'സംഘപരിവാറിന്റെയും നായന്‍മാരുടെയും മുഖപത്രമായി', മാതൃഭൂമി നിര്‍ത്തുന്നെന്ന് എഴുത്തുകാരൻ കെ കെ കൊച്ച്

 
'സംഘപരിവാറിന്റെയും നായന്‍മാരുടെയും മുഖപത്രമായി', മാതൃഭൂമി നിര്‍ത്തുന്നെന്ന് എഴുത്തുകാരൻ കെ കെ കൊച്ച്

മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളില്‍ ഒന്നായ മാതൃഭൂമിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് പത്രം ബഹിഷ്‌കരിക്കുകയാണെന്ന് പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യത കുറിപ്പില്‍ മാതൃഭൂമിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നിയിച്ച് കൊണ്ടാണ് കെ കെ കൊച്ച് നിലപാട് വ്യക്തമാക്കുന്നത്.

വര്‍ഷങ്ങളായി ഞാന്‍ മാതൃഭൂമി ദിനപത്രത്തിന്റെ വായനക്കാരനാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഏറെക്കുറെ സ്വീകാര്യമായ ജനാധിപത്യസ്വഭാവവും വിവിധ സമുദായങ്ങള്‍ക്ക് നല്‍കിയ പ്രാതിനിധ്യവുമാണ് പത്രവുമായി ഇതുവരെയുള്ള അടുപ്പം തുടരാന്‍ ഇടയാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുറച്ചു നാളായി രാഷ്ട്രീയമായി സംഘപരിവാറിന്റെയും ജാതീയ (സാമുദായിക) മായി നായന്മാരുടേയും മുഖപത്രമായി മാതൃഭൂമി മാറിയിരിക്കുകയാണ്. സംഘപരിവാറിന്റെ വംശീയവെറിയും കോര്‍പ്പറേറ്റ് സേവയും ദലിത് - പിന്നോക്ക - മുസ്ലീം വിദ്വേഷവും നായന്മാരുടെ മാടമ്പിത്തവും തറവാടിത്തവുമാണ് പറയയുന്നതെന്നും കുറ്റപ്പെടുത്തുന്നു.

നേരത്തെ, മാതൃഭൂമി പത്രാധിപരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പത്രം ബഹിഷ്‌കരിക്കുന്നതായി സാമൂഹ്യപ്രവര്‍ത്തകയായ കെ അജിതയും കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. 'ഇന്ത്യയെ കണ്ടെത്തിയ നേതാവ് മാതൃഭൂമിക്ക് ഇപ്പോള്‍ നരേന്ദ്ര മോദിയാണ്. എങ്കില്‍ സവര്‍ക്കറും ഗോദ്സേയും ആ പത്രത്തിന് ഇനി മുതല്‍ ചരിത്രം സൃഷ്ടിച്ച മഹാത്മാക്കളായേക്കാം.ഹാ കഷ്ടം!' എന്ന കുറിപ്പോടെയായിരുന്നു അജിത നിലപാട് അറിയിച്ചത്.

കെ കെ കൊച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-

മാതൃഭൂമി ദിനപത്രം ഞാന്‍ നിര്‍ത്തുന്നു.

വര്‍ഷങ്ങളായി ഞാന്‍ മാതൃഭൂമി ദിനപത്രത്തിന്റെ വായനക്കാരനാണ്. വായന സൗജന്യമല്ലാത്തതിനാല്‍ എന്റെ അദ്ധ്വാനത്തില്‍ നിന്നും 8 രൂപ വീതം മാസം 240 രൂപയാണ് ചിലവാക്കുന്നത്. ജനകീയമല്ലെങ്കിലും ഏറെക്കുറെ സ്വീകാര്യമായ ജനാധിപത്യസ്വഭാവവും വിവിധ സമുദായങ്ങള്‍ക്ക് നല്‍കിയ പ്രാതിനിധ്യവുമാണ് പത്രത്തിനോടുള്ള ഇഷ്ടത്തിനടിസ്ഥാനമായത്. എന്നാല്‍ കുറച്ചു നാളായി രാഷ്ട്രീയമായി സംഘപരിവാറിന്റെയും ജാതീയ (സാമുദായിക) മായി നായന്മാരുടേയും മുഖപത്രമായി മാതൃഭൂമി മാറിയിരിക്കുകയാണ്. സംഘപരിവാറിന്റെ വംശീയവെറിയും കോര്‍പ്പറേറ്റ് സേവയും ദലിത് - പിന്നോക്ക - മുസ്ലീം വിദ്വേഷവും നായന്മാരുടെ മാടമ്പിത്തവും തറവാടിത്തവും ജനാധിപത്യത്തിനും ഞാനുള്‍ക്കൊള്ളുന്ന കീഴാളസമുദായങ്ങളുടെ താല്‍പ്പര്യത്തിനും വിരുദ്ധമായതിനാല്‍ ഞാന്‍ മാതൃഭൂമി ദിനപത്രം നിര്‍ത്തുകയാണ്. വ്യക്തിയെന്ന നിലയ്ക്കുള്ള എന്റെ നിലപാട് സാമൂഹ്യമെന്ന പോലെ രാഷ്ട്രീയവുമാണ്.

കെ കെ കൊച്ച്


മാതൃഭൂമി ദിനപത്രം ഞാൻ നിർത്തുന്നു. വർഷങ്ങളായി ഞാൻ മാതൃഭൂമി ദിനപത്രത്തിൻ്റെ വായനക്കാരനാണ്. വായന സൗജന്യമല്ലാത്തതിനാൽ...

Posted by K K Kochu Kabani on Friday, September 25, 2020