NEWS WRAP | 'ബാബറി മസ്ജിദ് തകര്‍ത്തത് ഗാന്ധി വധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്ത'മെന്ന് ഓര്‍മ്മിപ്പിച്ച ഒരു രാഷ്ട്രനേതാവ് നമുക്കുണ്ടായിരുന്നു

 
NEWS WRAP | 'ബാബറി മസ്ജിദ് തകര്‍ത്തത് ഗാന്ധി വധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്ത'മെന്ന് ഓര്‍മ്മിപ്പിച്ച ഒരു രാഷ്ട്രനേതാവ് നമുക്കുണ്ടായിരുന്നു


ബാബറി മസ്ജിദ് തകര്‍ത്തത്, മഹാത്മാഗാന്ധി വധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തമെന്ന് വിശേഷിപ്പിച്ച ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്റെ ജന്‍മശതാബ്ദി ദിനമാണ് ഇന്ന്. ബാബറി പള്ളി തകര്‍ത്തതിന് തെളിവില്ല എന്ന് കണ്ടെത്തി അതിനു നേതൃത്വം നല്‍കിയവരെ വെറുതെ വിട്ട കോടതി ഉത്തരവ് വന്ന അതേ വര്‍ഷം തന്നെ ഇന്ത്യയുടെ ആദ്യത്തെ ദളിത് പ്രസിഡന്റിന്റെ ജന്മ ശതാബ്ദി വര്‍ഷം ആചരിക്കുന്നു എന്നത് യാദൃശ്ചികതയാകാം. അയോദ്ധ്യയിലെ ഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ ചരമദിനമായ 2019 നവംബര്‍ 9നു ആയിരുന്നു എന്നത് മറ്റൊരു യാദൃശ്ചികതയും. ആ തര്‍ക്കഭൂമിയില്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിന്റെ പണിയും ആരംഭിച്ചു കഴിഞ്ഞു. അതിനു സാക്ഷിയായത് മറ്റൊരു ദളിത് രാഷ്ട്രപതിയാണ് എന്നത് ചരിത്രത്തിന്റെ പ്രഹസനമാകാം.

തന്നെ നേതൃഗുണം പഠിപ്പിച്ചത് ജെ എന്‍ യു വൈസ് ചാന്‍സലറായിരുന്ന കാലമായിരുന്നു എന്നു കെ ആര്‍ നാരായണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതേ ജെ എന്‍ യു ആര്‍ എസ് എസിന്റെ തീവ്ര ദേശീയതയുടെ ഭീഷണിയിലാണ് എന്നതാണ് കെ ആര്‍ നാരായണനെ ഓര്‍ക്കുമ്പോള്‍ ഭരണഘടനയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരാളെ അസ്വസ്ഥപ്പെടുത്തുക.

കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറും ഐ എ എസ് ഉദ്യോഗസ്ഥനുമായ ബി അശോക് കെ ആര്‍ നാരായണനെ കുറിച്ചെഴുതിയ "പദവിയെ ദീപ്തനാക്കിയ മലയാളി" എന്ന തലക്കെട്ടില്‍ ഒരു ലേഖനം മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടയത്തെ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലാതെ കേരളം ഈ പ്രതിഭയുടെ ഓര്‍മ്മയ്ക്ക് എന്തു തിരിച്ചുനല്‍കി എന്നത് അലോസരപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. രാഷ്ട്രമീമാംസ പണ്ഡിതനായ മികച്ച സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ എം പിയായ മന്ത്രിയായ ഉപരാഷ്ട്രപതിയായ രാഷ്ട്രപതിയായ കെ ആര്‍ നാരായണനും സിനിമയും തമ്മില്‍ എന്തു ബന്ധം എന്നു മാത്രം ചോദിക്കരുത്?

1945ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബി എ ഓണേഴ്സ് , എം എ ബിരുദങ്ങള്‍ റാങ്കോടെ പാസായി ലണ്ടന്‍ സ്കൂള്‍ എക്കണോമിക്സില്‍ ഉന്നത പഠനത്തിന് ചേര്‍ന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള ഈ പ്രതിഭയുടെ ഓര്‍മ്മ പുതുക്കുമ്പോള്‍ തന്നെയാണ് സംവരണം സംബന്ധിച്ച വിവാദ വിജ്ഞാപനവുമായി കേരള സര്‍ക്കാര്‍ എത്തിയിരിക്കുന്നത് എന്നതും മറ്റൊരു യാദൃശ്ചികതയാണ്. പി.എസ്.സി. നിയമനങ്ങളിൽ സാമ്പത്തികസംവരണം നടപ്പാക്കാനുള്ള വിജ്ഞാപനം തയ്യാറായിരിക്കുന്നത്.

"മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നൽകുന്നത് ആരുടെയും സംവരണം ഇല്ലാതാക്കുന്നില്ല" എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക സംവരണ നീക്കത്തിനെതിരെ ശക്തമായ പ്രസ്താവനയുമായി എസ് എന്‍ ഡി പി രംഗത്ത് വന്നു കഴിഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മുന്നാക്കസമുദായ സംവരണം സാമൂഹികനീതിക്കെതിരും ഭരണഘടനാവിരുദ്ധവുമാണെന്നാണ് എസ്.എൻ.ഡി.പി. യോഗം കൗൺസിൽ അഭിപ്രായപ്പെട്ടത്.

വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള വിഷയം കേരളത്തില്‍ വലിയ രാഷ്ട്രീയ സംവാദം ഉയര്‍ത്തിവിടുമെന്ന കാര്യത്തില്‍ സംശയമില്ല. ശബരിമല വിഷയത്തില്‍ നഷ്ടപ്പെട്ട ഭൂരിപക്ഷ സമുദായ പിന്തുണ ഉറപ്പിക്കാനാണ് ഇടതു സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത് എന്നാണ് ഒരു വിലയിരുത്തല്‍. യു ഡി എഫില്‍ ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയതായി അഴിമുഖം റിപ്പോര്‍ട്ട് പറയുന്നു. കോണ്‍ഗ്രസ് ഇതിനെ അനുകൂലിക്കുമ്പോള്‍ മുസ്ലീം ലീഗ് എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ( അഴിമുഖം റിപ്പോര്‍ട്ട് വായിക്കാം)

റബിന്‍സിനെ പൊക്കി, ഇനി ഫൈസല്‍ ഫരീദ്

യു എ ഇ കോണ്‍സുലേറ്റിലേക്കുള്ള നായതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസിലെ പത്താം പ്രതി മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ഹമീദ് അറസ്റ്റിലായി എന്നത് തന്നെയാണ് ഇന്നത്തെ എല്ലാ ദിനപത്രങ്ങളുടെയും മുഖ്യ വാര്‍ത്ത. കാരണം അന്വേഷണം 100 ദിവസം പിന്നിട്ടിട്ടും യു എ ഇ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന റബിന്‍സിനെയും നയതന്ത്ര ബാഗേജ് അയച്ചു എന്നു കരുതുന്ന ഫൈസല്‍ ഫരീദിനെയും നാട്ടില്‍ എത്തിക്കാന്‍ കഴിയാത്തത് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരാജയമായി വിലയിരുത്തപ്പെട്ടിരിരുന്നു. അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഇരുവരും യു എ ഇ അധികൃതരുടെ കസ്റ്റഡിയില്‍ ആയിട്ടും ഭീകര വിരുദ്ധ നിയമ പ്രകാരം ഇന്ത്യയും യു എ യും തമ്മില്‍ കരാര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് യു എ പി എ ചാര്‍ജ്ജ് ചെയ്ത ഒരു കേസില്‍ പ്രതികളായ ഇരുവരെയും കേന്ദ്ര ഏജന്‍സികള്‍ക്ക് നാട്ടില്‍ എത്തിക്കാന്‍ കഴിയാതിരുന്നത് എന്നാണ് ഇടതു പ്രതിനിധികള്‍ നിരന്തരം ചോദിച്ചുകൊണ്ടിരുന്നത്.

യു.എ.ഇ.യിൽ നിന്ന് നാടുകടത്തിയ റബിൻസിനെ ഇന്റർപോളിന്റെ സഹായത്തോടെയാണ് എന്‍ ഐ എ കൊച്ചിയിലെത്തിച്ചത്. അഞ്ചാംപ്രതി കെ.ടി. ​റെമീസ്, ആറാം പ്രതി എ.എം. ജലാൽ എന്നിവർക്കൊപ്പം ഗൂഢാലോചന നടത്തി ദുബായിൽ നിന്നും നയതന്ത്ര പാഴ്‌സലിൽ കേരളത്തിലേക്കു സ്വർണം കടത്തിയ റാക്കറ്റിലെ മുഖ്യപങ്കാളിയാണ്‌ റബിൻസ് എന്നാണ് അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍.

"ദുബായിലുണ്ടായിരുന്ന സമയത്ത്‌ റബിൻസും ഫൈസൽ ഫരീദും ചേർന്നാണ് സ്വർണക്കടത്തിന്റെ ഗൂഢാലോചന നടത്തിയതെന്നാണ് എൻ.ഐ. എ. പറയുന്നത്. 2015-ൽ നെടുമ്പാശ്ശേരി സ്വർണക്കള്ളക്കടത്തുകേസിൽ അറസ്റ്റിലായ പെരുമറ്റം സ്വദേശികളുടെ അടുത്ത ബന്ധുവാണു റബിൻസ്. അന്ന്‌ തെളിവുകളുടെ അഭാവത്തിലാണു പ്രതിപ്പട്ടികയിൽനിന്ന്‌ ഒഴിവായത്. ഒപ്പമുണ്ടായിരുന്ന എട്ടുപേർ കേസിൽ പിടിക്കപ്പെട്ടതോടെ റബിൻസ് വിദേശത്തേക്കു കടന്നു. അവിടെവെച്ചാണ്‌ ​റമീസുമായി അടുക്കുന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്." എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. റബിന്‍സിനെ ഇന്ന് എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും.

അതേസമയം യു.എ.ഇ.യിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫൈസൽ ഫരീദിനെ എന്നാണ് നാട്ടിലെത്തിക്കുക എന്നതാണ് ഉയരുന്ന മറ്റൊരു പ്രധാന ചോദ്യം.

ഗോവധ നിരോധന നിയമം നിരപരാധികളുടെ നേരെ ഉപയോഗിക്കുന്നതായി അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശിലെ ഗോവധ നിരോധന നിയമം നിരപരാധികളുടെ നേരെ ഉപയോഗിക്കുന്നതായി അലഹബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്ത റഹ്മദ്ദീന്‍ എന്നയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഒക്ടോബര്‍ 19നാണ് വിധി പുറപ്പെടുവിച്ചത് എന്നു ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഗസ്റ്റ് 5നാണ് ഷംലി സ്വദേശിയായ റഹ്മദ്ദീനെ യു പി പോലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചത്. ഈ കേസ് സംബന്ധിച്ചു പോലീസ് സമര്‍പ്പിച്ച തെളിവുകളുടെ വിശ്വാസ്യതയെ കോടതി ചോദ്യം ചെയ്തു. കൂടാതെ ഉപേക്ഷിക്കപ്പെടുന്ന പശുക്കളെ സംരക്ഷിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം എന്നും കോടതി പറഞ്ഞു.

"എപ്പോള്‍ മാംസം പിടിച്ചെടുത്തലും അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാതെ പശു
മാംസമാണ് പറയുന്ന രീതിയാണ് ഉള്ളത്" എന്നും കോടതി ചൂണ്ടിക്കാട്ടി.

എയ്മി കോണി ബാരറ്റ് സുപ്രീം കോടതി ജഡ്ജി

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത എയ്മി കോണി ബാരറ്റ് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയുടെ ചരിത്രദിനം എന്നാണ് ട്രംപ്, ഏമി ബാരറ്റിന്റെ സ്ഥാനാരോഹണത്തെ വിശേഷിപ്പിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവേയാണ് ഇത്. വൈറ്റ് ഹൗസില്‍ രാത്രി സംഘടിപ്പിച്ച ചടങ്ങിലാണ് എയ്മി ബാരറ്റ് ജഡ്ജിയായി ചുമതലയേറ്റത്. ലിബറല്‍ ജഡ്ജിയായ റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിന്‌റെ നിര്യണത്തെ തുടര്‍ന്നുള്ള ഒഴിവിലാണ് എയ്മി ബാരറ്റ് ചുമതലയേല്‍ക്കുന്നത്.

തീവ്ര യാഥാസ്ഥിതിക വാദിയായ എയ്മി കോണി ബാരറ്റ് ഗര്‍ഭഛിദ്ര നിയമം, അഫോര്‍ഡബിള്‍ കെയര്‍ ആക്ട് എന്നിവയില്‍ എന്തു നിലപാട് കൈക്കൊള്ളും എന്നതാണ് രാഷ്ട്രീയ സാമൂഹ്യ നിയമ രംഗത്തുള്ളവര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

വായിക്കാം: എയ്മി കോണി ബാരെറ്റ് ആരാണ്?