ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും: രാഹുല്‍ ഗാന്ധി

 
ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും: രാഹുല്‍ ഗാന്ധി

ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളിലേക്കു പണമെത്തിക്കുകയും പുതിയ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയുമാണു ന്യായ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതൊരു സൗജന്യമോ സമ്മാനമോ നല്‍കലല്ല. സാമാന്യബുദ്ധി ഉപയോഗിച്ചുള്ള സാമ്പത്തികശാസ്ത്ര പ്രയോഗമാണത്. സാധാരണക്കാരന്റെ കൈകളിലെത്തുന്ന പണം അവര്‍ വഴി വിപണിയിലെത്തുമെന്നും പാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ പറഞ്ഞു.

''ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ന്യായ് പദ്ധതി നടപ്പാക്കും. ന്യായ് എന്നാല്‍ വളരെ ലളിതമാണ്. 6000 രൂപ ഓരോ കുടുംബത്തിനും വരുമാനം ഉറപ്പാക്കുക എന്നതാണ് ഇതില്‍ പ്രധാനം. 72000രൂപ ഒരു കൊല്ലം ഉറപ്പാക്കും. കേരളത്തിലെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യമാണ്. എന്നാല്‍ പണം വരുന്നതോടെ അവര്‍ സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങുകയും കേരളത്തിന്റെ സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഇത് ഒരു സമ്മാനമല്ല, മറിച്ച് ജനങ്ങളുടെ പണം ജനങ്ങള്‍ക്ക് തന്നെ നല്‍കുകയാണ് ചെയ്യുന്നത്.'' -രാഹുല്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ സ്മാഷുകള്‍ എതിരാളിയ്ക്ക് തടുക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍വീസുകള്‍ തന്നെ എതിരാളിക്ക് താങ്ങാനാവില്ല, പിന്നെയല്ലേ സ്മാഷ് എന്നും രാഹുല്‍ പറഞ്ഞു. ഒരു കാലത്ത് വോളിബോള്‍ ഗ്രൗണ്ടില്‍ ആവേശം നിറച്ച താരമായിരുന്നു മാണി സി കാപ്പനെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ ഇല്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കും പോലെയാണു മുഖ്യമന്ത്രി സമ്പദ്ഘടനയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ നികുതിഭാരം കുറയ്ക്കണം. ജനങ്ങളിലേക്കു നേരിട്ടു പണം എത്തിക്കാനുള്ള ശ്രമങ്ങളാണു യുഡിഎഫ് നടത്തുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.