സംഘി മോഡലിന്റെ അരുണാചല്‍ അനുഭവം

 
സംഘി മോഡലിന്റെ അരുണാചല്‍ അനുഭവം

അഖില്‍ ഗിരിജാ അനില്‍ രാധാകൃഷ്ണന്‍

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ പറ്റി മലയാളികള്‍ക്കുള്ള ധാരണ വളരെ കുറവാണ്. ചിലപ്പോള്‍ കൊക്രജറില്‍ നിന്നുള്ള കലാപ വാര്‍ത്തകള്‍, അല്ലെങ്കില്‍ നാഗാലാന്‍ഡിലേയും മണിപ്പൂരിലേയും ആഭ്യന്തര കലഹങ്ങള്‍, മേഘാലയയിലെ ചിറാപുഞ്ചിയും മൗസിന്‍ട്രവും പിന്നെ ത്രിപുരയിലെ മണിക്ക് സര്‍കാരിന്റെ വിജയവും. അതിനും അപ്പുറം അവിടെ നടക്കുന്നത് എന്താണെന്നോ ഒന്നും നോക്കാന്‍ നേരമില്ല മലയാളിക്കും 'മുഖ്യധാര' ഇന്ത്യക്കാര്‍ക്കും. ഇങ്ങനെ അജ്ഞതയില്‍ അല്ലെങ്കില്‍ നമ്മുടെ ബോധമണ്ഡലത്തില്‍ നിന്ന് ഒളിച്ചു നില്‍ക്കുന്ന ഒരു ദേശമാണ് അരുണാചല്‍ പ്രദേശ്. അതുകൊണ്ടുതന്നെ ഈ അവധിക്കാലത്ത് അരുണാചല്‍ സന്ദര്‍ശിക്കാന്‍ അവസരം ഒത്തപ്പോള്‍ രണ്ടാമതൊന്നും ആലോചിച്ചില്ല. ആ യാത്ര കുറെ കാര്യങ്ങള്‍ വെളിവാക്കി തന്നു.

ഇനി പറയുന്ന കാര്യങ്ങള്‍ എല്ലാം വ്യക്തിപരമായി എനിക്ക് തോന്നിയ കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ അതിന്റെ ആധികാരികതയെപ്പറ്റി നിങ്ങള്‍ക്ക് സംശയം ഉണ്ടാകാം. പക്ഷെ എന്റെ ചിന്തകള്‍ അപ്രസക്തമാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാനും എന്റെ സുഹൃത്തുക്കളും രണ്ടാഴ്ചയോളം താമസിച്ചത് കിഴക്കന്‍ അരുണാചലിലെ റോയിംഗിനു അടുത്തുള്ള അബ്ബാലി എന്ന ഗ്രാമത്തിലാണ്. ഞങ്ങള്‍ അറിയാന്‍ ശ്രമിച്ചത് ലോവര്‍ അപ്പര്‍ ദിബാങ്ങ് ജില്ലകളിലെ ഇദു മിഷ്മി ഗോത്രത്തെ കുറിച്ചാണ്. അരുണാചലിന് കാഴ്ചയില്‍ 70 കളിലെയും 80 കളിലെയും കേരളവുമായി ചെറുതല്ലാത്ത സാദൃശ്യം ഉണ്ട്. എന്തായാലും ഹിന്ദു വര്‍ഗീയ ശക്തികള്‍ എത്ര സമര്‍ത്ഥമായാണ് ഒരു നാടിനെയും ഒരു വിഭാഗത്തെയും 'വിഴുങ്ങുന്നത്' എന്ന് അരുണാചല്‍ ചൂണ്ടിക്കാണിക്കുന്നു. അതെ, നമ്മുടെ അവഗണന അല്ലെങ്കില്‍ അവജ്ഞ സംഘപരിവാറുകാര്‍ക്ക് എങ്ങനെ സൗകര്യമായി എന്ന് ഈ ദേശം എന്നെ പഠിപ്പിച്ചു.

അരുണാചലിലെ മറ്റു ഗോത്രങ്ങളെ അപേക്ഷിച്ച് ഇദു മിഷ്മികള്‍ വികസിതരും അതേ സമയം ആചാരങ്ങളെ കൈവെടിയാത്തവരുമാണ്. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അരുണാചലില്‍ വിഘടന പ്രസ്ഥാനങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം . പ്രശ്‌നങ്ങള്‍ ഉള്ളത് മ്യാന്മാറുമായി അതിര്‍ത്തി പങ്കിടുന്ന 'ചിറപ് ടാന്‍ഗ്ലാങ്ങു' മേഖലയിലാണ്. അതിനു പ്രധാന കാരണം അവിടെ നിലനില്‍കുന്ന 'നാടുവാഴി' സമ്പ്രദായവും സാമ്പത്തിക അസമത്വവും. എന്നിരുന്നാലും ജാതി എന്ന ദുരന്തം അവിടെ ഇല്ല. പക്ഷെ വളരെ ദുര്‍ഘടമായ ഭൂപ്രദേശം ആയതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്ന ഒരു റോഡ് പോലും ഇല്ല സൂര്യോദയത്തിന്റെ നാട്ടില്‍. അതു കൊണ്ട് തന്നെ 26 ഗോത്രങ്ങള്‍ക്കും അവരുടെതായ തനത് ജീവിത ശൈലി ഉണ്ട്.


സംഘി മോഡലിന്റെ അരുണാചല്‍ അനുഭവം

ആദ്യ കാലങ്ങളില്‍ അസ്സാമീസ് ആയിരുന്നു ഔദ്യോഗിക ഭാഷ. ഇപ്പോള്‍ അത് ഹിന്ദി ആയിട്ടുണ്ട്. പരസ്പരം വിഘടിച്ചു നില്ക്കുന്നതിനാലും വൈവിധ്യം ഉള്ളതിനാലും ദൃശ്യ പത്ര മാധ്യമങ്ങളുടെ അഭാവം ഉണ്ട്. ഈ അഭാവവും സംഘപരിവാറുകാര്‍ക്ക് വളമായി എന്ന് പറയാം. കാവിവല്‍കരണം എന്നത് ഒരു പുത്തന്‍ പ്രതിഭാസമല്ല ഈ ഭൂമികയില്‍. അത് 1970-കള്‍ തൊട്ടേ ഉണ്ട്. 1972-ല്‍ മുന്‍ ആര്‍ എസ് എസ് സെക്രട്ടറി ഏകനാഥ് റാനഡെ വിവേകാനന്ദ കേന്ദ്രം ആരംഭിച്ചത് മുതല്‍ അരുണാചല്‍ അവരുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നിരിക്കണം. കാരണം 70-കള്‍ മുതല്‍ക്കേ വിവേകാനന്ദ വിദ്യാലയങ്ങള്‍ അരുണാചലില്‍ ഉണ്ട്. അരുണാചല്‍ ഗോത്രങ്ങളെ സാക്ഷരര്‍ ആക്കുക എന്നത് മാത്രമല്ല അവരുടെ ഉദ്ദേശം. വിദ്യയോടൊപ്പം ഒരു വോട്ട് ബാങ്കും അതോടൊപ്പം ഗുജറാത്തിലെ പോലെ അരികുവല്‍കരിക്കപ്പെട്ടവരെ അവരുടെ കയ്യിലെ പാവകള്‍ ആക്കുക എന്നതും സംഘപരിവാര്‍ അജണ്ട ആണ്. അവര്‍ ഏറെക്കുറെ വിജയിച്ചിരിക്കുന്നു അതില്‍.

ഞങ്ങള്‍ സന്ദര്‍ശിച്ച ഗോത്ര ഭവനങ്ങളില്‍ അത് വ്യക്തമായി പ്രതിഫലിച്ചിരുന്നു. സൂര്യന്‍, ചന്ദ്രന്‍, പ്രകൃതി എന്നിവയെ മാത്രം ആരാധിച്ചിരുന്ന ഇദുകള്‍ ഇപ്പോള്‍ കൃഷ്ണനെയും ശിവനെയും പൂജിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു പാരമ്പര്യം ഇല്ലാതാവുന്നത് അല്ലെങ്കില്‍ അവര്‍ മാറുന്നത് അവര്‍ അറിയുന്നില്ല. സംഭാഷണ മദ്ധ്യേ വന്ന പല വാചകങ്ങളും, 'തലശ്ശേരി അക്രമികളുടെ നാടാണ്', 'കേരളത്തിലെ സംഘ് ശാഖകള്‍', 'ബംഗ്ലാദേശി മുസ്ലിംകള്‍', 'ക്രിസ്ത്യന്‍ മിഷനും ആദി ഗോത്രത്തിന്റെ പരിവര്‍ത്തനവും', തുടങ്ങിയവയെല്ലാം സംഘ പരിവാറിനു അരുണാചല്‍ സമൂഹത്തില്‍ കിട്ടിയ മേല്‍ക്കൈ വ്യക്തമാക്കുന്നവ ആയിരുന്നു. ഇതുവരെ ഹിന്ദു മതവുമായി ഒരു സാമ്യവും ഇല്ലാതിരുന്ന ഇദു വിശ്വാസങ്ങള്‍ ആര്‍ എസ് എസിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ നാള്‍ക്കുനാള്‍ മണ്മറയുകയാണ്.


ക്രിസ്ത്യന്‍ പാതിരിമാരെ പോലെ ഹിന്ദു പ്രവര്‍ത്തകര്‍ ഗോത്ര സമൂഹത്തിന്റെ ആചാരങ്ങളെ ആക്രമിക്കാത്തത് അവര്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഒരു പക്ഷെ ആര്‍ എസ് എസ് നടപ്പാക്കാന്‍ പോകുന്നത് അരുണാചലില്‍ പരീക്ഷിച്ചു വിജയിച്ച / വിജയിച്ചു കൊണ്ടിരിക്കുന്ന ഈ തന്ത്രം ആയിരിക്കും. ഫ്രണ്ട്‌ലൈന്‍ മാസികയില്‍ ദില്ലി സര്‍വകലാശാലയിലെ ഹിന്ദി അധ്യാപകനായ അപൂര്‍വാനന്ദ് ചൂണ്ടിക്കാട്ടിയ പോലെ മുന്‍ വാജ്‌പേയി സര്‍ക്കാരിനെ പോലെ പ്രത്യക്ഷമായി ഹിന്ദുത്വ അജണ്ട നടപ്പാക്കാതെ പരോക്ഷമായി, അതായതു വിദ്യാഭാസ സ്ഥാപനങ്ങളിലൂടെ നടപ്പാക്കാനാകും സംഘപരിവാര്‍ ശ്രമിക്കുക. അതോടൊപ്പം തന്നെ അതിനെ സാധാരണവല്ക്കരിക്കാനും. നമ്മള്‍ ജാഗരൂകര്‍ ആകേണ്ട സമയം കഴിഞ്ഞു. ഫാസിസം നമ്മുടെ പടിവാതിക്കല്‍ ആണ്. പക്ഷെ യഥാര്‍ഥത്തില്‍ നമ്മള്‍ ആശങ്കാകുലരാണോ? ഒന്നു മാത്രം പറയാം അരുണാചലിനെ അവഗണിച്ച പോലെ ഇതും അവഗണിച്ചാല്‍ വിനാശം ആയിരിക്കും ഫലം.

(ഹൈദരാബാദ് സര്‍വകലാശാലയില്‍ എംഎ ചരിത്ര വിദ്യാര്‍ത്ഥിയാണ് അഖില്‍ ഗിരിജാ അനില്‍ രാധാകൃഷ്ണന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സംഘി മോഡലിന്റെ അരുണാചല്‍ അനുഭവം