന്നതുമാതിരിയാണ് ഇത്. ശബരിമലയില്‍ ഇപ്പോഴും ശാസ്താവാണെന്ന വാദം ബോര്‍ഡ് അംഗീകരിച്ചാല്‍ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന അവരുടെ വാദത്തെ ദുര്‍ബലമാക്കും. മറിച്ച് അയ്യപ്പ സാന്നിദ്ധ്യമാണ് ശബരിമലയിലെന്ന് അവതരിപ്പിച്ചാല്‍, നിത്യബ്രഹ്മചാരിയായ ഇശ്വര സങ്കല്‍പ്പത്തിലാണ് ക്ഷേത്രമെന്നും സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്ന വാദം ബോര്‍ഡിന് കൂടുല്‍ ശക്തമായി പറയാന്‍ സാധിക്കും. കോടതിക്കും ഇതില്‍ ഇടപെടാന്‍ പരിമിതികളുണ്ടാവുകയും ചെയ്യും.

അടുത്ത കാലത്ത് വന്ന ബോര്‍ഡിന്റെ ഉത്തരവാണ് പമ്പയില്‍ സ്ത്രീകള്‍ കുളിക്കരുതെന്നുള്ളത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുക്കുന്ന പമ്പ നദിയിലാണോ അതോ നീലിമലയുടെ താഴെയുള്ള പമ്പ കടവിലാണോ സ്ത്രീകള്‍ കുളിക്കരുതെന്ന് ബോര്‍ഡ് ഉദ്ദേശിച്ചിരിക്കുന്നത് എന്നറിയില്ല. എവിടെയായാലും സ്ത്രീകള്‍ പമ്പയില്‍ കുളിക്കരുതെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡിനോ അതിലെ അംഗങ്ങള്‍ക്കോ ഒരു അവകാശവുമില്ല, അധികാരവുമില്ല. വിശ്വാസികളെ മൊത്തത്തില്‍ ആശയകുഴപ്പത്തിലാക്കി, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്ന ഒരു കൂട്ടം ആളുകളുടെ താല്‍പര്യത്തിന് ബോര്‍ഡും കൂട്ടുനില്‍ക്കുകയാണ്.

(കടപ്പാട്- പന്തളം കൊട്ടാരം കുടുംബാംഗവും നിര്‍വാഹകസംഘം വൈസ് പ്രസിഡന്റുമായ പി രവിവര്‍മ്മയുടെ ലേഖനം)