ഓര്‍മ്മയിലെ വ്യാളി മുഖങ്ങള്‍; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദര്‍/അഭിമുഖം

 
ഓര്‍മ്മയിലെ വ്യാളി മുഖങ്ങള്‍; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദര്‍/അഭിമുഖം

യു എ ഖാദര്‍/സഫിയ ഒ സി

1935ല്‍ ബര്‍മ്മയിലെ ബില്ലീന്‍ ഗ്രാമത്തില്‍ ജനിച്ച യു എ ഖാദര്‍ യുദ്ധകാലത്ത് നാട്ടിലേക്ക് പോരികയായിരുന്നു. പിതാവ് കൊയിലാണ്ടിയിലെ മൊയ്തീന്‍ കുട്ടി ഹാജിയും മാതാവ് ബര്‍മ്മക്കാരി മാമൈദിയും. ഈ ഇരട്ട സാംസ്കാരിക സ്വത്വമാണ് യു എ ഖാദറിന്റെ കഥകളുടെ അടിസ്ഥാനം. കേരളീയ ഗ്രാമത്തിലെ ബാല്യത്തിന്റെ ഏകാന്തതകളില്‍ മനസില്‍ പതിഞ്ഞ മിത്തുകളും പുരാവൃത്തങ്ങളും അങ്ങനെ പെരുമയേറിയ കഥകളും നോവലുകളുമായി. ഉള്ളിലെ ചിത്രകാരന്‍ അതെല്ലാം വാങ്മയ ചിത്രങ്ങളായി കടലാസില്‍ പകര്‍ത്തി. എഴുത്തിന്റെ 60 വര്‍ഷക്കാലം പിന്നിടുന്ന യു എ ഖാദര്‍ ജീവിതത്തെ കുറിച്ചും എഴുത്തിനെ കുറിച്ചും സാമൂഹ്യ സാംസ്കാരിക വിഷയങ്ങളെ കുറിച്ചും അഴിമുഖം പ്രതിനിധി സഫിയയുമായി സംസാരിക്കുന്നു.

സഫിയ: എഴുത്തിന്‍റെ അറുപത്തിയാറാം വാര്‍ഷികം ആഘോഷിച്ചല്ലോ.. എങ്ങനെയാണ് എഴുത്തിലേക്ക് വരുന്നത്..? ആദ്യകാല എഴുത്തനുഭവങ്ങളെ കുറിച്ച് പറയാമോ?

യു എ ഖാദര്‍: മലയാള ഭാഷയുമായി ഒരു ബന്ധവും ഇല്ലാതെയാണ് ഞാന്‍ കേരളത്തിലേക്ക് വരുന്നത്. അമ്മയുടെ മുലപ്പാലില്‍ നിന്നു ഊറിവരുന്നതാണ് മാതൃഭാഷ എന്നൊക്കെ എല്ലാവരും പറയാറുണ്ട്. പക്ഷേ അതൊന്നുമല്ല ശരി. ഭാഷ എന്നു പറയുന്നത് നമ്മുടെ രാജ്യവുമായി, നമ്മുടെ ദേശവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഏതൊരു ദേശത്താണോ ഒരുവന്‍ വളരുന്നത് ആ ദേശത്തിന്റെ സംസ്കാരം അയാളിലുണ്ടാകും. ആ ദേശത്തിന്റെ ഒരു തരം ജീവിത താളങ്ങളുണ്ട്. ആ ജീവിത താളങ്ങളാണ് ഓരോരുത്തരുടെയും മനസ്സില്‍ ഭാഷയായിട്ടും, മറ്റെല്ലാതരത്തിലുമുള്ള അവന്റെ സ്വത്വമായിട്ടും രൂപപ്പെടുന്നത്. അതല്ലാതെ മാതൃഭാഷ എന്ന ഒരു സങ്കല്‍പം തന്നെ ഇല്ല. മണ്ണിന്റെ ഭാഷയാണ് മാതൃ ഭാഷ. അവന്‍ പിച്ചവെച്ചു വളര്‍ന്ന അവന്റെ സാഹചര്യങ്ങള്‍ കൂട്ടുകാര്‍, ജീവിതം ഇതൊക്കെയാണ് മനുഷ്യനില്‍ ഭാഷ രൂപപ്പെടുത്തുന്നത്. അങ്ങനെ രൂപപ്പെട്ട ഒരാളാണ് ഞാന്‍.

ഞാനെന്ന മലയാളി
രണ്ടു ജീവിതത്തെ കുറിച്ച് എന്നോടു പലരും ചോദിക്കാറുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്കു മനസ്സിന് വല്ലാത്ത വിഷമം തോന്നും. കാരണം, എനിക്കെന്‍റെ ജീവിതം എന്നു പറയുന്നതു മലയാളമാണ്. മലയാളത്തിലാണ് ഞാന്‍ പിച്ച വെച്ചത് എന്നു വേണമെങ്കില്‍ പറയാം. മലയാളത്തിന്‍റെതായ താളവും മലയാളത്തിന്‍റെതായ മണവും അതിനുണ്ട്. അതിലാണ് എന്നിലുള്ള ബുദ്ധി വികാസം സാധിക്കുന്നത്. അതുകൊണ്ട് ഞാന്‍ മലയാളത്തിന്‍റെ തന്നെ ആളാണ് എന്നാണ് എന്‍റെ ഊറ്റം. ഞാന്‍ ബര്‍മ്മയില്‍ നിന്നു രണ്ടാം ലോക മഹായുദ്ധത്തിന്‍റെ കാലത്ത് തിരിച്ചുപോന്നതും ബര്‍മ്മക്കാരിയാണ്എന്‍റെ അമ്മ എന്നതും ഒക്കെ വിടുക. പക്ഷേ എഴുത്തിന് ഉള്‍വളമായിട്ട് അതും വന്നിട്ടുണ്ട്. കാരണം വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാവുന്ന ഒരുപാട് ചിത്രങ്ങളുണ്ട്. അന്നത്തെ ജീവിതം, അവിടത്തെ പ്രത്യേകമായ ജീവിതാവസ്ഥകള്‍, ആചാരങ്ങള്‍, അവിടത്തെ ആഘോഷങ്ങള്‍ ഇതൊക്കെ നമ്മുടെ മനസ്സിലുണ്ടാകും. അവിടത്തെ പെഗോഡകള്‍, പെഗോഡകളിലെ ഉത്സവങ്ങള്‍ ഒക്കെ ഇപ്പൊഴും എന്റെ മനസിലുണ്ട്. ആ ഉത്സവങ്ങള്‍ മനസ്സില്‍ തറഞ്ഞു നില്ക്കാന്‍ കാരണം ഇവിടത്തെ എന്റെ ഗ്രാമത്തിലെ ഉത്സവങ്ങളാണ്. ഇവിടെ കാണുന്ന ഉത്സവങ്ങള്‍ ഞാന്‍ കുട്ടിക്കാലത്തു കണ്ട് മനസ്സില്‍ ഹൃദിസ്ഥമാക്കിയ ആ ഉത്സവപ്പകിട്ടുകളുണ്ടല്ലോ അതിന്‍റെ മറ്റൊരു രൂപമാണ്.

ഞാന്‍ യഥാര്‍ത്ഥത്തില്‍ ബര്‍മക്കാരനല്ല. റങ്കൂണ്‍ പട്ടണത്തിന്‍റെ കിഴക്ക് വിയറ്റ്നാം ബോര്‍ഡറില്‍ മോണ്‍ എന്നൊരു സ്റ്റേറ്റ് ഉണ്ട്. അവിടെയുള്ള ബില്ലീന്‍ എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. മോണ്‍ സ്റ്റേറ്റിന്‍റെ പ്രത്യേകത അവിടെ പ്രത്യേക ഭാഷയാണ്. ബര്‍മ്മീസ് ഭാഷയല്ലാത്ത അതിനോട് സാമ്യമുള്ള മറ്റൊരു ഭാഷ. അവിടെയാണ് ഈ ബുദ്ധ മതാനുയായികളുടെ ഒരുപാട് ക്ഷേത്രങ്ങളൊക്കെ (പെഗോഡകള്‍) ഉള്ളത്. ബര്‍മയില്‍ സന്ദര്‍ശകരായി എത്തുന്ന ആളുകളൊക്കെ ചെന്നെത്തുന്ന ഒരു പ്രത്യേക സ്ഥലമുണ്ടവിടെ. ബുദ്ധ ഭഗവാന്റെ തിരുമുടി സൂക്ഷിച്ച സ്ഥലം. തുലാം മാസം കഴിഞ്ഞാല്‍ നമുക്ക് നാട്ടിന്‍പുറത്തൊക്കെ ഉത്സവങ്ങളുടെ സീസണായി. അതുപോലെ ഏതോ ഒരു മാസം അവിടെ ഈ പെഗോഡകളെ അടിസ്ഥാനപ്പെടുത്തി ഉത്സവങ്ങള്‍ തുടങ്ങും. ഈ ഉത്സവങ്ങളിലൊക്കെ വഴിക്കച്ചവടത്തിന് പോകുന്ന ഒരാളായിരുന്നു എന്‍റെ പിതാവ്. സാധാരണ കുപ്പിവളകളൊക്കെയായിട്ട് ആളുകള്‍ എത്തുന്നതുപോലെ. അവിടെയൊക്കെ എന്നെയും കൊണ്ട് പോകുമായിരുന്നു. കൊണ്ടുപോകാനുള്ള കാരണം എന്താണെന്ന് വെച്ചാല് അമ്മയില്ല. പ്രസവിച്ച് മൂന്നാമത്തെ ദിവസം അമ്മ മരിച്ചുപോയിരുന്നു. അമ്മയില്ലാത്ത കുഞ്ഞിനെയും കൊണ്ടാണ് ഉപ്പയുടെ യാത്ര. അതുകൊണ്ട് നേരത്തെ ഞാന്‍ സൂചിപ്പിച്ചതുപോലെ ബര്‍മയിലെ ഗ്രാമങ്ങളിലെ ഉത്സവങ്ങളും ഉത്സവക്കാഴ്ചകളും അവിടത്തെ ബര്‍മീസ് തരുണികളുടെ വേഷങ്ങളും അവരുടെ നൃത്തങ്ങളും പിന്നെ വല്യ വ്യാളീ മുഖങ്ങള്‍ വെച്ച കെട്ടിയെഴുന്നള്ളിപ്പുകളും എല്ലാം ചിത്രങ്ങള്‍ പോലെ എന്‍റെ മനസ്സിലുണ്ട്. അത് എന്‍റെ പില്‍ക്കാലത്തെ എഴുത്തിന് ഒരുപാട് സഹായകമായിട്ടുണ്ട്.

ഓര്‍മ്മയിലെ വ്യാളി മുഖങ്ങള്‍; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദര്‍/അഭിമുഖം
യു എ ഖാദര്‍ ഉപ്പയോടൊപ്പം

ഒരു എഴുത്തുകാരന് എഴുതാനുള്ള ടൂള്‍ മാത്രമാണു ഭാഷ. ഓരോ എഴുത്തുകാരനും എഴുത്തുകാരനെ പ്രകാശിപ്പിക്കുവാനുള്ള സംരംഭമാണ് നടത്തുന്നത്. സര്‍ഗ്ഗക്രിയ എന്നു പറഞ്ഞാല്‍ അതാണ്. അതിന്‍റെ ഭാഗമായിട്ടാണ് കഥാരചനയിലേക്ക് വരുന്നത്. കഥാ രചനയിലേക്ക് വരുമ്പോള്‍ ഞാന്‍ എന്‍റെ മലയാളത്തിന്‍റെ വാക്കുകളും ഒക്കെ വെച്ചിട്ടു എന്‍റെ മനസ്സിലെ ചിത്രങ്ങളാണ് പകര്‍ത്തുന്നത്. മനസ്സില്‍ രൂപപ്പെട്ട ചിത്രം എന്നുപറഞ്ഞാല്‍ എന്‍റെ കുഞ്ഞു മനസ്സിലുള്ള ചിത്രം ഈ ബര്‍മീസ് അന്തരീക്ഷമാണ്.

ഹൈസ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത് എഴുത്തെന്ന ത്വര ഉണ്ടായപ്പോള്‍ ഞാന്‍ കാണുന്ന ജീവിതം കൊയിലാണ്ടിയിലെ കൊരയങ്ങാട്ട് തെരുവും തെരുവിലെ നെയ്ത്തുകാരുടെ ജീവിതവും തൊട്ടപ്പുറത്ത് ഇട്ട്യെമ്പിയുടെ സര്‍പ്പക്കാവും സര്‍പ്പാക്കാവിലെ ജീവിതവും അതിന്‍റെ ഒരു ഇടപഴകലും ആ ആഘോഷങ്ങളും ഒക്കെയാണ്. എഴുതാനിരിക്കുമ്പോ എഴുത്തിന്‍റെ ഒരു പശ്ചാത്തലത്തില്‍ മനസ്സ് രൂപപ്പെടുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ചിത്രങ്ങള്‍ ഇതാണ്. അതുകൊണ്ട് എന്‍റെ ബാല്യം വീണ്ടെടുക്കാനുള്ള ഒരു ശ്രമം എന്ന നിലക്കാണ് എഴുത്ത് വരുന്നത്.എഴുത്തുകാരന്‍റെ സര്‍ഗ്ഗക്രിയയുടെ ഭാഗമായിട്ട്, എഴുത്തുകാരന്‍ എഴുത്തുകാരനെ തന്നെയാണ്, എഴുത്തുകാരന്‍റെ ജീവിതമാണ് എഴുതുന്നത്.

സി എച്ച് മുഹമ്മദ് കോയയും ബാല്യകാല സഖിയും
എഴുത്തിലേക്ക് വരാനുള്ള പ്രചോദനത്തെ കുറിച്ച് ചോദിച്ചിരുന്നുവല്ലോ... എല്ലാറ്റിനും ഒരു കാരണം വേണമല്ലോ. ‘ഓണം വരാനും ഒരു മൂലം വേണം’ എന്നു പറയുന്ന മാതിരി. കൊയിലാണ്ടിയില്‍ ഞാന്‍ വളര്‍ന്ന വീടിന്‍റെ അയല്‍പക്കം വല്യബ്ദുക്ക എന്നുപറയുന്ന ഒരാളുടെ വീടാണ്. ആ കാലത്ത് മുസ്ലിം ചെറുപ്പക്കാരുടെ ഇടയില്‍ വായനയൊക്കെ വളരെ കുറവാണ് മുസ്ലിം ചെറുപ്പക്കാരെന്നല്ല മിക്കവാറും ആ ഭാഗത്തുള്ള ആളുകള്‍ക്കു വായന വളരെ കുറവാണ്. അവിടെ ഏറ്റവും അധികം പുസ്തകങ്ങള്‍ വരികയും പുസ്തകങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു വീടാണ് അബ്ദുക്കയുടെ വീട്. അതിന്‍റെ ഒരു കാരണം ചന്ദ്രികയുടെ പത്രാധിപരായിരുന്ന മുസ്ലിം ലീഗിന്‍റെ വലിയ നേതാവായിരുന്ന സി എച്ച് മുഹമ്മദ് കോയ പഠിച്ചത് ആ വീട്ടില്‍ താമസിച്ചു കൊണ്ടാണ്. അദ്ദേഹത്തിന്റെ സൌകര്യത്തിനാണ് വല്യബ്ദുക്ക ഈ പുസ്തങ്ങളും മാസികകളുമൊക്കെ വരുത്തിയത്. ഞാന്‍ പോകുന്ന സമയത്ത് അദ്ദേഹം അവിടെ ഇല്ല. പക്ഷേ ഇടക്കിടക്ക് വരുമായിരുന്നു. അദ്ദേഹവും ഞാനും തമ്മിലുണ്ടായ ഒരു പരിചയവും ബന്ധവുമാണ് വായനയുടെ ഒരു കമ്പം മനസ്സിലുണ്ടാകുന്നത്. വല്യബ്ദുക്കയുടെ വീട്ടിലെ പുസ്തകങ്ങളും സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ ലൈബ്രറിയും-അക്കാലത്ത് സര്‍സയ്യിദ് അഹമ്മദ്ഖാന്‍ ലൈബ്രറി കൊയിലാണ്ടി ഹൈസ്കൂളിന്റെ ഭാഗത്താണ്-പുസ്തകങ്ങളില്‍ താത്പര്യം വളര്‍ത്തിയത്. സി എച്ച് ആണ് എന്നെ ആ ലൈബ്രറിയില്‍ കൂട്ടിക്കൊണ്ടുപോയി അവിടത്തെ അംഗമാക്കിയത്.

എന്‍റെ കുട്ടിക്കാലം എന്നു പറയുന്നതു വല്ലാത്തൊരു ഒറ്റപ്പെടലിന്‍റെ അവസ്ഥയാണ്. എനിക്കു എന്‍റെതായ സൌഹൃദങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. അന്നത്തെ എന്‍റെ ഈ ചൈനീസ് മുഖവും ആ ഒരു പ്രകൃതവും ഒക്കെകൊണ്ട് ഞാന്‍ പഠിച്ച എലിമെന്‍ററി മാപ്പിള സ്കൂളില്‍ ആയാലും ശരി, ഹൈസ്കൂളില്‍ ആയാലും ശരി സൌഹൃദങ്ങള്‍ വളരെ കുറവായിരുന്നു. എലിമെന്‍ററി സ്കൂളില്‍ പടിക്കുമ്പോള്‍ അയല്‍പക്കത്ത് ഒരു വലിയ കല്യാണം നടന്നു. കല്യാണം നടക്കുമ്പോ ആ കല്യാണത്തിന് സി എച്ച് മുഹമ്മദ് കോയയും ഉണ്ടായിരുന്നു. ആ കല്യാണത്തിന് ഒരു ഒറ്റപ്പെട്ടു നില്‍ക്കുന്ന കുട്ടിയെ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് ഒരു പുസ്തകം വായിക്കാന്‍ തന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാല സഖി’. അതാണ് ഞാന്‍ വായിക്കുന്ന ആദ്യത്തെ കൃതി.

കാര്‍ത്ത്യായനി
ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് അവിടെയുള്ള പുസ്തകങ്ങള്‍ ഏറ്റവും കൂടുതല്‍ വായിച്ചത് ഞാനായിരിക്കും. സാഹിത്യ സമാജങ്ങളിലെ നടത്തിപ്പുകാരനും ഞാനായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന സ്കൂളാണത്. എന്നാല്‍ പെണ്‍കുട്ടികള്‍ വേറെ, ആണ്‍കുട്ടികള്‍ വേറെ അങ്ങനെയാണ് ഇരിക്കുക. പരസ്പരം സംസാരിക്കുകയില്ല ബന്ധപ്പെടുകയില്ല. സാഹിത്യ സമാജത്തില്‍ പ്രാസംഗികനാകുന്നതും സാഹിത്യ സമാജത്തില്‍ പങ്കാളിയാവുന്നതും മറ്റ് കുട്ടികള്‍ക്കിടയില്‍ ആളാവാന്‍ വേണ്ടിയാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കിടയില്‍. അതുകൊണ്ട് സാഹിത്യ സമാജത്തിന്‍റെ കയ്യെഴുത്ത് മാസികയിലും സ്കൂള്‍ മാസികയിലുമൊക്കെ ഞാന്‍ അത്യാവശ്യം വല്യബ്ദുക്കയുടെ വീട്ടില്‍ നിന്നു വായിച്ച പുസ്തകങ്ങളില്‍ നിന്നു ചില ഭാഗങ്ങള്‍ കോപ്പിയടിച്ചും ഒക്കെ എഴുതാറുണ്ട്. എന്‍റെ കൂടെ പഠിച്ച ഒരു കാര്‍ത്ത്യായനി എന്നൊരു കുട്ടിയുണ്ടായിരുന്നു. സാഹിത്യത്തിലും എഴുത്തിലുമൊക്കെ അവള്‍ക്ക് വലിയ താത്പര്യമായിരുന്നു. കയ്യെഴുത്തു മാസികയില്‍ നിരന്തരം എഴുതുന്ന കുട്ടിയാണ് കാര്‍ത്ത്യായനി. കൂട്ടത്തില്‍ വനജ എന്നൊരു കുട്ടിയുണ്ടായിരുന്നു. നല്ല കയ്യക്ഷരമാണ് അവളുടെത്. വനജ കയ്യെഴുത്ത് മാസികയുടെ എഴുത്തുകാരിയും ഞാന്‍ പത്രാധിപരും കാര്‍ത്ത്യായനി അതില്‍ എഴുതുന്ന ആളുമായിരുന്നു. കലാനിധി മാസികയിലും കലാകേരളം മാസികയിലും ഒക്കെ വന്ന കഥകള് വായിച്ചു അതിന്‍റെ അംശങ്ങളൊക്കെ പകര്‍ത്തിക്കൊണ്ടാണ് എന്‍റെ ഒരു ഏര്‍പ്പാട്. കാര്‍ത്ത്യായനി പറയും നീ കോപ്പിയടിക്കുന്നതൊക്കെ മനസ്സിലാകും എഴുതണമെങ്കില്‍ വേറെ രീതിയില്‍ എഴുത് എന്നൊക്കെ. അവള്‍ക്ക് പുച്ഛമാണ്. അതാണ് എഴുത്തിന് കാരണം.

ഓര്‍മ്മയിലെ വ്യാളി മുഖങ്ങള്‍; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദര്‍/അഭിമുഖം
സി എച്ച് മുഹമ്മദ് കോയ, എം വി ദേവന്‍

കൊയിലാണ്ടി യു എ ഖാദര്‍
ഇത് മനസ്സിലുള്ളതുകൊണ്ട് എന്‍റെ സ്നേഹിതന്‍റെ വീട്ടിലെ കല്യാണത്തിന്‍റെ ആഘോഷവും ഒക്കെ വെച്ചുകൊണ്ട് ഞാന്‍ ഒരു കഥ എഴുതി. എന്‍റെ ഉപ്പ രണ്ടാമതും കല്യാണം കഴിച്ചതിന് ഉപ്പയോടുള്ള വെറുപ്പും ഒക്കെകൂടി വെച്ചാണ് ഈ കഥ എഴുതിയത്. എനിക്കു അക്കാലത്ത് അറിയാവുന്ന ഒരു പത്രാധിപര്‍ സി എച്ച് മുഹമ്മദ് കോയയാണ്. ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു. രണ്ടു മൂന്നു ആഴ്ച കഴിഞ്ഞപ്പോള്‍ ചന്ദ്രിക ആഴ്ചപതിപ്പില്‍ ബാലപംക്തിയില്‍ ഈ കഥ അച്ചടിച്ചു വന്നു. കൊയിലാണ്ടി യു എ ഖാദര്‍ എന്നപേരിലാണ് വന്നത്. ഞാന്‍ എഴുതിയ കഥ എന്‍റെ ഉപ്പയോടും ബന്ധുക്കളോടും ഒക്കെയുള്ള പ്രതിഷേധം ഉള്ളതായിരുന്നു. ആ പ്രതിഷേധം ഒക്കെ മാറ്റിയിട്ടു മറ്റൊരു രീതിയിലാണ് അച്ചടിച്ച് വന്നത്. അതുകഴിഞ്ഞു സി എച്ച് മുഹമ്മദ് കോയ പിന്നീട് കണ്ടപ്പോള്‍ 'എടോ ആരോടെങ്കിലും ഉള്ള ദേഷ്യം തീര്‍ക്കലല്ല കഥയെഴുത്ത്. വായിച്ച അറിവിലൂടെ തനിക്ക് ചുറ്റും കാണുന്ന ജീവിതത്തില്‍ തനിക്ക് സ്ട്രൈക്കിംഗ് ആയിട്ടുള്ള സംഭവങ്ങള്‍ എഴുതുക'. ആന്‍റണ്‍ ചെക്കോവിന്‍റെയും മോപ്പസാങ്ങിന്‍റെയുമൊക്കെ കഥകള്‍ വായിക്കണം എന്നൊക്കെ ഉപദേശിച്ചു. അപ്പോഴും ഈ കാര്‍ത്ത്യായനി പറഞ്ഞത് ബാലപംക്തിയിലല്ലേ കഥ വന്നത് എന്നാണ്.

പിന്നീട് ചന്ദ്രികയില്‍ തന്നെ ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ ചെറുകഥയുടെ പംക്തിയില്‍ വന്നു. അത് ഞാന്‍ സ്കൂള്‍ ഫൈനലില്‍ പഠിക്കുമ്പോഴാണ്. 1952 ല്‍. അങ്ങനെ പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു സാഹിത്യകാരനായി. എന്‍റെ കൂടെ തന്നെ അവിടെ മറ്റൊരു ഡിവിഷനില്‍ ചോയ്യാറ്റില്‍ ഗോപാലന്‍ എന്നൊരു കക്ഷിയുണ്ടായിരുന്നു. ഗോപാലന്‍ എന്നെ മറികടക്കാന്‍ വേണ്ടി മൂപ്പരുടെ നാടകം സ്വന്തം ചെലവില്‍ അച്ചടിപ്പിച്ചു. അങ്ങനെ സ്കൂളില്‍ രണ്ടു സാഹിത്യകാരന്മാരായി. ഇതൊക്കെ പില്‍ക്കാലത്ത് എഴുതാനുള്ള താത്പര്യം ഉണ്ടാക്കി. കുറെ എഴുതിയിട്ടും നാട്ടുകാര്‍ വല്യ കാര്യമാക്കിയില്ല.

എന്നാല്‍ വീട്ടില്‍ ഇതൊന്നും ഒരു പ്രശ്നമില്ല. വീട്ടില്‍ എഴുത്തെന്നുള്ള ഒരു ഏര്‍പ്പാടില്ല. അവര് കച്ചവടക്കാര്‍, പഠിച്ചാല്‍ തന്നെ സ്കൂള്‍ ഫൈനല്‍ കഴിഞ്ഞാല്‍ മാമന്റെ പീടികയിലോ അല്ലെങ്കില്‍ വേറേതെങ്കിലും പീടികയിലോ പോയി കച്ചവടത്തിന് സഹായിക്കുക, നല്ല കച്ചവടക്കാരാവുക. എഴുത്തുമായിട്ടു ഒരു ബന്ധവും ആര്‍ക്കും ഉണ്ടായിരുന്നില്ല.

ചരുമുറിയിലെ ബാല്യം; ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും
ഞാന്‍ ബര്‍മ്മക്കാരിയുടെ മകനാണ്. എന്‍റെ ഉപ്പ രണ്ടാമതും കല്യാണം കഴിച്ച എളയുമ്മയുടെ വീട്ടിലാണ് ഞാന്‍ താമസിക്കുന്നത്. ആദ്യം ഞാന്‍ താമസിച്ചത് ഉപ്പയുടെ ഉമ്മയുടെ (ഉമ്മാമ) യുടെ വീട്ടിലാണ്. അത് കൊയിലാണ്ടി മുസ്ലിം ഏരിയയില്‍ ആയിരുന്നു. നിറച്ചും മുസ്ലിം വീടുകള്‍ മാത്രമുള്ള കൊയിലാണ്ടി ബീച്ച് സൈഡിലുള്ള വീട്ടിലാണ് ഉമ്മാമയോടൊത്ത് താമസിച്ചത്. അവിടെ വെച്ചിട്ടാണ് ഞാന്‍ മലയാളം അറിയുന്നതും പഠിക്കുന്നതും കാണുന്നതുമൊക്കെ. ഉമ്മാമയുടെ സ്നേഹം എന്നുപറഞ്ഞാല്‍ അത് വല്ലാത്തൊരു സ്നേഹമായിരുന്നു. മടിയില്‍ ഇരുത്തി എനിക്കു ചോറുരുട്ടി വായിലിട്ട് തന്നത് ഉമ്മാമയാണ്. അങ്ങനെ ഒരു ഓര്‍മ്മയുണ്ട്. ഓര്‍മ്മയല്ല അതെന്‍റെ മനസ്സിലുണ്ട്. അതുപോലുള്ള ഒരുതരം അടുപ്പിക്കലിന്റെ ഒരു ചൂര് അതെനിക്ക് ഉണ്ടായത് അവിടെ നിന്നാണ്. ആദ്യം ഞാന്‍ എഴുതിയ ‘ചങ്ങല’ എന്ന നോവലിലൊക്കെ കാണും അങ്ങനെയുള്ള മുസ്ലിം സാമൂഹ്യ ജീവിതം.

അത് കഴിഞ്ഞിട്ട് ഉപ്പ രണ്ടാമത് വിവാഹം കഴിച്ചു. രണ്ടാമത് വിവാഹം കഴിച്ച വീട്ടിലേക്കാണ് ഉമ്മാമയുടെ മരണ ശേഷം ഞാന്‍ പോകുന്നത്. മരുമക്കത്തായ സമ്പ്രദായമായിരുന്നു അന്ന് കൊയിലാണ്ടിയില്‍. അതുകൊണ്ട് ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരുടെ വീട്ടില്‍ പോയി താമസിക്കണം. ഈ ഭര്‍ത്താവ് ഒരു കുഞ്ഞിനെയും കൊണ്ടാണ് ഭാര്യ വീട്ടിലേക്ക് പോകുന്നത്. അവിടെ ഇളയുമ്മയ്ക്ക് ആദ്യ ഭര്‍ത്താവില്‍ വേറൊരു മകനുണ്ടായിരുന്നു. അന്നത്തെ തറവാട്ടു വീടുകളിലൊക്കെ വീടിന്‍റെ അകം പിന്നെ നാലുവശവും കോലായി, ചരുമുറി പിന്നെ വരാന്ത ഇങ്ങനെയൊക്കെയാണ്. ഞാന്‍ താമസിച്ചത്, എന്നെ താമസിപ്പിച്ചത്, ആ വീടിന്‍റെ ഒരു ചരുമുറിയിലായിരുന്നു. കാരണം ഞാന്‍ ആ വീട്ടില്‍ ആരുമല്ല. അവിടത്തെ പുതിയാപ്പിളയുടെ ആദ്യ ഭാര്യയിലുള്ള മകന്‍. ആ ഒരു പരിഗണനയേയുള്ളൂ.

ഓര്‍മ്മയിലെ വ്യാളി മുഖങ്ങള്‍; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദര്‍/അഭിമുഖം

അന്നൊരു പത്തുപന്ത്രണ്ട് വയസ്സ്. ഇലക്ട്രിസിറ്റിയില്ല. സ്വാഭാവികമായിട്ടും രാത്രി ഒരു ഒന്‍പതു പത്തുമണിയാകുമ്പോഴേക്കും തറവാട്ടിലെ അംഗങ്ങള്‍ വാതിലടക്കും. ചരുമുറിയില്‍ ഞാന്‍ ഒറ്റയ്ക്കാവും. അങ്ങനെ ഒരു വല്ലാത്ത അവസ്ഥയിലാണ്. എനിക്കു കുടിക്കാനുള്ള വെള്ളമൊക്കെ മുറിയില്‍ കൊണ്ടുവെക്കും. ഈ ചരുമുറിയുടെ പ്രത്യേകത എന്താന്നു വെച്ചാല്‍ വടക്ക് ഭാഗത്ത് ജനല് തുറന്നാല്‍ കാണുന്നത് ചാലിയത്തെരുവാണ്. കൊരയാങ്ങാട്ട് തെരുവ്. ചരുമുറിയുടെ കിഴക്കേ വാതില്‍ തുറന്നാല്‍ കാണുന്നത് തട്ടാന്‍ ഇട്ട്യെമ്പിയുടെ സര്‍പ്പക്കാവാണ്. രാത്രി മിക്കവാറും ഈ ചാലിയത്തെരുവില്‍ ചെണ്ടമേളം ഉണ്ടാവും. എന്തെങ്കിലും ചടങ്ങുകളുണ്ടാവും അമ്പലത്തില്‍. ചാലിയത്തെരുവിന്‍റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഗണപതി അമ്പലത്തിലാണ് തുടങ്ങുക. ദേവീക്ഷേത്രത്തിലാണ് അവസാനിക്കുക. രാത്രി ഞാന്‍ മുറിയില്‍ ഒറ്റയ്ക്കാണ്. ഒരു ചെറിയ ചിമ്മിണി വിളക്കും. അപ്പോള്‍ മനസ്സില്‍ വേണ്ടാത്ത പകല്‍ കേട്ട ഒരുപാട് കഥകള്‍ വരും. തറവാടും സര്‍പ്പക്കാവും തമ്മില്‍ ഒരു വേലിയുടെ വ്യത്യാസമേയുള്ളൂ. മിക്കവാറും ഞങ്ങളുടെ പറമ്പില്‍ പാമ്പുകള്‍ ഉണ്ടാകും. വില്‍ക്കുന്നതിനുവേണ്ടി തറവാട്ടില്‍ ഭരണിയില്‍ സുര്‍ക്ക (വിനാഗിരി) സൂക്ഷിച്ചു വെച്ചിട്ടുണ്ടാവും. ആ ഭരണിയുടെ അടിയിലൊക്കെ പാമ്പുണ്ടെന്നാണ് വെപ്പ്. അതുകൊണ്ട് എനിക്കു അകത്തു പോകാനും പേടിയാണ്. തറവാട്ടിലെ കുട്ടികളെയൊന്നും സര്‍പ്പം ഉപദ്രവിക്കില്ല എന്നാണ് പറയുന്നത്. ഇന്നിപ്പോ എല്ലാ മുറികളിലും ബാത്ത് റൂം ഉണ്ട്. അന്ന് തറവാട്ടില്‍ ബാത്ത് റൂം ഇല്ല. ഒന്നുകില്‍ പുറത്ത് അല്ലെങ്കില്‍ ഒരു കുഴിക്കക്കൂസ് ഉണ്ടാകും. കക്കൂസില്‍ പോകുമ്പോള്‍ ഞാന്‍ മോന്തായത്തില്‍ പാമ്പുണ്ടോന്നു നോക്കിക്കൊണ്ടിരിക്കും. ഇങ്ങനെ ഒരു വല്ലാത്ത പേടിയുടെ അന്തരീക്ഷം. പിന്നെ നാഗപ്പാട്ട്.. കൊയിലാണ്ടിയിലെ ഇട്ട്യേമ്പിയുടെ സര്‍പ്പക്കാവിലെ നാഗപ്പാട്ട് എന്നുപറഞ്ഞാല്‍ വലിയ ഒരു ആഘോഷമാണ്. നാഗപ്പാട്ടിന്‍റെ മുന്നോടിയായിട്ട് നന്തുണി, നാഗക്കളങ്ങള്‍, പിന്നെ സ്ത്രീകളുടെ തലമുടി അഴിച്ചിട്ടിട്ടുള്ള ആട്ടങ്ങള്‍ ഇതൊക്കെ ഞാന്‍ നേരിട്ടു കാണുകയാണ്. ഒരു ഭയത്തിന്‍റെ, ഒറ്റപ്പെടലിന്റെ വല്ലാത്ത ബാല്യമായിരുന്നു എന്‍റേത്. എസ് എസ് എല്‍ സി വരെ അങ്ങനെ തന്നെയായിരുന്നു. ഇതിനിടയിലാണ് എഴുത്ത് ഒക്കെ വരുന്നത്. പക്ഷേ ഇതൊന്നും ഞാന്‍ അന്ന് എഴുതിയിരുന്നില്ല. ഞാന്‍ എഴുതിയത് ഉപ്പയോടുള്ള വിദ്വേഷവും പ്രതികാരവുമൊക്കെയാണ്. അതാണ് നേരത്തെ പറഞ്ഞ ‘വിവാഹ സമ്മാന’വും ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’യും ഒക്കെ.

സഫിയ: എപ്പോഴാണ് ചിത്രം വരയ്ക്കാന്‍ തുടങ്ങിയത്? മുസ്ലിം സമുദായത്തില്‍ നിന്നൊരാള്‍ ചിത്രകല പഠിക്കാന്‍ പോകുന്നു എന്നതൊരു വല്യ സംഭവമല്ലേ..?

യു എ ഖാദര്‍: അതും വരുന്നത് ബര്‍മയിലെ ആ കുട്ടിമനസ്സിലെ കാഴ്ചകളുടെ ഓര്‍മ്മകളില്‍ നിന്നാവും. വ്യാളീ മുഖങ്ങളും മനുഷ്യന്‍റെ ആകൃതിയും സിംഹത്തിന്‍റെ മുഖവും ആയിട്ടുള്ള കോലങ്ങളാണ് അവിടെ കെട്ടുക. അവിടെ ഉമ്മയുടെ അമ്മാവന്‍മാര്‍ക്കൊക്കെ സ്വര്‍ണ്ണത്തില്‍ ചിത്രപ്പണി ചെയ്യുന്ന ജോലിയായിരുന്നു. എന്താണെന്നറിയില്ല എനിക്ക് വരയില്‍ വല്ലാത്തൊരു കമ്പം ഉണ്ടായിരുന്നു.

ഉസ്താദ് വരച്ച മയില്‍
ആ കമ്പം ശരിക്ക് കണ്ടത് ഉമ്മാമയുടെ കൂടെ നില്‍ക്കുമ്പോഴാണ്. അവിടെ ഒരു ഏഴോ എട്ടോ വയസ്സൊക്കെ ആകുമ്പോഴേക്കും ഖുറാന്‍ പഠിക്കണം. എനിക്ക് അതൊന്നും അറിയില്ലായിരുന്നു. ആ ഒരു അന്തരീക്ഷത്തില്‍ വളരാന്‍ അത് ആവശ്യമായിരുന്നു. ഓത്തുപുരകളില്‍ (മദ്രസ) എന്നെ ചേര്‍ക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞു. ഓത്തുപുരയിലെ ഉസ്താദിനെ വീട്ടില്‍ വരുത്തി പഠിപ്പിക്കാമെന്നായി. ഉസ്താദ് വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഉസ്താദിനെ കണ്ടു ഭയന്നു. ഉസ്താദിന് ഒരു കാലില്‍ മന്തുണ്ടായിരുന്നു. അതുകൊണ്ട് എനിക്കു അടുത്തേക്ക് പോകാന്‍ പേടിയായിരുന്നു. വീട്ടിലെ സ്ത്രീകള്‍ ഉമ്മാമയും മറ്റുള്ളവരും എന്നെ പിടിച്ച് ഉന്തുകയൊക്കെ ചെയ്തു. ഉസ്താദ് പറഞ്ഞു വേണ്ട. എന്നിട്ട് ഒരു വെള്ളക്കടലാസ് വാങ്ങി മേശപ്പുറത്ത് വെച്ചിട്ടു ഞാന്‍ കാണെ ഒരു മയിലിനെ വരച്ചു. മയിലിനെ കാണാനുള്ള താത്പര്യം കൊണ്ട് ഞാന്‍ അടുത്തുചെന്നു. പിന്നെ എന്‍റെ കൈ പിടിച്ച് അതിന്‍റെ മുകളിലൂടെ വരപ്പിച്ചു. പിന്നെ ഞാന്‍ അദ്ദേഹത്തിന്‍റെ മടിയില്‍ കയറിയിരുന്നു. പിന്നീടാണ് ഞാന്‍ അലിഫ്, ബാഹ് ഒക്കെ പഠിക്കുന്നത്. ഉസ്താദ് ആദ്യം എന്നെ പഠിപ്പിക്കുന്നത് ചിത്രം വരക്കാനാണ്. പിന്നീട് ഖുറാനൊക്കെ പഠിക്കുന്നതിന്‍റെ ഇടയില്‍ പുസ്തകത്തിലൊക്കെ ചിത്രം വരക്കാന്‍ തുടങ്ങി.

രാമന്‍ മാഷും എം വി ദേവനും
ഹൈസ്കൂളില്‍ ചേര്‍ന്നപ്പോള്‍ അവിടെ ഒരു രാമന്‍ മാഷ് ഉണ്ടായിരുന്നു. രാമന്‍ മാഷ് ഞങ്ങളുടെ ഡ്രോയിംഗ് അദ്ധ്യാപകനാണ്. ഡ്രോയിംഗ് പിരീഡ് എന്നു പറഞ്ഞാല്‍ സ്കൂളില്‍ ആരും ശ്രദ്ധിക്കാത്ത ഒരു പിരീഡാണ്. ആരുമത് കാര്യമായിട്ടെടുക്കൂല. ആ പിരീഡ് വേറെ വല്ല വിഷയവും പഠിപ്പിക്കാനാണ് ശ്രമിക്കുക. കാരണം സ്കൂളിന് നല്ല റിസള്‍ട്ട് ഉണ്ടാക്കണ്ടെ. രാമന്‍ മാഷ്ക്ക് എന്നെ വല്യ കാര്യമായിരുന്നു. ഞാന്‍ എപ്പോഴും ക്ലാസില്‍ നന്നായിട്ടു ചിത്രം വരക്കുമായിരുന്നു. സ്കൂള്‍ ആനിവേഴ്സറിക്ക് മാഷ് കാര്‍ഡില്‍ ടാബ്ലോ വരക്കുമായിരുന്നു. ടാബ്ലോ വരച്ചു കഴിഞ്ഞാല്‍ ചായം തേയ്ക്കാന്‍ മാഷെ ഞാനാണ് സഹായിക്കുക. അങ്ങനെ മനസ്സില്‍ ചിത്രകല കയറിക്കൂടി. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞു. കഥകള്‍ അത്യാവശ്യം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വരുന്നു. ഈ സമയത്ത് തുടര്‍ന്നുള്ള പഠനം ചിത്രകലയില്‍ ആയാല്‍ കൊള്ളാമെന്ന് തോന്നി.

ചേമഞ്ചേരിക്കടുത്ത് പൂക്കാട് കലാലയയത്തിനടുത്ത് കുഞ്ഞിക്കുളങ്ങര തെരുവ് എന്നൊരു ചാലിയത്തെരുവുണ്ട്. രാമന്‍ മാഷ് കുഞ്ഞിക്കുളങ്ങര തെരുവുകാരനാണ്. സ്കൂള്‍ ദിവസങ്ങളില്‍ കൊരയങ്ങാട്ട് തെരുവിലാണ് മാഷ് ഉണ്ടാവുക. കോരയങ്ങാട്ട് തെരുവില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്. കുഞ്ഞിക്കുളങ്ങര തെരുവിലും ഞാന്‍ പോയിട്ടുണ്ട്. അങ്ങനെ മാഷുമായി ഒരു വ്യക്തി ബന്ധം ഉണ്ടായി. ആ സമയത്താണ് മാതൃഭൂമി ആഴ്ചപതിപ്പില്‍ എം വി ദേവന്‍ വരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘സ്ഥലത്തെ പ്രധാന്‍ ദിവ്യന്‍’ എന്ന കഥയ്ക്കും പിന്നെ ഉറൂബിന്‍റെ ‘കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന കഥയ്ക്കും ചിത്രങ്ങള്‍ വരച്ചിരുന്നത് എം വി ദേവനാണ്. രാമന്‍ മാഷ് എം വി ദേവന്‍റെ അടുത്ത് എന്നെ കൊണ്ടുപോയി. എം വി ദേവനാണ് മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സിനെ കുറിച്ചു പറയുന്നത്. ചിത്രകല പഠിച്ചാല്‍ അതാണ് നന്നാവുക എന്നു എം വി ദേവന്‍ പറഞ്ഞു.

ഓര്‍മ്മയിലെ വ്യാളി മുഖങ്ങള്‍; ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ ബാല്യം-യു എ ഖാദര്‍/അഭിമുഖം

ഞാന്‍ എന്താണോ പറയുന്നതു അത് തന്നെയായിരുന്നു വീട്ടിലുള്ളവരുടെയും അഭിപ്രായം. അന്ന് ഉപ്പ യുദ്ധം കഴിഞ്ഞു വീണ്ടും റംങ്കൂണിലേക്ക് പോയിരുന്നു. ഞാന്‍ നാട്ടില്‍ എളാമ്മയുടെ വീട്ടില്‍ കഴിയുന്നു. സ്കൂള്‍ ഫൈനല്‍ കഴിഞ്ഞു. ഫാറൂഖ് കോളേജ് ഉള്ള കാലമാണ്. അവിടെ ചേരുന്നതിന് പകരം ഞാന്‍ മദിരാശിയില്‍ ചേരാന്‍ തീരുമാനിച്ചു. എന്നിട്ട് ഉപ്പയെ അറിയിച്ചു. മദ്രാസ് എന്നുകേട്ടപ്പോ ഉപ്പ ഒന്നും പറഞ്ഞില്ല. മദിരാശിയില്‍ ഉപ്പയുടെ മരുമകന്‍ ഉണ്ടായിരുന്നു. എന്നെ നോക്കാന്‍ അവിടെ ആളുണ്ടല്ലോ എന്നു കരുതിക്കാണും. ഞാന്‍ എന്തെങ്കിലും ആവട്ടെ എന്നു വിചാരിച്ചുകാണും. ഉപ്പഎന്നെ അങ്ങനെ എതിര്‍ക്കാറില്ല. ഞാന്‍ ഉപ്പയോട് ഉമ്മയുടെ കാര്യങ്ങള്‍ ചോദിച്ചാല്‍ ബര്‍മ്മയിലെ കാര്യങ്ങള്‍ ചോദിച്ചാല്‍ അതിനു ഉപ്പ വ്യക്തമായ മറുപടി പറയില്ല. ഉപ്പയുടെ കണ്ണു നിറയും. അതുകൊണ്ട് ഉമ്മയെ കുറിച്ച് ഞാന്‍ ഉപ്പയോട് അധികമൊന്നും ചോദിച്ചിട്ടില്ല. ഞാന്‍ എന്‍റെ ഉമ്മയുടെ പേരുപോലും അറിയുന്നതു മറ്റുള്ളവര്‍ പറഞ്ഞിട്ടാണ്. ഞാന്‍ എന്തു പറഞ്ഞാലും ഉപ്പ സമ്മതിക്കലാണ്. ശല്യം ഒഴിവാകട്ടെ എന്നു വിചാരിച്ചിട്ടായിരിക്കും (ചിരിക്കുന്നു). എം വി ദേവന്‍ എനിക്കൊരു കത്തുതന്നു കെ‌ സി എസ് പണിക്കര്‍ക്ക് കൊടുക്കാന്‍. അങ്ങനെയാണ് മദ്രാസില്‍ പോകുന്നത്.

മദിരാശി
മദിരാശിയില്‍ ഒരു ടെസ്റ്റുണ്ട്. ഒരാഴ്ചക്കാലം. ആ ടെസ്റ്റ് പാസായാലെ അവിടെ അഡ്മിഷന്‍ കിട്ടൂ. ടെസ്റ്റൊക്കെ ഞാന്‍ പാസായി. അവിടെ ചേരുകയും ചെയ്തു. ദേവന്‍ അവിടെ ഉണ്ടായിരുന്നു. പിന്നെ പത്മിനി അവിടെ ഉണ്ടായിരുന്നു. ഞാന്‍ ചേര്‍ന്നതിന്‍റെ അടുത്ത കൊല്ലമാണ് പത്മിനി ചേരുന്നത്. പത്മിനി ദേവന്‍റെ ശിഷ്യത്വം സ്വീകരിച്ചു. കോഴിക്കോട്ടേക്ക് വരിക, അവിടുന്നു പൊന്നാനിയിലേക്ക് പോകുക അങ്ങനെയൊക്കെയായിരുന്നു. പാരീസ് വിശ്വനാഥന്‍ ഉണ്ടായിരുന്നു. പിന്നെ കൊയിലാണ്ടിക്കാരനായ സദാനന്ദന്‍, പിന്നെ ജാതവേദന്‍ നമ്പൂതിരി. സെലക്ഷന്‍ കിട്ടിയ എട്ടുപേരില്‍ ഒരാളായിരുന്നു ഞാന്‍. എട്ട് പെര്‍ക്കും സ്കോളര്‍ഷിപ് ഉണ്ട്. ജാതവേദന്‍ നമ്പൂതിരി ഒന്നാം റാങ്കോടെ പാസായി. അദ്ദേഹത്തിന് ഒരു കൊല്ലം ഡബിള്‍ പ്രമോഷന്‍ കിട്ടി. ഫ്രീ ഹാന്‍ഡ് ഡ്രോയിംഗ് ഞങ്ങള്‍ രണ്ടുകൊല്ലം പടിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു കൊല്ലം പഠിച്ചാല്‍ മതിയായിരുന്നു.അന്ന് റോയ് ചൌധരി പ്രിന്‍സിപ്പല്‍ ആയിരുന്നു. കെ സി എസ് പണിക്കര്‍ വൈസ് പ്രിന്‍സിപ്പലും.

അങ്ങനെ ചിത്രകലയും എഴുത്തുമൊക്കെയായി പോകുമ്പോഴാണ് മദിരാശി കേരള സമാജവുമായി ബന്ധപ്പെടുന്നത്. ജയകേരളത്തിലും അക്കാലത്ത് എഴുതാന്‍ തുടങ്ങി. കോട്ടയത്തു നിന്നു ഇറങ്ങുന്ന സിജെ തോമസിന്‍റെ ഒരു പത്രം ഉണ്ടായിരുന്നു ഡെമോക്രാറ്റിക്. അതിലും എഴുതാന്‍ തുടങ്ങി. പിന്നെ കേരള സമാജത്തില്‍ എം ഗോവിന്ദന്‍, ടി പത്മനാഭന്‍, എം ജി എസ് നാരായണന്‍ ഒക്കെ ഉണ്ടായിരുന്നു. എങ്ങനെ എഴുത്തിന്റെയും ചിത്രകലയുടെയും ഒക്കെ വലിയ കൂട്ടുകെട്ടുകളുടെ ലോകമായിരുന്നു അത്. കെ സി എസ് പണിക്കരായിരുന്നു ജയകേരളത്തിന്റെ വാര്‍ഷിക പതിപ്പില്‍ ചിത്രങ്ങള്‍ വരക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്കും അദ്ദേഹം അവസരം തരുമായിരുന്നു. അങ്ങനെയാണ് കഥകള്‍ക്ക് ചിത്രം വരക്കാന്‍ തുടങ്ങുന്നത്. പിന്നെ സാഹിതീ സഖ്യം എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. പി കെ പരമേശ്വരന്‍ സെക്രട്ടറിയായിരുന്നു. എല്ലാ ശനിയാഴ്ചയും ഞങ്ങള്‍ ഒത്തുകൂടുമായിരുന്നു. അവിടെ കഥകളും കവിതകളും അവതരിപ്പിക്കുമായിരുന്നു. ചര്‍ച്ചകള്‍ നടത്തുമായിരുന്നു. അങ്ങനെയൊരു സാഹിത്യത്തിന്‍റെ ഒരന്തരീക്ഷം ഉണ്ടായിരുന്നു.

പഠിപ്പ് മതിയാക്കി നാട്ടിലേക്ക്
ഇങ്ങനെ കഴിയുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ എനിക്കു തോന്നി മതി. എല്ലാം നിര്‍ത്തി നാട്ടില്‍ പോകാന്ന്. ശില്പത്തില്‍ ആഗ്രഗണ്യനായ തലശ്ശേരിക്കാരന്‍ രാജേശ്വരന്‍ ഉണ്ടായിരുന്നു. റോയി ചൌധരിയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു. മദിരാശി മറീന ബീച്ചില്‍ ചൌധരിയുടെ പ്രശസ്ത ശില്‍പമുണ്ട് ആ ശില്‍പത്തിന്റെ വര്‍ക്കിനൊക്കെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് രാജേശ്വരന്‍. ഊമയാണ്. ഞാന്‍ പോവാണെന്ന വിവരം പറഞ്ഞപ്പോള്‍ അവന്‍ ഈറോഡ് റയില്‍വേ സ്റ്റേഷന്‍ വരെ വന്നിട്ട് എന്നെ പിടിച്ച് വലിച്ചു തിരിച്ചുകൊണ്ടു പോകാന്‍ നോക്കിയ ആളാണ്. പക്ഷേ എന്താന്നറിയില്ല മതി എന്നുതോന്നി.

കോഴ്സ് പൂര്‍ത്തിയാക്കിയില്ല. രണ്ടു വര്‍ഷമേ കഴിഞ്ഞിരുന്നുള്ളൂ. സാഹിതീ സഖ്യവുമായുള്ള ബന്ധത്തില്‍ എം ഗോവിന്ദനും പത്മനാഭനും ഒക്കെയായി ബന്ധമുണ്ടായിരുന്നു. അന്ന് അത്യാവശ്യം കഥകളൊക്കെ കൌമുദിയിലൊക്കെ അച്ചടിച്ചു വരുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ എല്ലാം ഇട്ടേച്ചു പോരുന്നത്. ഉപ്പ എനിക്കു പണം അയച്ചുതരുന്നത് നിര്‍ത്തിയിരുന്നു. എന്താന്നറിയില്ല. ആറ് കൊല്ലം ചിത്രം വര പഠിച്ചിട്ടു ഒരു കാര്യവും ഇല്ല എന്ന് ഉപ്പയെ ആരെങ്കിലും ധരിപ്പിച്ചിട്ടുണ്ടാവാം. അങ്ങനെ തിരിച്ചു നാട്ടിലേക്കു വന്നു. നാട്ടില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി.

(തുടരും)

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)