ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

 
ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

ജലന്ധര്‍ അതിരൂപതയിലെ ബിഷപ്പായിരുന്ന ഫാദര്‍ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടായിരത്തി പതിനെട്ട് സെപ്റ്റംബര്‍ ഇരുപത്തിയൊന്ന് രാത്രി ഒന്‍പത് മണിക്ക് ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേരളാ പൊലീസ് അറസ്റ്റ് ചെയ്തു.

ഇത് കേവലമായ ഒരു വാര്‍ത്തയല്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ബിഷപ്പ് പദവിയില്‍ ഇരുന്ന ഒരു ഫാദര്‍ അറസ്റ്റില്‍ ആവുന്നത്. എന്നാല്‍ അത് മാത്രമല്ല ഈ വാര്‍ത്തയുടെ പ്രാധാന്യത്തിന് കാരണം. വലിയ രാഷ്ട്രിയ, സാമുഹ്യ, സാംസ്കാരിക പ്രസക്തി ഉള്‍ക്കൊള്ളുന്ന, പല മാനങ്ങള്‍ ഉള്ള ഒരു പ്രക്രിയയാണ് നിരവധി വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വഴിവച്ച ശേഷം ഇരുപത്തൊന്നാം തിയതി പുര്‍ത്തിയായത്. അതുകൊണ്ട് തന്നെ ഇത് വെറും ഒരു കുറ്റവാളിയുടെ അറസ്റ്റ് ആയി ചുരുക്കി കാണാന്‍ കഴിയില്ല. കേസിന്റെ നാള്‍വഴികളിലുടെ ഒന്ന് സഞ്ചരിച്ചാല്‍ ഇത് വ്യക്തമാകും.

കേസിന്റെ നാള്‍വഴികള്‍ ചുരുക്കത്തില്‍

ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

കന്യാസ്ത്രീകൾ സമരത്തിലേക്ക്

ആദ്യമൊക്കെ വലിയ പരാതികൾക്ക് ഇടം കൊടുക്കാതെ മുന്നോട്ട് പോയ അന്വേഷണം ഇടയ്ക്ക് മന്ദീഭവിച്ചു എന്ന പ്രതീതി ഉണ്ടാവുന്നു. ബിഷപ്പ് കുറ്റക്കാരനാണ് എന്നതിന് തെളിവുകള്‍ ഉണ്ടെന്ന് കോടതിയില്‍ പറഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് പല സംശയങ്ങള്‍ക്കും വഴിവച്ചു. ഇതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീയെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളും നടന്നു. അവര്‍ ദുര്‍നടപ്പുകാരിയാണ് എന്നതു മുതല്‍ പരാതിക്ക് പിന്നില്‍ സഭയ്ക്കും ഫ്രാങ്കോ പിതാവിനും എതിരായ ഗൂഢാലോചനയാണ് എന്നുവരെ ആരോപണങ്ങള്‍ ഉണ്ടായി.

ഇതിന്റെയൊക്കെ വെളിച്ചത്തില്‍ സംഭവങ്ങളെ കൂട്ടിവായിക്കുമ്പോള്‍ പ്രബലനായ ജലന്ധര്‍ ബിഷപ്പ് സഭയുടെയും സില്‍ബന്ധികളുടെയും ഒത്താശയോടെ അന്വേഷണം അട്ടിമറിക്കുകയാണ് എന്ന സംശയം ബലപ്പെട്ടു. അങ്ങനെയാണ് തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ തെരുവില്‍ പന്തല്‍ കെട്ടി സമരത്തിനിറങ്ങുക എന്ന മറ്റൊരു അനിതരസാധാരണമായ സംഭവത്തിന് കേരളം സാക്ഷ്യംവഹിച്ചത്. പൊതുസമുഹം മുഴുവനായി സമരം ചെയ്ത

കന്യാസ്ത്രീകളോടോപ്പമായിരുന്നുവോ, ഭുരിപക്ഷവും ആയിരുന്നുവോ, ക്രൈസ്തവ സമുഹത്തിലെ ഭൂരിപക്ഷവും ആയിരുന്നുവോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒക്കെയും ഉവ്വെന്നും അല്ല എന്നും ഉത്തരം പറയുന്ന, വിശ്വസിക്കുന്നവരുണ്ട്. അതെന്തായാലും ശ്രദ്ധേയമായ ഒരു സമരം തന്നെയായിരുന്നു അത്.

എണ്ണത്തെ അപ്രസക്തമാക്കുംവിധം മൂല്യമുണ്ടായിരുന്ന ആ സമരത്തെ സാംസ്കാരിക കേരളം ഏതാണ്ട് ഒറ്റക്കെട്ടായി പിന്തുണച്ചു എന്ന് പറയാം. കന്യാസ്ത്രീക്ക് എതിരേ വ്യക്തിഹത്യാപരമായ ആരോപണങ്ങളും പരാമര്‍ശങ്ങളുമായി മുമ്പോട്ട്‌ വന്ന പി സി ജോര്‍ജ്ജിനെ പോലെയുള്ള രാഷ്ട്രിയ നേതാക്കള്‍ വ്യാപകമായി വിമര്‍ശനം ഏറ്റുവാങ്ങിയത് ഇതിന് തെളിവാണ്. ഒപ്പം തങ്ങളുടെ ഓമനയായിരുന്നിട്ടും സാക്ഷാല്‍ മുഖ്യധാര ടെലിവിഷന്‍ മാധ്യമ ലോകത്തിന് പോലും ഈ വിഷയത്തില്‍ ജോര്‍ജ്ജിനെ ജാമ്യത്തില്‍ എടുക്കാന്‍ കഴിഞ്ഞില്ല എന്നതും. കക്ഷി ഭേദമെന്യേ കേരളത്തിലെ ഇടത്, വലത് രാഷ്ട്രിയ അനുഭാവികള്‍ ഏതാണ്ട് മുഴുവനും ഇത്തരുണത്തില്‍ കന്യാസ്ത്രീകള്‍ക്ക് ഒപ്പമാണ്. കാരണം അവര്‍ക്ക് സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. ആ സമയത്ത് അത് തികച്ചും ന്യായവുമായിരുന്നു. സംശയം അറസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ടാണ്.ഇത്തരം കേസുകളില്‍ പൊലീസിനെ, പൊലീസ് ഭാഷ്യങ്ങളെ കണ്ണടച്ച് വിശ്വസിക്കുവാന്‍ അവരില്‍ നിന്നും ഉണ്ടായിട്ടുള്ള നമ്മുടെ മുന്‍ അനുഭവങ്ങള്‍ അത്ര സുഖകരമല്ലല്ലോ. ആ നിലയ്ക്കാണ് നമ്മള്‍ പോലീസിനെ അവിശ്വസിക്കുന്നതും സമരത്തെ അനുകൂലിക്കുന്നതും.

പോലീസ് പറയുന്നതും നമ്മള്‍ അവിശ്വസിക്കുന്നതും

അറസ്റ്റ് ചെയ്യാന്‍ മതിയായ കാരണങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞ പൊലീസ് അല്ല, മൊഴികളില്‍ ചില വൈരുദ്ധ്യങ്ങളുണ്ട്, കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്ന് പറയുമ്പോള്‍ സ്വാഭാവികമായും മേല്‍പ്പറഞ്ഞ സംശയങ്ങള്‍ ഏറുകയായിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ എന്താണ് തടസ്സം എന്ന് ആലോചിക്കുന്നവര്‍ ഒക്കെയും സഭ, വോട്ട്ബാങ്ക് തുടങ്ങിയ പതിവ് നിഗമനങ്ങളില്‍ എത്തിചേര്‍ന്നതിന്റെ കാരണവും മറ്റൊന്നല്ല.

പൊലീസ് പറയുന്നത് അറസ്റ്റില്‍ വരുന്ന ഈ കാലതാമസം പ്രതിയെ രക്ഷിക്കാനല്ല, അയാളെ ശിക്ഷിക്കാന്‍ വേണ്ടത്ര തെളിവുകള്‍ പഴുതടച്ച് കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ വേണ്ടിയാണ് എന്നാണ്. എന്നാല്‍ നമ്മള്‍ സംശയിക്കുന്നതോ ഇത് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ആവശ്യമായ സമയം പ്രതിക്ക് നല്‍കാനും ആവാം എന്നതും. കാരണം അയാള്‍ പ്രബലനാണ്. പ്രബലമായ ഒരു മത സമുദായ സംഘടനയുടെ പിന്തുണ അയാള്‍ക്കുണ്ട്.

കൂടാതെ കുറ്റവാളികളെ ശിക്ഷിക്കാന്‍ പോന്ന തെളിവുകള്‍ മാത്രമല്ല, പ്രബലരായ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടാക്കി കൊടുത്ത ചരിത്രവും പോലീസിനുണ്ട്. അതിന് നിരവധി തെളിവുകള്‍ നമ്മുടെ മുമ്പിലുണ്ട്. എന്നാല്‍ ഇരുപത്തിയൊന്നാം തിയതി രാത്രിയോടെ പൊലീസ് കോടതിക്കും പൊതുസമുഹത്തിനും നല്‍കിയ ഉറപ്പ് പാലിച്ചു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജാമ്യാപേക്ഷയെ എതിര്‍ത്ത് മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ എടുത്തു. പൊട്ടന്‍സി ടെസ്റ്റും കഴിഞ്ഞു എന്ന് കേള്‍ക്കുന്നു.

Also Read: ഈ പിതാവിന്റെ വാക്കുകള്‍ കേരളം കേള്‍ക്കണം; അവളെന്റെ മകളാണ്; കാര്യം പറയുന്നവരെ മഹറോന്‍ ചൊല്ലി പുറത്താക്കുന്ന പരിപാടി ഇനി നടക്കില്ല

പോലീസ് ഭാഷ്യത്തിലെ ചില സാധ്യതകൾ

ഇവിടം മുതല്‍ ചിത്രം മാറുകയാണ്. ഈ കേസില്‍ മറ്റൊരു വശം കുടിയുണ്ട്. പൊലീസിന്‍റെ പൊതുസ്വഭാവം കൊണ്ട് നമ്മള്‍ ഇതുവരെ മുഖവിലയ്ക്ക് എടുക്കാത്ത ചിലത്. അവ ഇതാണ്.

ഒന്ന്- നാലുവര്‍ഷം കഴിഞ്ഞ് വരുന്ന ഒരു ബലാല്‍സംഗ പരാതിയില്‍ ജീവശാസ്ത്രപരമായ തെളിവുകള്‍ ഉടലില്‍ നിന്നും കണ്ടെത്താനാവില്ല. ഇതില്‍ ആരോപിതനായ വ്യക്തിക്ക് ആ കുറ്റകൃത്യം നടത്താനുള്ള ശേഷിയുണ്ടോ എന്ന് പരിശോധിച്ച് നോക്കാം. എന്നാല്‍ ഫ്രാങ്കോയ്ക്ക് ഉദ്ധാരണ ശേഷിയുണ്ട് എന്നതുകൊണ്ട് മാത്രം അയാള്‍ പ്രസ്തുത കുറ്റകൃത്യം നടത്തി എന്ന് വരുന്നുമില്ല. ആരോപണം ഉന്നയിക്കുന്ന സ്ത്രീ കന്യാസ്ത്രീ ആയതുകൊണ്ട് അവരുടെ കന്യകാത്വം നഷ്ടമായിട്ടുണ്ടോ എന്ന് പരിശോധിക്കാം. എന്നാല്‍ അവര്‍ കന്യക അല്ലെങ്കില്‍ അതുകൊണ്ട് മാത്രം അതിന്റെ ഉത്തരവാദി ഫ്രാങ്കോ ആണെന്നും വരുന്നില്ല. അപ്പോള്‍ സമയം വേണ്ട, ശ്രമകരമായ ഒരു ഉദ്യമം തന്നെയായിരുന്നു ഈ കേസില്‍ നീതി ഉറപ്പാക്കുക എന്നത്.

രണ്ട്- കന്യാസ്ത്രീ പൊലീസില്‍ പരാതിപ്പെടുന്നതിനും എത്രയോ മുമ്പേ സഭാ ഹൈരാര്‍ക്കി വഴി നീതി തേടിയിരുന്നു. അത് അപ്പോള്‍ത്തന്നെ ആരോപിതനായ ഫ്രാങ്കോയിലും എത്തിയിരിക്കണം എന്ന് വേണം അനുമാനിക്കാന്‍. കാരണം അവര്‍ കേരളാ പൊലീസില്‍ പരാതി കൊടുക്കുന്നതിനും മുമ്പേ ബിഷപ്പ് ഫ്രാങ്കോ അവരുടെ പേരില്‍ പരാതി നല്‍കിയിരുന്നു; ഒരു മുഴം നീട്ടിയുള്ള ഏറുതന്നെ.

മൂന്ന്- ജീവശാസ്ത്രപരമായ മെഡിക്കല്‍ തെളിവുകള്‍ ഇനി ലഭ്യമല്ല എന്നിരിക്കെ ബാക്കിയുള്ള തെളിവുകള്‍ ആരോപണം നടക്കുന്ന കാലഘട്ടത്തില്‍ ആ സ്ഥലങ്ങളില്‍ ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ്. അവയില്‍ ഫ്രാങ്കോയ്ക്ക് സ്വാധീനിച്ച് അപ്രത്യക്ഷമാക്കാന്‍ കഴിയുന്നവ ഒക്കെയും കന്യാസ്ത്രീ പരാതിപ്പെടുന്നു എന്ന് അയാള്‍ക്ക് ഉറപ്പായ നാള്‍ തന്നെ അപ്രത്യക്ഷമായിരിക്കണം.

നാല്- മുകളില്‍ പറഞ്ഞ മൂന്നുകാരണങ്ങള്‍ കൊണ്ട് തന്നെ സത്യസന്ധമായി ഈ കേസ് അന്വേഷിക്കുന്ന ഒരു ടീമിനെ സംബന്ധിച്ചിടത്തോളം പ്രതി തെളിവ് നശിപ്പിക്കും എന്നത് ഒരു പ്രാഥമിക ആശങ്കയല്ല, തെളിവ് എന്ന് തോന്നിയതൊക്കെ അയാള്‍ ഇതിനോടകം നശിപ്പിച്ച് കാണും. ബാക്കിയുള്ളവ പരിശോധിച്ച് തെളിവ് ശേഖരിക്കാന്‍ വേണ്ട സമയം ആവും അവര്‍ക്ക് പ്രധാനം.

അഞ്ച്-നാല് വര്ഷം മുമ്പ് നടന്ന സംഭവം.അഞ്ച് സംസ്ഥാനങ്ങളില്‍, ഏഴു ജില്ലകളിലായി പരന്നുകിടക്കുന്ന എണ്‍പത്തിയൊന്ന് സാക്ഷികള്‍. മൊഴിയെടുക്കാനുള്ളവരിൽ പ്രത്യേക അനുമതിയില്ലാതെ സമീപിക്കാൻ ആവാത്ത വത്തിക്കാൻ പ്രതിനിധി വരെ.

ആറ്- കുറ്റാരോപിതന്‍ സമൂഹത്തില്‍ ആദരണീയമായ ഒരു സ്ഥാനം വഹിച്ച് പോന്നിരുന്ന, ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഒരു വ്യക്തി ആയതിനാല്‍ തന്നെ എടുത്ത് ചാടിയുള്ള നടപടികള്‍ തിരിച്ചടിയുണ്ടാക്കും എന്ന് ന്യായമായും അന്വേഷണ സംഘം സംശയിച്ചിരിക്കാം.

ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, ഈ ന്യായീകരണങ്ങള്‍ അംഗീകരിക്കാനാവുന്നത് ഫ്രാങ്കോ എന്ന ഉന്നത സ്ഥാനിയനായിരുന്ന ക്രിമിനല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെട്ടില്ല എന്നതുകൊണ്ട് മാത്രമാണ്.

Also Read: പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി മിണ്ടാത്തവര്‍ എത്ര വേഗമാണ് എനിക്കെതിരെ നടപടിയെടുത്തത്; സി. ലൂസി സംസാരിക്കുന്നു

നിർണ്ണായകമായ വിഛേദം

ഇതുവരെ പറഞ്ഞുവന്ന കാര്യങ്ങള്‍ കൊണ്ട് തന്നെ ഈ കേസില്‍ നിര്‍ണ്ണായകമായ ഒരു വിഛേദമുണ്ട്. അത് അറസ്റ്റ് ആണ്. അതുവരെയുള്ള പ്രശ്നം പൊലീസിന്‍റെ, പൊലീസ് ഭാഷ്യങ്ങളുടെ വിശ്വാസ്യതയായിരുന്നു. അത് തന്നെയാണ് കന്യാസ്ത്രീകളെ തെരുവില്‍ എത്തിച്ചതും. എന്നാല്‍ അറസ്റ്റ് നടന്നതോടെ തല്‍കാലം പൊലീസ് ഇതുവരെ പറഞ്ഞ കാര്യങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് വരുന്നു. ചുരുങ്ങിയത് കോടതിയില്‍ കേസ് തള്ളിപ്പോവുക എന്ന സാദ്ധ്യത സത്യമാകുന്നത് വരെയെങ്കിലും.ഇവിടെനിന്ന് വേണം കന്യാസ്ത്രീകളുടെ സമരത്തെ, അതിനെ അവര്‍ അറിയാതെ ഹൈജാക്ക് ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ശക്തികളെ വിലയിരുത്താന്‍. അത് എന്ത് തന്നെയായാലും സമരത്തിനിറങ്ങിയ കന്യാ സ്ത്രീകളുടെ ഐതിഹാസിക വിജയത്തിന്റെ മാറ്റ് അത് തെല്ലും കുറയ്ക്കുന്നില്ല എന്ന് ആദ്യമേ അടിവരയിട്ടുകൊണ്ട് അതിലെയ്ക്കും കടക്കാം.

ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ച സ്വപ്നങ്ങള്‍

പ്രബലമായ ഒരു സമുദായത്തിന്റെ ആത്മീയ ആചാര്യനാണ് കുറ്റാരോപിതന്‍ എന്നതിനാല്‍ തന്നെ നടപടി എടുത്താലും എടുത്തില്ലെങ്കിലും സര്‍ക്കാര്‍ കുടുങ്ങും എന്നതാണ് സര്‍ക്കാര്‍ വിരുദ്ധ ചേരിയില്‍ ഫ്രാങ്കോ മുളപ്പിച്ച ആദ്യത്തെ സ്വപ്നം. അതുകൊണ്ട് തന്നെ അവര്‍ പ്രശ്നത്തില്‍ നേരിട്ട് ഇടപെടാതെ മുതലെടുപ്പിന്റെ പഴുതുകള്‍ അന്വേഷിച്ച് നടക്കുകയായിരുന്നു.

അത്തരം ഒരു പഴുത് അവര്‍ കന്യാസ്ത്രീകളുടെ സമരത്തില്‍ കണ്ടെത്തി. സംഘടന എന്ന നിലയില്‍ ഒരു നിലപാടും എടുക്കാതെ, അതായത് സഭയെ പിണക്കാതെ തന്നെ ചില പ്രതിനിധികളെ പന്തലില്‍ കൊണ്ടിരുത്തി. സ്വരാജിന്റെയും കോടിയേരിയുടെയും വാക്കുകളില്‍ നിന്നും തങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തലക്കെട്ടാക്കി മാദ്ധ്യമങ്ങളും സഹായിച്ചു. അങ്ങനെ സമരത്തെ ഒരു സര്‍ക്കാര്‍ വിരുദ്ധ വികാരമാക്കി വളര്‍ത്താനുള്ള ശ്രമം ഊര്ജ്ജിതപ്പെട്ടു.

എന്നാല്‍ ഈ ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ സാംസ്കാരിക പൊതുമണ്ഡലവും മാധ്യമങ്ങളും ഒക്കെത്തന്നെ തിരിച്ച് വാദിക്കാന്‍ പറ്റാത്തവണ്ണം ഫ്രാങ്കോയ്ക്ക് എതിരായി. ഇരുപത്തിയൊന്നാം തിയതി രാത്രി ഒന്‍പത് മണിക്ക് ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അതോടെ പ്രതിപക്ഷത്തിന്റെ മേല്പറഞ്ഞ സ്വപ്നം തകരുകയാണ്.

തുടര്‍ന്ന് അവര്‍ കണ്ടെത്തിയ ഒരു കച്ചിതുരുമ്പാണ് ജനരോഷത്തിന് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി എന്ന വാദം.അത് അങ്ങനെയങ്ങ് സമ്മതിച്ചാല്‍ തന്നെയും ജനകീയ സമരങ്ങളോട് ധനാത്മകമായി പ്രതികരിക്കുക തന്നെയല്ലേ ഒരു ജനാധിപത്യ ഭരണകുടം ചെയ്യേണ്ടത്, അതോ അതിനെ അവഗണിക്കുകയാണോ വേണ്ടത്?

ആര് ജയിച്ചു, ആര് തോറ്റു...

ഇതിനെ കേവലമായ ജയപരാജയങ്ങളുടെ രണ്ട് കള്ളിയിലായി ഒതുക്കുക എന്നതാണ് അടുത്ത തന്ത്രം. അതായത് പൊലീസ് അന്വേഷണം വിജയമായിരുന്നു എങ്കില്‍ കന്യാസ്ത്രീകളുടെ സമരം അനാവശ്യമായിരുന്നു, അല്ലെങ്കില്‍ തിരിച്ചും. ഈ രണ്ടില്‍ എവിടെയാണ് നിങ്ങള്‍ എന്നാണ് ചോദ്യം! ഇത്തരം വിലകുറഞ്ഞ മുതലെടുപ്പ് ശ്രമങ്ങളാണ് കന്യാസ്ത്രീകളുടെ ഐതിഹാസിക സമരത്തിന് ഒരു സമര കോലാഹലത്തിന്റെ പ്രതീതി ഉണ്ടാക്കി വയ്ക്കുന്നത്.

ജനാധിപത്യത്തില്‍ സമരങ്ങള്‍ അളക്കപ്പെടേണ്ടത് കേവല ജയപരാജയങ്ങള്‍ മാത്രം വച്ചല്ല. ഇനി സര്‍ക്കാരിനെയും പൊലീസ് സംവിധാനങ്ങളെയും സ്വാധീനിച്ചുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ രക്ഷപ്പെട്ടു എന്ന് വയ്ക്കുക. അതുകൊണ്ട് അവരുടെ സമരം പരാജയമാണ് എന്ന് വരുമോ? ഇല്ലതന്നെ. കന്യാസ്ത്രീകളുടെ സമരം അതിന്റെ നൈതിക ഉള്ളടക്കം കൊണ്ട് തുടങ്ങിയപ്പോഴേ വിജയിച്ച ഒന്നാണ്.അതിനെ മുമ്പില്‍ നിര്‍ത്തി സര്‍ക്കാര്‍ പരാജയമാണ് എന്ന് വരുത്തി തീര്‍ക്കുന്നവര്‍ക്ക് അവരുടേതായ അജണ്ടകള്‍ ഉണ്ടാവും. അതിനോട് പ്രതികരിച്ച് സമയം കളയുകയല്ല സര്‍ക്കാര്‍ ഇത്തരുണത്തില്‍ ചെയ്യേണ്ടത്.

Also Read: ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

ആത്മവിമര്‍ശനത്തിന് ഒരവസരം

ഇത് സര്‍ക്കാര്‍ സ്വയം വിമര്‍ശനപരമായി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്തുകൊണ്ട് കന്യാസ്ത്രീകള്‍ തെരുവില്‍ സമരം ചെയ്യേണ്ട അവസ്ഥ വന്നു? അത് മുതല്‍ക്കാണല്ലോ മുതലെടുപ്പുകള്‍ക്ക് കളമൊരുങ്ങിയത്. സഖാവ് എം സ്വരാജ് പറഞ്ഞത് പോലെ അന്വേഷണം ശരിയായ ദിശയിലാണ്, ഇരകള്‍ക്ക് നീതി കിട്ടുക തന്നെ ചെയ്യും. ഇനി അതില്‍ ഒരു സംശയം ഉണ്ടാവുന്ന അവസ്ഥയില്‍ ഡി വൈ എഫ് ഐ നേരിട്ട് സമരത്തിനിറങ്ങും എന്നും കന്യാസ്ത്രീകളോട്‌ പറയാന്‍, അവര്‍ക്ക് വിശ്വാസം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കിലോ?

ഈ സമരം തന്നെ ഉണ്ടാവുകയില്ലായിരുന്നു എന്നുവേണം അനുമാനിക്കാന്‍. സമരത്തിന് മുമ്പ് അതായില്ലെങ്കില്‍ സമരം തുടങ്ങിയ ശേഷമെങ്കിലും അത് ചെയ്യണമായിരുന്നു. ധാര്‍മ്മികമായും നയപരമായും ഒരു വീഴ്ച തന്നെയാണ് അത്.

തുല്യ നീതിയും നടപടി ക്രമങ്ങളും

ഈ കേസിന്റെ അനുഭവത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടുന്ന മറ്റൊരു കാര്യം ബിഷപ്പ് ഫ്രാങ്കോ കേസില്‍ പൊലീസ് എടുത്ത അവധാനതയും നടപടി ക്രമങ്ങളിലെ സുക്ഷ്മതയും സാധാരണക്കാരായ കുറ്റാരോപിതര്‍ക്കും ലഭിക്കും എന്ന് ഇനിയെങ്കിലും ഉറപ്പ് വരുത്തുകയാണ്.

പറയുമ്പോള്‍ വെറും ആദര്‍ശവാദമാണ്. ഇവിടെ സമുഹത്തില്‍ നിലയും വിലയും അധികാരസ്ഥാപനങ്ങളില്‍ പിടിപാടും ഉള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ നിയമത്തിന് മുമ്പില്‍ വരാന്‍ തുടങ്ങിയത് തന്നെ സമീപകാലത്താണ്. ജനാധിപത്യത്തില്‍ വ്യവസ്ഥകള്‍ മാറുക എന്നത് ആപേക്ഷികമായി മാത്രം നടക്കുന്ന ഒന്നാണ്.

ഒന്നിരുട്ടി വെളുക്കുന്നതോടെ വ്യവസ്ഥ അടിമുടി മാറണമെങ്കില്‍ ഭരണം “നല്ലവനായ” ഒരു സ്വേച്ഛാധിപതിക്കായിരിക്കണം. അതുകൊണ്ട് അത്ര കടുത്ത പ്രതീക്ഷയൊന്നും വേണ്ടെങ്കിലും ഒന്ന് ചെയ്യാം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇനിമേല്‍ അറസ്റ്റുകള്‍ ഈ നടപടി ക്രമങ്ങള്‍ ഒക്കെയും പാലിച്ചുകൊണ്ട് വേണം എന്ന ഒരു സര്‍ക്കുലര്‍ എങ്കിലും ഇറക്കാം.

ഫ്രാങ്കോ മുളയ്ക്കല്‍ പഠിപ്പിച്ച പാഠങ്ങള്‍

ഫ്രാങ്കോയുടെ അറസ്റ്റ് ഇത്തിരി വൈകിയാണെങ്കിലും നടന്നു. അന്വേഷണത്തില്‍ ഇടക്കാലത്ത് കോടതിയും വിശ്വാസം പ്രകടിപ്പിച്ചു എന്നതൊക്കെ അനുകൂല ഘടകങ്ങളാണ്. എന്നാല്‍ ഈ കേസ് നമ്മുടെ ഭരണ പ്രതിപക്ഷങ്ങളെ ഒരുപോലെ ചില പാഠങ്ങളും പഠിപ്പിക്കുന്നുണ്ട്.

കത്തോലിക്ക സഭ എന്ന കേരളത്തിലെ ഒരു പ്രമുഖ മതസാമുദായിക സംഘടന അതിന്റെ അതിശക്തമായ, വെളിച്ചം കടക്കാത്തവണ്ണം സ്വകാര്യമായ ഘടനയെ മാറ്റാന്‍ നിര്‍ബന്ധിതമാവുകയാണ്. സഭയ്ക്ക് പുറത്തുനിന്നല്ല, അകത്തുനിന്ന് ഉയരുന്ന മനുഷ്യപക്ഷ നൈതിക ഉണര്‍വുകളാല്‍. അതുകൊണ്ട് തന്നെ സഭയുടെ അധികാരവുമായി കേവലമായി സന്ധി ചെയ്യുക എന്ന തന്ത്രം മാത്രം ഉപയോഗിച്ച് ഇനിയും വിശ്വാസി സമൂഹത്തെ മൊത്തമായി കൂടെ നിര്‍ത്താം എന്ന വ്യാമോഹം വേണ്ട. സഭയ്ക്കുള്ളില്‍ ഇരുന്നുകൊണ്ട് വിശ്വാസികള്‍ നടത്തുന്ന റെഫര്‍മേഷന്‍ ശ്രമങ്ങളിലും കാലാകാലം നിലപാടെടുക്കുക എന്നത് ഇനിയുള്ള കാലത്ത് നിര്‍ണ്ണായകമാണ്. അത് ഒരു കത്തോലിക്ക സഭയുടെ കാര്യത്തില്‍ മാത്രം ചുരുങ്ങുന്നതുമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/kerala-father-of-sister-anupama-a-nun-who-protest-against-bishop-franco-speaks-by-kr-dhanya/

https://www.azhimukham.com/kerala-church-action-against-nun-lucy-who-supports-kerala-nun-protest-against-bishop-franco/

https://www.azhimukham.com/news-update-nun-protest-in-kochi-wind-up/

https://www.azhimukham.com/kerala-protesting-nun-against-bishop-and-patriarchy-making-history-in-women-movement-writes-kr-dhanya/