December 09, 2024 |

ഗാസ കൂട്ടക്കുരുതി; ഹോളിവുഡ് നിലപാട് വിമര്‍ശിച്ച് പലസ്തീന്‍ സിനിമാ പ്രവര്‍ത്തകര്‍

തുറന്ന കത്തിൽ ഒപ്പുവച്ചു

പലസ്തീനിനെതിരായ വംശീതയിൽ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവർത്തകർ. തങ്ങൾക്കെതിരായ വംശീയതയിലും മനുഷ്യത്വമില്ലായ്മയിലും ഊന്നിയ നിലപാടാണ് ഹോളിവുഡ് സ്വീകരിക്കുന്നതെന്ന് പലസ്‌തീൻ സിനിമ പ്രവർത്തകർ. ഈ നിലപാടിൽ പ്രതിഷേധമറിയിച്ച് ഒരു തുറന്ന കത്തിലും പലസ്‌തീൻ സിനിമ പ്രവർത്തകർ ഒപ്പുവച്ചു. നിലവിലെ ഗാസ സംഘർഷങ്ങളും, വംശഹത്യയും ഹോളിവുഡ് അവഗണിക്കുകയും തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് കത്തിൽ ഉയർത്തി കാണിക്കുന്നത്. കത്തിൽ ഒപ്പുവച്ച ഡസൻ കണക്കിന് സിനിമ പ്രവർത്തകർ ഈ മേഖലയിലെ അന്തരാഷ്ട്രതലത്തിലുള്ള തങ്ങളുടെ സഹപ്രവർത്തകരോടും വിഷയത്തിൽ ശബ്ദമുയർത്താനായി ആവശ്യപ്പെടുന്നുണ്ട്.

അമേരിക്കൻ എന്റർടൈൻമെന്റ് മാഗസിൻ ആയ വെറൈറ്റിയിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ, ഫറാ നബുൾസി, ഹാനി അബു-അസ്സാദ് വരാനിരിക്കുന്ന ഫീച്ചർ ഫിലിമായ ദി ടീച്ചറിൻ്റെ സംവിധായിക എലിയ സുലൈമാൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഒപ്പുവച്ചിരിക്കുന്നത്. “പ്രതിച്ഛായയുടെയും സിനിമയുടെയും ശക്തി ഞങ്ങൾ നന്നായി മനസ്സിലാക്കുന്നു, ഈ പ്രയാസകരമായ സമയത്തും പാശ്ചാത്യ വിനോദ വ്യവസായത്തിലെ ചിലർ നമ്മുടെ ജനങ്ങളോട് കാണിക്കുന്ന മനുഷ്യത്വരഹിതതയിലും വംശീയതയിലും വളരെക്കാലമായി ഞങ്ങൾ പ്രകോപിതരാണ്.” കത്തിൽ പറയുന്നത് ഇങ്ങനെയാണ്. “പാശ്ചാത്യ വിനോദ മാധ്യമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നത് പലസ്തീൻ വിരുദ്ധവും, പൊതുവിൽ അറബ് വിരുദ്ധവുമായ വംശീയ പ്രചാരണത്തിനെതിരെ നമ്മൾ പോരാടുകയും ശക്തമായി വെല്ലുവിളിക്കുകയും വേണം.” കത്തിൽ പറയുന്നു.

ബിസാൻ ഔദയുടെ ഇറ്റ്സ് ബിസാൻ ഫ്രം ഗാസ ആൻഡ് ഐ ആം സ്റ്റിൽ ലൈവ് എന്ന ഡോക്യുമെൻ്ററി എമ്മി അവാർഡിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇതോടെയാണ് പ്രതിഷേധം പൊട്ടിപുറപ്പിട്ടത്. യുഎസ് തീവ്രവാദ സംഘടയായി പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ (പിഎഫ്എൽപി)യുമായി ഔദയ്ക്ക് ബന്ധമുണ്ടെന്ന അവകാശവാദമാണ് വിവാദത്തിന് പിന്നിൽ. എന്നാൽ എമ്മി സംഘാടകരായ നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസ് (NATAS) നോമിനേഷൻ റദ്ദാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. പിഎഫ്എൽപിയിൽ ഔദയ്ക്ക് ഏതെങ്കിലും വിധത്തിൽ പങ്കളിത്തം ഉണ്ടെന്നതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിയാഞ്ഞതോടെയാണ് ഡോക്യൂമെന്ററി പരിഗണിക്കപ്പെട്ടത്.

എമ്മി നോമിനേഷനുകളിൽ നിന്ന് ബിസാൻ ഔദയുടെ ഡോക്യുമെൻ്ററി നീക്കം ചെയ്യാനുള്ള സമ്മർദത്തെ എതിർത്തതിന് നാറ്റാസിന് കത്തിൽ നന്ദി പറഞ്ഞു. പലസ്തീനികളെ അവരുടെ സ്വന്തം കഥകൾ പറയുന്നതിൽ നിന്നും അവരുടെ ചരിത്രം പങ്കുവെക്കുന്നതിൽ നിന്നും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ നിന്നും തടയാനുള്ള മറ്റൊരു മാർഗമാണ് ഔദയെ നിശബ്ദമാക്കാൻ ശ്രമിക്കുന്നതെന്ന് അതിൽ പറയുന്നു.

Content summary; Palestinian film-makers sign letter protesting at Hollywood’s ‘inhumanity and racism’

Advertisement
×