ദേശീയഗാനം: ഭിന്നശേഷിക്കാരനെ തല്ലി; കമലിനെ രാജ്യദ്രോഹിയാക്കി; അത്രമേല്‍ നികൃഷ്ടമായിരുന്നു സംഘപരിവാര വിക്രിയകള്‍

 
ദേശീയഗാനം: ഭിന്നശേഷിക്കാരനെ തല്ലി; കമലിനെ രാജ്യദ്രോഹിയാക്കി; അത്രമേല്‍ നികൃഷ്ടമായിരുന്നു സംഘപരിവാര വിക്രിയകള്‍

സിനിമാ തീയേറ്ററുകളിലെ ദേശീയഗാന ആലാപനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി ഇന്നലെ നടത്തിയ നിരീക്ഷണം തികച്ചും സ്വാഗതാര്‍ഹമാണ്. ഇതേ വിഷയത്തില്‍ നേരത്തെ നല്‍കിയ ഉത്തരവാണ് പരമോന്നത നീതിപീഠം ഇന്നലെ പുനഃപരിശോധനക്ക് വിധേയമാക്കിയത്. 2016 നവംബര്‍ 30- നു ആയിരിന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ തീയേറ്ററിലും സിനിമ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആ സമയത്ത് എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നുമായിരുന്നു അന്നത്തെ ഉത്തരവ്. ദേശീയ ഗാനത്തോടുള്ള ആദരത്തില്‍ മാതൃരാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവുമാണ് പ്രതിഫലിക്കുന്നതെന്നും ഉത്തരവ് പത്തു ദിവസത്തിനകം നടപ്പിലാക്കണം എന്നുമായിരുന്നു അന്നത്തെ ഉത്തരവ്. ഈ വിവാദ ഉത്തരവ് കോടതി പിന്‍വലിച്ചിട്ടില്ലെങ്കിലും ഇന്നലെ ഇതേ വിഷയത്തില്‍ കോടതി നടത്തിയ നിരീക്ഷണം ഏറെ പ്രസക്തവും പ്രശംസനീയവും ആണ്. ഇന്ത്യക്കാര്‍ ദേശഭക്തി നെറ്റിയില്‍ ഒട്ടിച്ചുവെച്ചു നടക്കേണ്ടതില്ലെന്നും ദേശഭക്തി തെളിയിക്കാന്‍ സിനിമാ തിയേറ്ററില്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും പറഞ്ഞ കോടതി ഇതേ വിഷയത്തില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവിന്റെ നിര്‍ബന്ധിത സ്വഭാവം ഒഴിവാക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ ജനം എഴുന്നേറ്റു നില്‍ക്കണമെന്ന് ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നതു തടയാനുള്ള നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ഇതിന്റെ കാരണം സിനിമാ തീയേറ്ററുകള്‍ ഉല്ലാസത്തിനുള്ള സ്ഥലമാണെന്നും ജനം സിനിമാ തിയേറ്ററില്‍ പോകുന്നത് ഉല്ലസിക്കാനാണെന്നും സമൂഹത്തിനു ഉല്ലാസം ആവശ്യമാണെന്നും ഇന്നലെ കോടതി നിരീക്ഷിക്കുകയുണ്ടായി. ഇതേ വിഷയവുമായി ബന്ധപ്പെട്ടു കോടതി കഴിഞ്ഞ ദിവസം നടത്തിയ മറ്റൊരു നിരീക്ഷണം ഇങ്ങനെ: ''ദേശഭക്തി ഇങ്ങനെ പ്രദര്ശിപ്പിക്കണമെന്നാണെങ്കില്‍, നാളെ മുതല്‍ സിനിമാ തിയേറ്ററില്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സും ഇടാന്‍ പാടില്ലെന്നും ഇട്ടാല്‍ അത് ദേശസ്‌നേഹത്തെ അവഹേളിക്കലാണെന്നും പറയും. ഈ സദാചാര പൊലീസിങ് എവിടെ ചെന്ന് നില്‍ക്കും?'' എന്ന ചോദ്യം വളരെ പ്രസക്തമാണ്.

2016 നവംബര്‍ 30 ന്റെ വിധിക്കുശേഷം ദേശസ്‌നേഹം മൂത്തു ഹാലിളകിയ സംഘ പരിവാരികള്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ അത്രകണ്ട് നികൃഷ്ടവും ഭീതിതവുമായിരുന്നു. എഴുന്നേറ്റു നില്‍ക്കാന്‍ ആവതില്ലാത്ത ഭിന്നശേഷിക്കാരെ തല്ലിച്ചതക്കുന്നിടം വരെ കാര്യങ്ങളെത്തി. ഇത്തരം നീച പ്രവര്‍ത്തികള്‍ രാജ്യമെമ്പാടും അരങ്ങേറിയപ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ സംഘികള്‍ സുപ്രീം കോടതി ഉത്തരവിനെ മത സ്പര്‍ദ്ധ വളര്‍ത്താനുതകുന്ന ഒരു ആയുധമാക്കി മാറ്റുകയായിരുന്നു. പ്രശസ്ത സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആയ കമലിനെ അദ്ദേഹത്തിന്റെ പഴയ പേര് കണ്ടെത്തി ഒറ്റതിരിച്ചു ആക്രമിക്കാന്‍ അവര്‍ എങ്ങിനെ മുതിര്‍ന്നുവെന്നും അദ്ദേഹത്തിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയെന്നുമൊക്കെ നാം കണ്ടതാണ്.

സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം അന്തിമമാണെന്നു കരുതിക്കൂടാ. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം തന്നെ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട് . ജനുവരിയില്‍ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയുടെ അന്തിമ തീരുമാനം അറിയാം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നലെ കോടതി നടത്തിയ നിരീക്ഷണങ്ങളുടെ പ്രസക്തി നഷ്ടമാകുന്നില്ല. തന്നെയുമല്ല, ഇലക്ഷന്‍ കമ്മീഷനെ പോലും വിലക്കെടുക്കുന്ന മോദി സര്‍ക്കാരിന് ചുരുങ്ങിയ പക്ഷം സുപ്രീംകോടതിയെ എങ്കിലും അത്ര എളുപ്പത്തില്‍ കീശയിലാക്കാന്‍ കഴിയില്ലെന്ന സന്ദേശം കൂടി നല്‍കുന്നതാണ് ഇന്നലത്തെ ഈ നിരീക്ഷണം.