ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പക്ക് ചികിത്സയിൽ തുടരേണ്ടി വരുമെന്നറിയിച്ച് വത്തിക്കാൻ. വെള്ളിയാഴ്ചയാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തിലും ശ്വസനവ്യവസ്ഥയിലും വൈറസുകളും ബാക്ടീരിയകളും ഉൾപ്പെടുന്ന മിശ്രിത അണുബാധയായ പോളി മൈക്രോബിയൽ അണുബാധയാണ് കണ്ടെത്തിയിരുന്നത്. ആരോഗ്യമുള്ള ആളുകളിൽ ഇത്തരത്തിലുള്ള അണുബാധ അസാധാരണമാണ് ആശുപത്രി അധികൃതർ അറിയിച്ചു. കൃത്യമായ പരിചരണത്തിനായി അദ്ദേഹം ആശുപത്രിയിൽ തന്നെ തുടരേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
2023 ലും ശ്വാസകോശ അണുബാധയെ തുടർന്ന് പോപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ആശുപത്രി വിടാൻ സാധിച്ചിരുന്നു. പുതുവത്സരാഘോഷം മുതൽ ഫ്രാൻസിസ് മാർപാപ്പക്ക് വിശ്രമമില്ലാത്ത തിരക്കുകളായിരുന്നു. കത്തോലിക്കാ സഭയിൽ 25 വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു പ്രത്യേക പരിപാടിയായ 2025 ജൂബിലിക്ക് പോപ് നേതൃത്വം നൽകിയിരുന്നു.
ഫെബ്രുവരിയുടെ തുടക്കത്തിൽ വത്തിക്കാൻ അദ്ദേഹത്തിന് ബ്രോങ്കൈറ്റിസ് ബാധിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അസുഖബാധിതനായിട്ടും അദ്ദേഹം ജോലിയിൽ തുടരുകയായിരുന്നു. തന്റെ വസതിയിൽ ചെറിയ മീറ്റിംഗുകൾ നടത്തുകയും സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ നിരവധി തീർത്ഥാടകർ പങ്കെടുക്കുന്ന വലിയ കുർബാനകൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. പിന്നീട് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ചെറുപ്പത്തിൽ തന്നെ സിസ്റ്റുകൾ കാരണം ഫ്രാൻസിസ് മാർപാപ്പ തന്റെ വലത് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ശസ്ത്രക്രിയ വേദനാജനകമായിരുന്നുവെന്നും ദിവസങ്ങളോളം ഓക്സിജന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയതെന്നും അദ്ദേഹം തന്റെ ആത്മകഥയായ ഹോപ്പിൽ എഴുതിയിട്ടുണ്ട്.
നടക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ അദ്ദേഹം വീൽചെയർ ഉപയോഗിച്ചിരുന്നു. ഇത് കൃത്യമായി ശ്വാസമെടുക്കുന്നതിന് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ശ്വാസകോശ അണുബാധ വഷളാകാൻ കാരണമാകുകയും ചെയ്തിരിക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സമീപ വർഷങ്ങളിൽ ഹെർണിയ, ബ്രോങ്കൈറ്റിസ് എന്നിവ ഉൾപ്പെടെ നിരവധി ശസ്ത്രക്രിയകൾ പോപ്പിന് നടത്തിയിട്ടുണ്ട്.
വിശ്വാസികൾ മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കാകുലരാണെന്നും അവർ പോപിനോട് കാണിക്കുന്ന സ്നേഹത്തിൽ അദ്ദേഹം സന്തുഷ്ടനാണെന്നും വത്തിക്കാൻ അറിയിച്ചു.
Content Summary: Pope Francis has been diagnosed with a polymicrobial respiratory tract infection, raising concerns about his health
Pope Francis polymicrobial respiratory tract infection