തെരഞ്ഞെടുപ്പ് കാലം എങ്ങനെയാണ് മനോസംഘര്‍ഷം ഏറ്റുന്നത്?

 
തെരഞ്ഞെടുപ്പ് കാലം എങ്ങനെയാണ് മനോസംഘര്‍ഷം ഏറ്റുന്നത്?

നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് ചൂട്. വാദ വിവാദങ്ങളുടെ ചൂടും ചൂരും. കൂടുവിട്ട് കൂടുമാറുന്നവര്‍, മറു കണ്ടം ചാടുന്നവര്‍. എവിടെയാണ് തങ്ങളുടെ ഇടമെന്നറിയാതെ വിഷമിച്ച് നില്‍ക്കുന്ന സാധാരണക്കാര്‍. സംസ്ഥാന ഭരണം പിടിയ്ക്കാനായി മത്സര രംഗത്ത് അരയും തലയും മുറുക്കി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവര്‍ രംഗത്തിറക്കിയിരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും മത്സരച്ചൂടില്‍ നിന്നും രൂപപ്പെടുന്ന കടുത്ത സമ്മര്‍ദ്ദം സ്വാഭാവികം. ഏത് മത്സരത്തിനായാലും സ്‌ട്രെസ്സും ടെന്‍ഷനും ഉണ്ടാകും. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന സ്‌ട്രെസ്സ് വിപുലമായ തോതില്‍ ജനസാമാന്യത്തിലേക്ക് വളരുകയും രോഗാതുരതയായി രൂപപ്പെടുകയും ചെയ്താലോ? അത്തരം അവസ്ഥയ്ക്ക് മനോരോഗ വിദഗദ്ധരും ഗവേഷകരും നല്‍കുന്ന പേരാണ് -ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡര്‍ അഥവാ ഇഎസ്ഡി. അത് സംബന്ധിച്ച ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗം ഇവിടെ വായിക്കാം.

തെരഞ്ഞെടുപ്പ് കാലം ഏത് തരത്തിലാണ് ആളുകളില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം നഷ്ടമാകുന്ന വേളയില്‍ ശിരസ്സു മുണ്ഡനം ചെയ്യുന്നവരും പാര്‍ട്ടി വിടുന്നവരും ഒക്കെ വലിയ വാര്‍ത്തയായി നമ്മുടെ മധ്യെയുണ്ട്. എന്തിന് തെരഞ്ഞൈടുപ്പ് കാലത്ത് തന്നോട് കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ലെന്ന് പറഞ്ഞു എതിര്‍ചേരിയിലേക്ക് പോകാന്‍ സന്നദ്ധരാകുന്ന മുതിര്‍ന്ന നേതാക്കളേയും നമ്മള്‍ കാണുന്നു. ഇഷ്ടനേതാവ് മണ്ഡലം വിട്ടുപോകുമോയെന്ന ആശങ്കയില്‍ പുരപ്പുറത്തികയറി ചാടാനൊരുങ്ങിയ അനുയായിയുടെ ചിത്രവും മാഞ്ഞിട്ടില്ല. ഇത്തരത്തില്‍ അയുക്തികവും വിചിത്രവുമായ പലതും തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്നു. ഒരു പക്ഷെ കേരളത്തില്‍ മറ്റൊരു കാലത്തും കേട്ടിട്ടില്ലാത്ത തരത്തിലുള്ള പല സംഭവഗതികളും വന്നു ഭവിക്കുകയാണ്.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ വിചാരശീലന്മാര്‍ വിഷമത്തിലാകുന്നു. സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും മനശാസ്ത്രപരവും ഒക്കെയായ പല കാരണങ്ങളും ഇതിനുണ്ടാകാം. അതിലൊന്നാണ് തെരഞ്ഞെടുപ്പ് കാല മനോസമ്മര്‍ദ്ദ രോഗം-ഇലക്ഷന്‍ സ്‌ട്രെസ് ഡിസോഡര്‍ (Election Stress Disorder-ESD).

വിചിത്രമെന്നോ തീര്‍ത്തും യുക്തിഹീനമെന്നോ തോന്നിപ്പിക്കുന്ന പല സ്വഭാവ വിശേഷങ്ങളും തീരുമാനങ്ങളും എടുപ്പിക്കുന്നു തെരഞ്ഞെടുപ്പ് കാലത്ത് രൂപപ്പെടുന്ന സ്‌ട്രെസ്സ്. അത് ശരീരത്തേയും മനസ്സിനേയും ഒരുപോലെ ദണ്ഡിപ്പിക്കുന്നതായി തീരുകയും ചെയ്യുന്നു. സ്ഥാനാര്‍ത്ഥി കാംക്ഷികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും അടക്കം സമൂഹത്തിലെ ഓരോ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരേയും ഒരുപോലെ ബാധിക്കുന്നതാണ് തെരഞ്ഞെടുപ്പ് കാലത്തെ മനോസമ്മര്‍ദ്ദം. രാഷ്ട്രീയ നാടകങ്ങളില്‍ പങ്കാളികളല്ലാത്തവരാവട്ടെ, ഓരോ വാര്‍ത്തകളും കണ്ടും വായിച്ചും എന്തേ ഇത്തരം സംഭവഗതികളെന്നും മറ്റും ചിന്തിച്ച് സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് പോകുന്നതായും കണ്ടുവരുന്നു.

വാര്‍ത്തകള്‍ അമിതമായി ഭക്ഷിച്ച് ജീവിക്കുന്നത് നല്ല കാര്യമല്ലെന്ന് മുന്നറിയിപ്പ് നല്‍കിയത് തായ്‌ലന്റിലെ പൊതുജനാരോഗ്യ മന്ത്രാലയമാണ്. 2014ല്‍ അവിടെ പട്ടാള അട്ടിമറി നടന്ന സമയത്ത്. കടുത്ത സ്‌ട്രെസ് അനുഭവിക്കുന്നവര്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ മാത്രമേ വായിക്കാവുയെന്നും അവര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനും വ്യവസ്ഥിതിക്കു പറയാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. രാഷ്ട്രീയ സംഭവഗതികള്‍ ഒരു രാജ്യത്തെ ജനതയില്‍ മാനസികാരോഗ്യത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് ഒട്ടേറെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വാര്‍ത്തകള്‍ വഴി ഏറ്റവും അധികം സ്‌ട്രെസ്സ് സൃഷ്ടിക്കുന്ന കാലമാണ് തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ്- സംഘര്‍ഷദായകമായ ജീവിത സംഭവം

ഇലക്ഷന്‍ സ്‌ട്രെസ്സ് ഡിസോഡറിനെക്കുറിച്ച് പടിഞ്ഞാറന്‍ നാട്ടില്‍ വലിയ തോതിലുള്ള പഠനം ആരംഭിച്ചത് 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തായിരുന്നുവെന്ന് നാം കണ്ടു. എന്നാല്‍ അതിനു മുന്‍പ് തന്നെ ഇന്ത്യയില്‍ ഇതേക്കുറിച്ചുള്ള ചില അന്വേഷണങ്ങള്‍ നടക്കുകയുണ്ടായി- പടിഞ്ഞാറന്‍ നാട്ടുകാരുടെയത്ര മാനസികാരോഗ്യ കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ ബോധവാന്മാരല്ലെങ്കില്‍ പോലും. ഇവിടത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഗതിയും വ്യത്യസ്തമാണ്.

പൊതു ഇന്ത്യന്‍ സാഹചര്യത്തില്‍ പലതുകൊണ്ടും വ്യത്യസ്തമാണ് കേരളം. വല്ലാതെ രാഷ്ട്രീയമായി ധ്രൂവീകരിക്കപ്പെട്ട ജനതയാണ് കേരളീയര്‍. അരാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ പോലും രാഷ്ട്രീയം ഭക്ഷിച്ചു ജീവിക്കുന്നവരാണ്, ഏതെങ്കിലുമൊക്കെ തരത്തിലൊക്കെ. നിയമസഭ തെരഞ്ഞെടുപ്പ് ചൂട് പടര്‍ന്നതോടെ, നമ്മുടെ മാധ്യമങ്ങളില്‍ നിറയെ അത് സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളുമാണ്. പണ്ട് ചര്‍ച്ച ചെയ്ത് അട്ടത്തുവെച്ച പലതും പൊടിതൂത്ത് എടുത്തുകൊണ്ടുവരുന്നതടക്കമുള്ള സംഭവങ്ങള്‍. ഇത് എഴുതിക്കൊണ്ടിരിക്കുന്ന വേളയില്‍ തന്നെ ഒട്ടേറെ വാദ വിവാദങ്ങള്‍ കൊഴുക്കുന്നത് കാണാം. സാമൂഹ്യ മാധ്യമങ്ങളാവട്ടെ, പല തരത്തിലുള്ള ഇന്‍ഫോര്‍മേഷനുകളും അതിലേറെ ഊഹാപോഹങ്ങളും എന്തിന് കുക്കുഡപ് സ്റ്റോറികള്‍ വരെ പങ്കുവെയ്ക്കുന്ന ഇടമായി തീര്‍ന്നിരിക്കുന്നു. ഏത് തരത്തിലുള്ള മാധ്യമത്തിലേക്ക് പ്രവേശിച്ചാലും ആളുകളെ വല്ലാതെ ചുറ്റിപ്പിടിക്കുന്ന വാര്‍ത്തകളുടേയും വിവരങ്ങളുടേയും വിവാദങ്ങളുടേയും വെള്ളപ്പൊക്കം തന്നെയാണ്. ഇതിന്റെ ഒക്കെ മധ്യെ കുടുങ്ങി ശ്വാസം മുട്ടുകയും അന്തസംഘര്‍ഷം വര്‍ദ്ധിക്കുകയുമാണ് കോവിഡ് ആഘാതത്തില്‍ നട്ടെല്ലൊടിഞ്ഞ സാധാരണക്കാര്‍. അത്യന്തം അരാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സമൂഹത്തിലാണ് ജീവിക്കുന്നതെങ്കിലും രാഷ്ട്രീയ അടിസ്ഥാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഒരു വ്യക്തിയേയും പുറത്ത് നിര്‍ത്തുന്നില്ല.

തെരഞ്ഞെടുപ്പ് സമ്മര്‍ദ്ദങ്ങളെ കുറിച്ച് 1997ല്‍ തന്നെ ഇന്ത്യയില്‍ ഒരു പഠനം നടക്കുകയുണ്ടായി. ജയ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോ.ശിവ ഗൗതം എന്ന മനോരോഗ വിദഗ്ദ്ധന്‍ മറ്റ് മൂന്നു ഡോക്ടര്‍മാരേയും ചേര്‍ത്താണ് പഠനം നടത്തിയത്. ഈ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ 'തെരഞ്ഞെടുപ്പ്-ഒരു സംഘര്‍ഷദായകമായ ജീവിത സംഭവം'( 'Election - A Stressful Life Event') എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മാനസിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 54 രോഗികളെ കേന്ദ്രീകരിച്ചായിരുന്നു ഈ പഠനം. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കു മാത്രമല്ല, അവരുടെ കാമ്പയിന്‍ നടത്തിപ്പുകാര്‍ക്കും തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായി ഇവര്‍ നടത്തിയ പഠനത്തില്‍ വെളിവാക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നടത്തിയ പഠനങ്ങളുടെ ഒരു തുടര്‍ച്ച ഡോ.ശിവ ഗൗതമും സംഘവും 2009ലെ പൊതു തെരഞ്ഞെടുപ്പ് കാലത്തും നടത്തി. ഏതാണ്ട് സമാനമായിരുന്നു കണ്ടെത്തലുകള്‍ എന്ന് അദ്ദേഹം വിശദീകരിച്ചു. 12 വര്‍ഷങ്ങള്‍ക്കിടയില്‍ പഠനഫലങ്ങള്‍ക്ക് കാര്യമായ വ്യത്യാസമൊന്നുമുണ്ടായില്ല.

പക്ഷെ 2014ല്‍ എത്തിയപ്പോള്‍ വളരെ കാര്യമായ വ്യതിയാനം പല സൂചകങ്ങളിലും ദൃശ്യമായതായി ഇവരടക്കമുള്ള ഗവേഷകരും മനോരോഗ വിദഗ്ദ്ധരും പറയുന്നു. നിഷ്‌കൃഷ്ടമായ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല, ഒരു പൊതു നിരീക്ഷണം എന്ന തരത്തിലാണ് പലരും ഇക്കാര്യം സൂചിപ്പിച്ചത്. സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ മൂലം തെരഞ്ഞെടുപ്പ് കാലത്ത് കടുത്ത സംഘര്‍ഷങ്ങള്‍ക്കു സൃഷ്ടിക്കപ്പെടുന്നുവെന്ന കാര്യത്തില്‍ ഇവരെല്ലാവരും തന്നെ ഒരേ നിലപാടാണ് സ്വീകരിക്കുന്നത് എന്നു കാണാം.

2009ലെ തെരഞ്ഞെടുപ്പ് കാലത്ത് ചെറിയ തോതില്‍ സ്‌ട്രെസ് അനുഭവിച്ചിരുന്നവര്‍ക്കാവട്ടെ, 2014ല്‍ എത്തിയതോടെ, സ്‌ട്രെസ്സ് തോത് വര്‍ദ്ധിച്ചതായും പഠിതാക്കള്‍ പറയുന്നു. സ്‌ട്രെസ് വര്‍ദ്ധിതമാകുന്നതോടെ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനുള്ള മനോനിലയും കൂടുതലായി പ്രകടിപ്പിക്കുന്നു. സ്‌ട്രെസ്സ് രണ്ടു തരത്തിലുണ്ട്. യുസ്‌ട്രെസ്സും ഡിസ്‌ട്രെസ്സും(eustress and distress). നമ്മുടെ വിവര സംശ്ലേഷണ പ്രവര്‍ത്തനങ്ങളെ-cognitive process- ഉദ്ദീപിപ്പിക്കുന്നതും ഗുണാത്മകവുമാണ് യുസ്‌ട്രെസ്. എന്നാല്‍ ഡിസ്‌ട്രെസ് നമ്മുടെ വിവര സംശ്ലേഷണ പ്രവര്‍ത്തനങ്ങളുടെ ഗതി മെല്ലെയാക്കുകും ഉദ്കണ്ഠയും ടെന്‍ഷനും ഏറ്റുന്നതരത്തില്‍ നിഷേധാത്മകമായി തീരുകയും ചെയ്യുന്നു. യൂസ്‌ട്രെസ്സിനോടും ഡിസ്‌ട്രെസ്സിനോടുമുള്ള ശാരീരിക പ്രതിഫലനങ്ങള്‍ ഒട്ടൊക്കെ സമാനമായിരിക്കും. ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, വേഗത്തില്‍ ശ്വാസം വലിയ്ക്കുക, മസില്‍ കടച്ചില്‍ വര്‍ദ്ധിക്കുക തുടങ്ങിയ ശാരീരിക പ്രതിഫലനങ്ങള്‍ രണ്ടിനും ഒരേപോലെ തന്നെ. ആന്തരിക കാരണങ്ങള്‍ പോലെ സമൂഹത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രകോപനങ്ങളും ഡിസ്‌ട്രെസ്സും യൂസ്‌ട്രെസ്സും ഒരുപോലെ സൃഷ്ടിക്കുന്നതിനു കാരണമായി തീരുന്നു.

സംഘര്‍ഷങ്ങളുടെ സൂചകങ്ങള്‍

തെരഞ്ഞെടുപ്പ് കാലത്ത് കടുത്ത സംഘര്‍ഷങ്ങളുടെ സൂചകങ്ങള്‍ വ്യാപകമാകുന്നതായി മാനസികാരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രാന്തവല്‍കൃത -ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയിലും സ്ത്രീകളിലും തൊഴില്‍ രഹിതരായ യുവാക്കളിലും സ്വതന്ത്ര ചിന്താഗതിക്കാരിലും ലിബറല്‍ മനോഗതിക്കാരിലും ഒക്കെ പലകാരണങ്ങളാല്‍ ഇത്തരം ഭീതികള്‍ വ്യാപകമാകുന്നത് ദൃശ്യമാണ്. 2013 മുതല്‍ അധികരിച്ച തോതില്‍ വേട്ടയാടല്‍ ഭീതി-fear of persecution-അവരില്‍ കാണാം. ഇത്തരം സാമൂഹികാവസ്ഥകളെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടത്തിയവര്‍ പോലും നിലവിലെ, സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അതേക്കുറിച്ചുള്ള പൊതുചര്‍ച്ചകളില്‍ നിന്നും മറ്റും വിട്ടുനില്‍ക്കാന്‍ തല്പരരാകുന്ന സ്ഥിതിവിശേഷവും പ്രകടമാണ്. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഏത് തരത്തിലാണ് പൊതു സമൂഹത്തില്‍ സ്വീകരിക്കപ്പെടുകയെന്നും ചര്‍ച്ച ചെയ്യപ്പെടുകയും എന്നും ഉള്ള കാര്യത്തില്‍ അവര്‍ക്ക് ഭയമുണ്ട്.

ഭൂരിപക്ഷ വര്‍ഗീയതയും അതിനു സമാന്തരമായി ന്യൂനപക്ഷ വര്‍ഗീതയും ഇടുങ്ങിയ രാഷ്ട്രീയ ചേരിതിരുവുകളും നേതാക്കന്മാരുടെ പ്രതിച്ഛായ നിര്‍മിതകളും ഒരുപോലെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് കടന്നുകയറുകയും സ്വസ്ഥത ഭംഞ്ജിക്കുകയും ചെയ്യുന്നു. ഏറ്റവും മായം കലര്‍ന്ന വെളിച്ചെണ്ണ ഏറ്റവും ശുദ്ധമാണെന്ന് വിശ്വസിപ്പിച്ച് വിപണി കീഴടക്കാന്‍ തന്ത്രം മെനയുന്ന ഏജന്‍സികള്‍ തന്നെ ജനങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങളെ നിര്‍മിച്ചെടുക്കുന്നതിനുള്ള കരാറുകളും ഏല്‍ക്കുന്നു. ഒരു സംസ്ഥാനത്ത് വലതുപക്ഷത്തിന്റെ പ്രതിച്ഛായ നിര്‍മിച്ചു നല്‍കുന്നവര്‍ തൊട്ടടുത്ത സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ നിര്‍മാതാക്കളായി തീരുന്നു. ഇവര്‍ സൃഷ്ടിക്കുന്ന തലക്കെട്ടുകള്‍ക്കു കീഴെ പാവം സാധാരണക്കാരന്‍ അമര്‍ന്നമര്‍ന്ന് ഇല്ലാതെയാകുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് പലതരത്തിലുള്ള ചേരുവകള്‍ ചേര്‍ത്ത് വിത്തിറക്കുന്നതിനും വിളവെടുക്കുന്നതിനും പാകമായ ഘട്ടമായി കണക്കിലെടുത്ത് തീര്‍ത്തും വൈകാരികമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഓരോ കക്ഷിയും ശ്രമിക്കും. ഏറ്റവും എളുപ്പത്തില്‍ ജനമനസ്സിലേക്ക് എത്താനുള്ള വഴിയാണ് വൈകാരികതയെ പൊലിപ്പിക്കുകയെന്നത്. ജാതി, മതം വര്‍ഗം, വര്‍ണ്ണം, പ്രാദേശികത തുടങ്ങി വിപ്ലവ വായടിത്തം വരെ പലതരം കള്ളികള്‍ക്കിടയില്‍ കിടത്തി ജനങ്ങളെ ശ്വാസം മുട്ടിക്കുകയും അവരുടെ രാഷ്ട്രീയ ബോധ്യങ്ങളെ വലിയ തരത്തില്‍ ലാബറിന്തുകളില്‍ കൊളുത്തിയിടുകയും ചെയ്ത് രാഷ്ട്രീയ ഉള്ളടക്കത്തെ ഇല്ലാതാക്കി തങ്ങള്‍ക്കു പറ്റിയ അവസ്ഥ സംജതമാക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്നു. ഇത്തരക്കാരുടെ പ്രവൃത്തികള്‍ ജനങ്ങളെ ഒരേ പോലെ അധീരരാക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യും. സമ്മതി തങ്ങള്‍ക്കനുകൂലമാക്കി നിര്‍മ്മിച്ചെടുക്കുന്നതിനുള്ള വ്യഗ്രതയാണ് ഓരോ കക്ഷികള്‍ക്കും. ഇത് ഇല്ലാതാക്കുന്നതാകട്ടെ, ആകെ സമൂഹത്തിന്റെ സ്വാസ്ഥിയും. ഇത്തരത്തില്‍ കുഴഞ്ഞുമറിയുന്ന അവസ്ഥ വല്ലാത്ത സ്വസ്ഥാനിശ്ചിതത്വത്തിലേക്ക്-identity crisis-ആളുകളെ നയിച്ചു കൊണ്ടുപോകും. ഇത്തരം കടുത്ത സമ്മര്‍ദ്ദാവസ്ഥകളില്‍ അതിവേഗം വൈകാരിക നിര്‍മ്മിതികള്‍ക്ക് ആളുകള്‍ കീഴ്‌പ്പെട്ട് പോകാം. അവിടേയ്ക്കാണ്, അത്തരം അരാഷ്ട്രീയ വ്യവഹാരങ്ങളിലേക്കാണ് തന്ത്രശാലികളായ രാഷ്ട്രീയക്കാര്‍ സമൂഹത്തെ കൂട്ടിക്കൊണ്ടുപോകുന്നത്.

വല്ലാതെ അസ്വസ്ഥ പേറുന്നവരുടെ ആധിക്യം ഇന്ത്യന്‍ സമൂഹത്തിലുണ്ട്. തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും കോവിഡാനന്തരമുള്ള സാമ്പത്തിക പ്രതിസന്ധികളും അടക്കം ഒട്ടേറെ പ്രശ്‌നങ്ങള്‍. ആത്മഹത്യാ നിരക്ക് ഇവിടെ വളരെ ഉയര്‍ന്നതാണ്. മറ്റ് പലതരത്തിലുള്ള രോഗാതുരതകളും സാമൂഹിക സൂചകങ്ങളും അസ്വസ്ഥപെടുത്തുന്നവയാകുന്നു. അത്തരത്തിലുള്ള അസ്വസ്ഥതയെ ഏറ്റുന്ന നിരവധി ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് കാല സമ്മര്‍ദ്ദം നമുക്ക് നിര്‍മ്മിച്ച് നല്‍കുന്നു. ഓരോ കക്ഷിയും ജയിക്കാനായി ഊതിവീര്‍പ്പിച്ച് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അധികാരശേഷം അവര്‍ക്കും സമൂഹത്തിനും ആകെ ബാധ്യതയായി തീരുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് എന്ന തരത്തില്‍ ചെയിന്‍ റിയാക്ഷന്‍ പോലെ അത് വളരും. ഇത്തരത്തില്‍ പല ചേരുവകളിലൂടെ രൂപപ്പെട്ട് വലുതാവുകയാണ് നമ്മുടെ സമൂഹത്തില്‍ ഇലക്ഷന്‍ സ്‌ട്രെസ്.

മറ്റേതിനേക്കാളുമേറെ, മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റും അതിന് ഏറ്റവും പറ്റിയ മാധ്യമങ്ങളായി തീരുന്നുണ്ട്. ഓരോ കൈക്കുമ്പിളിലും വാര്‍ത്തകളെത്തിക്കാന്‍ അത് സഹായിക്കുന്നു- ''The news is on every palm and there is a pressing urgency to consume it immediately.'' ഒന്നൊഴിയുമ്പോള്‍ മറ്റൊന്നായി ആളുകളെ വല്ലാതെ പിടിച്ചിരുത്തിയും പിടിച്ചുലച്ചും സ്വന്തം പക്ഷത്തേക്ക് ചേര്‍ക്കാന്‍ ഓരോ പാര്‍ട്ടിയ്ക്കും അവസരം നല്‍കുന്ന ആയുധമായി ഒക്കെ അത് തീരുന്നു. ഇത്തരം സവിശേഷ കാലം, സാധാരണക്കാരെ മാത്രമല്ല, രാഷ്ട്രീയക്കാരേയും മാധ്യമ പ്രവര്‍ത്തകരേയും മറ്റും അത്യന്ത സമ്മര്‍ദ്ദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നു. വിശേഷിച്ചും മാധ്യമ സാന്ദ്രത വര്‍ദ്ധിതമായ തോതിലുള്ള കേരളം പോലുള്ള ഭൂഭാഗങ്ങളില്‍. വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള ഓട്ടവും അവയുടെ ആധിക്യവും ഒരുപോലെ പ്രശ്‌നമായിത്തീരുന്നു. കേരളത്തില്‍ അടുത്ത കാലത്തുണ്ടായികൊണ്ടിരിക്കുന്ന വിവാദങ്ങളുടേയും ആരോപണ പ്രത്യാരോപണങ്ങളുടേയും ഗതി വസ്തുനിഷ്ഠമായി പഠിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

(തെരഞ്ഞെടുപ്പ് കാല സ്‌ട്രെസ്സിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അടുത്ത ഭാഗത്തില്‍)

അവലംബം:

1. How politics is making us sick. Literally. An in-depth look at the Election Stress Disorder (ESD) that's hitting India, www.dailyo.in

2. Election - A stressful Life Event, Shiv Gautam, Rajeev Aggarwal, Himanshu Sharma, www.indianjpsychiatry.org

3. The Emotional Empowerment of Voting in the Age of Fear, Dr. Michael Friedman, Psychology Today, Sep 25, 2020

4. Is election stress disorder real?Jason Howland, https://newsnetwork.mayoclinic.org/

5. Election Stress Disorder' Is a Real Thing-Here's How to Know You Have It, Korin Miller, www.health.com