''മോദി കോഡ് ഓഫ് കണ്ടക്ട്' എന്നാക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മമത ബാനര്‍ജി

 
''മോദി കോഡ് ഓഫ് കണ്ടക്ട്' എന്നാക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മമത ബാനര്‍ജി

'മോഡല്‍ കോഡ് ഓഫ് കണ്ടക്ട്' എന്നത് (എംസിസി) 'മോദി കോഡ് ഓഫ് കണ്ടക്ട്' എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ബംഗാളിലെ നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനിടെ നാല് പേര്‍ കൊല്ലപ്പെട്ട കൂച്ച് ബിഹാറിലേക്ക് 72 മണിക്കൂര്‍ വരെ രാഷ്ട്രീയ നേതാക്കളെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മമത ട്വിറ്ററില്‍ രംഗത്തെത്തുകയായിരുന്നു.

''ഇസി യെ എംസിസിയെന്നാക്കി മോദി കോഡ് ഓഫ് കണ്ടക്ട് എന്ന് പുനര്‍നാമകരണം ചെയ്യണം, ബിജെപിക്ക് അവരുടെ എല്ലാ ശക്തിയും ഉപയോഗിക്കാം. പക്ഷേ ഈ ലോകത്തെ ഒന്നിനും എന്റെ ജനതയെ കാണുന്നതില്‍ നിന്നോ, അവരുടെ വേദനയില്‍ പങ്കുചേരുന്നതില്‍ നിന്നോ എന്നെ തടായന്‍ സാധിക്കില്ല. എന്റെ സഹോദരങ്ങളെ കാണുന്നതില്‍ നിന്ന് മൂന്നു ദിവസം എന്നെ തടയാന്‍ സാധിക്കും, പക്ഷേ നാലാം ദിവസം ഞാനവിടെ എത്തിയിക്കും'-മമത കുറിച്ചു.

വെടിവെപ്പില്‍ സിഐഎസ്എഫിന് ക്ലീന്‍ ചിറ്റ് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, 72 മണിക്കൂറിലേക്ക് സംഘര്‍ഷം നടന്ന ജില്ലയിലേക്ക് രാഷ്ട്രീയ നേതാക്കള്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ഇതിന് പിന്നാലെ മമത ബാനര്‍ജി ഇന്ന് നടത്താനിരുന്ന രണ്ട് തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. അതേസമയം അക്രമത്തില്‍ കൊല്ലപ്പെട്ട എല്ലാവരുടെയും വീടുകള്‍ മമത സന്ദര്‍ശിക്കുമെന്നും വെടിവയ്പിനെതിരെ കൂച്ച് ബെഹാറില്‍ പ്രതിഷേധ റാലി നടത്തുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേരത്തെ വ്യക്തമാക്കിയിരുന്നു.